Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

2012ലെ ബിഎംഎസി ഇലക്ഷനിൽ കൗൺസിലറാകാൻ മത്സരിച്ചത് നീതി ബോധം കൊണ്ട്; ലളിതവും കാര്യക്ഷമവും സുതാര്യവുമായ രാഷ്ട്രീയം ആഗ്രഹിച്ച് എത്തിയത് ആംആദ്മിയിൽ; മുംബൈയിൽ നിന്ന് ഡൽഹിയിൽ എത്തി പ്രശാന്ത് കിഷോറിന്റെ ഐ-പാക്കിനൊപ്പം നിന്ന് തന്ത്രങ്ങളുമൊരുക്കി; പെരുന്ന അട്ടിയിൽ വീട്ടിൽ മേജർ ശശിധരൻനായരുടെയും ശാരദാ നായരുടെയും മകളും കെജ്രിവാളിന്റെ ഡൽഹി 'ഹാട്രിക്കിൽ' നിർണ്ണായകമായി; ആപ്പിന്റെ സ്ട്രാറ്റിക്ക് ടീമിലെ പ്രധാന മുഖമായി രാധികാ ശശിധരൻ നായർ

2012ലെ ബിഎംഎസി ഇലക്ഷനിൽ കൗൺസിലറാകാൻ മത്സരിച്ചത് നീതി ബോധം കൊണ്ട്; ലളിതവും കാര്യക്ഷമവും സുതാര്യവുമായ രാഷ്ട്രീയം ആഗ്രഹിച്ച് എത്തിയത് ആംആദ്മിയിൽ; മുംബൈയിൽ നിന്ന് ഡൽഹിയിൽ എത്തി പ്രശാന്ത് കിഷോറിന്റെ ഐ-പാക്കിനൊപ്പം നിന്ന് തന്ത്രങ്ങളുമൊരുക്കി; പെരുന്ന അട്ടിയിൽ വീട്ടിൽ മേജർ ശശിധരൻനായരുടെയും ശാരദാ നായരുടെയും മകളും കെജ്രിവാളിന്റെ ഡൽഹി 'ഹാട്രിക്കിൽ' നിർണ്ണായകമായി; ആപ്പിന്റെ സ്ട്രാറ്റിക്ക് ടീമിലെ പ്രധാന മുഖമായി രാധികാ ശശിധരൻ നായർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയെ(എ.എ.പി.) ഡൽഹിയിൽ വീണ്ടും അധികാരത്തിലെത്തിച്ച നയങ്ങളും രാഷ്ട്രീയതന്ത്രങ്ങളും മെനഞ്ഞ എട്ടംഗ സ്ട്രാറ്റജിക് ടീമിൽ മലയാളിയും. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചങ്ങനാശ്ശേരി പെരുന്ന സ്വദേശിനി രാധിക ശശിധരൻ നായരായിരുന്നു ആപ് ടീമിലെ മലയാളി സാന്നിധ്യം.

പെരുന്ന അട്ടിയിൽ വീട്ടിൽ മേജർ ശശിധരൻനായരുടെയും ശാരദാ നായരുടെയും മകളായ രാധിക മുംബൈ കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകയാണ്. കഴിഞ്ഞ ഒന്നരമാസമായി ഡൽഹി കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പുപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത ടിമിലെ പ്രധാനി. രാധിക ഒരു മീഡിയ പ്രൊഫഷണലാണ്. 26 വർഷം അച്ചടി-ദൃശ്യ മാധ്യമങ്ങൾ കൈകാര്യം ചെയ്ത പരിചയം ഉണ്ട്. മുംബൈ കേന്ദ്രീകരിച്ചാണ് രാധികയുടെ പ്രവർത്തനം. നിരന്തര യാത്രകളിലൂടെ ആംആദ്മിയെ ദേശീയ പാർട്ടിയാക്കാനുള്ള യാത്രയിലാണ് അവർ. ബംഗളുരുവിലും മറ്റും സ്ഥിരമായി പാർട്ടി പരിപാടികളിൽ സജീവം.

പ്രശാന്ത് കിഷോറിന്റെ ഐ-പാകും ആപ്പിന്റെ ട്ട സ്ട്രാറ്റജിക് ടീമും ചേർന്നാണ് ഡൽഹിയിൽ ആംആദ്മിക്ക് വേണ്ടി തന്ത്രങ്ങളൊരുക്കിയത്. ഐ-പാക് കഴിഞ്ഞ നാലഞ്ചുമാസങ്ങളായി ഡൽഹി കേന്ദ്രീകരിച്ച് എ.എ.പി.ക്കായി പ്രവർത്തിച്ചു. പാർട്ടിയുടെ തിരഞ്ഞെടുപ്പുപ്രചാരണം, യോഗങ്ങൾ, ജനസമ്പർക്കപരിപാടികൾ തുടങ്ങിയവ ഐ-പാകാണ് ചെയ്തത്. പാർട്ടിയുടെ പ്രചാരണതന്ത്രങ്ങൾ, സമീപനങ്ങൾ, നയതീരുമാനങ്ങൾ തുടങ്ങിയവയ്ക്ക് പ്രതിദിനം രൂപംനൽകുകയായിരുന്നു സ്ട്രാറ്റജിക് ടീമിന്റെ ചുമതല. പ്രശാന്ത് കിഷോറിന്റെ സംഘത്തിൽ 21 അംഗങ്ങളും സ്ട്രാറ്റജിക് ടീമിൽ എട്ടുപേരുമാണുണ്ടായിരുന്നത്. ഇതിലായിരുന്നു മലയാളിയുടെ പ്രവർത്തനം.

ചെന്നൈ ഐ.ഐ.ടി.യിലും കൊളംബിയ സർവകലാശാലയിലും പഠനം കഴിഞ്ഞ് ഡയലോഗ് ആൻഡ് ഡെവലപ്മെന്റ് കമ്മിഷന്റെ ഉപാധ്യക്ഷനായ ജാസ്മിൻ ഷായാണ് സ്ട്രാറ്റജിക് ടീമിന് നേതൃത്വം നൽകിയത്. ആപ്പിന്റെ മഹാരാഷ്ട്ര മീഡിയാ ടീമിന്റെ ഭാഗമായിരുന്നു രാധിക. മുംബൈ കമ്മറ്റിയിലുമുണ്ടായിരുന്നു. പാർട്ടിയുടെ വനിതാ വിഭാഗത്തിന്റെ കാര്യങ്ങൾ നോക്കിയതും രാധികയായിരുന്നു. സ്ട്രാറ്റജിക് ടീമിലെ ഓരോരുത്തരും വിവിധ മേഖലകളിൽ പ്രവർത്തനപരിചയമുള്ളവരാണ്. പാർട്ടിയുടെ ശക്തിയിലും സർക്കാരിന്റെ മികച്ചപ്രവർത്തനത്തിലും കേന്ദ്രീകരിച്ചുള്ള സമീപനങ്ങളാണ് തയ്യാറാക്കിയത്. 2012ലെ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ഇലക്ഷനിൽ രാധികാ മത്സരിച്ചിരുന്നു. സ്വതന്ത്രയായിട്ടായിരുന്നു മത്സരം. സിമ്പിൾ, ഇഫക്ടീവ്, ട്രാൻസ്പരന്റ് എന്നീ മൂന്ന് മുദ്രാവാക്യങ്ങളുമായിട്ടായിരുന്നു മത്സരിക്കാനിറങ്ങിയത്. അന്ന് വിജയിച്ചില്ല.

ഇതേ മുദ്രാവാക്യങ്ങളുമായി അരവിന്ദ് കെജ്രിവാൾ ആംആദ്മിയുണ്ടാക്കി. ഇതോടെ രാധികയും ആപ്പിന്റെ ഭാഗമായി. ക്ഷേമപ്രവർത്തനത്തിൽ ഊന്നിയ, സൗജന്യപദ്ധതികളെ അടിസ്ഥാനമാക്കിയ രാഷ്ട്രീയം എന്നനിലയിൽ എ.എ.പി.യുടെ സമീപനത്തെ അവഗണിക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നുണ്ട്. ഇത് ക്ഷേമപ്രവർത്തനമല്ല. വർഷങ്ങളായി നികുതിനൽകുന്നവർക്ക് അർഹമായ തിരിച്ചുകിട്ടൽ ഉണ്ടാകണം. നികുതിദായകർക്ക് ഗുണപരമായ അനുഭവം മടക്കിക്കിട്ടണം. അത് ജനങ്ങളുടെ അവകാശമാണ്. ലോകത്തിലെ ഏറ്റവും വികസിതമായ രാജ്യങ്ങളിൽ പൗരന്മാർക്ക് അടിസ്ഥാനപരമായ സൗകര്യങ്ങൾ സൗജന്യമാണ്. ഇതാണ് എ.എ.പി. സർക്കാർ നടപ്പാക്കിയത്. പ്രാകൃതമായ രാഷ്ട്രീയത്തിൽനിന്നുള്ള പുനർവിചിന്തനമാണിത്. നദിയല്ലാത്തിടത്ത് പാലം വാഗ്ദാനംചെയ്യുന്നവരാണ് എന്നൊരു ആക്ഷേപം രാഷ്ട്രീയക്കാരെക്കുറിച്ച് പറയാറുണ്ട്. ഇത്തരത്തിൽ പരമ്പരാഗതമായ നിർവചനത്തിൽനിന്നുള്ള വഴിമാറിനടത്തമാണ് എ.എ.പി.-ഇതാണ് രാധികയ്ക്ക് ആംആദ്മിയുടെ ഡൽഹി വിജയത്തെ കുറിച്ച് പറയാനുള്ളത്.

അടുത്ത അഞ്ചുവർഷത്തെ വികസനം ഞങ്ങൾ ചർച്ചചെയ്യുമ്പോൾ, വർഗീയപ്രചാരണത്തിനാണ് ബിജെപി. മുതിർന്നത്. ഷഹീൻബാഗിൽ റോഡ് അടച്ച് പ്രതിഷേധം നടക്കുന്നതാണോ ഡൽഹിയുടെ പ്രധാനപ്രശ്‌നം? ഇതിനൊപ്പം ദേശീയതയും ബിജെപി. കലർത്തി. പാക്കിസ്ഥാനെ കേന്ദ്രീകരിച്ചാണോ നമ്മുടെ ദേശീയത നിലനിൽക്കുന്നത്. മൂന്നാമതൊരു രാജ്യത്തെ ഡൽഹി തിരഞ്ഞെടുപ്പിലേക്ക് വലിച്ചിഴയ്ക്കണോ? എന്നാൽ, ബിജെപി. വർഗീയ മുദ്രാവാക്യങ്ങൾ ഉയർത്തിയപ്പോൾ ഞങ്ങളുടെ സമീപനത്തിൽ വ്യക്തതയുണ്ടായിരുന്നു. വിദ്വേഷമോ വിഭാഗീയതയോ എ.എ.പി.യുടെ പ്രചാരണത്തിൽ ഉയരരുതെന്ന് ഞങ്ങൾ തീരുമാനിച്ചു. ഷഹീൻബാഗ് പ്രശ്‌നം കെജ്രിവാൾ അവിടെയെത്തി ഒപ്പംനിന്ന് ഫോട്ടോയെടുത്താൽ തീരുന്നതല്ല. പൗരത്വനിയമം കേന്ദ്രസർക്കാർ കൊണ്ടുവന്നതാണ്. അതുസംബന്ധിച്ച തർക്കം തീർക്കേണ്ടതും കേന്ദ്രസർക്കാരാണ്. ബിജെപി.യുടെ അജൻഡ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും രാധിക പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP