Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോടതി ഇടപെടലിനെ തുടർന്നു പരസ്യം നൽകിയപ്പോൾ വിവരാവകാശ കമ്മീഷണറാകാൻ അപേക്ഷ നൽകിയത് 300 പേർ! നാല് ഒഴിവിലേക്ക് 12 പേരെ ഷോർട്ട് ലിസറ്റ് ചെയ്ത് സർക്കാർ; ഇഷ്ടക്കാരെ പലരേയും തിരുകി കയറ്റുക പ്രയാസം

കോടതി ഇടപെടലിനെ തുടർന്നു പരസ്യം നൽകിയപ്പോൾ വിവരാവകാശ കമ്മീഷണറാകാൻ അപേക്ഷ നൽകിയത് 300 പേർ! നാല് ഒഴിവിലേക്ക് 12 പേരെ ഷോർട്ട് ലിസറ്റ് ചെയ്ത് സർക്കാർ; ഇഷ്ടക്കാരെ പലരേയും തിരുകി കയറ്റുക പ്രയാസം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് വിവരാവകാശ കമ്മീഷണറാകാൻ അപേക്ഷ നൽകിയത് 300 പേർ. ഹൈക്കോടതി ഇടപെടലിനെ തുർന്നാണ് വിവരാവകാശ കമ്മീഷണർമാരുടെ നാല് ഒഴിവുകളിലേക്ക് നിയമനം നടത്താൻ സർക്കാർ പൊതുവിജ്ഞാപനം പുറത്തിറക്കിയത്. നിയമം, മാദ്ധ്യമപ്രവർത്തനം, മാനേജ്‌മെന്റ് ഉൾപ്പെടെയുള്ള ഏഴ് മേഖലകളിൽ അറിവും അനുഭവജ്ഞാനവും ആയിരുന്നു യോഗ്യതകൾ. ഇതിന്റെ അടിസ്ഥാനത്തിൽ അപേക്ഷകരുടെ എണ്ണം കൂടിയപ്പോൾ വെട്ടിലായത് സർക്കാരാണ്. മുൻകാലങ്ങളിൽ സർക്കാരിന്റെ നോമിനേഷനായിരുന്നു നടന്നിരുന്നത്. അപേക്ഷ ക്ഷണിച്ചതോടെ പല പ്രമുഖരും പട്ടികയിൽ നിന്ന് ഒഴിവായി എന്നാണ് സൂചന.

സംസ്ഥാന വിവരാവകാശ കമ്മീഷനിൽ പതിനായിരക്കണക്കിന് പരാതികൾ തീർപ്പാകാതെ കിടക്കുന്ന സാഹചര്യത്തിലാണ് ഒഴിവുള്ള നാലുസ്റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷണർ തസ്തികയിലേക്ക് നിയമനം നടത്താൻ സർക്കാർ ശ്രമിച്ചത്. കെപിസിസി സെക്രട്ടറി, ഡിസിസി ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള രാഷ്ട്രീയക്കാരെ കുത്തി നിറച്ച് നിയമനം നടത്താനായിരുന്നു നീക്കം. കമ്മീഷണർമാരുടെ നിയമനം പൊതുവിജ്ഞാപനത്തിലൂടെ സുതാര്യമായി നടത്തണമെന്നാണ് സുപ്രീംകോടതിയുടെ മാർഗനിർദ്ദേശം. ഈ സാഹചര്യത്തിൽ സുപ്രീംകോടതി നിർദ്ദേശം അനുസരിച്ച് ആറാഴ്ചയ്ക്കകം വിജ്ഞാപനം പുറത്തിറക്കി നിയമനം നടത്താൻ ഹൈക്കോടതി ചീഫ് ജസ്‌ററീസ് അശോക് ഭൂഷൻ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് ഉത്തരവിറക്കി.

ഇതോടെയാണ് കമ്മീഷണർമാരുടെ ഒഴിവുകളിലേക്ക് ഇപ്പോൾ സർക്കാർ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിയമം, സാമൂഹ്യസേവനം, മാദ്ധ്യമപ്രവർത്തനം, മാനേജ്‌മെന്റ്, ഭരണം, ഭരണനിർവ്വഹണം എന്നിവയിൽ അറിവും അനുഭവജ്ഞാനവും ഉള്ള സംസ്ഥാനത്തെ ഏത് പൗരനും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. പൊതു ജീവിതത്തിൽ ഔന്നത്യമുള്ളയാളാകണം അപേക്ഷകൻ. എംപിമാർ, എംഎൽഎമാർ എന്നിവർക്ക് അപേക്ഷിക്കാനാകില്ല. അപേക്ഷകൻ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയോട് ബന്ധപ്പെട്ടിരിക്കുവാനും പാടില്ല. ആദായകരമായ ഉദ്യോഗം വഹിക്കുന്നവർക്കും ബിസിനസ്സുകാർക്കും അപേക്ഷിക്കാൻ പടില്ലെന്നും വിജ്ഞാപനത്തിൽ പറയുന്നു. ഡിസംബർ 15 നകം പൊതുഭരണസെക്രട്ടറിക്ക് അപേക്ഷ അയക്കാനായിരുന്നു നിർദ്ദശം. ഇങ്ങനെ കിട്ടിയ അപേക്ഷകളാണ് സർക്കാരിനെ വെട്ടിലാക്കിയത്.

വിവരാവകാശ പ്രവർത്തൻ ഡിബി ബിനുവും അടക്കമുള്ളവർ കമ്മീഷണർമാരാകാൻ അപേക്ഷ നൽകിയിട്ടുണ്ട്. ഇതിലെ കള്ളത്തരം സർക്കാർ തിരിച്ചറിയുകയാണ്. സാധാരണ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിസഭയിലെ ഒരു അംഗവും ചേർന്നാണ് വിവരാവകാശ കമ്മീഷണറെ ശുപാർശ ചെയ്യുക. ഇതിനാണ് കോടതി ഇടപെടലിലൂടെ മാറ്റം വന്നത്. അഭിമുഖ പരീക്ഷ നടത്തിയ അംഗത്തെ തെരഞ്ഞെടുക്കാനാണ് നിർദ്ദേശം. 300ലേറെ പേരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് അഭിമുഖം നടത്തുക അപ്രായോഗികമാണ്. ഈ സാഹചര്യത്തിലാണ് നാല് ഒഴിവുകൾക്കായി 12 പേരുടെ ഷോർട്ട് ലിസ്റ്റ് തയ്യാറാക്കിയത്. ഭരണ നേതൃത്വത്തിന് വേണ്ടപ്പെട്ടവർമാത്രമാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. എന്നാൽ ഈ ഷോർട്ട് ലിസ്റ്റ് എങ്ങനെ ഉണ്ടാക്കിയെന്നതും വിവാദങ്ങളിലേക്ക് പോകും.

ഇതിലെ മാനദണ്ഡം കോടതിയിൽ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. അങ്ങനെ എങ്കിൽ വലിയ നിയമപ്രശ്‌നങ്ങളിലേക്ക് കാര്യങ്ങൾ കടക്കും. രാഷ്ട്രീയക്കാരെ തിരുകി കേറ്റുക അസാധ്യവുമാകും. അതിനാൽ കരുതലോടെ മാത്രമേ തീരുമാനം എടുക്കൂ. അതിനിടെ വിവരാവകാശ കമ്മീഷണറാകാൻ ശ്രമിച്ച പലരും ഇതെല്ലാം മനസ്സിലാക്കി പിന്മാറി കഴിഞ്ഞു. മാദ്ധ്യമപ്രവർത്തകരായ എൻപി രാജേന്ദ്രനും സണ്ണിക്കുട്ടി എബ്രഹാമും വച്ചൂച്ചിറ മധുവും അജിത് കുമാറും പട്ടികയിൽ ഉൾപ്പെട്ടതായി സൂചനയുണ്ട്. ഇതിലെ മറ്റ് പേരുകാരുടെ വിവരം അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന സമിതി അഭിമുഖം നടത്തി ശുപാർശ ഗവർണ്ണർക്ക് കൈമാറണം. നിലവിലെ സാഹചര്യത്തിൽ 12 പേരുകൾ ഗവർണ്ണർക്ക് കൈമാറാനാണ് നീക്കം. അങ്ങനെ വന്നാൽ വിവരാവകാശ കമ്മീഷണറെ അന്തിമമായി കണ്ടെത്തുക ഗവർണ്ണർ പി സദാശിവമാകും.

മുഖ്യ വിവരാവകാശ കമ്മീഷണർ സിബി മാത്യൂസിനെ കൂടാതെ മറ്റ് അഞ്ച് അംഗ കമ്മീഷൻ അംഗങ്ങൾ കൂടി അടങ്ങുന്നതാണ് കമ്മീഷൻ. എന്നാൽ സിബി മാത്യൂസിന് പരുറമെ ഒരംഗം മാത്രമാണ് ഇപ്പോഴുള്ളത്. സോണി തെങ്ങമം, കെ.നടരാജൻ, സിഎസ് ശശികുമാർ, ഡോ.കുര്യാസ് കുമ്പളക്കുഴി, എ.എൻ.ഗുണവർദ്ധനൻ എന്നിവരായിരുന്നു മറ്റ് കമ്മീഷൻ അംഗങ്ങൾ. ഇതിൽ ഡോ.കുര്യാസ് കുമ്പളക്കുഴി മാർച്ചിലും, എം.എൻ. ഗുണവർദ്ധനൻ ഏപ്രിലിലും സോണി തെങ്ങമം ഓഗസ്റ്റിലും വിരമിച്ചിരുന്നു. കെ.നടരാജൻ രണ്ടുവർഷമായി സസ്‌പെൻഷനിലാണ്. ഇദ്ദേഹത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയിലുമാണ്. നിലവിൽ മുഖ്യ വിവരാവകാശ കമ്മീഷണറും കമ്മീഷൻ അംഗം സി.എസ്.ശശികുമാറുമാണ് കമ്മീഷന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്.

മുഖ്യ വിവരാവകാശ കമ്മീഷണറായ സിബി മാത്യൂസിന് ഈ വർഷം ഏപ്രിൽ വരെയേ കാലവധിയുള്ളൂ. എന്നാൽ ഈ സമയമാകുമ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് എത്തും. അതുകൊണ്ട് തന്നെ സർക്കാരിന് തീരുമാനം എടുക്കാൻ കഴിയുകയുമില്ല. ഈ സാഹചര്യത്തിൽ സിബി മാത്യൂസിനെ രാജിവയ്‌പ്പിച്ച് പുതിയ ആളെ മുഖ്യ വിവരാവകാശ കമ്മീഷണറാക്കാനും ശ്രമിച്ചിരുന്നു. വിജിലൻസ് ഡിജിപിയായിരുന്ന വിൻസൺ എം പോളിന് വേണ്ടിയായിരുന്നു അത്. എന്നാൽ ബാർ കോഴയിൽ വിജിലൻസ് അന്വേഷണ വിവാദങ്ങളോടെ തൽക്കാലം ഇത് വേണ്ടെന്ന് വച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് അധികാരത്തിലെത്തിയാൽ വിവരാവകാശ കമ്മീഷണറായി നിലവിലെ ചീഫ് സെക്രട്ടറി ജിജി തോംസണെ നിയമിക്കുമെന്നാണ് സൂചന. അതിനുള്ള ചർച്ചകൾ അണിയറയിൽ സജീവമാണ്. എന്നാൽ ഇടതു പക്ഷം അധികാരത്തിലെത്തിയാൽ കാര്യങ്ങൾ മാറി മറിയും.

വിവരാവകാശ അപേക്ഷകളുമായി ബന്ധപ്പെട്ട അപ്പീലുകളും പരാതികളും പരിഹരിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം കമ്മീഷനുണ്ട്. ഏതെങ്കിലും വിവരാവകാശ അപേക്ഷയിൽ വ്യക്തത വന്നില്ലെങ്കിൽ ബന്ധപ്പെട്ട വകുപ്പിലെ വിവരാവകാശ ചുമതലയുള്ള ഉദ്യോഗസ്ഥനുമുമ്പാകെ അപ്പീൽ നൽകാം. അവിടെയും പരിഹരിക്കപ്പെട്ടില്ലെങ്കിൽ രണ്ടാമത്തെ അപ്പീൽ പരിഗണിച്ച് നടപടിയെടുക്കേണ്ടത് വിവരാവകാശ കമ്മീഷന്റെ ചുമതലയാണ്. വിവരാവകാശ അപേക്ഷകൾ മാനദണ്ഡങ്ങൾ ലംഘിച്ച് നിരസിക്കുകയോ മറുപടി നൽകാതിരിക്കുകയോ ചെയ്താൽ വിവരാവകാശ കമ്മീഷൻ മുമ്പാകെ പരാതി നൽകാം. ഇത്തരം അപ്പീലുകളിലും പരാതികളിലും ബന്ധപ്പെട്ട ഫയലുകൾ വിളിച്ചുവരുത്തി പരിശോധിക്കുകയും ഇരുപക്ഷത്തിന്റെയും വാദം കേട്ട് പരിഹാരമുണ്ടാക്കുകയും ചെയ്യേണ്ട ചുമതല കമ്മീഷനാണ്.

എന്നാൽ കമ്മീഷനിലെ അംഗബലം കേവലം രണ്ടായി ചുരുങ്ങിയതോടെ അപ്പീലുകളും പരാതികളും കമ്മീഷനിൽ കെട്ടിക്കിടക്കുകയാണ്. ഈ സാഹചര്യത്തിൽ കമ്മീഷൻ അംഗങ്ങളുടെ നിയമനം ഇനിയും വൈകിക്കൊണ്ട് പോകാൻ സർക്കാരിന് കഴിയാത്ത സ്ഥിതിയാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP