Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഞ്ചു പടക്കപ്പലുകളുടെ തലവൻ; യുഎസ് നേവൽ വാർ കോളജിലും ലണ്ടനിലെ കിങ്സ് കോളജിലും ഉപരിപഠനം; ഐക്യരാഷ്ട്രസഭയുടെ സിവിൽ മിലിറ്ററി ഓപ്പറേഷനുകളിലെ പ്രധാനി; ഇനി ഇന്ത്യൻ നാവിക സേനയെ ഈ മലയാളി നയിക്കും; പട്ടത്തുകാരൻ ഹരികുമാർ ചുമതലയേറ്റു

അഞ്ചു പടക്കപ്പലുകളുടെ തലവൻ; യുഎസ് നേവൽ വാർ കോളജിലും ലണ്ടനിലെ കിങ്സ് കോളജിലും ഉപരിപഠനം; ഐക്യരാഷ്ട്രസഭയുടെ സിവിൽ മിലിറ്ററി ഓപ്പറേഷനുകളിലെ പ്രധാനി; ഇനി ഇന്ത്യൻ നാവിക സേനയെ ഈ മലയാളി നയിക്കും; പട്ടത്തുകാരൻ ഹരികുമാർ ചുമതലയേറ്റു

മറുനാടൻ മലയാളി ബ്യൂറോ

ന്യുഡൽഹി: ഇന്ത്യൻ നാവിക സേനയുടെ മേധാവിയായി അഡ്‌മിറൽ ആർ. ഹരികുമാർ ചുമതലയേറ്റു. അഡ്‌മിറൽ കരംബീർ സിങ് സ്ഥാനമൊഴിഞ്ഞതോടെയാണ് ആർ. ഹരികുമാർ ചുമതലയേറ്റത്. നാവിക സേനാ മേധാവിയായി ചുമതലയേറ്റതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഹരികുമാർ പറഞ്ഞു. ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് ആർ. ഹരികുമാർ.

ഏറെ നിർണായകമായ സമയത്താണ് നാവികസേനാ മേധാവിയായി ചുമതലയേറ്റതെന്നും ഏറെ അഭിമാനത്തോടെയാണ് സ്ഥാനമൊഴിയുന്നതെന്നും അഡ്‌മിറൽ കരംബീർ സിങ് പറഞ്ഞു. അഡ്‌മിറൽ കരംബീർ സിങ്ങിന്റെ നിർദ്ദേശങ്ങൾക്കും അദ്ദേഹത്തിന്റെ അനുഭവങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ടാണ് ആർ. ഹരികുമാർ നാവികസേനാ മേധാവിസ്ഥാനം ഏറ്റെടുത്തത്. വെസ്റ്റേൺ നേവൽ കമാൻഡിൽ ഫ്ളാഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫായിരുന്നു ഹരികുമാർ.

തിരുവനന്തപുരം നീറമൺകര മന്നം മെമോറിയൽ റെസിഡൻഷ്യൽ സ്‌കൂളിലും തിരുവനന്തപുരം ആർട്‌സ് കോളേജിലും പഠിച്ച അദ്ദേഹം 1979-ലാണ് നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേരുന്നത്. 1983 ജനുവരി ഒന്നിനാണ് നാവികസേനയിൽ നിയമിതനാകുന്നത്. സ്ത്യുത്യർഹ സേവനത്തിന് വിശിഷ്ടസേവാ മെഡൽ (2010), അതിവിശിഷ്ട സേവാ മെഡൽ (2016), പരമവിശിഷ്ട സേവാ മെഡൽ (2021) എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ഐ.എൻ.എസ്. വിരാട് ഉൾപ്പെടെ അഞ്ച് പടക്കപ്പലുകളുടെ തലവനായി പ്രവർത്തിച്ചു. ഭാര്യ: കല നായർ. മകൾ: അഞ്ജന നായർ.

1962 ഏപ്രിൽ 12ന് തിരുവനന്തപുരത്തെ പട്ടത്താണ് ഹരികുമാറിന്റെ ജനനം. തിരുവനന്തപുരത്ത് മന്നം മെമോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം ആർട്സ് കോളേജിൽ പഠനം. 1979 ലാണ് നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്ന് സൈനിക വിദ്യാഭ്യാസത്തിലേക്ക് ചുവടുമാറുന്നത്. പഠനത്തിനുശേഷം 1983 ൽ എക്സിക്യൂട്ടീവ് ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇതിനിടെ തന്നെ മുംബൈ സർവകലാശാലയിലും അമേരിക്കയിലെ നേവൽ വാർ കോളേജിലും ലണ്ടനിലെ കിങ്സ് കോളേജിലുമായി ഉപരിപഠനം പൂർത്തിയാക്കി.

21 മത്തെ വയസ്സിൽ നാവികസേനയിലെ ഔദ്യോഗിക ജീവിതം ആരംഭിച്ച ഈ തിരുവനന്തപുരത്തുകാരനെ തേടി നിരവധി പദവികൾ എത്തി. ഐഎൻഎസ് വിരാട് എന്ന വിമാനവാഹിനി യുദ്ധക്കപ്പലിന്റെ കമാൻഡറായി പ്രവർത്തിച്ചിട്ടുണ്ട്. അതിനുപുറമേ ഐഎൻഎസ് നിഷാങ്ക്, ഐഎൻഎസ് രൺവീർ, ഐഎൻഎസ് കോറ തുടങ്ങിയ യുദ്ധക്കപ്പലുകളുടെ തലവനുമായിരുന്നു അദ്ദേഹം. ആഫ്രിക്കൻ രാജ്യമായ സെയ്ച്ചെല്ലേസിലെ നാവിക സേന ഉപദേഷ്ടാവ്, ഐഎൻഎസ് ദ്രോണാചാര്യയിൽ ട്രെയിനിങ് കമാൻഡ്, വെസ്റ്റേൺ നാവികസേനാ ആസ്ഥാനത്തെ കമാൻഡ് ഗണ്ണറി ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം 1992 ഡിസംബർ മുതൽ 1993 ജൂൺ മാസം വരെ സൊമാലിയയിൽ ഐക്യരാഷ്ട്രസഭയുടെ സിവിൽ മിലിറ്ററി ഓപ്പറേഷനുകളിൽ ഭാഗമായിരുന്നു.

കേരളത്തിൽ വേരുകൾ ഉണ്ടായിരുന്ന കന്യാകുമാരി നെയ്യൂർ സ്വദേശി സുശീൽ കുമാർ മുൻപ് നാവികസേന മേധാവിയായിരുന്നു. എങ്കിലും കേരളക്കരയിൽ നിന്ന് തന്നെയുള്ള മലയാളി ഈ അത്യുന്നത പദവിയിലേക്ക് എത്തുന്നത് ഇതാദ്യമാണ്. മുംബൈ ആസ്ഥാനമായുള്ള പശ്ചിമഘട്ട നേവൽ കമാൻഡിന്റെ കമാൻഡ് ഇൻ ചീഫായി ഈ വർഷം ഫെബ്രുവരിയിലാണ് ഹരികുമാർ ചുമതലയേറ്റെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP