Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ദുരന്തങ്ങളിൽ നിന്നും പാഠംപഠിക്കാതെ വയനാട് ജില്ലാ ഭരണകൂടം; പരിസ്ഥിതിദുർബല പ്രദേശത്ത് അനുമതി കൂടാതെ പ്രവർത്തിക്കുന്നത് നിരവധി കരിങ്കൽ ക്വാറികൾ; വെങ്ങാപ്പള്ളിയിൽ നിന്നും ദിനംപ്രതി കൊണ്ടുപോകുന്നത് നൂറ് ലോഡിലധികം കരിങ്കല്ലുകൾ; അനിയന്ത്രിതമായ ക്വാറിയിംഗിൽ വീടുകൾക്ക് വിള്ളൽ; പശ്ചിമഘട്ടത്തെ ലോറിയിൽ കയറ്റി കൊണ്ടുപോകുമ്പോൾ പിറന്നുവീണ മണ്ണിൽ ജീവിതം സാധ്യമല്ലെന്ന തിരിച്ചറിവിൽ പ്രതിഷേധവുമായി നാട്ടുകാർ

ദുരന്തങ്ങളിൽ നിന്നും പാഠംപഠിക്കാതെ വയനാട് ജില്ലാ ഭരണകൂടം; പരിസ്ഥിതിദുർബല പ്രദേശത്ത് അനുമതി കൂടാതെ പ്രവർത്തിക്കുന്നത് നിരവധി കരിങ്കൽ ക്വാറികൾ; വെങ്ങാപ്പള്ളിയിൽ നിന്നും ദിനംപ്രതി കൊണ്ടുപോകുന്നത് നൂറ് ലോഡിലധികം കരിങ്കല്ലുകൾ; അനിയന്ത്രിതമായ ക്വാറിയിംഗിൽ വീടുകൾക്ക് വിള്ളൽ; പശ്ചിമഘട്ടത്തെ ലോറിയിൽ കയറ്റി കൊണ്ടുപോകുമ്പോൾ പിറന്നുവീണ മണ്ണിൽ ജീവിതം സാധ്യമല്ലെന്ന തിരിച്ചറിവിൽ പ്രതിഷേധവുമായി നാട്ടുകാർ

ജാസിം മൊയ്തീൻ

കൽപറ്റ: കഴിഞ്ഞ പ്രളയകാലത്ത് സംസ്ഥാനത്ത് ഏറ്റവും വലിയ ദുരന്തങ്ങളുണ്ടായ പ്രദേശങ്ങളിലൊന്നാണ് വയനാട് മേപ്പാടിയിലെ പുത്തുമല. എന്നാൽ ഈ ദുരന്തത്തിൽ നിന്നും വയനാട് ജില്ലാഭരണകൂടവും വെങ്ങാപ്പള്ളി ഗ്രാമപഞ്ചായത്ത് അധികൃതരും പാഠംപഠിച്ചില്ല എന്നതിന്റെ തെളിവാണ് വെങ്ങാപ്പള്ളി പഞ്ചായത്തിൽ ഇപ്പോഴും നിർബാധം തുടർന്നുകൊണ്ടിരിക്കുന്ന കരിങ്കൽ ഖനനം. വെങ്ങാപ്പള്ളി പഞ്ചായത്തിൽ മാത്രം നാല് കരിങ്കൽ ക്വാറികളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. വലിയ സ്ഫോടനങ്ങളാണ് ദിവസവും ഈ ക്വാറികളിൽ നടക്കുന്നത്.

അതുകൊണ്ട് തന്നെ ക്വാറികൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. സ്ഫോടനങ്ങൾ കാരണമുണ്ടാകുന്ന പ്രകമ്പനങ്ങൾ സമീപത്തെ വീടുകൾക്കും ആരാധനാലയങ്ങൾക്കും വിള്ളലുകൾ വീഴ്‌ത്തിയിട്ടുണ്ട്. ക്വാറികൾക്ക് സമീപത്തെ വീടുകളിലെ കുട്ടികൾ മുറ്റത്തിരുന്ന് കളിക്കുന്നതു പോലും ഇപ്പോൾ ഒഴിവാക്കിയിരിക്കുകയാണ്. കരിങ്കൽ ചീളുകൾ തെറിച്ചുവീണ് നിരവധി പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. ഓട് മേഞ്ഞ വീടുകളുടെ മേൽക്കൂരകളും ക്വാറിയിൽ നിന്നും തെറിച്ചുവീഴുന്ന കരിങ്കൽ ചീളുകൾ കാരണം തകർന്നിരിക്കുകയാണ്.

സമീപത്തെ ആരാധനാലയങ്ങളുടെയും വീടുകളുടെയും ജനലുകളും വാതിലുകളും പ്രകമ്പനം കൊണ്ട് ചുമരിൽ നിന്നും അടർന്നിരിക്കുകയും ചുമരുകൾക്ക് വിള്ളലേൽക്കുകയും ചെയ്തിരിക്കുന്നു. പല തവണ ക്വാറി ഉടമയുമായി നാട്ടുകാരും വിവിധ സംഘടനാ പ്രതിനിധികളും ചർച്ച നടത്തിയെങ്കിലും ഇതുവരെയും പരിഹാരമായില്ല എന്നു മാത്രമല്ല പഴയതിൽ കൂടുതൽ ശക്തിയോടെ ഖനനം തുടരുകയും ചെയ്യുന്നു. കൽപറ്റ വരാമ്പറ്റ റോഡ് നിർമ്മാണത്തിനെന്ന പേരിൽ നൂറിലധികം ലോഡ് കരിങ്കല്ലുകളാണ് ദിവസവും ഇവിടെ നിന്നും കൊണ്ടുപോകുന്നത്.

എന്നാൽ ഇവയിൽ പലതും ജില്ല കടന്ന്, ചുരമിറങ്ങി കോഴിക്കോടേക്കും മറ്റു സ്ഥലങ്ങളിലേക്കുമാണ് എത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവിടേക്ക് ലോറികളെത്തുന്നത്. ലോക്ഡൗൺ കാലത്തും ഇളവുകൾ ഉപയോഗപ്പെടുത്തി ഇവിടെ ഖനനം നടന്നിരുന്നു. ഇളവുകളുടെ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി കൂടുതൽ തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് ഖനനം നടന്നിരുന്നത്. കൊറോണ മുൻകരുതലിന്റെ ഭാഗമായുള്ള സാമൂഹിക അകലം പാലിക്കലടക്കമുള്ള കാര്യങ്ങളും തൊഴിലാളികൾക്കിടയിൽ നടപ്പിലായിരുന്നില്ല.

വീടുകൾക്ക് വിള്ളലേൽക്കുകയും കരിങ്കൽ ചീളുകൾ തെറിച്ചുവീഴുന്നത് ഭയന്ന് പുറത്തിറങ്ങാൻ പറ്റാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അനിയന്ത്രിതമായ ഖനനത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. വെങ്ങാപ്പള്ളി പഞ്ചായത്ത് 9-ാം വാർഡ് പാഞ്ചാവ് പ്രദേശത്തെ ക്വാറിക്ക് സമീപം താമസിക്കുന്ന നൂറോളം കുടുംബങ്ങളാണ് ഇപ്പോൾ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. പുതിയതായി നിർമ്മിച്ച വീടുകൾക്ക് പോലും വിള്ളലുകളുണ്ടായതായി നാട്ടുകാർ പറഞ്ഞു. വികസനത്തിന് കരിങ്കല്ലുകൾ ആവശ്യമാണെന്നതിനെ ഞങ്ങൾ അംഗീകരിക്കുന്നു.

എന്നാൽ ഇത്രയധികം മനുഷ്യരുടെ ജീവന് ഭീഷണി ഉയർത്തിയാണോ വികസനം നടപ്പിലാക്കേണ്ടത്. കഴിഞ്ഞ വർഷം പുത്തുമലയിലും അതിനുമുമ്പ് കുറിച്യാർ മലയിലുമെല്ലാമുണ്ടായ ദുരന്തം സംഭവിച്ചത് ഈ വയനാട്ടിലാണ്. ഈ രീതിയിൽ ഇവിടെ ഖനനം തുടർന്നാൽ അടുത്തൊരു വലിയ ദുരന്തത്തിനു കൂടി വയനാട് സാക്ഷിയാകേണ്ടി വരും. ദുരന്തമുണ്ടായി സഹായിക്കുന്നതിനേക്കാൾ നല്ലത് ആ ദുരന്തം വരാനുള്ള വഴിയടക്കുന്നതല്ലെയെന്നും നാട്ടുകാർ ചോദിക്കുന്നു. വിഷയത്തിൽ നിരവധി തവണ പഞ്ചായത്ത് അധികൃതർക്കും ജില്ലാഭരണകൂടത്തിനും പരാതികളും നിവേദനങ്ങളും നൽകിയിരുന്നെങ്കിലും അതൊന്നും ആരും മുഖവിലയ്ക്കെടുത്തില്ലെന്ന് മാത്രമല്ല പഞ്ചായത്തിൽ ഇനിയും പുതിയ ക്വാറികൾക്ക് അനുമതി നൽകാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP