Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാതൃഭൂമി മുതലാളിയുടെ ആശുപത്രിയിലെ തൊഴിൽചൂഷണം കണ്ടില്ലെന്ന് നടിച്ച് മുഖ്യധാരാ മാധ്യമങ്ങൾ മാറി നിന്നപ്പോൾ ജീവനക്കാർക്ക് ഒപ്പം നിന്നത് മറുനാടൻ; ഗത്യന്തരമില്ലാതെ പി വി മിനി ശമ്പളം നൽകാൻ സമ്മതം അറിയിച്ചപ്പോൾ പിന്തുണച്ച് ഒപ്പം നിന്നതിന് മറുനാടന് നന്ദി അറിയിച്ച് പിവി എസ് ജീവനക്കാർ; സ്‌കൂൾ തുറക്കുമ്പോൾ കുട്ടികൾക്ക് യൂണിഫോം വാങ്ങാൻ മറ്റുള്ളവർക്ക് മുമ്പിൽ കൈ നീട്ടേണ്ടല്ലോ എന്ന് ആശ്വസിച്ച് ജീവനക്കാർ; ആരോടും പരിഭവമില്ലെന്നും ഇനിയും ആത്മാർത്ഥമായും ജോലി ചെയ്യുമെന്ന് നഴ്‌സുമാര്

മാതൃഭൂമി മുതലാളിയുടെ ആശുപത്രിയിലെ തൊഴിൽചൂഷണം കണ്ടില്ലെന്ന് നടിച്ച് മുഖ്യധാരാ മാധ്യമങ്ങൾ മാറി നിന്നപ്പോൾ ജീവനക്കാർക്ക് ഒപ്പം നിന്നത് മറുനാടൻ; ഗത്യന്തരമില്ലാതെ പി വി മിനി ശമ്പളം നൽകാൻ സമ്മതം അറിയിച്ചപ്പോൾ പിന്തുണച്ച് ഒപ്പം നിന്നതിന് മറുനാടന് നന്ദി അറിയിച്ച് പിവി എസ് ജീവനക്കാർ; സ്‌കൂൾ തുറക്കുമ്പോൾ കുട്ടികൾക്ക് യൂണിഫോം വാങ്ങാൻ മറ്റുള്ളവർക്ക് മുമ്പിൽ കൈ നീട്ടേണ്ടല്ലോ എന്ന് ആശ്വസിച്ച് ജീവനക്കാർ; ആരോടും പരിഭവമില്ലെന്നും ഇനിയും ആത്മാർത്ഥമായും ജോലി ചെയ്യുമെന്ന് നഴ്‌സുമാര്

ആർ പീയൂഷ്

കൊച്ചി: മുട്ടുമടക്കാൻ തങ്ങൾ തയ്യാറല്ല എന്ന നിലപാടിലായിരുന്നു കലൂരിലെ പിവി എസ് ആശുപത്രി മുതലാളിമാർ. എത്ര പ്രതിഷേധം ജീനക്കാർ ഉയർത്തിയാലും ഒരു മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യില്ല എന്ന് അവർക്കുറപ്പുണ്ടായിരുന്നു. കാരണം ആശുപത്രി ഉടമ പിവി ചന്ദ്രൻ മാതൃഭൂമിയുടെ മാനേജിങ് എഡിറ്ററാണല്ലോ. അപ്പോൾ മുഖ്യധാരാ മാധ്യമങ്ങളെ എല്ലാം ചൊൽപ്പടിയിൽ നിർത്താം എന്നായിരുന്നു മാനേജ്മെന്റിന്റെ വിചാരം. എന്നാൽ മറുനാടൻ അടക്കമുള്ള ഓൺലൈൻ മാധ്യമങ്ങൾ സംഭവം ഏറ്റുപിടിച്ചതോടെ മാനേജ്മെൻര് ഏറെ പ്രതിരോധത്തിലായി. ഓൺലൈൻ മാധ്യമങ്ങൾ മാതൃഭൂമിക്ക് നേരെ തിരിഞ്ഞതോടെ പിവി എസ് മാനേജ്മെന്റ് കൂടുതൽ വെട്ടിലായി. മാതൃഭൂമിക്കെതിരെ ഇതോടെ സോഷ്യൽമീഡിയയിൽ ക്യാമ്പെയിൻ ആരംഭിച്ചു. ഗത്യന്തരമില്ലാതെ ലേബർ ഓഫീസിൽ ആദ്യ ചർച്ചയ്ക്കെത്തിയപ്പോൾ കടുംപിടുത്തത്തിൽ നിന്നു. ചർച്ച അലസി പിരിഞ്ഞു.

ലേബർ ഓഫീസിൽ നിന്നും ഇറങ്ങിയ മാനേജിങ് ഡയറക്ടർ പിവി മിനിയുടെ ചിത്രങ്ങൾ പകർത്താൻ മറുനാടൻ ശ്രമിച്ചപ്പോൾ തലയിൽ മുണ്ടിട്ട് ഓടുകയായിരുന്നു. എന്നാൽ പുറകെ പോയി ദൃശ്യങ്ങൾ പകർത്തിയതോടെ മകൻ അഭിഷേക് ഭീഷണിയുമായെത്തി. ഈ ദൃശ്യങ്ങൾ കൂടി പുറത്ത് വന്നതോടെ ജനരോഷം ശക്തമായി. അങ്ങനെ ഒടുവിൽ ഇന്ന് എല്ലാ ആനുകൂല്യങ്ങളും നൽകാം എന്ന് സമ്മതിക്കുകയായിരുന്നു. മെയ് ഒന്നിന് തുടങ്ങിയ സമരം ഇന്ന് ഇരുപതാം തീയതി അവസാനിച്ചത് വിജയക്കൊടി പാറിച്ചതിന് ശേഷമാണ്. സംഘടനയിൽ അംഗമല്ലാതിരുന്ന അഞ്ഞൂറോളം ജീവനക്കാർ ഇതോടെ സമരത്തിന് മുൻപന്തിയിൽ നിന്ന യു.എൻ.എയിലേക്ക് ചേക്കേറി.

ശമ്പളം ലഭിക്കുമെന്നറിഞ്ഞതോടെ ജീവനക്കാരെല്ലാം വലിയ സന്തോഷത്തിലായി. ഞങ്ങളുടെ പ്രതിനിധി അവിടെ എത്തിയപ്പോൾ കൂടെ നിന്ന് സപ്പോർട്ട് ചെയ്തതിന് നന്ദി അറിയിച്ച് എല്ലാവരും അവരുടെ സ്നേഹം അറിയിച്ചു. ശമ്പളം കിട്ടിയാലുടൻ കടം തീർക്കണമെന്നും ബാങ്കിലെ ലോൺ അടയ്ക്കണമെന്നും ഒരു കൂട്ടർ പറയുമ്പോൾ സ്‌ക്കൂൾ തുറപ്പിന് കുട്ടികൾക്ക് പുതിയ തുണിത്തരങ്ങളും ബാഗും വാങ്ങണമെന്നായിരുന്നു മറ്റൊരു കൂട്ടർ പറഞ്ഞത്. മൂന്ന് തവണയായേ കിട്ടൂ എങ്കിലും എല്ലാവരും സന്തോഷത്തിലാണ്. ആർക്കും ആരോടും പരിഭവമില്ല. ഇനിയും ആത്മാർത്ഥതയോടെ ജോലി ചെയ്യും എന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നതും.

2018 ആഗസ്റ്റു മുതൽ ശമ്പളം മുടങ്ങിയതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി മുഴുവൻ ജീവനക്കാരും ഡ്യൂട്ടി സമയത്ത് ഹോസ്പിറ്റലിനു മുന്നിൽ കുത്തിയിരുപ്പു സമരം നടത്തിവരികയായിരുന്നു.എറണാകുളം റീജ്യണൽ ജോയന്റ് ലേബർ കമ്മീഷണർ കെ.ശ്രീലാൽ ജീവനക്കാരുമായി നടത്തിയ അനുരഞ്ജന ചർച്ചയെ തുടർന്നാണ് ഒത്തുതീർപ്പ്. 2019 ഏപ്രിൽ 30നും അതിനു മുമ്പും സ്ഥാപനത്തിൽ നിന്നു പോയ എല്ലാ ജീവനക്കാർക്കും സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും നൽകാമെന്ന് മാനേജ്മെന്റ് സമ്മതിച്ചു.

2018 ഓഗസ്റ്റ് മുതൽ നേഴ്സിങ് ഇതര ജീവനക്കാർക്കും 2019 ജനുവരി മുതൽ നേഴ്സിങ് ജീവനക്കാർക്കും ശമ്പളക്കുടിശ്ശികയുള്ളതിൽ ഏപ്രിൽ 30ന് സ്ഥാപനത്തിൽ നിന്ന് പോയ ജീവനക്കാർക്കും നിലവിൽ തുടരുന്നവർക്കും തൊഴിൽ നിയമ പ്രകാരമുള്ള സ്റ്റാറ്റിയൂട്ടറി ആനുകൂല്യങ്ങൾ നൽകാമെന്ന് മാനേജ്മെന്റ് സമ്മതിച്ചു.നിലവിലുള്ള വേതന കുടിശ്ശികയുടെ ആദ്യ ഗഡുവായി ഒരു മാസത്തെ വേതന കുടിശ്ശികയായ ഒരു കോടി രൂപ മെയ് 24നും രണ്ടാം ഗഡു ജൂൺ 10നും നൽകും. 2019 ഏപ്രിലിൽ സ്ഥാപനത്തിൽ നിന്നും പോയിട്ടുള്ള ജീവനക്കാരുടെ എല്ലാ സ്റ്റാറ്റിയൂട്ടറി ആനുകൂല്യങ്ങളും 2019 ഓഗസ്റ്റ് 20നുള്ളിൽ നൽകും. നിലവിൽ സ്ഥാപനത്തിൽ തുടരുന്ന ജീവനക്കാർക്ക് ലഭിക്കുവാനുള്ള വേതനക്കുടിശ്ശികയും ഓഗസ്റ്റ് 20നുള്ളിൽ നൽകും.

കുടിശ്ശികത്തുകകൾ ബാങ്ക് അക്കൗണ്ട് വഴിയാണ് കൈമാറുക. സ്ഥാപനം വിട്ടുപോയതും ആനുകൂലം ലഭിക്കാത്തതുമായ ജീവനക്കാർക്കും വ്യവസ്ഥകൾ ബാധകമാണ്. ജീവനക്കാരുടെ സഹകരണത്തോടെ ആശുപത്രിയുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ഹോസ്പിറ്റലിലെ തൊഴിലാളി യൂണിയൻ പ്രതിനിധികൾ സമ്മതിച്ചു.പിവി എസ് മെമോറിയൽ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ പി.വി. മിനി, ഡയറക്ടർ ബോർഡംഗങ്ങളായ പി.വി.അഭിഷേക്, പി.വി.നിധീഷ്, അഡ്വ.ലളിത എന്നിവർ തൊഴിലുടമയെ പ്രതിനിധീകരിച്ചും യു.എൻ.എ. പ്രതിനിധികളായ എം എം ഹാരിസ്, എസ്.രാജൻ, ടി.ഡി.ലീന, ലീസമ്മ ജോസഫ്, എസ്.വൈശാഖൻ, ഫെലിൻ കുര്യൻ, എം വിലൂസി തുടങ്ങിയവർ തൊഴിലാളികളെ പ്രതിനിധികരിച്ചും ചർച്ചയിൽ പങ്കെടുത്തു.

നേരത്തെ ശമ്പളക്കുടിശ്ശിക സംബന്ധിച്ച് റീജിണൽ ജോയിന്റ് ലേബർ കമ്മീഷണറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലും തീരുമാനമാകാത്തതിനെ തുടർന്ന് മാതൃഭൂമി ഓഫീസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മാതൃഭൂമി മാനേജിങ് എഡിറ്റർ പിവി ചന്ദ്രനാണ് പിവി സ്വാമി മെമോറിയൽ ആശുപത്രിയുടെ ചെയർമാൻ. അദ്ദേഹത്തിന്റെ മകൾ പിവി മിനിയാണ് ആശുപത്രി എംഡി. ഈ സമരത്തിൽ ജീവനക്കാരും കുടുംബാംഗങ്ങളുമടക്കം എണ്ണൂറോളം പേരാണ് അണിനിരന്നത്. ജില്ലാ കലക്ടർ വിളിച്ച യോഗത്തിൽ പോലും പിവി മിനി പങ്കെടുത്തിരുന്നില്ല.

ഒരു വർഷമായി ശമ്പളം നൽകാത്തതിനെതുടർന്ന് അഞ്ഞൂറോളം ജീവനക്കാരാണ് സമരം നടത്തുന്നത്. ഇവിടത്തെ ഡോക്ടർമാർക്ക് ഒരു വർഷമായി ശമ്പളാനുകൂല്യങ്ങളില്ല. വിവിധ വകുപ്പ് ജീവനക്കാർക്ക് 8 മാസങ്ങളായും ശമ്പളം നൽകിയിട്ടില്ല. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിക്കുന്ന പിഎഫ് വിഹിതവും കമ്പനിയുടെ പങ്കും നിക്ഷേപിക്കുന്നില്ല. ഇഎസ്‌ഐ വിഹിതം നൽകാത്തതിനെ തുടർന്ന് ഈ ആനുകൂല്യവും മുടങ്ങി. ബോണസ് നൽകിയിട്ടില്ലെന്നും ടിഡിഎസ് പിടിച്ചിട്ടും യഥാക്രമം അടയ്ക്കുന്നില്ലെന്നും ജീവനക്കാർ സാക്ഷ്യപ്പടുത്തുന്നു. നേരത്തെ വിഷയത്തിൽ കളക്ടർ ഇടപെട്ടപ്പോൾ ഫെബ്രുവരി 28 നകം കുടിശ്ശിക നൽകാമെന്ന് മാനേജ്‌മെന്റ് ഉറപ്പുനൽകിയിരുന്നു. എന്നാൽ രണ്ടരമാസം പിന്നിട്ടിട്ടും നടപടിയില്ല. യുഎൻഎ, യുഎച്ച്എസ്എ, ഐഎംഎ തുടങ്ങിയ ഈ രംഗത്തെ സംഘടനകളുടെ പൂർണ്ണപിൻതുണയിലാണ് സമരം.

കൊച്ചിയുടെ കണ്ണായ കലൂരിൽ ആറേക്കറിൽ 14 നിലകളിൽ വ്യാപിച്ചു നിൽക്കുന്ന ആശുപത്രി മറിച്ച് വിൽക്കാനാണ് ആശുപത്രി മാനേജ്‌മെന്റ് ശ്രമിച്ചിരുന്നത്. 600 കോടിയോളം വിലമതിക്കുന്ന ഈ ആശുപത്രി സമുച്ചയം ഏറ്റെടുപ്പിക്കാൻ വിവിധ ആശുപത്രി ഗ്രൂപ്പുകളുമായി മാനേജ്മെന്റ് ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ ചർച്ചകൾ ഇതുവരെ ഫലവത്തായിട്ടില്ല. ആശുപത്രി വിൽക്കാൻ ശ്രമങ്ങൾ നടത്തുന്നത് കാരണം ആശുപത്രി ലാഭത്തിൽ നിന്നും നഷ്ടത്തിലാക്കാനും മാനേജ്‌മെന്റ് ശ്രമിക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷമായി ആശുപത്രിയിൽ ശമ്പള പ്രശ്‌നം വരാനും കഴിഞ്ഞ ആറുമാസമായി പൂർണ്ണ രീതിയിൽ ശമ്പളം മുടങ്ങാനും കാരണം മാനേജ്‌മെന്റ് നടത്തുന്ന ഈ രീതിയിലുള്ള ശ്രമങ്ങളാണ് എന്നാണ് അറിയാൻ സാധിച്ചത്.

ജീവനക്കാരെ മുഴുവൻ പുകച്ചു പുറത്താക്കുക. ശമ്പളവും ആനുകൂല്യങ്ങളും തടഞ്ഞു വയ്ക്കുക. രാജി വയ്ക്കാൻ പ്രേരിപ്പിക്കുക. പിരിഞ്ഞു പോകുന്നവർക്ക് ഒരാനുകൂല്യവും നൽകാതിരിക്കുക. ആശുപത്രി പുതിയ മാനേജ്‌മെന്റിന് കൈമാറും മുൻപ് നിലവിലെ എല്ലാ ജീവനക്കാരെയും പറഞ്ഞുവിടുക. ക്‌ളീൻ ആയ ആശുപത്രി കോടികൾക്ക് പുതിയ ഗ്രൂപ്പിന് കൈമാറുക. ഈ തന്ത്രത്തിൽ കുരുക്കിയാണ് മാനേജ്‌മെന്റ് ജീവനക്കാരെ ചക്രശ്വാസം വലിപ്പിക്കുന്നത്. രണ്ടു വർഷമായി ആശുപത്രി മറിച്ച് വിൽക്കാൻ ആശുപത്രി മാനേജ്മെന്റ് ശ്രമം തുടങ്ങിയിട്ട്. ഈ ശ്രമം തുടങ്ങിയതോടെ ലാഭത്തിലായി പോകുന്ന ആശുപത്രി നഷ്ടത്തിലാക്കാനും ഒപ്പം ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായാണ് ജീവനക്കാരെ മനഃപൂർവം രാജിവയ്ക്കാൻ പ്രേരിപ്പിക്കുക, മികച്ച ഡോക്ടർമാരെ ഒഴിവാക്കാൻ ശ്രമിക്കുക, ശമ്പളം നാമമാത്രമായി നൽകുക തുടങ്ങിയ നടപടികൾ ആശുപത്രി മാനേജ്‌മെന്റ് കൈക്കൊണ്ടത്.

മൂന്നു മാസം മുൻപ് കോഴിക്കോട്ടുള്ള പ്രമുഖ ആശുപത്രിക്ക് ഇവർ പിവി എസ് ആശുപത്രി കൈമാറാൻ തീരുമാനിച്ചിരുന്നു. മുന്നൂറ് കോടിക്ക് ആണ് ഈ കൈമാറ്റമെന്നാണ് ആശുപത്രി ജീവനക്കാർ അറിഞ്ഞത്. കോഴിക്കോടെ ഈ ആശുപത്രിക്ക് പിവി എസ് കൈമാറുകയാണ് എന്ന് മാനേജമെന്റ് പ്രതിനിധികൾ ജീവനക്കാരെ അറിയിക്കുകയും ചെയ്തിരുന്നു. മൂന്നു മാസം മുൻപായിരുന്നു ഈ തീരുമാനം. എന്നാൽ ഈ ശ്രമം ചീറ്റിപ്പോയി. 300 കോടി എന്നത് അബദ്ധതീരുമാനമാണ് എന്ന് മനസിലാക്കിയാണ് പിവി എസ് ആശുപത്രി മാനേജ്‌മെന്റ് പിൻവാങ്ങിയത്. ഇതോടെ പെട്ടുപോയത് ജീവനക്കാരാണ്.

എറണാകുളം പിവി എസ് മെമോറിയൽ ആശുപത്രി ജീവനക്കാർക്ക് ശമ്പളം മുടങ്ങിയത് സംബന്ധിച്ച പരാതിയിൽ എറണാകുളം റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ മുമ്പാകെ ഇന്ന് നടത്തിയ ചർച്ചയിൽ പിവി എസ് മാനേജ്‌മെന്റ് അംഗീകരിച്ച വ്യവസ്ഥകൾ.

1. 2019 ഏപ്രിൽ 30 നും അതിനും മുമ്പും സ്ഥാപനത്തിൽ നിന്ന് പോയ ജീവനക്കാർക്ക് സ്റ്റാറ്റിയൂട്ടറിയായി ഒഴിവാക്കേണ്ട എല്ലാ ആനുകൂല്യങ്ങളും നൽകാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചു.

2. 2018 ഓഗസ്റ്റ് മുതൽ നഴസിങ് ഇതരജീവനക്കാർക്കും 2019 മുതൽ നഴ്‌സിങ് ജീവനക്കാർക്കും ശമ്പളകുടിശ്ശികയുള്ളതിൽ 2019 ഏപ്രിൽ 30 ൽ സ്ഥാപനത്തിൽ നിന്ന് പോയ ജീവനക്കാർക്കും നിലവിൽ തുടരുന്നവർക്കും എല്ലാ സ്റ്റാറ്റിയൂട്ടറി ആനുകൂല്യങ്ങളും നിലവിലുള്ള വേതനകുടിശ്ശികയുടെയും ആദ്യഗഡുവായി ഒരു കോടി രൂപ ( ഒരു മാസത്തെ കുടിശ്ശിക) 2019 മെയ് മാസം 24 നും രണ്ടാം ഗഡു 2019 ജൂൺ 10 നും നൽകാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചു.

3. 2019 ഏപ്രിൽ മാസം സ്ഥാപനത്തിൽ നിന്ന് പോയ ജീവനക്കാർക്കുള്ള എല്ലാ സ്റ്റാറ്റിയൂട്ടറി ആനുകൂല്യങ്ങളും ബാക്കി കുടിശ്ശിക 2019 ഓഗസ്റ്റ് 20 നുള്ളിൽ നൽകാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചു.

5. നിലവിൽ സ്ഥാപനത്തിൽ തുടരുന്ന ജീവനക്കാർക്ക് ലഭിക്കുവാനുള്ള വേതനകുടിശ്ശികയും 2019 ഓഗസ്റ്റ് 20 നുള്ളിൽ നൽകാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചു.

5. നിലവിൽ സ്ഥാപനത്തിൽ നിന്നും പോയതും വൗച്ചർ ലഭിച്ച് പേയ്‌മെന്റ് കിട്ടാത്ത എല്ലാ ജീവനക്കാർക്കും മേൽ ഒത്തചുതീർപ്പു വ്യവസ്ഥകൾ ബാധകനമായിരിക്കും.

6. ജീവനക്കാർക്ക് നൽകുവാനുള്ള കുടിശ്ശികകളഅ# മുഴുവൻ അവവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയത് നൽകാമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

7. മാനേജ്‌മെന്റ് നൽകിയ മേൽ ഉറപ്പുകളുടെ അടിസ്ഥാനത്തിൽ സമരം പിൻവലിക്കുന്നതോടൊപ്പം ജീവനക്കാരുടെ സഹകരണത്തോടെ ആശുപത്രിയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ യുണിയൻ സമ്മതിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP