Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നഴ്സുമാരുടെ സംഘടിത ശക്തിക്കു മുന്നിൽ ഒടുവിൽ മാതൃഭൂമി മുതലാളി മുട്ടുമടക്കി; എറണാകുളം പി വി എസ് മെമോറിയൽ ആശുപത്രിയിലെ ജീവനക്കാരുടെ അനിശ്ചിതകാല സമരം ഒത്തുതീർന്നു; ശമ്പളകുടിശ്ശിക ഗഡുക്കളായി തന്നു തീർക്കാമെന്ന് സമ്മതിച്ച് ആശുപത്രി മാനേജ്മെന്റ്; വിഷയം പുറംലോകമറിഞ്ഞത് മറുനാടൻ മലയാളി നടത്തിയ ഇടപെടലിനെ തുടർന്ന്; കടുംപിടുത്തം വെടിഞ്ഞ് മാനേജ്‌മെന്റ്; കഴിഞ്ഞ ഓഗസ്റ്റ് മുതൽ ശമ്പളം മുടങ്ങിയതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ജീവനക്കാർ നടത്തുന്ന സമരത്തിന് ഒടുവിൽ ശുഭാന്ത്യം

നഴ്സുമാരുടെ സംഘടിത ശക്തിക്കു മുന്നിൽ ഒടുവിൽ മാതൃഭൂമി മുതലാളി മുട്ടുമടക്കി; എറണാകുളം പി വി എസ് മെമോറിയൽ ആശുപത്രിയിലെ ജീവനക്കാരുടെ അനിശ്ചിതകാല സമരം ഒത്തുതീർന്നു; ശമ്പളകുടിശ്ശിക ഗഡുക്കളായി തന്നു തീർക്കാമെന്ന് സമ്മതിച്ച് ആശുപത്രി മാനേജ്മെന്റ്; വിഷയം പുറംലോകമറിഞ്ഞത് മറുനാടൻ മലയാളി നടത്തിയ ഇടപെടലിനെ തുടർന്ന്; കടുംപിടുത്തം വെടിഞ്ഞ് മാനേജ്‌മെന്റ്; കഴിഞ്ഞ ഓഗസ്റ്റ് മുതൽ ശമ്പളം മുടങ്ങിയതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ജീവനക്കാർ നടത്തുന്ന സമരത്തിന് ഒടുവിൽ ശുഭാന്ത്യം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നഴ്സുമാരുടെ സംഘടിത ശക്തിക്കുമുന്നിൽ ഒടുവിൽ മാതൃഭൂമി മുതലാളി മുട്ടുമടക്കി. ശമ്പളകുടിശ്ശിക ഗഡുക്കളായി തന്നു തീർക്കാമെന്ന മാനേജ്മെന്റ് തൊഴിൽ വകുപ്പ് മുൻകൈയെടുത്തു നടത്തിയ ചർച്ചയിൽ സമ്മതിച്ചതിനെ തുടർന്ന്, എറണാകുളം പി വി എസ് മെമോറിയൽ ഹോസ്പിറ്റലിനു മുന്നിൽ ജീവനക്കാർ നടത്തിവന്ന അനശ്ചിതകാല സമരം ഒത്തുതീർന്ന. മുഖ്യധാരാ മാധ്യമങ്ങൾ മുക്കിയ ഈ വാർത്ത പുറംലോക മറിഞ്ഞത് മറുനാടൻ മലയാളി നടത്തിയ ഇടപെടലിനെ തുടർന്നാണ്. ഓഗസ്റ്റ് മുതൽ ശമ്പളം മുടങ്ങിയതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ജീവനക്കാർ നടത്തുന്ന സമരത്തിന് ഒടുവിൽ ശുഭാന്ത്യമായി.

2018 ആഗസ്റ്റു മുതൽ ശമ്പളം മുടങ്ങിയതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി മുഴുവൻ ജീവനക്കാരും ഡ്യൂട്ടി സമയത്ത് ഹോസ്പിറ്റലിനു മുന്നിൽ കുത്തിയിരുപ്പു സമരം നടത്തിവരികയായിരുന്നു.എറണാകുളം റീജ്യണൽ ജോയന്റ് ലേബർ കമ്മീഷണർ കെ.ശ്രീലാൽ ജീവനക്കാരുമായി നടത്തിയ അനുരഞ്ജന ചർച്ചയെ തുടർന്നാണ് ഒത്തുതീർപ്പ്. 2019 ഏപ്രിൽ 30നും അതിനു മുമ്പും സ്ഥാപനത്തിൽ നിന്നു പോയ എല്ലാ ജീവനക്കാർക്കും സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും നൽകാമെന്ന് മാനേജ്മെന്റ് സമ്മതിച്ചു.

2018 ഓഗസ്റ്റ് മുതൽ നേഴ്സിങ് ഇതര ജീവനക്കാർക്കും 2019 ജനുവരി മുതൽ നേഴ്സിങ് ജീവനക്കാർക്കും ശമ്പളക്കുടിശ്ശികയുള്ളതിൽ ഏപ്രിൽ 30ന് സ്ഥാപനത്തിൽ നിന്ന് പോയ ജീവനക്കാർക്കും നിലവിൽ തുടരുന്നവർക്കും തൊഴിൽ നിയമ പ്രകാരമുള്ള സ്റ്റാറ്റിയൂട്ടറി ആനുകൂല്യങ്ങൾ നൽകാമെന്ന് മാനേജ്മെന്റ് സമ്മതിച്ചു.നിലവിലുള്ള വേതന കുടിശ്ശികയുടെ ആദ്യ ഗഡുവായി ഒരു മാസത്തെ വേതന കുടിശ്ശികയായ ഒരു കോടി രൂപ മെയ് 24നും രണ്ടാം ഗഡു ജൂൺ 10നും നൽകും. 2019 ഏപ്രിലിൽ സ്ഥാപനത്തിൽ നിന്നും പോയിട്ടുള്ള ജീവനക്കാരുടെ എല്ലാ സ്റ്റാറ്റിയൂട്ടറി ആനുകൂല്യങ്ങളും 2019 ഓഗസ്റ്റ് 20നുള്ളിൽ നൽകും. നിലവിൽ സ്ഥാപനത്തിൽ തുടരുന്ന ജീവനക്കാർക്ക് ലഭിക്കുവാനുള്ള വേതനക്കുടിശ്ശികയും ഓഗസ്റ്റ് 20നുള്ളിൽ നൽകും.

കുടിശ്ശികത്തുകകൾ ബാങ്ക് അക്കൗണ്ട് വഴിയാണ് കൈമാറുക. സ്ഥാപനം വിട്ടുപോയതും ആനുകൂലം ലഭിക്കാത്തതുമായ ജീവനക്കാർക്കും വ്യവസ്ഥകൾ ബാധകമാണ്. ജീവനക്കാരുടെ സഹകരണത്തോടെ ആശുപത്രിയുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ഹോസ്പിറ്റലിലെ തൊഴിലാളി യൂണിയൻ പ്രതിനിധികൾ സമ്മതിച്ചു.പിവി എസ് മെമോറിയൽ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ പി.വി. മിനി, ഡയറക്ടർ ബോർഡംഗങ്ങളായ പി.വി.അഭിഷേക്, പി.വി.നിധീഷ്, അഡ്വ.ലളിത എന്നിവർ തൊഴിലുടമയെ പ്രതിനിധീകരിച്ചും യു.എൻ.എ. പ്രതിനിധികളായ എം എം ഹാരിസ്, എസ്.രാജൻ, ടി.ഡി.ലീന, ലീസമ്മ ജോസഫ്, എസ്.വൈശാഖൻ, ഫെലിൻ കുര്യൻ, എം വിലൂസി തുടങ്ങിയവർ തൊഴിലാളികളെ പ്രതിനിധികരിച്ചും ചർച്ചയിൽ പങ്കെടുത്തു.

നേരത്തെ ശമ്പളക്കുടിശ്ശിക സംബന്ധിച്ച് റീജിണൽ ജോയിന്റ് ലേബർ കമ്മീഷണറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലും തീരുമാനമാകാത്തതിനെ തുടർന്ന് മാതൃഭൂമി ഓഫീസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മാതൃഭൂമി മാനേജിങ് എഡിറ്റർ പിവി ചന്ദ്രനാണ് പിവി സ്വാമി മെമോറിയൽ ആശുപത്രിയുടെ ചെയർമാൻ. അദ്ദേഹത്തിന്റെ മകൾ പിവി മിനിയാണ് ആശുപത്രി എംഡി. ഈ സമരത്തിൽ ജീവനക്കാരും കുടുംബാംഗങ്ങളുമടക്കം എണ്ണൂറോളം പേരാണ് അണിനിരന്നത്. ജില്ലാ കലക്ടർ വിളിച്ച യോഗത്തിൽ പോലും പിവി മിനി പങ്കെടുത്തിരുന്നില്ല.

ഒരു വർഷമായി ശമ്പളം നൽകാത്തതിനെതുടർന്ന് അഞ്ഞൂറോളം ജീവനക്കാരാണ് സമരം നടത്തുന്നത്. ഇവിടത്തെ ഡോക്ടർമാർക്ക് ഒരു വർഷമായി ശമ്പളാനുകൂല്യങ്ങളില്ല. വിവിധ വകുപ്പ് ജീവനക്കാർക്ക് 8 മാസങ്ങളായും ശമ്പളം നൽകിയിട്ടില്ല. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിക്കുന്ന പിഎഫ് വിഹിതവും കമ്പനിയുടെ പങ്കും നിക്ഷേപിക്കുന്നില്ല. ഇഎസ്‌ഐ വിഹിതം നൽകാത്തതിനെ തുടർന്ന് ഈ ആനുകൂല്യവും മുടങ്ങി. ബോണസ് നൽകിയിട്ടില്ലെന്നും ടിഡിഎസ് പിടിച്ചിട്ടും യഥാക്രമം അടയ്ക്കുന്നില്ലെന്നും ജീവനക്കാർ സാക്ഷ്യപ്പടുത്തുന്നു. നേരത്തെ വിഷയത്തിൽ കളക്ടർ ഇടപെട്ടപ്പോൾ ഫെബ്രുവരി 28 നകം കുടിശ്ശിക നൽകാമെന്ന് മാനേജ്‌മെന്റ് ഉറപ്പുനൽകിയിരുന്നു. എന്നാൽ രണ്ടരമാസം പിന്നിട്ടിട്ടും നടപടിയില്ല. യുഎൻഎ, യുഎച്ച്എസ്എ, ഐഎംഎ തുടങ്ങിയ ഈ രംഗത്തെ സംഘടനകളുടെ പൂർണ്ണപിൻതുണയിലാണ് സമരം.

കൊച്ചിയുടെ കണ്ണായ കലൂരിൽ ആറേക്കറിൽ 14 നിലകളിൽ വ്യാപിച്ചു നിൽക്കുന്ന ആശുപത്രി മറിച്ച് വിൽക്കാനാണ് ആശുപത്രി മാനേജ്‌മെന്റ് ശ്രമിച്ചിരുന്നത്. 600 കോടിയോളം വിലമതിക്കുന്ന ഈ ആശുപത്രി സമുച്ചയം ഏറ്റെടുപ്പിക്കാൻ വിവിധ ആശുപത്രി ഗ്രൂപ്പുകളുമായി മാനേജ്മെന്റ് ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ ചർച്ചകൾ ഇതുവരെ ഫലവത്തായിട്ടില്ല. ആശുപത്രി വിൽക്കാൻ ശ്രമങ്ങൾ നടത്തുന്നത് കാരണം ആശുപത്രി ലാഭത്തിൽ നിന്നും നഷ്ടത്തിലാക്കാനും മാനേജ്‌മെന്റ് ശ്രമിക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷമായി ആശുപത്രിയിൽ ശമ്പള പ്രശ്‌നം വരാനും കഴിഞ്ഞ ആറുമാസമായി പൂർണ്ണ രീതിയിൽ ശമ്പളം മുടങ്ങാനും കാരണം മാനേജ്‌മെന്റ് നടത്തുന്ന ഈ രീതിയിലുള്ള ശ്രമങ്ങളാണ് എന്നാണ് അറിയാൻ സാധിച്ചത്.

ജീവനക്കാരെ മുഴുവൻ പുകച്ചു പുറത്താക്കുക. ശമ്പളവും ആനുകൂല്യങ്ങളും തടഞ്ഞു വയ്ക്കുക. രാജി വയ്ക്കാൻ പ്രേരിപ്പിക്കുക. പിരിഞ്ഞു പോകുന്നവർക്ക് ഒരാനുകൂല്യവും നൽകാതിരിക്കുക. ആശുപത്രി പുതിയ മാനേജ്‌മെന്റിന് കൈമാറും മുൻപ് നിലവിലെ എല്ലാ ജീവനക്കാരെയും പറഞ്ഞുവിടുക. ക്‌ളീൻ ആയ ആശുപത്രി കോടികൾക്ക് പുതിയ ഗ്രൂപ്പിന് കൈമാറുക. ഈ തന്ത്രത്തിൽ കുരുക്കിയാണ് മാനേജ്‌മെന്റ് ജീവനക്കാരെ ചക്രശ്വാസം വലിപ്പിക്കുന്നത്. രണ്ടു വർഷമായി ആശുപത്രി മറിച്ച് വിൽക്കാൻ ആശുപത്രി മാനേജ്മെന്റ് ശ്രമം തുടങ്ങിയിട്ട്. ഈ ശ്രമം തുടങ്ങിയതോടെ ലാഭത്തിലായി പോകുന്ന ആശുപത്രി നഷ്ടത്തിലാക്കാനും ഒപ്പം ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായാണ് ജീവനക്കാരെ മനഃപൂർവം രാജിവയ്ക്കാൻ പ്രേരിപ്പിക്കുക, മികച്ച ഡോക്ടർമാരെ ഒഴിവാക്കാൻ ശ്രമിക്കുക, ശമ്പളം നാമമാത്രമായി നൽകുക തുടങ്ങിയ നടപടികൾ ആശുപത്രി മാനേജ്‌മെന്റ് കൈക്കൊണ്ടത്.

മൂന്നു മാസം മുൻപ് കോഴിക്കോട്ടുള്ള പ്രമുഖ ആശുപത്രിക്ക് ഇവർ പിവി എസ് ആശുപത്രി കൈമാറാൻ തീരുമാനിച്ചിരുന്നു. മുന്നൂറ് കോടിക്ക് ആണ് ഈ കൈമാറ്റമെന്നാണ് ആശുപത്രി ജീവനക്കാർ അറിഞ്ഞത്. കോഴിക്കോടെ ഈ ആശുപത്രിക്ക് പിവി എസ് കൈമാറുകയാണ് എന്ന് മാനേജമെന്റ് പ്രതിനിധികൾ ജീവനക്കാരെ അറിയിക്കുകയും ചെയ്തിരുന്നു. മൂന്നു മാസം മുൻപായിരുന്നു ഈ തീരുമാനം. എന്നാൽ ഈ ശ്രമം ചീറ്റിപ്പോയി. 300 കോടി എന്നത് അബദ്ധതീരുമാനമാണ് എന്ന് മനസിലാക്കിയാണ് പിവി എസ് ആശുപത്രി മാനേജ്‌മെന്റ് പിൻവാങ്ങിയത്. ഇതോടെ പെട്ടുപോയത് ജീവനക്കാരാണ്. അതേസമയം മാതൃഭൂമി ഉന്നതനായ പി വി ചന്ദ്രന്റെ കൂടി സാന്നിധ്യമുള്ള ആശുപത്രിയിലെ തൊഴിൽ പ്രശ്നം എല്ലാവരാലും തഴയപ്പെടുന്ന അവസ്ഥയാണ്.

പിവി എസ് സ്വകാര്യ ആശുപത്രി ഗ്രൂപ്പിന് കൈമാറാൻ ശ്രമിച്ചു; നാടകീയമായി പിന്മാറ്റവും

രണ്ടു വർഷമായി കിട്ടാനുണ്ടായിരുന്ന ശമ്പള കുടിശികയും ആറുമാസമായി പൂർണ്ണമായും നിലച്ചിരിക്കുന്ന ശമ്പളവും കിട്ടാനുള്ള ഒരു വഴിയായി മാറുമായിരുന്നു ഈ തീരുമാനം. ശമ്പള കുടിശികയും ആനുകൂല്യങ്ങളും കോഴിക്കോട് ആശുപത്രിക്ക് കൈമാറുന്നതിന് മുൻപ് കൈമാറും എന്നാണ് ജീവനക്കാരെ അറിയിച്ചിരുന്നത്. എന്നാൽ നിനച്ചിരിക്കാതെ പിവി എസ് മാനേജ്‌മെന്റ് പിൻവാങ്ങിയപ്പോൾ ജീവനക്കാർ പൂർണമായും പെട്ടുപോവുകയും ചെയ്തു. ആറുമാസത്തിലധികമായി ലോൺ അടവ് മുടങ്ങിയത് കാരണം ജീവനക്കാരിൽ പലരും ജപ്തി ഭീഷണിയിലാണ്. ശമ്പളമില്ലാത്തത് കാരണം ഇവർ ആത്മഹത്യാമുനമ്പിലുമാണ്. ഫണ്ട് ലഭിക്കാൻ നോക്കുന്നുണ്ട്. ഫണ്ട് ലഭിച്ചാൽ ശമ്പളം നൽകും എന്നാണ് മാനേജ്‌മെന്റ് പറയുന്നത്. കുറെ തീയതികൾ പറയും. ആ തീയതിക്ക് ഒരു പൈസയും നൽകിയില്ല. പിന്നെയും ഇതേ തന്ത്രം പുറത്തെടുക്കും. വലയുന്നത് ജീവനക്കാരാണ്.

അഞ്ഞൂറോളം ആശുപത്രി ജീവനക്കാരാണ് മാനേജമെന്റ് തീരുമാനം കാരണം നരകയാതനകൾ താണ്ടുന്നത്. കോഴിക്കോട് ആശുപത്രിയുമായുള്ള ഡീൽ അവസാനിപ്പിച്ച മാനേജ്‌മെന്റ് വിവിധ ഹോസ്പിറ്റൽ ഗ്രൂപ്പുകളുമായി ചർച്ച ഇപ്പോഴും തുടരുന്നുണ്ട്. ഇത്രയും ഇൻവെസ്റ്റ്മെന്റ് നടത്തി കൊച്ചിയിലെ ഈ ആശുപത്രി സമുച്ചയം ഏറ്റെടുക്കുന്നതിൽ പല ഗ്രൂപ്പുകൾക്കും സാമ്പത്തിക തടസങ്ങളുണ്ട്. അതിനാലാണ് ആശുപത്രി കൈമാറ്റം വൈകുന്നത്. ഇതോടെയാണ് നിലവിലെ ജീവനക്കാരെ മുഴുവൻ പുകച്ചു പുറത്താക്കാൻ മാനേജമെന്റ് ശ്രമം തുടങ്ങിയത്. ഈ തന്ത്രത്തിൽ കുരുങ്ങിയ ഒട്ടുവളരെ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും നഴ്‌സുമാരും എല്ലാം ജോലി വിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP