Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എട്ടു മാസമായി ശമ്പളം നൽകുന്നില്ല; ആനുകൂല്യങ്ങൾ നൽകുന്നതിന് പകരം അഞ്ഞൂറോളം ജീവനക്കാരെ പെരുവഴിയിലാക്കി നടതള്ളാൻ ശ്രമം; ആശുപത്രിയിലെ ഓരോ ഫ്‌ളോറുകളും അടച്ചുപൂട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി പിരിച്ചുവിടൽ; പടുകൂറ്റൻ ആശുപത്രി കെട്ടിടത്തിൽ തനിച്ച് ജോലി ചെയ്യുന്നതിൽ ജീവൽഭീതിയിലെന്ന് നഴ്‌സുമാർ; ജീവനക്കാരെ ബലിയാടാക്കി കൊച്ചിയിലെ പിവി എസ് ആശുപത്രി 600 കോടിക്ക് മറിച്ചു വിൽക്കാൻ മാതൃഭൂമി മുതലാളി പി വി ചന്ദ്രൻ; നഗ്നമായ തൊഴിൽ ലംഘനം കണ്ടിട്ടും കൈയും കെട്ടി തൊഴിൽ വകുപ്പ്

എട്ടു മാസമായി ശമ്പളം നൽകുന്നില്ല; ആനുകൂല്യങ്ങൾ നൽകുന്നതിന് പകരം അഞ്ഞൂറോളം ജീവനക്കാരെ പെരുവഴിയിലാക്കി നടതള്ളാൻ ശ്രമം; ആശുപത്രിയിലെ ഓരോ ഫ്‌ളോറുകളും അടച്ചുപൂട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി പിരിച്ചുവിടൽ; പടുകൂറ്റൻ ആശുപത്രി കെട്ടിടത്തിൽ തനിച്ച് ജോലി ചെയ്യുന്നതിൽ ജീവൽഭീതിയിലെന്ന് നഴ്‌സുമാർ; ജീവനക്കാരെ ബലിയാടാക്കി കൊച്ചിയിലെ പിവി എസ് ആശുപത്രി 600 കോടിക്ക് മറിച്ചു വിൽക്കാൻ മാതൃഭൂമി മുതലാളി പി വി ചന്ദ്രൻ; നഗ്നമായ തൊഴിൽ ലംഘനം കണ്ടിട്ടും കൈയും കെട്ടി തൊഴിൽ വകുപ്പ്

എം മനോജ് കുമാർ

കൊച്ചി: മാതൃഭൂമി മുതലാളി പി വി ചന്ദ്രന്റെ മകളുടെ ഉടമസ്ഥതയിലുള്ള കലൂർ പിവി എസ് ആശുപത്രിയിൽ ജീവനക്കാരെ പുകച്ച് പുറത്താക്കാൻ ശ്രമം. ഡോക്ടർമാരും ലാബ് ടെക്നീഷ്യന്മാരും നഴ്‌സുമാരും അടക്കമുള്ള 500 ഓളം ജീവനക്കാരെയാണ് പിവി എസ് ആശുപത്രി മാനേജ്മെന്റ് പുകച്ചു പുറത്താക്കാൻ ശ്രമം നടക്കുന്നത്. കൊച്ചിയുടെ കണ്ണായ കലൂരിൽ ആറേക്കറിൽ 14 നിലകളിൽ വ്യാപിച്ചു നിൽക്കുന്ന ആശുപത്രി മറിച്ച് വിൽക്കാനാണ് ആശുപത്രി മാനേജ്മെന്റ് ശ്രമിക്കുന്നത്. 600 കോടിയോളം വിലമതിക്കുന്ന ഈ ആശുപത്രി സമുച്ചയം ഏറ്റെടുപ്പിക്കാൻ വിവിധ ആശുപത്രി ഗ്രൂപ്പുകളുമായി മാനേജ്‌മെന്റ് ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ ചർച്ചകൾ ഇതുവരെ ഫലവത്തായിട്ടില്ല. ആശുപത്രി വിൽക്കാൻ ശ്രമങ്ങൾ നടത്തുന്നത് കാരണം ആശുപത്രി ലാഭത്തിൽ നിന്നും നഷ്ടത്തിലാക്കാനും മാനേജ്മെന്റ് ശ്രമിക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷമായി ആശുപത്രിയിൽ ശമ്പള പ്രശ്നം വരാനും കഴിഞ്ഞ ആറുമാസമായി പൂർണ്ണ രീതിയിൽ ശമ്പളം മുടങ്ങാനും കാരണം മാനേജ്മെന്റ് നടത്തുന്ന ഈ രീതിയിലുള്ള ശ്രമങ്ങളാണ് എന്നാണ് അറിയാൻ സാധിച്ചത്.

ജീവനക്കാരെ മുഴുവൻ പുകച്ചു പുറത്താക്കുക. ശമ്പളവും ആനുകൂല്യങ്ങളും തടഞ്ഞു വയ്ക്കുക. രാജി വയ്ക്കാൻ പ്രേരിപ്പിക്കുക. പിരിഞ്ഞു പോകുന്നവർക്ക് ഒരാനുകൂല്യവും നൽകാതിരിക്കുക. ആശുപത്രി പുതിയ മാനേജ്മെന്റിന് കൈമാറും മുൻപ് നിലവിലെ എല്ലാ ജീവനക്കാരെയും പറഞ്ഞുവിടുക. ക്ളീൻ ആയ ആശുപത്രി കോടികൾക്ക് പുതിയ ഗ്രൂപ്പിന് കൈമാറുക. ഈ തന്ത്രത്തിൽ കുരുക്കിയാണ് മാനേജ്മെന്റ് ജീവനക്കാരെ ചക്രശ്വാസം വലിപ്പിക്കുന്നത്. രണ്ടു വർഷമായി ആശുപത്രി മറിച്ച് വിൽക്കാൻ ആശുപത്രി മാനേജ്‌മെന്റ് ശ്രമം തുടങ്ങിയിട്ട്. ഈ ശ്രമം തുടങ്ങിയതോടെ ലാഭത്തിലായി പോകുന്ന ആശുപത്രി നഷ്ടത്തിലാക്കാനും ഒപ്പം ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായാണ് ജീവനക്കാരെ മനഃപൂർവം രാജിവയ്ക്കാൻ പ്രേരിപ്പിക്കുക, മികച്ച ഡോക്ടർമാരെ ഒഴിവാക്കാൻ ശ്രമിക്കുക, ശമ്പളം നാമമാത്രമായി നൽകുക തുടങ്ങിയ നടപടികൾ ആശുപത്രി മാനേജ്മെന്റ് കൈക്കൊണ്ടത്.

മൂന്നു മാസം മുൻപ് കോഴിക്കോട്ടുള്ള പ്രമുഖ ആശുപത്രിക്ക് ഇവർ പിവി എസ് ആശുപത്രി കൈമാറാൻ തീരുമാനിച്ചിരുന്നു. മുന്നൂറ് കോടിക്ക് ആണ് ഈ കൈമാറ്റമെന്നാണ് ആശുപത്രി ജീവനക്കാർ അറിഞ്ഞത്. കോഴിക്കോടെ ഈ ആശുപത്രിക്ക് പിവി എസ് കൈമാറുകയാണ് എന്ന് മാനേജമെന്റ് പ്രതിനിധികൾ ജീവനക്കാരെ അറിയിക്കുകയും ചെയ്തിരുന്നു. മൂന്നു മാസം മുൻപായിരുന്നു ഈ തീരുമാനം. എന്നാൽ ഈ ശ്രമം ചീറ്റിപ്പോയി. 300 കോടി എന്നത് അബദ്ധതീരുമാനമാണ് എന്ന് മനസിലാക്കിയാണ് പിവി എസ് ആശുപത്രി മാനേജ്മെന്റ് പിൻവാങ്ങിയത്. ഇതോടെ പെട്ടുപോയത് ജീവനക്കാരാണ്. അതേസമയം മാതൃഭൂമി ഉന്നതനായ പി വി ചന്ദ്രന്റെ കൂടി സാന്നിധ്യമുള്ള ആശുപത്രിയിലെ തൊഴിൽ പ്രശ്‌നം എല്ലാവരാലും തഴയപ്പെടുന്ന അവസ്ഥയാണ്.

പിവി എസ് സ്വകാര്യ ആശുപത്രി ഗ്രൂപ്പിന് കൈമാറാൻ ശ്രമിച്ചു; നാടകീയമായി പിന്മാറ്റവും

രണ്ടു വർഷമായി കിട്ടാനുണ്ടായിരുന്ന ശമ്പള കുടിശികയും ആറുമാസമായി പൂർണ്ണമായും നിലച്ചിരിക്കുന്ന ശമ്പളവും കിട്ടാനുള്ള ഒരു വഴിയായി മാറുമായിരുന്നു ഈ തീരുമാനം. ശമ്പള കുടിശികയും ആനുകൂല്യങ്ങളും കോഴിക്കോട് ആശുപത്രിക്ക് കൈമാറുന്നതിന് മുൻപ് കൈമാറും എന്നാണ് ജീവനക്കാരെ അറിയിച്ചിരുന്നത്. എന്നാൽ നിനച്ചിരിക്കാതെ പിവി എസ് മാനേജ്മെന്റ് പിൻവാങ്ങിയപ്പോൾ ജീവനക്കാർ പൂർണമായും പെട്ടുപോവുകയും ചെയ്തു. ആറുമാസത്തിലധികമായി ലോൺ അടവ് മുടങ്ങിയത് കാരണം ജീവനക്കാരിൽ പലരും ജപ്തി ഭീഷണിയിലാണ്. ശമ്പളമില്ലാത്തത് കാരണം ഇവർ ആത്മഹത്യാമുനമ്പിലുമാണ്. ഫണ്ട് ലഭിക്കാൻ നോക്കുന്നുണ്ട്. ഫണ്ട് ലഭിച്ചാൽ ശമ്പളം നൽകും എന്നാണ് മാനേജ്മെന്റ് പറയുന്നത്. കുറെ തീയതികൾ പറയും. ആ തീയതിക്ക് ഒരു പൈസയും നൽകിയില്ല. പിന്നെയും ഇതേ തന്ത്രം പുറത്തെടുക്കും. വലയുന്നത് ജീവനക്കാരാണ്.

അഞ്ഞൂറോളം ആശുപത്രി ജീവനക്കാരാണ് മാനേജമെന്റ് തീരുമാനം കാരണം നരകയാതനകൾ താണ്ടുന്നത്. കോഴിക്കോട് ആശുപത്രിയുമായുള്ള ഡീൽ അവസാനിപ്പിച്ച മാനേജ്മെന്റ് വിവിധ ഹോസ്പിറ്റൽ ഗ്രൂപ്പുകളുമായി ചർച്ച ഇപ്പോഴും തുടരുന്നുണ്ട്. ഇത്രയും ഇൻവെസ്റ്റ്‌മെന്റ് നടത്തി കൊച്ചിയിലെ ഈ ആശുപത്രി സമുച്ചയം ഏറ്റെടുക്കുന്നതിൽ പല ഗ്രൂപ്പുകൾക്കും സാമ്പത്തിക തടസങ്ങളുണ്ട്. അതിനാലാണ് ആശുപത്രി കൈമാറ്റം വൈകുന്നത്. ഇതോടെയാണ് നിലവിലെ ജീവനക്കാരെ മുഴുവൻ പുകച്ചു പുറത്താക്കാൻ മാനേജമെന്റ് ശ്രമം തുടങ്ങിയത്. ഈ തന്ത്രത്തിൽ കുരുങ്ങിയ ഒട്ടുവളരെ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും നഴ്സുമാരും എല്ലാം ജോലി വിട്ടു. ബാക്കിയുള്ളവർ അവിടെ തുടരുകയും ചെയ്യുന്നുണ്ട്. പക്ഷെ ഇവർക്ക് നിലവിൽ ജോലിയില്ല. കാരണം പുതുതായി എത്തുന്ന രോഗികളെ ഇവിടെ പ്രവേശിപ്പിക്കുന്നില്ല. ഉള്ള രോഗികളെ പറഞ്ഞു വിടാനും ശ്രമിക്കുന്നു. കേരളീയ ആരോഗ്യ രംഗത്തെ ഞെട്ടിക്കുന്ന ചെയ്തികളാണ് പിവി എസ് ആശുപത്രി സമുച്ചയത്തിന്റെ അകത്തളങ്ങളിൽ നിന്നും ഇപ്പോൾ വരുന്ന വാർത്തകൾ.

ആശുപത്രിയെ ഞെക്കിക്കൊല്ലാൻ ശ്രമം വന്നത് മാനേജ്മെന്റ് തലത്തിൽ

കഴിഞ്ഞ രണ്ടുവർഷമായി പിവി എസ് ആശുപത്രിയിലെ ജീവനക്കാർ ശമ്പള പ്രശ്‌നം നേരിടുകയാണ്. കഴിഞ്ഞ എട്ടുമാസമായി ശമ്പളം പൂർണമായി മുടങ്ങുകയും ചെയ്തിരിക്കുന്നു. ഇടയ്ക്ക് ഒരു രണ്ടായിരം രൂപ നൽകും. ചിലപ്പോൾ അത് ആയിരമാകും. ചിലപ്പോൾ മൂവായിരമാകും. പക്ഷെ ശമ്പളം പൂർണമായി കൊടുക്കുന്ന ഒരു രീതിയും നിലവിൽ ആശുപത്രിയിൽ ഇല്ല. പക്ഷെ ജീവനക്കാർ സമരത്തിനില്ല. ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ്. പുറത്തുനിന്നു വരുന്ന രോഗികളെ മാനേജ്മെന്റ് തടയുന്നു. പുതിയ ബുക്കിങ് എടുക്കുന്നില്ല. ഉള്ള രോഗികളെ പറഞ്ഞുവിടാൻ ശ്രമിക്കുകയും ചെയ്യുന്നു. ഡോക്ടർമാർക്ക് ശമ്പളം മുടങ്ങിയതോടെ ഡോക്ടർമാരിൽ പലരും വിവിധ ആശുപത്രികളിൽ ജോലിക്ക് കയറിയിട്ടുണ്ട്. ആശുപത്രി ഐസിയു വരെ ഇപ്പോൾ പ്രവർത്തിക്കാത്ത അവസ്ഥയിലാണ്.

''ജീവനക്കാർ ജോലിക്ക് വരരുത് എന്നാണ് മാനേജ്മെന്റ് ആവശ്യപ്പെടുന്നത്. ഓരോ ഫ്‌ളാറുകൾ ഇപ്പോൾ അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയാണ്. സ്റ്റാഫുകൾ യൂണിഫോം കൂടി ഇല്ലാതെയാണ് ഇപ്പോൾ ജോലിചെയ്യുന്നത്. യൂണിഫോം അടച്ചിട്ട ഫ്‌ളോറുകളിലാണ്. എല്ലാം സ്ത്രീ ജീവനക്കാരാണ്. നഴ്സുമാരുടെ ജീവനു തന്നെ ഭീഷണിയുണ്ട്. ഒരു ദിവസം നഴ്‌സുമാർ ഞങ്ങളെ വിളിച്ചു പറഞ്ഞു. അവർ എല്ലാ ഹോളുകളും അടച്ചു പൂട്ടുകയാണ്. ഞങ്ങളുടെ ഡ്രെസ് പോലും എടുക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഞങ്ങൾ തനിച്ചാണ്. അങ്ങിനെയാണ് ഞങ്ങൾ പുരുഷ ജീവനക്കാർ തന്നെ അന്ന് രാത്രി ഡ്യൂട്ടിക്ക് എത്തിയത്. വലിയ ക്രൂരകൃത്യമാണ് ഇവിടെ അരങ്ങേറുന്നത്. യൂണിഫോം വരെ എടുക്കാൻ ഞങ്ങളെ അനുവദിക്കുന്നില്ല. അവർക്ക് ആശുപത്രി എത്രയും വേഗം അടച്ചുപൂട്ടണം. ഫ്‌ളോറുകൾ എല്ലാം മാനേജമെന്റ് പൂട്ടിക്കഴിഞ്ഞു. അതിനകത്ത് ആരെങ്കിലും പെട്ടാലോ. അവരുടെ ജീവൻ തന്നെ ഇല്ലാതാകും. എല്ലാവരും ഗതികെട്ട് ഇവിടെനിന്നും ഇറങ്ങണം. ഗ്രാറ്റുവിറ്റി അടക്കമുള്ള വൻതുക നല്കാതിരിക്കണം. ഇതാണ് മാനേജ്മെന്റ് ലക്ഷ്യം . പക്ഷെ ഞങ്ങൾ ആരും ഇറങ്ങില്ല. ഞങ്ങളെ ബലം പ്രയോഗിച്ച് ഇറക്കാൻ കഴിയുമോ എന്നാണ് മാനേജ്മെന്റ് നോക്കുന്നത്''- ജീവനക്കാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

പ്രതിസന്ധിയിൽ കൈകഴുകി പി.വി.മിനി

കെടിസിയുടെ പി.വി ചന്ദ്രന്റെ മകൾ പി.വി.മിനിയും പി.വി.അഭിഷേകുമാണ് ഇപ്പോൾ ആശുപത്രി ഉടമകൾ. പക്ഷെ ആശുപത്രി ഉടമകൾ ആരും ആശുപത്രിയെ തിരിഞ്ഞു നോക്കുന്നില്ല. പി.വി.മിനിയുമായി ആത്മബന്ധം പുലർത്തിയവർ ആയിരുന്നു ജീവനക്കാരും ഡോക്ടർമാരും ഉൾപ്പെടെയുള്ളവർ. പക്ഷെ ഇപ്പോൾ മിനിയും കൈകഴുകിയിരിക്കുകയാണ്. ശമ്പളബാക്കി തിരികെ നൽകുന്ന കാര്യത്തിൽ ആരും ഒരുറപ്പും നൽകുന്നില്ല. മാനേജ്മെന്റ് പ്രതിനിധികൾ ആരും ഇപ്പോൾ വരാറുമില്ല. മാനേജമെന്റ് ചെയ്തികൾ തന്നെയാണ് ആശുപത്രി നേരിടുന്ന പ്രതിസന്ധിക്ക് പിന്നിൽ. പ്രതിസന്ധി രൂക്ഷമായപ്പോൾ തന്നെ മിനി മുങ്ങിയിരുന്നു. ഇടയ്ക്ക് പി.വി.മിനി വന്നപ്പോൾ ജീവനക്കാരെ കണ്ടിരുന്നു. ഈ പ്രതിസന്ധിയെക്കുറിച്ച് താൻ അറിഞ്ഞില്ല എന്നാണ് അവർ പറഞ്ഞത്. മുൻപ് തന്നെ ശ്രദ്ധയിൽപെടുത്തിയ കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ താൻ അത് അന്ന് ഗൗരവമായി എടുത്തിരുന്നില്ല എന്നാണ് ഇവർ പറഞ്ഞത്. ഈ പ്രതികരണം തന്നെ മാനേജ്മെന്റ് അറിഞ്ഞിട്ടുള്ള നീക്കങ്ങൾ ആണ് ആശുപത്രി അടച്ചുപൂട്ടാനുള്ള നീക്കങ്ങൾക്ക് പിന്നിലെന്ന് എന്ന് വ്യക്തമാവുകയാണ്.

ആശുപത്രി ജീവനക്കാർ തീ തിന്നുമ്പോൾ ഗ്രൂപ്പിന്റെ അധിപന് ആരോഗ്യമേഖലയിലെ സമഗ്ര പുരസ്‌ക്കാരവും

ഇന്നലെ ജീവനക്കാർ കൊച്ചിയിൽ പി.വി.ചന്ദ്രനെ കാണാനെത്തിയപ്പോൾ അത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. മുല്ലശേരി കനാൽ റോഡിലെ സഹോദര നഗറിൽ ശ്രീനാരായണ സേവാസംഘം സംഘടിപ്പിച്ച പുരസ്‌കാരദാന വേദിയിലേക്കാണ് പിവിസി ആശുപത്രിയിലെ സ്ത്രീകളടങ്ങുന്ന നൂറോളം ജീവനക്കാർ പ്രതിഷേധവുമായി എത്തിയത്. പുരസ്‌ക്കാരത്തിന്റെ പേര് പറഞ്ഞായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. ആരോഗ്യമേഖലയിലെ സമഗ്ര സേവനങ്ങൾക്ക് ഉള്ള എം.എൻ.രാഘവൻ സ്മാരക പുരസ്‌കാരമാണ് ഇന്നലെ കൊച്ചിയിൽ പി.വി.ചന്ദ്രന് സമ്മാനിക്കപ്പെട്ടത്.

അഞ്ഞൂറോളം ആശുപത്രി ജീവനക്കാർക്ക് ശമ്പളം നല്കാതിരിക്കുകയാണ് ആ ആശുപത്രി ശ്രുംഖലയുടെ അധിപന് ആരോഗ്യമേഖലയിലെ സമഗ്ര സേവനത്തിനുള്ള പുരസ്‌ക്കാരം നൽകപ്പെട്ടത്. ഇതാണ് ജീവനക്കാർ ചൂണ്ടിക്കാട്ടിയത്. പക്ഷെ അവിടെ എത്തിയ ജീവനക്കാരെ യോഗത്തിന്റെ സംഘാടകർ ശാരീരികമായി നേരിടുക തന്നെ ചെയ്തു. സംഘർഷത്തിൽ ജീവനക്കാർക്ക് പലരും പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബാനറുകൾ വലിച്ചു കീറുകയും ജീവനക്കാർക്ക് നേരെ കയ്യേറ്റം നടക്കുകയും ചെയ്തു. രണ്ടു വർഷമായി നടക്കുന്ന പിവി എസ് ആശുപത്രിയിലെ പ്രശ്‌നങ്ങൾ സംഘർഷത്തിലേക്ക് നീങ്ങുകയാണ് എന്ന് ഈ സംഘർഷം സൂചന നൽകുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP