Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ദുരന്തത്തിന് രണ്ട് മണിക്കൂർ മുമ്പ് ഫോണിൽ സംസാരിച്ച ഉപ്പയെ കാർ ഉൾപ്പെടെ കാണാതായി; പ്രതീക്ഷ കൈവിടാതെ തിരച്ചിലിനൊപ്പം സലിം; 10 അടിയിലേറെ ചെളിനിറഞ്ഞു കിടക്കുന്ന പുത്തുമലയിൽ മൃതദേഹങ്ങൾ എവിടെയെന്ന് അറിയാതെ രക്ഷാപ്രവർത്തകർ; കാഴ്‌ച്ചക്കാരായി എത്തുന്നവരും രക്ഷാപ്രവർത്തനതത്തിന് തടസ്സമാകുന്നു; കവളപ്പാറയിൽ ദുരിതാശ്വാസ ക്യാംപിൽ പരസ്പരം ആശ്വസിപ്പിച്ച് ദുരന്തബാധിതർ

ദുരന്തത്തിന് രണ്ട് മണിക്കൂർ മുമ്പ് ഫോണിൽ സംസാരിച്ച ഉപ്പയെ കാർ ഉൾപ്പെടെ കാണാതായി; പ്രതീക്ഷ കൈവിടാതെ തിരച്ചിലിനൊപ്പം സലിം; 10 അടിയിലേറെ ചെളിനിറഞ്ഞു കിടക്കുന്ന പുത്തുമലയിൽ മൃതദേഹങ്ങൾ എവിടെയെന്ന് അറിയാതെ രക്ഷാപ്രവർത്തകർ; കാഴ്‌ച്ചക്കാരായി എത്തുന്നവരും രക്ഷാപ്രവർത്തനതത്തിന് തടസ്സമാകുന്നു; കവളപ്പാറയിൽ ദുരിതാശ്വാസ ക്യാംപിൽ പരസ്പരം ആശ്വസിപ്പിച്ച് ദുരന്തബാധിതർ

മറുനാടൻ മലയാളി ബ്യൂറോ

പുത്തുമല: ഉരുൾപൊട്ടലുണ്ടായ പുത്തുമലയിൽ നിന്നുള്ള കാഴ്‌ച്ചകൾ ഹൃദയഭേദകമാണ്. ദുരന്തം ഉണ്ടായി ഒരാഴ്‌ച്ചയോട് അടുക്കുമ്പോഴും രക്ഷാപ്രവർത്തനം എങ്ങുമെത്താത്ത അവസ്ഥയിലാണ്. പത്ത് പേരെ ഇനിയും കണ്ടെത്താനുണ്ട്. അതേസമയം നഷ്ടങ്ങൾക്കിടയിലും ആശങ്കയോടെ രക്ഷാപ്രവർത്തനത്തിത്തിൽ സജീനവമായ ചിലരുമുണ്ട്. സലിം എന്ന ചെറുപ്പക്കാരന്റെ കഥ അതുപോലെയാണ്.

പുത്തുമല ദുരന്തത്തിന് 2 മണിക്കൂർ മുൻപ് ഫോണിൽ സംസാരിച്ചപ്പോഴും സലീമിനോട് ഉപ്പ പറഞ്ഞത് എല്ലാവരും സുരക്ഷിതരാണെന്നാണ്. വീട്ടുകാരെയും അയൽക്കാരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ഒന്നും പേടിക്കേണ്ടെന്നും വീട്ടിലൊന്ന് പോയി നോക്കിയിട്ട് ക്യാംപിലേക്ക് മാറുമെന്നും പറഞ്ഞു പോയതാണ്. അതിനു ശേഷം സലീം തിരക്കിട്ട് സൗദിയിൽ നിന്നെത്തി രണ്ടും ദിവസം പുത്തുമലയിലെല്ലാം തിരഞ്ഞിട്ടും ഉപ്പയെ കണ്ടെത്താനായിട്ടില്ല.

ദുരന്തഭൂമിയിൽ കാണാതായവർക്കായുള്ള തിരച്ചിലിനിടെ നിസ്സഹായനായി നിൽക്കുകയാണ് പച്ചക്കാട് നാച്ചിവീട്ടിൽ അവറാന്റെ മകൻ സലീം. ഉപ്പയും ഉറ്റ സുഹൃത്ത് അബൂബക്കറും സഞ്ചരിച്ച കാർ ഉൾപ്പെടെയാണ് പ്രളയത്തിൽ കാണാതായത്. തലേന്ന് ചെറിയ ഉരുൾപൊട്ടലുണ്ടായപ്പോൾ മുതൽ പച്ചമലയിൽനിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു ഇരുവരും. 8ന് വൈകിട്ട് വീടിന്റെ അവസ്ഥ നോക്കാൻ പോകും വഴിയാണ് മലവെള്ളമെത്തിയത്.

30 വർഷം മുൻപ് എസ്റ്റേറ്റ് ജീവനക്കാരായി പാടിയിൽ താമസിക്കുമ്പോഴേ ഉറ്റ കൂട്ടുകാരാണ് അവറാനും അബൂബക്കറും. പിന്നീട് പച്ചക്കാട്ടിൽ വീട് പണിതതും തൊട്ടടുത്ത്. മക്കൾ സലീമും അസ്‌കറും തമ്മിൽ പിരിയാത്ത കൂട്ടുകാർ. ജിദ്ദയിൽ ഡ്രൈവറായ സലീം 3 മാസത്തെ അവധി കഴിഞ്ഞ് 10 ദിവസം മുൻപാണ് തിരിച്ചുപോയത്.പുത്തുമലയിൽ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. മണ്ണുമാന്തി യന്ത്രങ്ങൾ ഇന്നലെ സജീവമായി ഇറങ്ങിയിട്ടും വില്ലനായി മഴയെത്തിയതോടെ തിരച്ചിൽ ഇഴഞ്ഞു.

പലയിടത്തായി ചെളിയിൽ പൂണ്ട യന്ത്രങ്ങൾ തിരിച്ചു കയറ്റാൻ വൻ അധ്വാനമാണ് വേണ്ടിവരുന്നത്. കുന്നിന്മുകളിൽ പച്ചക്കാട് ഭാഗം മുതൽ താഴെ മേപ്പാടി സൂചിപ്പാറ റോഡിലെ കലുങ്കിനു സമീപംവരെ പലയിടത്തായി മണ്ണുമാന്തികൾ ഇറങ്ങിയിട്ടുണ്ട്. 10 അടിയിലേറെ ചെളിനിറഞ്ഞു കിടക്കുന്ന എസ്റ്റേറ്റ് പാടികളുടെ ഭാഗത്തേക്ക് പ്രവേശിക്കാൻ, കള്ളാടിയിൽനിന്ന് പുത്തുമലയിലേക്ക് ഇറങ്ങിവരുന്ന റോഡിലെ സുരക്ഷാവേലി പൊളിച്ച് മണ്ണിടുന്നുണ്ട്. ഇവിടെ യന്ത്രങ്ങൾക്ക് ഇറങ്ങാനായാൽ തിരച്ചിലിൽ കാര്യമായ പുരോഗതിയുണ്ടാകും.

കാഴ്ചക്കാരായി എത്തുന്നവർ രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമാകുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം പറയുന്നു. വീതി കുറഞ്ഞ റോഡിൽ മണ്ണുമാന്തി യന്ത്രങ്ങൾ നീങ്ങുന്നതിന് സന്ദർശകരുടെ സാന്നിധ്യം തടസ്സമുണ്ടാക്കുന്നുണ്ട്. സ്വകാര്യ വാഹനങ്ങളെ കള്ളാടിയിൽ തടയുന്നുണ്ട്. ചൂരൽമല, കശ്മീർ തുടങ്ങിയ ഭാഗങ്ങളിലെ താമസക്കാരെ കടത്തി വിടുകയും ചെയ്യും.

പുത്തുമലയിൽ വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി രണ്ടാഴ്ചയ്ക്കുള്ളിൽ ഉചിതമായ ഭൂമി കണ്ടെത്താൻ നടപടികളുമായി ജില്ലാ ഭരണകൂടം. ജനപ്രതിനിധികളുടെയും റവന്യു അധികൃതരുടെയും നേതൃത്വത്തിലാണ് സ്ഥലം കണ്ടെത്തുക. ദുരന്ത ഭീഷണിയില്ലാത്ത വാസയോഗ്യമായ ഭൂമി കണ്ടെത്തുകയെന്നത് വെല്ലുവിളിയാണ്. കണ്ടെത്തുന്ന ഭൂമി വിദഗ്ധ സംഘത്തിന്റെ ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരസുരക്ഷ ഉറപ്പുവരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. 53 വീടുകൾ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. 24 വീടുകൾ അപകടാവസ്ഥയിലുമാണ്.

ഈ വീടുകളിൽ കഴിഞ്ഞവരെ എത്രയും പെട്ടെന്ന് പുനരധിവിപ്പിക്കുന്നതിന് സർക്കാർ തലത്തിലുള്ള വേഗതയേറിയ നടപടികൾ ഉണ്ടാവണമെന്ന് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ് ജില്ലയിലെ രക്ഷാപ്രവർത്തന-പുനരധിവാസ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതലയുള്ള സ്പെഷൽ ഓഫിസർ യു.വി.ജോസിന്റെ ശ്രദ്ധയിൽപ്പെടുത്തി. വീടുകൾ നഷ്ടപ്പെട്ടവർക്കുള്ള സഹായധനം നിശ്ചയിക്കുന്നതിനായി കരട് രൂപരേഖ തയാറാക്കി സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ റീബിൽഡ് ആപ് വഴി നഷ്ടപരിഹാരം നിശ്ചയിച്ചതിലുണ്ടായ പാകപ്പിഴകൾ പരിഹരിക്കുന്നതിനായി റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി.വേണു സ്പെഷൽ ഓഫിസർ യു.വി.ജോസിനെ ചുമതലപ്പെടുത്തി.

അതിനിടെ കവളപ്പാറയിൽ നിന്നുള്ള കാഴ്‌ച്ചകളും അതീവ ദുരന്തമമാണ്. ഇവിടെ പരസ്പ്പരം ആശ്വസിപ്പിച്ചാണ് ദുതിബാധിതർ കഴിയുന്നത്. മകൾ ആബിദയെ പ്രളയം കൊണ്ടുപോയ ദുഃഖത്തിലാണ് സുബൈദ കഴിയുന്നത്. മകളെയോർത്ത് വിതുമ്പുന്ന സുബൈദയ്ക്ക് ആശ്വാസം പകർന്ന് അയൽവാസി ഷിബാ ഷെറിൻ അടുത്തുണ്ട്. അവൾ ആബിദയുടെ കൂട്ടുകാരിയാണ്. ഉള്ളതെല്ലാം നശിപ്പിച്ചെത്തിയ ഉരുളിന്റെ ദുരിതം അനുഭവിച്ചവളുമാണ്. എല്ലാവരും തുല്യ ദുഃഖിതരായ ദുരിതാശ്വാസ ക്യാംപിൽ പരസ്പരം ആശ്വസിപ്പിച്ചും കണ്ണീർ തുടച്ചും അതിജീവനത്തിന്റെ വഴി തേടുകയാണ് കവളപ്പാറയിൽ അവശേഷിക്കുന്നവർ. 5 ക്യാംപുകളിലായി കഴിയുന്നവരിൽ നൂറോളം കുടുംബങ്ങളുണ്ട്. പകൽസമയം പുരുഷന്മാർ രക്ഷാപ്രവർത്തനത്തിനായി പോകുമ്പോൾ സ്ത്രീകളും കുട്ടികളും നെഞ്ചിടിപ്പോടെ ക്യാംപുകളിൽ തുടരും. ദുരന്തഭൂമിയിൽനിന്ന് ഇനി കണ്ടെടുക്കാനുള്ളത് തങ്ങളുടെ പ്രിയപ്പെട്ടവരെയാണെന്ന് അവർക്കറിയാം.

തങ്ങളെയെല്ലാം സുരക്ഷിതരാക്കി മരണത്തിനു കീഴടങ്ങിയ മകൻ ബിനോയിയെ ഓർത്താണ് അമ്മ നെടിയകാലായിൽ ഉഷയുടെ വേദന. വെള്ളപ്പൊക്കം ഭയന്ന് അന്നുച്ചയ്ക്ക് അമ്മയെയും ഭാര്യയെയും മക്കളെയും ബിനോയി ഭാര്യവീട്ടിലെത്തിച്ചിരുന്നു. മടങ്ങാനൊരുങ്ങുമ്പോൾ ഉഷ തടഞ്ഞതാണ്. 'വെള്ളം കയറും മുൻപേ വീട്ടിലുള്ളതെല്ലാം മാറ്റിവയ്ക്കണ്ടേ അമ്മേ' എന്നു ചോദിച്ച് പടിയിറങ്ങിയ ബിനോയി പിന്നെ തിരിച്ചുവന്നില്ല.

അമ്മാവൻ ചേന്തനാട് പത്മനാഭന്റെ മരണാനന്തരച്ചടങ്ങുകൾക്കായി ഒരാഴ്ച മുൻപ് കവളപ്പാറയിലെത്തിയതാണു ചേർത്തല സ്വദേശി കായിപ്പുറത്ത് ശശി. ഉരുളിറങ്ങി വന്ന രാത്രിയിൽ അമ്മായിയെയും മക്കളെയും മരണത്തിൽനിന്നു രക്ഷിച്ചത് ഇദ്ദേഹമാണ്. ഉറ്റവർക്ക് ഒരു താൽക്കാലിക ഭവനമെങ്കിലും കിട്ടിയശേഷമേ മടക്കമുള്ളൂ എന്നുപറഞ്ഞ് ശശിയും ദുരിതാശ്വാസ ക്യാംപിലുണ്ട്. ആശിച്ചു പണിത വീട്, ഗൃഹപ്രവേശം നടത്തും മുൻപേ മണ്ണെടുത്തതിന്റെ വേദനയിലാണ് തോട്ടുപുറത്ത് ഷിബുവും കുടുംബവും. പണിപൂർത്തിയായ വീട്ടിലേക്കു ചിങ്ങത്തിൽ കയറിക്കൂടാമെന്നു കരുതി ഷെഡിൽ കഴിയുകയായിരുന്നു ഇതുവരെ. പോത്തുകല്ല് പഞ്ചായത്ത് ലൈഫ് മിഷൻ പദ്ധതി വഴി നിർമ്മിച്ച 5 വീടുകളാണ് ഇത്തവണ മണ്ണിലൊഴുകിപ്പോയത്.

ഉറക്കത്തിൽനിന്നു ഞെട്ടിയുണർണു കരയുന്ന കുട്ടികളുണ്ട് ഇപ്പോഴും കവളപ്പാറയ്ക്കു സമീപത്തെ ദുരിതാശ്വാസ ക്യാംപുകളിൽ. ദുരന്തത്തെ നേരിട്ടുകണ്ട കുഞ്ഞുകണ്ണുകളിൽനിന്ന് ഇപ്പോഴും ആ നടുക്കം വിട്ടുമാറിയിട്ടില്ല. അമ്മ നഷ്ടപ്പെട്ടവർ ഉൾപ്പെടെയുള്ള കുട്ടികളെ സ്‌നേഹത്തോടെ പുണരാൻ സ്‌കൂളിലെ ടീച്ചറമ്മമാർ കൂടെക്കൂടെ ക്യാംപുകളിലേക്ക് എത്തുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP