Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

രാവിലെ എട്ടുമണിക്കേ പമ്മി പമ്മി വന്ന് പഞ്ച് ചെയ്ത് ബാഗും കസേരയിൽ വച്ച് മുങ്ങും; നാട്ടുഭരണവും യൂണിയൻ ഭരണവുമൊക്കെ സ്മാർട്ടായി ഫിനിഷ് ചെയ്ത് വൈകിട്ട് അഞ്ചിന് സെക്രട്ടേറിയറ്റിൽ വന്ന് ഒരുഔട്ട് പഞ്ചിങ്ങും; ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഓർമിപ്പിച്ച് മുഖ്യമന്ത്രി കർശനമാക്കിയ ബയോമെട്രിക് പഞ്ചിങ് സമ്പ്രദായം ചില വിരുതന്മാർ അട്ടിമറിക്കുന്നത് ഇങ്ങനെ; ഒമ്പത് മണിക്ക് മുമ്പെത്തി പഞ്ച് ചെയ്ത് മുങ്ങുന്നവരെ സിസി ടിവിയിലൂടെ നോക്കി പിടിക്കാൻ ഉത്തരവിട്ട് പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി

രാവിലെ എട്ടുമണിക്കേ പമ്മി പമ്മി വന്ന് പഞ്ച് ചെയ്ത് ബാഗും കസേരയിൽ വച്ച് മുങ്ങും; നാട്ടുഭരണവും യൂണിയൻ ഭരണവുമൊക്കെ സ്മാർട്ടായി ഫിനിഷ് ചെയ്ത് വൈകിട്ട് അഞ്ചിന് സെക്രട്ടേറിയറ്റിൽ വന്ന് ഒരുഔട്ട് പഞ്ചിങ്ങും; ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഓർമിപ്പിച്ച് മുഖ്യമന്ത്രി കർശനമാക്കിയ ബയോമെട്രിക് പഞ്ചിങ് സമ്പ്രദായം ചില വിരുതന്മാർ അട്ടിമറിക്കുന്നത് ഇങ്ങനെ; ഒമ്പത് മണിക്ക് മുമ്പെത്തി പഞ്ച് ചെയ്ത് മുങ്ങുന്നവരെ സിസി ടിവിയിലൂടെ നോക്കി പിടിക്കാൻ ഉത്തരവിട്ട് പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: മെയ്യനങ്ങാതെ ശമ്പളം കൈപ്പറ്റുന്ന സർക്കാർ ജീവനക്കാരെ പണിയെടുപ്പിക്കാനുള്ള പിണറായി സർക്കാരിന്റെ എളിയ പരിപാടിയായിരുന്നു ബയോമെട്രിക് പഞ്ചിങ് സമ്പ്രദായം. വൈകി എത്തി നേരത്തെ പോയാലും ഒന്നാം തീയതി കൃത്യമായി ശമ്പളം കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്ന കാലം പോയി. ഓരോ ഫയലും ഓരോ ജീവിതമാണെന്നൊക്കെ അധികാരത്തിലേറിയതിന്റെ ചൂടാറും മുമ്പേ മുഖ്യമന്ത്രി ജീവനക്കാരെ പ്രചോദിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജനുവരി മുതലാണ് സെക്രട്ടേറിയറ്റിൽ പഞ്ചിങ് കർശനമാക്കിയത്. പഞ്ച് ചെയ്യുന്നവർക്കേ ശമ്പളം കിട്ടുകയുള്ളു എന്നും വന്നു.

എന്നാൽ, പഴയമട്ടിൽ കാര്യങ്ങൾ പോകണമെന്ന് നിർബന്ധബുദ്ധിയുള്ള, യൂണിയൻ പിന്തുണയുള്ള ചില ജീവനക്കാർ പഞ്ചിങ് അട്ടിമറിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. ഇതിന് നൂതനമായ സമ്പ്രദായമാണ് ഇവർ നടപ്പാക്കി വരുന്നത്. രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിൽ പ്രവേശിക്കുമ്പോഴും വൈകിട്ട് അഞ്ച് മണിക്ക് ഇറങ്ങുമ്പോഴുമാണ് പഞ്ച് ചെയ്യുന്നത്. എന്നാൽ, സെക്രട്ടേറിയറ്റിലെ ചില വിരുതന്മാർ അത് മറികടന്നുവെന്ന് മാത്രമല്ല, അധികജോലി ചെയ്തതായി വരുത്തുകയും ചെയ്യുന്നു. സംഗതി ഇങ്ങനെയാണ്: രാവിലെ എട്ട് മണിക്ക് എത്തി പഞ്ച് ചെയ്യും. പിന്നീട് മേശപ്പുറത്ത് ബാഗ് വച്ച് സ്ഥലം കാലിയാക്കും. യൂണിയൻ പ്രവർത്തനം അടക്കം മറ്റുകലാപരിപാടികൾ അനവധി. അദർ ഡ്യൂട്ടിയെല്ലാം കഴിഞ്ഞ് വൈകുന്നേരം അഞ്ചുമണിക്ക് കൃത്യമായി വന്ന് ഒരുപഞ്ചിങ് കൂടി. എല്ലാം ശുഭം.

Stories you may Like

രാവിലെ എട്ടുമണിക്ക് പഞ്ച് ചെയ്തതുകൊണ്ട് രണ്ടുമണിക്കൂർ അധികജോലി ചെയ്തതായി പഞ്ചിങ് രേഖകളിൽ രേഖപ്പെടുത്തുന്നു എന്ന സൗകര്യം ഇതോടെ വിരുതന്മാർക്ക് കൈവരുന്നു. പോരാത്തതിന് യൂണിയൻ പ്രവർത്തനങ്ങളിലും മറ്റും സജീവമായതുകൊണ്ട് നേതാക്കന്മാരുടെ പ്രീതിയും ഗ്യാരന്റി. ഇതിന് പുറമേ, അധിക ഡ്യൂട്ടി ചെയ്തതിന്റെ ആനുകൂല്യങ്ങൾ സർവീസ് കാലയളവിൽ തേടിയെത്തുകയും ചെയ്യുന്നു. ഇതോടെ മണ്ടരാവുന്നത് മര്യാദയ്ക്ക് രാവിലെ കൃത്യസമയത്ത് പഞ്ച് ചെയ്ത് കൃത്യമായി പണിയെടുത്ത് മടങ്ങുന്ന ജീവനക്കാരാണ്. ഇതിൽ പലർക്കും അമർഷമുണ്ട്. എന്നാൽ, യൂണിയൻ നേതാക്കളെ പേടിച്ച് ആരും ആ വഴി നടക്കാൻ ധൈര്യപ്പെടില്ല..അതായത് പരാതിപ്പെടില്ല.

ഇതെല്ലാം കണ്ടും കേട്ടുംമടുത്ത് പരാതികൾ ഏറിയതോടെ, പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ വിരുതന്മാരെ പൂട്ടാൻ പുതിയ ഉത്തരവിറക്കി. അതിങ്ങനെ:' സെക്രട്ടേറിയറ്റ് ജീവനക്കാർ രാവിലെ 9 മണിക്ക് മുമ്പ് ബയോമെട്രിക് സംവിധാനം മുഖേന ഹാജർ രേഖപ്പെടുത്തിയ ശേഷം പുറത്തുപോകുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇപ്രകാരം അതിരാവിലെ പഞ്ചിങ് രേഖപ്പെടുത്തി പുറത്തുപോകുന്ന ജീവനക്കാരെ സിസി ടിവി മുഖാന്തിരം കണ്ടെത്തി ഗുരുതര അച്ചടക്ക ശിക്ഷാനടപടികൾ സ്വീകരിക്കുന്നതാണെന്ന വിവരം അറിയിക്കുന്നു'.

പഞ്ചിങ് നിർബന്ധമാക്കിയുള്ള പൊതുഭരണവകുപ്പിന്റെ ഉത്തരവ് സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുള്ള ഇടപെടലായിരുന്നു. ബയോമെട്രിക് പഞ്ചിങ് സമ്പ്രദായം ശമ്പളവുമായി ബന്ധിപ്പിക്കുന്നതിനാൽ വൈകിയെത്തുന്ന ജീവനക്കാരുടെ ശമ്പളത്തിൽ കുറവുവരും. ഒരുമാസം മൂന്ന് മണിക്കൂറിൽ കൂടുതൽ സമയം വൈകിയാൽ അത് ലീവായി പരിഗണിക്കും. രണ്ട് ലീവിൽ കൂടുതൽ എടുത്താലും ശമ്പളം കുറയും. മൂന്ന് മണിക്കൂറിനുള്ളിലാണ് വൈകുന്നതെങ്കിൽ അര ദിവസത്തെ ശമ്പളവും മൂന്ന് മണിക്കൂറിൽ കൂടുതലാണെങ്കിൽ ഒരു ദിവസത്തെ ശമ്പളവും പോവും. അനുമതിയോടെ മാസത്തിൽ രണ്ട് ലീവെടുക്കാം. രാവിലെ 10.15 മുതൽ 5.15 വരെയാണ് സെക്രട്ടേറിയറ്റിൽ പ്രവൃത്തിസമയം. ഡിസംബർ ആദ്യവാരമാണ് പഞ്ചിങ് നിർബന്ധമാക്കിയുള്ള സർക്കുലർ പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ ഇറക്കിയത്. പഞ്ചിങ് സമ്പ്രദായം നേരത്തേ മുതൽ നിലവിലുണ്ടെങ്കിലും അത് ശമ്പളവുമായി ബന്ധിപ്പിച്ചിരുന്നില്ല.ഉത്തരവ് പ്രകാരം പഞ്ചിങ് സംവിധാനം അണ്ടർ സെക്രട്ടറിമാർ മോണിറ്റർ ചെയ്യണം. സെക്രട്ടേറിയേറ്റിന്റെ സുരക്ഷ കണക്കിലെടുത്ത് ജീവനക്കാർ തിരിച്ചറിയൽ കാർഡുകൾ പുറത്തു കാണുന്ന രീതിയിൽ ധരിക്കണമെന്നും സർക്കുലറിലുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുത്താണ് സെക്രട്ടറിയേറ്റിലെ പഞ്ചിങ് സംവിധാനം കർക്കശമാക്കി നടപ്പിലാക്കാൻ ഇറങ്ങിയത്. കൃത്യസമയത്ത് എത്താൻ ജീവനക്കാർക്ക് സാധിക്കാതെ പോയതോടെ ഒന്നുകിൽ മുഴുവൻ ജീവനക്കാരുടെയും ശമ്പളത്തിൽ നിന്നും പിടിക്കേണ്ടി വരുമെന്ന സ്ഥിതിയിൽ എത്തിയതോടെ സർക്കാർ തന്നെ കടുംപിടുത്തത്തിൽ നിന്നും പിന്നോട്ടു പോയി. എന്തുകൊണ്ടാണ് സെക്രട്ടേറിയറ്റിൽ എത്താൻ വൈകുന്നതെന്ന് ചൂണ്ടിക്കാട്ടി മൂവായിരത്തോളം ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതോടെ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി വെബ്സൈറ്റിൽ ഇട്ട നോട്ടിസ് ഒടുവിൽ പിൻവലിക്കേണ്ടിയും വന്നു. സർവത്ര ആശയക്കുഴപ്പമായ സാഹചര്യത്തിലാണു ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയെ തുടർന്ന് നോട്ടിസ് പിൻവലിക്കുകയായിരുന്നു.

നേരത്തെ എത്തി പഞ്ച് ചെയ്ത് സ്ഥലം കാലിയാക്കുന്നവർ വഞ്ചിക്കുന്നത് സമയം നോക്കാതെ ആത്മാർഥമായി ജോലിചെയ്യുകയും രാത്രി വൈകി മടങ്ങുകയും ചെയ്യുന്ന ജീവനക്കാരെയാണ്. ഇതുതടയാനാണ് പൊതുഭരണ സെക്രട്ടറി പുതിയ ഉത്തരവ് ഇറക്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP