Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശമ്പളവും പഞ്ചിങും ബന്ധിപ്പിച്ച പരിഷ്‌കാരം മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുന്നതോടെ ജോലിക്കെത്തിയ അനേകം പേരുടെ ശമ്പളം വരെ നഷ്ടപ്പെട്ടേക്കും; പഞ്ചിങ് കാര്യമായി എടുക്കാതിരിക്കുന്നവരുടെ അറ്റൻഡൻസ് ആബ്‌സന്റ് ആയി മാറും; ഇനി ട്രെയിൻ വൈകിയാൽ പോലും ശമ്പളം കുറയും; ഉമ്മൻ ചാണ്ടിക്കെതിരെ കൊടി പിടിത്തം തൊഴിലാക്കിയ നേതാക്കൾക്ക് പിണറായിയെ വെല്ലുവിളിക്കാൻ പേടി; പിണറായിയുടെ കാർക്കശ്യത്തിന് മുമ്പിൽ ഇനിയെങ്കിലും സർക്കാർ ഉദ്യോഗസ്ഥർ സമയത്തിന് വന്ന് ജോലി ചെയ്യട്ടേ

ശമ്പളവും പഞ്ചിങും ബന്ധിപ്പിച്ച പരിഷ്‌കാരം മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുന്നതോടെ ജോലിക്കെത്തിയ അനേകം പേരുടെ ശമ്പളം വരെ നഷ്ടപ്പെട്ടേക്കും; പഞ്ചിങ് കാര്യമായി എടുക്കാതിരിക്കുന്നവരുടെ അറ്റൻഡൻസ് ആബ്‌സന്റ് ആയി മാറും; ഇനി ട്രെയിൻ വൈകിയാൽ പോലും ശമ്പളം കുറയും; ഉമ്മൻ ചാണ്ടിക്കെതിരെ കൊടി പിടിത്തം തൊഴിലാക്കിയ നേതാക്കൾക്ക് പിണറായിയെ വെല്ലുവിളിക്കാൻ പേടി; പിണറായിയുടെ കാർക്കശ്യത്തിന് മുമ്പിൽ ഇനിയെങ്കിലും സർക്കാർ ഉദ്യോഗസ്ഥർ സമയത്തിന് വന്ന് ജോലി ചെയ്യട്ടേ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓരോ ഫയലിലും ഉള്ളത് ഓരോ ജീവനുകൾ-മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ പിണറായി വിജയൻ പറഞ്ഞ വാക്കുകളാണ് ഇവ. അതുകൊണ്ട് കൊണ്ട് തന്നെ ഫയൽ നീക്കം കാര്യക്ഷ്മമായി നടക്കണം. സർക്കാർ ഓഫീസുകൾ മാതൃകാ പ്രവർത്തന കേന്ദ്രങ്ങളാകണമെന്നും വ്യക്തമാക്കി. ഇതിന് വേണ്ടി കൂടിയാണ് സർക്കാർ ഓഫീസുകളിൽ പഞ്ചിങ് കൊണ്ട് വന്നത്. കൃത്യസമയത്ത് ജീവനക്കാരെത്തുന്ന ഇടമായി ഓഫീസുകളെ മാറ്റാനായിരുന്നു നീക്കം. സെക്രട്ടറിയേറ്റിൽ തന്നെ ഇത് നടപ്പാക്കി. എങ്കിലും വലിയ മാറ്റമൊന്നും ഇത് മൂലമുണ്ടായില്ല. വൈകിയെത്തിയാൽ ശമ്പളം മുഴുവനായി കിട്ടും. അതുകൊണ്ട് തന്നെ താമസിച്ചെത്തി പഞ്ചിങ് ചെയ്താൽ കുഴപ്പമില്ലെന്ന അവസ്ഥയുണ്ടായി. ഇതിന് മാറ്റം വരുത്തുകയാണ് പിണറായി സർക്കാർ.

പഞ്ചിങ് സംവിധാനം കർശനമാക്കുന്നതിന്റെ ഭാഗമായി ശമ്പള അക്കൗണ്ടിനെ പഞ്ചിങ് റിപ്പോർട്ടുമായി ബന്ധിപ്പിച്ച് പൊതുഭരണവകുപ്പിന്റെ ഉത്തരവിറങ്ങി. ജോലിക്ക് താമസിച്ചുവരുന്നവരുടെയും നേരത്തെ പോകുന്നവരുടേയും ശമ്പളം അക്കൗണ്ടിൽനിന്ന് കുറയും. ജോലിക്ക് വൈകി വരുന്ന ജീവനക്കാർക്ക് താക്കീത് നൽകി ഉത്തരവുകൾ ഇറങ്ങിയിരുന്നെങ്കിലും പഞ്ചിങ് സംവിധാനത്തെ ശമ്പളവുമായി ബന്ധപ്പെടുത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ ശമ്പളത്തിൽ കുറവ് വന്നില്ല. വൈകിവരുന്ന ജീവനക്കാർ മേലുദ്യോഗസ്ഥരുടെ സഹായത്തോടെ ഹാജർ പുസ്തകത്തിൽ ക്രമീകരണങ്ങൾ വരുത്തുകയായിരുന്നു പതിവ്. ജീവനക്കാർ പരസ്പരം സഹായിച്ചപ്പോൾ പിഞ്ചിംഗിലെ സർക്കാരിന്റെ ഉദ്ദേശ ശുദ്ധി തന്നെ പൊളിഞ്ഞു. ഇത് മനസ്സിലാക്കിയാണ് പിണറായിയുടെ ഇടപെടൽ. സാലറി ചലഞ്ച് കാലത്തെ അതിനിർണ്ണായക നീക്കം. പൊതുഭരണവകുപ്പിന്റെ ഉത്തരവോടെ ഇനി വൈകിയെത്തിയാൽ ശമ്പളം കിട്ടാത്ത അവസ്ഥയുണ്ടാവുകയാണ്.

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ സെക്രട്ടേറിയറ്റിൽ കൃത്യസമയത്തു ജോലിക്കെത്താത്ത ജീവനക്കാർക്ക് ഇനി ശമ്പളം പോകും. ജോലിക്കു താമസിച്ചുവരുന്നവരുടെയും നേരത്തേ പോകുന്നവരുടേയും ശമ്പളത്തിൽനിന്നു പണം പോകും. ഈ തീരുമാനത്തിൽ ജീവനക്കാർക്ക് കടുത്ത നിരാശയാണ്. എന്നാൽ പിണറായിയ്‌ക്കെതിരെ പ്രതിഷേധിച്ചിട്ട് കാര്യമില്ലെന്ന് ജീവനക്കാരുടെ സംഘടനകൾക്ക് അറിയാം. സമരത്തിന് പോയാൽ നടപടിയും എടുക്കും. ഇടതുപക്ഷ അനുകൂല സംഘടനകൾക്ക് ശബ്ദിക്കാൻ പോലും ആകുന്നില്ല. സാലറി ചലഞ്ചിനായി യൂണിയൻ നേതാക്കൾ ഓടി നടന്ന് പൈസ പിടിക്കലാണ്. ഇതിനിടെ ഇറങ്ങിയ ഉത്തരവ് സംഘടനകൾക്ക് ഇരുട്ടടിയാണ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ സ്ഥിരം സമരവേദിയായിരുന്നു സെക്രട്ടറിയേറ്റ്. എന്നിട്ടും ഇപ്പോൾ ആർക്കും പ്രതിഷേധങ്ങളൊന്നുമില്ല.

സെക്രട്ടേറിയറ്റ് അടക്കമുള്ള പല ഓഫിസുകളിലും കഴിഞ്ഞ സർക്കാറിന്റെ കാലത്തുതന്നെ പഞ്ചിങ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ജീവനക്കാരുടെ ശമ്പളവിതരണ സംവിധാനമായ സ്പാർക്കുമായി ബന്ധപ്പെടുത്താത്തതു കാരണം ഉദ്യോഗസ്ഥർ അത് കാര്യമായി എടുത്തിരുന്നില്ല. ആദ്യമായി ഈ വർഷം ജനുവരി മുതൽ സെക്രട്ടേറിയറ്റിലെ പഞ്ചിങ് സംവിധാനം സ്പാർക്കുമായി ബന്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. അതിനായി വ്യക്തമായ മാനദണ്ഡങ്ങളും പുറപ്പെടുവിച്ചു. എന്നാൽ ഇതൊന്നും ഫലം കണ്ടില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും പിണറായി സർക്കാരിന്റെ ഇടപെടൽ.

സെക്രട്ടറിയേറ്റ് ജീവനക്കാരിൽ വലിയൊരു വിഭാഗം ട്രെയിനിലാണ് ഓഫീസിലെത്തുന്നത്. പലപ്പോഴും ട്രെയിൻ താമസിക്കുന്നതും വൈകിയെത്തലിന് കാരണമാകുമായിരുന്നു. പഞ്ചിംഗും സാലറിയും ബന്ധപ്പിക്കുന്നതോടെ ഇത്തരം വൈകിയെത്തലുകളും സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ശമ്പളം കുറയ്ക്കും. എട്ടു മണിക്കൂർ ജോലിക്ക് എല്ലാ സർക്കാർ ഓഫീസിലും ആളുണ്ടെന്ന് ഉറപ്പിക്കാനാണ് പുതിയ ക്രമീകരണം. എത്ര പറഞ്ഞാലും കേൾക്കാത്ത സർക്കാർ ജീവനക്കാരെ നിലയ്ക്ക് നിർത്താൻ കൂടിയാണ് ഈ ഇടപെടൽ. ജീവനക്കാരുടെ ഉള്ളിൽ അതൃപ്തി പുകയുമ്പോഴും സർക്കാർ ഓഫീസുകളിലെത്തുന്നവർക്ക് ആശ്വാസവും പ്രതീക്ഷയുമാണ് പുതിയ തീരുമാനം.

2018 ജനുവരി ഒന്നു മുതൽ സെപ്റ്റംബർ 30 വരെയുള്ള ഹാജർ പ്രശ്‌നങ്ങൾ അടുത്ത മാസം പതിനഞ്ചിനകം സ്പാർക്ക് സംവിധാനത്തിലൂടെ ക്രമീകരിക്കാനാണ് നൽകിയ നിർദ്ദേശം. ശമ്പളം പിടിക്കില്ലെന്ന ധാരണയിൽ സ്ഥിരമായി വൈകി എത്തുകയും അവധി എടുത്തു തീർക്കുകയും ചെയ്ത ജീവനക്കാർക്കാണ് പണി കിട്ടുന്നത്. രേഖകൾ സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണിവർ. ആവശ്യത്തിന് ലീവുള്ള എന്നാൽ ഹാജർ കൃത്യമല്ലാത്ത ജീവനക്കാർക്ക് ശമ്പളം നഷ്ടപ്പെടാതിരിക്കാൻ പകരം അവധികൾ സമർപ്പിക്കേണ്ടിവരും. ജനുവരി മുതലുള്ള അവധി ജീവനക്കാർ സമർപ്പിക്കുമ്പോൾ സർക്കാരിന് അത് സാമ്പത്തികമായി നേട്ടമാണ്. പലർക്കും ദിവസങ്ങളുടെ ശമ്പളം നഷ്ടമാകും. ഇനി ഈ വർഷം അവധിയെടുക്കാൻ ഇല്ലാത്ത അവസ്ഥയും വരും. വൈകിയെത്തിയാൽ പോലും സാമ്പത്തികമായി ജീവനക്കാരെ ഇത് തളർത്തും.

സർക്കാർ ജീവനക്കാരുടെ ശമ്പള ബിൽ തയാറാകുന്നത് മുൻ മാസം 16 മുതൽ ആ മാസം 15 വരെയുള്ള ഹാജർനിലയുടെ അടിസ്ഥാനത്തിലാണ്. രാവിലെ 10.15 മുതൽ വൈകിട്ട് 5.15വരെയാണ് ജോലി സമയം. ജോലിക്ക് ഹാജരാകാൻ രാവിലെ 10.20 വരെ ഇളവ് നൽകിയിട്ടുണ്ട്. ഒരുമാസം 150 മിനിറ്റാണ് ഇത്തരത്തിൽ പരമാവധി ഇളവ്. വർഷത്തിൽ 20 കാഷ്വൽ ലീവും 33 കമ്മ്യൂട്ടഡ് ലീവുമാണ് (സറണ്ടർ ചെയ്യാൻ കഴിയുന്ന ആർജിത അവധി) ജീവനക്കാർക്കുള്ളത്. കമ്മ്യൂട്ടഡ് ലീവിൽ 30 എണ്ണം സറണ്ടർ ചെയ്തു പണം വാങ്ങാം. വിരമിക്കുന്ന സമയം അവധി ബാക്കിയുള്ള ഉദ്യോഗസ്ഥർക്ക് 300 ലീവ് വരെ സറണ്ടർ ചെയ്യാം. ഇതിനു പുറമേ 10 ദിവസത്തെ ഏൺഡ് ലീവും ജീവനക്കാർക്കുണ്ട്. അവധി ദിവസങ്ങളിൽ ജോലി ചെയ്താൽ പകരം അവധിയും ലഭിക്കും.

ജീവനക്കാർ ഹാജർ ക്രമീകരിച്ചില്ലെങ്കിൽ ഹാജരാകാത്ത ദിവസങ്ങളിലെ ശമ്പളം നഷ്ടമാകുമെന്ന് പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ ഉത്തരവിൽ പറയുന്നു. ഹാജർനില ഉറപ്പുവരുത്തേണ്ടത് ജീവനക്കാരന്റെ ഉത്തരവാദിത്തമാണ്. ശമ്പളബിൽ തയാറാക്കുന്ന ഉദ്യോഗസ്ഥർ ഹാജരില്ലാത്ത ജീവനക്കാർക്ക് അറിയിപ്പ് നൽകണം. അറിയിപ്പ് ലഭിച്ച് മൂന്നു ദിവസത്തിനകം അവധി ക്രമീകരിക്കുന്നതിന് ജീവനക്കാരൻ അപേക്ഷ നൽകണം. ബന്ധപ്പെട്ട നോഡൽ ഓഫിസർ ശമ്പള ബിൽ തയാറാക്കുന്ന 22, 23 തീയതികൾക്കുള്ളിൽ അപേക്ഷയിൽ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അതായത് താമസിച്ചെത്തുന്ന ദിവസമെല്ലാം അവധിയായി മാറും. ജീവനക്കാരുടെ കൈയിലെ അവധി തീർന്നാൽ പിന്നെ അത് ശമ്പളമില്ലാത്ത അവധിയായി മാറും. ഇതിലൂടെ ശതകോടികളുടെ നേട്ടം സർക്കാർ ഖജനാവിനുണ്ടാകും.

അതിനിടെ സെക്രട്ടറിയേറ്റിന് പുറത്തും ഈ സംവിധാനം ഉടൻ നടപ്പാക്കും. സർക്കാർ, അർധസർക്കാർ, സ്വയംഭരണ, ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളിൽ ഡിസംബർ 31നകം ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കാനുള്ള ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. ഇത് ശമ്പള വിതരണ സോഫ്റ്റ്‌വെയറായ 'സ്പാർക്കു'മായി ബന്ധിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം വകുപ്പ് തലവനും സെക്രട്ടറിക്കുമാണെന്ന് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വാസ് സിൻഹയുടെ ഉത്തരവിൽ പറയുന്നു.

ബയോമെട്രിക് ഫിംഗർപ്രിന്റ് അറ്റൻഡൻസ് മാനേജ്മന്റെ് സിസ്റ്റം (പഞ്ചിങ്) കഴിഞ്ഞ ജനുവരി ഒന്നുമുതൽ സെക്രട്ടേറിയറ്റിൽ നടപ്പാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ബയോമെട്രിക് പഞ്ചിങ് സിസ്റ്റം ഹാജർ 'സ്പാർക്കു'മായി ബന്ധിപ്പിക്കുന്നത്. സ്പാർക്ക് വഴി ശമ്പളം ലഭിക്കുന്ന എല്ലാ സർക്കാർ ഓഫിസുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഒക്ടോബർ ഒന്നികം ബയോമെട്രിക് പഞ്ചിങ് നടപ്പാക്കി ഹാജർ 'സ്പാർക്കു'മായി ബന്ധിപ്പിക്കണമെന്നാണ് ഉത്തരവ്.

'സ്പാർക്കി'ൽ ജീവനക്കാരുടെ അവധി, ഔദ്യോഗിക യാത്ര, കോമ്പൻസേറ്ററി ഓഫ്, ഷിഫ്റ്റ് തുടങ്ങി എല്ലാ കാര്യങ്ങളും രേഖപ്പെടുത്തുന്നതിന് പ്രത്യേക മൊഡ്യൂൾ വികസിപ്പിച്ചു. പുതുതായി സ്ഥാപിക്കുന്ന പഞ്ചിങ് മെഷീൻ ആധാറുമായി ബന്ധപ്പെടുത്താൻ കഴിയുന്ന തരത്തിലാണ്. നിലവിലുള്ള മെഷീൻ 'സ്പാർക്കു'മായി ബന്ധപ്പെടുത്താൻ സാധിക്കില്ലെങ്കിൽ പുതിയ മെഷീൻ സ്ഥാപിക്കണമെന്നാണ് ഉത്തരവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP