Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരിച്ച ജവാന്മാരുടെ പേരിൽ റോഡുകളും സ്‌കൂളുകളും; ആജീവനാന്തകാലം പ്രത്യേക പെൻഷനും ആശ്രിതർക്ക് ജോലിയും; ഓരോ കുടുംബത്തിനും അഞ്ച് കോടി വീതം നൽകാൻ ബിസിസിഐയുടെ പദ്ധതിയും; മൊഹാലി സ്‌റ്റേഡിയത്തിൽ നിന്നും അഫ്രീദിയുടേയും അക്രത്തിന്റേയും ഇമ്രാന്റേയും ചിത്രങ്ങൾ നീക്കം ചെയ്തു; ദുരന്തത്തെ ആഘോഷമാക്കിയ വിദ്യാർത്ഥികൾ അടക്കമുള്ളവർക്കെതിരെ രാജ്യദ്രോഹ കേസ്; ഇന്ത്യയുടെ ധീരജവാന്മാരുടെ ഓർമകൾ അവസാനിക്കാതിരിക്കാൻ എല്ലാവരും ഒരുമിക്കുമ്പോൾ

മരിച്ച ജവാന്മാരുടെ പേരിൽ റോഡുകളും സ്‌കൂളുകളും; ആജീവനാന്തകാലം പ്രത്യേക പെൻഷനും ആശ്രിതർക്ക് ജോലിയും; ഓരോ കുടുംബത്തിനും അഞ്ച് കോടി വീതം നൽകാൻ ബിസിസിഐയുടെ പദ്ധതിയും; മൊഹാലി സ്‌റ്റേഡിയത്തിൽ നിന്നും അഫ്രീദിയുടേയും അക്രത്തിന്റേയും ഇമ്രാന്റേയും ചിത്രങ്ങൾ നീക്കം ചെയ്തു; ദുരന്തത്തെ ആഘോഷമാക്കിയ വിദ്യാർത്ഥികൾ അടക്കമുള്ളവർക്കെതിരെ രാജ്യദ്രോഹ കേസ്; ഇന്ത്യയുടെ ധീരജവാന്മാരുടെ ഓർമകൾ അവസാനിക്കാതിരിക്കാൻ എല്ലാവരും ഒരുമിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

അമൃത്സർ: പുൽവാമ ഭീകരാക്രമണത്തിൽ രാജ്യമെങ്ങും പ്രതിഷേധം ഇരമ്പുകയാണ്. പുൽവാമ ഭീകരാക്രമണത്തിൽ കുൽവിന്ദർ സിങ്ങടക്കം 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ജവാന്മാരുടെ കുടുംബങ്ങൾക്ക് കഴിയുന്നത്ര സഹായങ്ങൾ നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ആവുന്നതെല്ലാം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനൊപ്പം വിവിധ സംസ്ഥാനങ്ങളും സന്നദ്ധ സംഘടനകളുമെല്ലാം സഹായവുമായെത്തുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് കോടി വീതം നൽകാനുള്ള പ്രത്യേക പദ്ധതിയും തയ്യാറാക്കി. പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് സഹകരണമില്ലെന്ന തരത്തിലാണ് ബിസിസിഐയുടെ ഇടപെടലെത്തുന്നത്.

പുൽവാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങൾ നീക്കം ചെയ്ത് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ പ്രതിഷേധത്തിന് പുതിയ തലവും നൽകി. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ചിത്രങ്ങളാണ് അസോസിയേഷൻ എടുത്തുമാറ്റിയത്. പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്മാരോടുള്ള ആദരസൂചകമായാണ് ചിത്രങ്ങൾ മാറ്റിയതെന്ന് അസോസിയേഷൻ വ്യക്തമാക്കി. മുൻ പാക് ക്യാപ്റ്റനും നിലവിൽ പാക് പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ, വസീം അക്രം, ഷാഹിദ് അഫ്രീദി, ജാവേദ് മിയാൻദാദ് തുടങ്ങി പതിനഞ്ച് താരങ്ങളുടെ ചിത്രങ്ങളാണ് നീക്കം ചെയ്തത്. സ്റ്റേഡിയത്തിലെ ലോംഗ് റൂം, ഗാലറി, റിസപ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലായാണ് ചിത്രങ്ങൾ സ്ഥാപിച്ചിരുന്നത്. ഭീകരാക്രമണത്തിനെതിരെ രാജ്യത്തുയർന്നിട്ടുള്ള വികാരത്തിന് ഒപ്പമാണ് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ. എല്ലാവരും ചേർന്ന് ചർച്ച ചെയ്ത ശേഷമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. പിസിഎ ട്രഷറർ അജയ് ത്യാഗി വ്യക്തമാക്കി

പുൽവാമ ആക്രമണത്തിന് പിന്നാലെ പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പാക് സർക്കാർ നടപടികളൊന്നും എടുത്തതുമലില്ല. ഇമ്രാൻ ഖാനാണ് നിലവിൽ പ്രധാനമന്ത്രി. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ പ്രതിഷേധം. വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ കുൽവിന്ദർ സിങ്ങിന്റെ മാതാപിതാക്കളെ അനന്ദ്പുർ സാഹിബിലുള്ള ഗ്രാമത്തിലെത്തി സന്ദർശിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് പ്രഖ്യാപിച്ചു. ഗ്രാമത്തിലെ സ്‌കൂളിനും ലിങ്ക് റോഡിനും വീരമൃത്യു വരിച്ച ജവാന്റെ പേരുനൽകും. ജവാന്റെ മാതാപിതാക്കൾക്ക് പ്രതിമാസം 10,000 രൂപവീതം ആജീവനാന്ത പെൻഷൻ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 12 ലക്ഷം രൂപ കുടുംബത്തിന് നൽകുന്നതിന് പുറമെയാണിത്. വീരമൃത്യു വരിച്ച ജവാന് മക്കളില്ലാത്തതിനാൽ സർക്കാർ ജോലി ആർക്കും നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് ആജീവനാന്ത പെൻഷൻ ഏർപ്പെടുത്തത്. ഇതിന് സമാനമായി എല്ലാ സംസ്ഥാനങ്ങളും ധീരജവാന്മാരുടെ കുടുംബത്തെ ഏറ്റെടുക്കുകയാണ്.

അതിനിടെ, പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ നസീർ അഹമ്മദിന്റെ കുടുംബത്തിന് 20 ലക്ഷംരൂപ സാമ്പത്തിക സഹായം അനുവദിക്കുമെന്ന് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. വീരമൃത്യു വരിച്ച സിആർപിഎഫ് സൈനികരുടെ കുടുംബങ്ങൾക്ക് ബി.സി.സിഐ അഞ്ചു കോടി രൂപ ധനസഹായം നൽകണമെന്ന് ആക്ടിങ് പ്രസിഡന്റ് സി.കെ ഖന്നയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീം കോടതി നിയോഗിച്ച ബി.സി.സിഐ ഇടാക്കാല ഭരണസമിതി (സി.ഒ.എ) മുന്നാകെയാണ് ഖന്ന ഈ ആവശ്യം അറിയിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കപ്പെടുമെന്നാണ് സൂചന. അങ്ങനെ വന്നാൽ കുടുംബങ്ങൾക്ക് വലിയ ആശ്വാസമായി മാറും. രാജ്യത്തെ ഏറ്റവും വലിയ കായിക സംഘടനയാണ് ബിസിസിഐ. അതുകൊണ്ട് തന്നെ അഞ്ച് കോടി നൽകുക അവർക്ക് ബുദ്ധിമുട്ടള്ള കാര്യവുമല്ല.

'മറ്റ് ജനങ്ങൾക്കൊപ്പം ഞങ്ങളും ഈ ദുഃഖത്തിൽ പങ്കുചേരുന്നു. പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു. ബി.സി.സിഐ ഇടക്കാല ഭരണസമിതിയോട് സർക്കാർ ഏജൻസികൾ വഴി അഞ്ചു കോടി രൂപയെങ്കിലും വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്ക് നൽകാൻ ഞാൻ നിർദ്ദേശിക്കുകയാണ് ' - സി.ഒ.എയ്ക്ക് അയച്ച കത്തിൽ ഖന്ന വ്യക്തമാക്കി. ഐ.പി.എൽ ഫ്രാഞ്ചൈസികളോടും അവർക്ക് സാധിക്കുന്ന തരത്തിലുള്ള സംഭാവനകൾ നൽകാനും ഖന്ന നിർദ്ദേശിച്ചിട്ടുണ്ട്. ബി.സി.സിഐയുടെ പൂർണനിയന്ത്രണം സുപ്രീം കോടതി നിയോഗിച്ച ഭരണ സമിതിക്കാണ്. ആക്ടിങ് പ്രസിഡന്റ് സി.കെ ഖന്നയ്ക്കടക്കം തീരുമാനമെടുക്കണമെങ്കിൽ സി.ഒ.എയുടെ അനുമതി ആവശ്യമാണ്. രാജ്യത്തിന്റെ മൊത്തം പ്രശ്‌നമായതിനാൽ ഈ നിർദ്ദേശം അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

നേരത്തെ ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കാൻ തയ്യാറാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് അറിയിച്ചിരുന്നു. ഇറാനി ട്രോഫി ജേതാക്കളായ വിദർഭ തങ്ങളുടെ സമ്മാനത്തുക പുൽവാമയിൽ ഭീകരാക്രമണത്തിൽ മരിച്ച ജവാന്മാരുടെ കുടുംബത്തിന് നൽകുമെന്നും അറിയിച്ചിരുന്നു.

ആഘോഷിച്ചവരെല്ലാം കുടുങ്ങും

പുൽവാമ ഭീകരാക്രമണത്തിന് പിന്നിലെ ദേശവിരുദ്ധ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച നാല് പാരാമെഡിക്കൽ വിദ്യാർത്ഥിനികളെ ജയ്പൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്ന് സസ്പെൻഡു ചെയ്തു. തൊട്ടുപിന്നാലെ സർവകലാശാല അധികൃതർ നൽകിയ പരാതിയിൽ നാല് പേർക്കുമെതിരെ പൊലീസ് കേസെടുത്തു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എൻ.ഐ.എം.എസ്) ലെ കശ്മീരിൽ നിന്നുള്ള രണ്ടാം വർഷ വിദ്യാർത്ഥിനികൾക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. രാജ്യത്തെ നടുക്കിയ സംഭവത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന തരത്തിൽ ഇവർ വാട്സ്ആപ്പിൽ പോസ്റ്റുചെയ്ത ചിത്രമാണ് നടപടിക്ക് ഇടയാക്കിയത്.

പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെണ് സർവകലാശാലയുടെ നടപടി. ദേശവിരുദ്ധ സന്ദേശം സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ച സാഹചര്യത്തിലാണ് നടപടി സ്വീകരിക്കുന്നതെന്ന് സസ്പെൻഷൻ ഉത്തരവിൽ സർവകലാശാല വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഇത്തരം പെരുമാറ്റങ്ങൾ സർവകലാശാലയ്ക്ക് അംഗീകരിക്കാനാവില്ല. ശക്തമായി അപലപിക്കുന്നു. ഇത്തരം നീക്കങ്ങൾ അതീവ ഗൗരവമായി കാണേണ്ടിവരുമെന്നും സർവകലാശാല വ്യക്തമാക്കിയിട്ടുണ്ട്. സസ്പെൻഷന് പിന്നാലെയാണ് വിദ്യാർത്ഥിനികൾക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

ഐ.ടി ആക്ട് അടക്കമുള്ളവ ചുമത്തിയാണ് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാവും കേസ് അന്വേഷണമെന്ന് റൂറൽ എസ്‌പി ഹരീന്ദ്രകുമാർ വാർത്താ ഏജൻസിയോട് പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ദേശവിരുദ്ധ ട്വീറ്റിന്റെ പേരിൽ ഒരു വിദ്യാർത്ഥിയെ അലിഗഡ് സർവകലാശാല സസ്പെൻഡ് ചെയ്തിരുന്നു.

വസന്തകുമാറിന്റെ കുടുംബത്തിനും സഹായമെത്തും

പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാൻ വി.വി. വസന്തകുമാറിന്റെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ 20-നെത്തും. കുടുംബത്തിനുള്ള സർക്കാർ സഹായം 19-ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കും. മുഖ്യമന്ത്രി കഴിഞ്ഞദിവസമാണ് വിദേശത്തുനിന്ന് തിരിച്ചെത്തിയത്. ലോക കേരള സഭയുടെ മേഖലാസമ്മേളനത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹം വിദേശത്തുപോയത്. വസന്തകുമാറിന്റെ കുടുംബത്തിന് എല്ലാസഹായവും നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

മഹാരാഷ്ട്രയിലെ ഷിർദി സായ്ബാബ ക്ഷേത്ര ട്രസ്റ്റ്, ജവാന്മാരുടെ കുടുംബങ്ങൾക്കു നൽകാൻ 2.51 കോടി രൂപ നീക്കിവച്ചതായി അധ്യക്ഷൻ സുരേഷ് ഹവാരെ അറിയിച്ചു. രക്തസാക്ഷികളായ ജവാന്മാരുടെ കുടുംബങ്ങളുടെ ജീവിതച്ചെലവും കുട്ടികളുടെ പഠനം, തൊഴിൽ എന്നിവയുടെ ഉത്തരവാദിത്തവും പൂർണമായി ഏറ്റെടുക്കാമെന്ന് നിത അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഫൗണ്ടേഷൻ അറിയിച്ചു. ആക്രമണത്തിൽ പരുക്കേറ്റവർക്ക് തങ്ങളുടെ ആശുപത്രിയിൽ ചികിൽസ നൽകാൻ തയാറാണെന്നും ഫൗണ്ടേഷൻ അറിയിച്ചു.

ജവാന്മാരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുമെന്ന് ക്രിക്കറ്റ് താരം ശിഖർ ധവാൻ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിലൂടെ അറിയിച്ചു. ഹരിയാന പൊലീസിൽ ഉദ്യോഗസ്ഥനായ ബോക്‌സിങ് താരം വിജേന്ദർ സിങ്, തന്റെ ഒരു മാസത്തെ ശമ്പളം നൽകുമെന്ന് അറിയിച്ചു. ബോളിവുഡ് താരം സൽമാൻ ഖാൻ, ബീയിങ് ഹ്യൂമൻ ഫൗണ്ടേഷൻ വഴി തുക കൈമാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP