Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

ആഴ്ചയിൽ ഒരിക്കൽ മട്ടൺ കറിയും രണ്ടു ദിവസം മീനും കൂട്ടി സമൃദ്ധമായ ഊണ്; രണ്ടുനേരവും മുടങ്ങാതെ ചായ; ജയിൽ ഭക്ഷണത്തിലെ പോഷകഗുണത്താൽ തൂക്കം കൂടിയത് അഞ്ച് കിലോയോ എട്ട് കിലോയോ? വെള്ളമുണ്ടും നീല ഷർട്ടും അണിഞ്ഞ് നെറ്റിയിൽ കുറിയും തൊട്ട് വന്ന സുന്ദരവില്ലന് വിയർപ്പ് ഒപ്പാൻ കയ്യിൽ തൂവാലയും; വെഡിങ് ഷൂട്ടിന് വരും പോലെയുള്ള പൾസർ സുനിയുടെ വരവ് കണ്ട് അമ്പരന്ന് നാട്ടുകാർ

ആഴ്ചയിൽ ഒരിക്കൽ മട്ടൺ കറിയും രണ്ടു ദിവസം മീനും കൂട്ടി സമൃദ്ധമായ ഊണ്; രണ്ടുനേരവും മുടങ്ങാതെ ചായ; ജയിൽ ഭക്ഷണത്തിലെ പോഷകഗുണത്താൽ തൂക്കം കൂടിയത് അഞ്ച് കിലോയോ എട്ട് കിലോയോ? വെള്ളമുണ്ടും നീല ഷർട്ടും അണിഞ്ഞ് നെറ്റിയിൽ കുറിയും തൊട്ട് വന്ന സുന്ദരവില്ലന് വിയർപ്പ് ഒപ്പാൻ കയ്യിൽ തൂവാലയും; വെഡിങ് ഷൂട്ടിന് വരും പോലെയുള്ള പൾസർ സുനിയുടെ വരവ് കണ്ട് അമ്പരന്ന് നാട്ടുകാർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പെരുമ്പാവൂർ അകനാട് ഇളമ്പകപ്പള്ളി നെടുവേലിക്കുടി സുനിൽകുമാർ എന്ന് പറഞ്ഞാൽ എത്ര പേർക്കറിയാം? അകനാടുകാർക്കല്ലാതെ അധികം പേർക്ക് ഈ സുനിൽ കുമാറിനെ അറിയുന്നുണ്ടാവില്ല. ആളൊരു തരികിടയാണെന്ന് നാട്ടുകാർക്ക് നേരത്തെ അറിയാം. അധികസമയവും അവിടെ ഉണ്ടാകാറില്ല. വല്ലപ്പോഴും വന്നാൽ, ആഡംബര ബൈക്കുകളിലോ, കാറുകളിലോ കറക്കം. ചില്ലറ കേസിലൊക്കെ പെട്ടതിനാൽ നാട്ടുകാരോട് അധികം സംസാരമില്ല. ഏതായാലും ഈ സുനിൽ കുമാറിന്റെ കൂടെ ഒരുവിശേഷണം ചേർത്താൽ അകനാട്ടുകാർ മാത്രമല്ല, കേരളക്കരയാകെ തിരിച്ചറിയും, പൾസർ സുനി. നടിയെ ആക്രമിച്ച കേസിലെ പ്രതി.

കേസ് വിചാരണയ്ക്കായി പൾസർ സുനി എത്തിയ വേഷമായിരുന്നു ഇന്ന് അഭിഭാഷകരുടെയും മാധ്യമപ്രവർത്തകരുടെയുമൊക്കെ സംസാരവിഷയം. മറ്റുപ്രതികൾക്കൊപ്പം എത്തിയ പൾസർ അടിമുടി സുന്ദരനായിരുന്നു. വെള്ള മുണ്ടും നീല ഷർട്ടും അണിഞ്ഞ്, നെറ്റിയിൽ കുറിയും തൊട്ട് എത്തിയ പൾസറിന്റെ കയ്യിൽ ചുവപ്പുചരടും തൂവാലയും കാണാമായിരുന്നു. ഇരുവശത്തും കാവലിനായി രണ്ടുപൊലീസുകാർ. ചിലരൊക്കെ കാഴ്ച കണ്ടുപിറുപിറുത്തു..പൾസറിനെ കണ്ടാൽ കല്യാണ ചെക്കനെ പോലെയുണ്ടല്ലോ!

ദിലീപ് ഇന്ന് കേസിൽ വിചാരണയ്ക്കായി ഹാജരായില്ല. മാർട്ടിൻ, പ്രദീപ്, വിജേഷ് എന്നീ പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം കേട്ട കോടതി വിധി പറയാനായി ഈ മാസം പതിനൊന്നിലേക്ക് മാറ്റി. തന്റെ കുറ്റസമ്മത മൊഴിയുടെ വീഡിയോ ദൃശ്യത്തിലെ ചില ഭാഗങ്ങൾ നീക്കം ചെയ്യണമെന്നയിരുന്നു പൾസറിന്റെ ഹർജി. പൾസറിന്റെ ഹർജിയും ജഡ്ജി ഹണി എം.വർഗീസ് 11 ലേക്ക് തന്നെയാണ് മാറ്റിയിരിക്കുന്നത്.

ഏതായാലും കോടതി വളപ്പിലെത്തിയ പലരും പൾസറിന്റെ ഈ രൂപമാറ്റം ചർച്ചയാക്കി. അവിടെ നിന്ന് പൾസർ എന്ന പേര് സുനിക്ക് കിട്ടിയത് എങ്ങനെ എന്നായി പിന്നീട് സംസാരവിഷയം. പൾസർ ബൈക്കുകളോടുള്ള സുനിയുടെ പ്രണയമാണ് കാരണമെന്ന് ഒരുകൂട്ടർ. പൾസർ ബൈക്ക് മാത്രം അടിച്ചുമാറ്റിയതുകൊണ്ടാണെന്നും നാട്ടിൽ ആദ്യമായി പൾസർ ബൈക്ക് വാങ്ങി ഷൈൻ ചെയ്തതുകൊണ്ടാണെന്നും കഥയിൽ ചില വകഭേദങ്ങളുണ്ട്.

ജയിലിൽ ആകും മുമ്പ് പൾസർ സുനിക്ക് നാട്ടിൽ അധികം ബന്ധങ്ങളുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കേസിന്റെ അന്വേഷണ വേളയിൽ കാര്യമായ വിവരങ്ങളൊന്നും നാട്ടുകാർക്ക് പങ്കുവയ്ക്കാൻ ഉണ്ടായിരുന്നില്ല. ആഡംബരപ്രിയനാണെന്ന് എല്ലാവർക്കും അറിയാം. പിന്നെ നാട്ടിൽ അധികമില്ലാത്തതുകൊണ്ട് പുറം നാട്ടുകാരുമായാണ് അടുപ്പം. കണ്ടാൽ ചോക്ലേറ്റ് കുട്ടപ്പനായതുകൊണ്ട് സുനിയുടെ ആദ്യനോട്ടത്തിൽ മനസ്സിലാകണമെന്നില്ല. തന്റെ ഗുഡ് ലുക്ക് നന്നായി ഉപയോഗിക്കാൻ സുനിക്ക് മിടുക്കുമുണ്ടായിരുന്നു. പുറംമോടി നോക്കി അടുത്തുകൂടിയ പലർക്കും സുനി പണി കൊടുത്തിട്ടുണ്ടെന്നാണ് അടുത്തറിയാവുന്നവർ പറയുന്നത്.

എറണാകുളം വൈറ്റില കേന്ദ്രീകരിച്ച് ടാക്സി ഡ്രൈവേഴ്സ് ക്ലബുണ്ടാക്കിയതോടെയാണ് സിനിമയിൽ സുനിയുടെ നല്ല കാലം തെളിയുന്നത്. വിഐപികൾക്കായി ഡ്രൈവർമാരേയും ടാക്സിയും നൽകലായിരുന്നു ക്ലബിന്റെ സേവനം. 'കാണാൻ സ്മാർട്ടായതുകൊണ്ട് സെലിബ്രിറ്റികൾക്കും സുനി പ്രയിങ്കരനായി. എവിടെ പോയാലും കൂടെ കൂട്ടാൻ കൊള്ളാവുന്നവൻ എന്നൊരും ഇമേജും സൃഷ്ടിച്ചു സുനി. സിനിമയുടെ ലോകത്തേക്കുള്ള ക്ഷണവും ആ വഴിയാണ് വന്നത്.

സിനിമാ മേഖലയിലെത്തിയതോടെ ഡ്രൈവിങ് പണിയും ചില്ലറ ക്വട്ടേഷനുമൊക്കെയായി നീങ്ങുന്നതിനിടെയാണ് നടിയെ ആക്രമിച്ച കേസിൽ വിലങ്ങുവീഴുന്നത്. ക്രിമിനൽ പശ്ചാത്തലമുണ്ടായിട്ടും കാലങ്ങളായി പ്രമുഖ താരങ്ങളുടെ ഡ്രൈവറായി ജോലിചെയ്ത് സിനിമയുമായി അടുത്തബന്ധമുള്ളയാളായി. പത്തുവർഷത്തോളമായി ലൊക്കേഷനുകളിൽനിന്ന് ലൊക്കേഷനുകളിലേക്കായിരുന്നു സുനിയുടെ യാത്ര. പക്ഷേ, ഒരാളുടെകൂടെപ്പോലും സ്ഥിരമായി ജോലി ചെയ്യാനായിട്ടില്ല. പലരും ഒഴിവാക്കിയത് പല കാരണങ്ങളാൽ. സ്വഭാവ ദൂഷ്യം തന്നെയാണ് സുനിയെ ഒഴിവാക്കാൻ കാരണം. എന്നിട്ടും ഒരാൾ വിടുമ്പോൾ മറ്റൊരാളുടെ അടുത്ത് സുനി എത്തി. എന്തും ആർക്കും ചെയ്തു കൊടുക്കുമെന്ന പ്രത്യേകതയായിരുന്നു ഇതിന് കാരണം. സുനിയുടെ കുടുംബത്തിനും ഇയാളെ കുറിച്ച് നല്ല അഭിപ്രായമില്ലെന്നതിന് തെളിവാണ് കേസ് കത്തി നിന്ന സമയത്തെ സഹോദരിയുടെ വാക്കുകൾ. സുനിയെ നേർവഴിക്ക് നടത്താൻ ശ്രമിക്കാമെന്ന് പല പ്രമുഖതാരങ്ങളും തന്നെ വിളിച്ച് പറഞ്ഞിരുന്നുവെന്ന് സുനിയുടെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സിനിമയിൽ താരങ്ങളുടെ ആഡംബര കാറുകൾ ഓടിക്കുമ്പോഴും പൾസർ ബൈക്ക് സുനിയുടെ വീക്ക്‌നസായിരുന്നു. അത് എവിടെ കണ്ടാലും സ്വന്തമാക്കും. അതിന് മോഷണത്തിനും തയ്യാർ. പൂട്ടുതകർക്കുകയാണ് രീതി. വർഷങ്ങൾക്ക് മുൻപ് എറണാകുളം ചേരാനെല്ലൂരിൽ പൈപ്പ് കമ്പനിയിൽ ജോലി ചെയ്യവേ 50,000 രൂപ മോഷ്ടിച്ചു. പിന്നീട് പൾസറിലാണ് സുനി സ്വന്തം നാടായ പെരുമ്പാവൂരിൽ പൊങ്ങിയത്. ഇതോടെ ഇളമ്പകപ്പിള്ളി നെടുവേലിക്കുടി സുനിൽ (28) പൾസർ സുനിയായി. പൾസറിൽ ലൊക്കേഷനിൽ കറങ്ങുന്ന ഡ്രൈവറെ സിനിമാക്കാരും പൾസർ സുനിയെന്ന് വിളിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളിലായി പത്തിലധികം കേസുകളിൽ പ്രതിയാണ്. പാലായിൽ മുളകുപൊടി വിതറി യുവതിയുടെ മാല പൊട്ടിച്ചു. 2006 ൽ ബൈക്ക് മാേഷണത്തിന് എറണാകുളം കോടനാട് പൊലീസ് സ്റ്റേഷനിലാണ് സുനിക്കെതിരെ ആദ്യ കേസ്. നടിയെ ആക്രമിച്ച കേസിലെ ജയിൽ വാസം പൾസറിനെ അടിമുടി മാറ്റി മറിക്കുമോ ? അതിന്റെ ഭാഗമാണോ ഈ രൂപമാറ്റം. നാട്ടുകാർ സ്ഥിരം പറയാറുള്ളത് പോലെ 'നന്നായാൽ അവന് കൊള്ളാം'. ഏതായാലും ജയിലിലെ താമസം ആകെ മാറ്റിയിരിക്കുന്നു പൾസറിനെ. അല്ലലില്ലാത്ത ജീവിതവും, ജയിലിലെ നല്ല ഭക്ഷണവും തന്നെയാവാം സുനിയുടെ ഈ മുഖപ്രസാദത്തിന് കാരണം.

സുന്ദര വില്ലന്മാരും ജയിലിലെ സുഖവാസവും

സംസ്ഥാനത്തെ പ്രമാദമായ കേസുകൾ എല്ലാം എടുത്താൽ കാണാം എല്ലാ സുന്ദരവില്ലന്മാരാണ്. പോൾ മുത്തൂറ്റ് വധക്കേസിൽ കുടുങ്ങിയ ഓംപ്രകാശ്, നെടുമ്പാശ്ശേരി സ്വർണ്ണക്കടത്തിലെ മുഖ്യപ്രതികളിലൊരാളായ ഫയാസ്, സൗമ്യ വധക്കേസിലെ പ്രതി തമിഴ്‌നാട് സ്വദേശി ഗോവിന്ദച്ചാമി. ഗോവിന്ദച്ചാമി കേസിൽ അറസ്റ്റിലാകുമ്പോൾ, സുന്ദരനായിരുന്നില്ല. എന്നാൽ, അയാളെ സുന്ദരനാക്കിയത് ഇവിടുത്തെ ജയിലുകൾ തന്നെ.

നീണ്ട ജയിൽ വാസത്തിന് ശേഷം കോടതിയിൽ ഹാജരാക്കിയപ്പോൾ കറുത്തിരുണ്ട് കൊലുന്നെനേയുള്ള ഗോവിന്ദച്ചാമിയുടെ രൂപം ആകെ മാറി. ജയിൽ ജീവിതം ഗോവിന്ദച്ചാമിയെ ഉഷാറാക്കി. കൂടുതൽ സുന്ദരനും. ഗോവിന്ദച്ചാമി ബിരിയാണി ആവശ്യപ്പെട്ടതും ജയിൽ വാർഡൻ ആക്ഷേപിച്ചതുമെല്ലാമായിരുന്നു ഇടക്കാലത്തെ വാർത്തകൾ. ജയിലിൽ നന്നായി പണിയെടുപ്പിക്കുന്നതിനെ കുറിച്ച് അയാൾ പരാതിപ്പെട്ടെങ്കിലും പുറത്തുവന്നപ്പോൾ അതിന്റെ ക്ഷീണമൊന്നും കാണാൻ ഉണ്ടായിരുന്നില്ല. ജയിൽ ജീവിതം ഗോവിന്ദച്ചാമിയെ സംബന്ധിച്ചിടത്തോളം നല്ലകാലമായിരുന്നു

. തെരുവിൽ അലഞ്ഞു തിരിഞ്ഞു നടന്ന ഗോവിന്ദച്ചാമി ജയിലിൽ ബിരിയാണിയും കഴിച്ച് സുഖജീവിതം നയിക്കുകയായിരുന്നു. മട്ടൻകറിയും തൈരും ബിരിയാണിയും പാലും കഴിച്ച് ഗോവിന്ദച്ചാമി തടിച്ചുകൊഴുത്തിരുന്നു. രാവിലെ ഇഡ്ലി അല്ലെങ്കിൽ പൊങ്കൽ, ഉച്ചയ്ക്ക് ചിക്കൻ ബിരിയാണി, വൈകുന്നേരം പൊറോട്ട കോഴിക്കറി എന്നിവ നൽകണമെന്നായിരുന്നു ഗോവിന്ദച്ചാമിയുടെ സ്ഥിരം മെനു. ശനിയാഴ്ചത്തെ ജയിൽമെനുവിൽ ഉച്ചയ്ക്ക് ചോറിനൊപ്പം മട്ടൻകറിയും തൈരും രസവുമുണ്ട്. 70 ഗ്രാം മട്ടനാണ് ഒരാൾക്ക് നൽകുന്നത്. കറി തയ്യാറാക്കി ബ്ലോക്കിലെ വരാന്തയിൽ പ്ലേറ്റ്നിരത്തി കൃത്യമായ അളവിൽ വിളമ്പിയ ശേഷമാണ് തടവുകാർക്ക് നൽകുക. ഇത് കൂടാതെ തനിക്ക് കഞ്ചാവ് വേണമെന്ന് പോലും ഗോവിന്ദച്ചാമി ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ വേണ്ടതെല്ലാം ചോദിച്ചു വാങ്ങിയാണ് ഇത്രയും കാലം ഗോവിന്ദച്ചാമി ജയിലിൽ കഴിഞ്ഞത്.

പോൾ മുത്തൂറ്റ് വധക്കേസിൽ അറസ്റ്റിലായ ഓംപ്രകാശിന്റെ ഗ്ലാമർ യുവതികൾക്കും പ്രിയമായിരുന്നു. ആഡംബര കാറുകളെ പ്രണയിച്ച ഫയാസും ഗ്ലാമറിൽ സിനിമാ താരങ്ങളെ വെല്ലും. ജിഷ വധക്കേസിൽ ജയിലിൽ കഴിഞ്ഞ അമീർ ഉൾ ഇസ്ലം നാളുകൾക്ക് ശേഷം ജയിലിൽ നിന്ന് വിധി കേൾക്കാൻ എത്തിയപ്പോഴും മലയാളികൾ ഞെട്ടിയിരുന്നു. കേരളാ പൊലീസിന്റെ കാവലിൽ ജയിലിൽ കഴിഞ്ഞ അമീർ തടിച്ചു കൊഴുത്ത് സുന്ദരനായി മാറിയിരുന്നു.

ജയിൽ മെനു

ഓരോ തടവുകാരനും ചെയ്യുന്ന ജോലിക്കനുസരിച്ച് ശരീരത്തിനാവശ്യമായ കലോറി കണക്കാക്കിയാണു ജയിൽ വകുപ്പ് തടവുകാർക്കുള്ള മെനു തയ്യാറാക്കിയിരിക്കുന്നത്. ജയിലിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ തടവുകാരുടെ തടിയും തൂക്കവും ജയിൽ രേഖകളിൽ രേഖപ്പെടുത്തും. ജയിലിൽ വിളമ്പുന്ന ഭക്ഷണത്തിലെ 'പോഷക' ഗുണത്താൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ തടവുകാരുടെ ശരീരഭാരം കുറഞ്ഞത് അഞ്ചു കിലോ മുതൽ എട്ടു കിലോ വരെ കൂടുമെന്നു ജയിൽ അധികൃതർ തന്നെ പറയാറുണ്ട്. പഴയ ഗോതമ്പുണ്ട കഥയൊക്കെ മറന്നേക്കൂ. ഇപ്പോൾ ജയിലുകളിൽ സമീകൃതാഹാരമാണ് വിളമ്പുന്നത്. മൂന്നുനേരം സമൃദ്ധമായ ആഹാരം. ആഴ്ചയിൽ രണ്ടു ദിവസം മീനും ഒരു ദിവസം ആട്ടിറച്ചിയുമാണ് ജയിലുകളിൽ ഇപ്പോൾ നൽകി വരുന്ന സസ്യേതര ഭക്ഷണം. 140 ഗ്രാം മീനും 100 ഗ്രാം ആട്ടിറച്ചിയുമാണ് നൽകുന്നത്.

രാജ്യത്തെ ജയിലുകളിൽ തടവുപുള്ളികൾക്ക് ഏറ്റവും സുഭിക്ഷമായ മെനുവുമായി വിഭവ സമൃദ്ധമായ ഭക്ഷണം നൽകുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. നാട്ടിൽ ഒരുനേരത്തെ ഭക്ഷണംപോലും ഇല്ലാതെ പതിനായിരങ്ങൾ കഴിയുമ്പോൾ കോടികൾ ജയിൽപ്പുള്ളികളുടെ ഭക്ഷണത്തിനായി ചെലവഴിക്കുന്നത് ചർച്ചയാവുകയാണ് ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP