Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രിട്ടീഷ് മ്യൂസിയത്തിലും ജർമ്മനിയിലും ഉള്ളത് കേരളത്തിലെ ചിരപുരാതനമായ പുരാവസ്തുകൾ; നിലവിളക്കിന് പോലും ചോദിക്കുന്ന വില പഴക്കത്തിന് അനുസരിച്ച് കിട്ടും; കേരളത്തിലെ പ്രമുഖർ ഇങ്ങനെ ഉണ്ടാക്കുന്നത് ലക്ഷങ്ങൾ; തൂക്കമോ, ഭംഗിയോ അല്ല പഴക്കമാണവിടെ മൂല്യം നിശ്ചയിക്കുക; നിലവിളക്ക് വിൽപ്പന കൊറോണാ പ്രതിസന്ധിയുടെ പേര് പറഞ്ഞ് കൈ നനയാതെ മീൻ പിടിക്കാനുള്ള ഒരു ദേവസ്വം തന്ത്രമോ? തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നീക്കത്തിൽ സംശയങ്ങൾ ഏറെ; പുടയൂർ ജയനാരായണന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾ

ബ്രിട്ടീഷ് മ്യൂസിയത്തിലും ജർമ്മനിയിലും ഉള്ളത് കേരളത്തിലെ ചിരപുരാതനമായ പുരാവസ്തുകൾ; നിലവിളക്കിന് പോലും ചോദിക്കുന്ന വില പഴക്കത്തിന് അനുസരിച്ച് കിട്ടും; കേരളത്തിലെ പ്രമുഖർ ഇങ്ങനെ ഉണ്ടാക്കുന്നത് ലക്ഷങ്ങൾ; തൂക്കമോ, ഭംഗിയോ അല്ല പഴക്കമാണവിടെ മൂല്യം നിശ്ചയിക്കുക; നിലവിളക്ക് വിൽപ്പന കൊറോണാ പ്രതിസന്ധിയുടെ പേര് പറഞ്ഞ് കൈ നനയാതെ മീൻ പിടിക്കാനുള്ള ഒരു ദേവസ്വം തന്ത്രമോ? തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നീക്കത്തിൽ സംശയങ്ങൾ ഏറെ; പുടയൂർ ജയനാരായണന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് : കോവിഡ് അടച്ചിടൽമൂലം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ അധികമുള്ള നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വിൽക്കാനൊരുങ്ങുമ്പോൾ പുതിയ സാധ്യതയും ഉയരുകയാണ്. ഇതിന്റെ ലേല നടപടികൾ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പിന്നിൽ കള്ളക്കളിക്കുള്ള സാധ്യത ചർച്ചയാകുന്നത്. ഇടവലത്ത് പുടയൂർ ജയനാരായണന്റെ ഫെയ്‌സ് ബുക്ക് കുറിപ്പാണ് ചർച്ചകൾക്ക് ഇട നൽകുന്നത്. തളിപ്പറമ്പ് രാജരാജേശ്വരീ ക്ഷേത്രം അടക്കമുള്ള അമ്പലങ്ങളിലെ താന്ത്രികാവകാശമുള്ള കുടുംബത്തിലെ പിൻതലമുറക്കാരനാണ് ജയനാരായണൻ. തന്ത്രിയാകുന്നതിന് മുമ്പ് ജയനാരായണൻ മാധ്യമ പ്രവർത്തകനായിരുന്നു. അമൃതാ ടിവിയുടെ ഡൽഹി ബ്യൂറോയിലായിരുന്നു വളരെ കാലം.

ജയനാരായണൻ ഫെയ്‌സ് ബുക്കിൽ ഉയർത്തുന്ന സംശയങ്ങൾക്ക് സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ നിലവിളക്ക് വിൽപ്പനയിൽ സംശയങ്ങളും സജീവം. ദേവസ്വം ബോർഡിന്റെ ഇപ്പോളത്തെ നീക്കത്തിൽ ഒറ്റനോട്ടത്തിൽ അപാകത തോന്നില്ല. എന്നാൽ കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയുടെ മറവിൽ സംഘടിപ്പിക്കുന്ന ഈ ലേല മഹാമഹത്താൽ ഒരു തട്ടിപ്പ് ഒളിഞ്ഞ് കിടപ്പുണ്ട് എന്ന് പറഞ്ഞത് കേന്ദ്ര പുരാവസ്തു വകുപ്പിൽ ജോലി നോക്കുന്ന എന്റെ ഒരു സുഹൃത്താണ്. ആർക്കിയോളജിയിൽ റിസർച്ചിന്റെ ഭാഗമായി അദ്ദേഹം കുറച്ച് കാലം മുമ്പ് ഒരു പ്രൊജക്ടിന് വേണ്ടി യൂറോപ്പിൽ ഇംഗ്ലണ്ടിലും ജർമ്മനിയിലുമായി പോകുവാൻ ഇടയായി. അദ്ദേഹം ബ്രിട്ടീഷ് മ്യൂസിയത്തിലും, ജർമ്മനിയിലും കണ്ട കാഴ്ചകൾ വിവരിച്ചപ്പോൾ സത്യത്തിൽ ഞാൻ അമ്പരന്ന് പോയി-ഇങ്ങനെ ആമുഖത്തോടെയാണ് ജയനാരായണൻ കുറിപ്പ് തുടങ്ങുന്നത്.

നമ്മുടെ നാട്ടിലെ പല അപൂർവ്വ ഗ്രന്ഥങ്ങൾ, പാത്രങ്ങൾ, വിളക്കുകൾ, ബലിബിംബങ്ങൾ, ദാരുവിലും, ലോഹത്തിലും, ശിലയിലുമുള്ള വിഗ്രഹങ്ങൾ, പ്രഭാ മണ്ഡലങ്ങൾ, ശിവലിംഗങ്ങൾ, ദ്വാരപാലകർ, സോപാന കൈ, ഓവ്, ബലിക്കല്ലുകൾ, എന്ന് വേണ്ട സകലമാന സാധനങ്ങളും അക്കൂട്ടത്തിൽ കണ്ടുവത്രേ. ഈ ഓരോ സാധനങ്ങളും കൈമാറിയ ആളുകളുടെ പേരും, അതിന് പ്രതിഫലമായി നൽകിയ തുകയുമടക്കം അവിടെ ലോഗ് ബുക്കിലുണ്ടത്രേ. ആ പട്ടികയിലെ അഡ്രസുകൾ പരിശോധിച്ചപ്പോൾ കേരളത്തിലെ പ്രമുഖരായ വ്യക്തികളുടെ പേരും കണ്ടെന്നും അദ്ദേഹം പറയുന്നു. അതിനൊക്കെ ഓരോരുത്തരും കൈപറ്റിയ തുക ലക്ഷങ്ങളാണ് എന്നും ആ റെക്കോർഡുകൾ തെളിയിക്കുന്നുണ്ട് ത്രേ. പുരാവസ്തുക്കളിൽ മൂല്യമനുസരിച്ച് ഒരൊറ്റ വസ്തുവിന് മാത്രം 40 മുതൽ 50 ലക്ഷം രൂപ വരെ കൈപ്പറ്റിയ ആളുകൾ ഉണ്ട് എന്ന് പറയുമ്പോൾ ആലോചിക്കു അതിന്റെ വിപണി സാധ്യത-ഇതാണ് ജയനാരായണൻ ഉയർത്തുന്നത്.

ഇപ്പോളത്തെ ഈ ലേലം വിളിയെ ഈ പശ്ചാത്തലത്തിൽ വേണം നമ്മൾ നോക്കിക്കാണുവാൻ. ഇവർ ലേലത്തിന് വയ്ക്കാൻ പോകുന്ന വിളക്കുകളുടെ വിപണി മൂല്യം വിദേശത്ത് നാട്ടിലുള്ളന്റെ നാലിരട്ടിയെങ്കിലും വരും എന്ന് മനസിലാക്കി വേണം ദേവസ്വം ബോർഡിന്റെ ഇപ്പോളത്തെ ആത്മരക്ഷാ ലേല പദ്ധതിയെ വിലയിരുത്താൻ. പുരാവസ്തു മാർക്കറ്റിൽ ഇത്തരം വസ്തുക്കൾക്ക് പറയുന്നതാണ് വില. തൂക്കമോ, ഭംഗിയോ അല്ല പഴക്കമാണവിടെ വിലയുടെ മൂല്യം നിശ്ചയിക്കുന്നത്. അതു കൊണ്ട് തന്നെ ഇവിടെ ദേവസ്വം ബോർഡ് നടത്താൻ പോകുന്ന ഈ ലേലത്തിൽ പങ്കെടുക്കാനെത്തുന്നവർ ഒരിക്കലും പഴയ സാധനങ്ങൾ ഉരുക്കി പുതുത് ഉണ്ടാക്കുന്നവർ ആയിരിക്കില്ല. ലേലതുകയുടെ പത്തിരട്ടി വിലയ്ക്ക് വിദേശത്തേക്ക് സാധനം കടത്തുന്ന ഏജന്റ്മാരായിരിക്കും എത്തുക. നിസാരമല്ല കാര്യങ്ങൾ. അതുകൊണ്ട് തന്നെ ഈ വാർത്ത അത്ര നിർദ്ദോഷമാണ് എന്ന് എനിക്ക് തോന്നുന്നില്ല. കൊറോണാ പ്രതിസന്ധിയുടെ പേര് പറഞ്ഞ് കൈ നനയാതെ മീൻ പിടിക്കാനുള്ള ഒരു തന്ത്രമായിട്ട് തന്നെ ഈ പഴയ വസ്തുക്കളുടെ ലേല നടപടികളെക്കാണണമെന്നാണ് ജയനാരായണന്റെ കുറിപ്പ്.

ടൺ കണക്കിന് നിലവിളക്കുകളും പാത്രങ്ങളും ലേലം ചെയ്യുന്നതിലൂടെ വലിയ തുക സമാഹരിക്കാനാകുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. ഏറ്റുമാനൂർ, മലയാലപ്പുഴ, ചെട്ടികുളങ്ങര, വള്ളിയങ്കാവ് തുടങ്ങിയ ക്ഷേത്രങ്ങളിൽ നിലവിളക്കുകളും പാത്രങ്ങളും കുമിഞ്ഞുകൂടിയിട്ടുണ്ട്. ഊട്ടുപുരകളിലും മറ്റും കൂട്ടിയിട്ടിരിക്കുന്ന ഇവയുടെ സൂക്ഷിപ്പും ദേവസ്വം ബോർഡിന് തലവേദനയാണെന്നാണ് അവർ പറയുന്നത്. ബോർഡിന് കീഴിലുള്ള 1248 ക്ഷേത്രങ്ങളിൽനിന്നും ഇത്തരത്തിലുള്ള നിലവിളക്കുകളും പാത്രങ്ങളും ശേഖരിച്ചുതുടങ്ങി. ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറുടെയും ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് അധികമുള്ള വിളക്കുകളും പാത്രങ്ങളും ശേഖരിക്കുന്നത്. സബ് ഗ്രൂപ്പ് ആസ്ഥാനങ്ങളിൽ സംഭരിച്ചശേഷം ബോർഡിന്റെ കൈവശമുള്ള രജിസ്റ്ററുമായി ഒത്തുനോക്കും. രജിസ്റ്ററിലെ അളവിലും തൂക്കത്തിലും നിലവിളക്കുകളും പാത്രങ്ങളും ഉണ്ടാകില്ലെന്നാണ് ബോർഡ് അധികൃതരുടെ വിലയിരുത്തൽ.

ക്ഷേത്രങ്ങളിൽ ഉത്സവംപോലുള്ള എല്ലാ ചടങ്ങുകൾക്കും ഉപയോഗിച്ചുവരുന്ന നിലവിളക്കുകളോ പാത്രങ്ങളോ എടുക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഭക്തർ സമർപ്പിച്ച വിളക്കുകളും മറ്റും തങ്ങളെ അറിയിക്കാതെ ക്ഷേത്രങ്ങളിൽനിന്ന് കൊണ്ടുപോകുന്നതിനെതിരേ ചില ക്ഷേത്രോപദേശകസമിതികൾ രംഗത്തുവന്നിട്ടുണ്ട്. ഈ നടപടികൾക്ക് ഉപദേശകസമിതികളുമായി ഒരു ബന്ധവുമില്ലെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്. 2012-ൽ ഇത്തരത്തിലൊരു ശേഖരണത്തിന് ബോർഡ് ശ്രമിച്ചിരുന്നു. ചിലയിടങ്ങളിൽ ലേലവും നടന്നു. ക്ഷേത്രോപദേശകസമിതികൾ എതിർത്തതോടെ അന്ന് നടപടികളിൽനിന്ന് ബോർഡ് പിന്മാറുകയായിരുന്നു. ഇതിനാണ് കോവിഡുകാലത്ത് വീണ്ടും ശ്രമിക്കുന്നത്. കോവിഡുകാലത്ത് പ്രതിഷേധം ഉണ്ടാകില്ലെന്നതാണ് ഇതിന് കാരണം.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ദേവസ്വം ബോർഡ് എല്ലാ മാർഗങ്ങളും തേടുകയാണെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു പറയുന്നത്. ഉപയോഗിക്കാത്ത വിളക്കുകളും മറ്റും എല്ലാ ക്ഷേത്രങ്ങളിലുമുണ്ട്. ഇത് അന്യാധീനപ്പെട്ട് പോകാതെ ദേവസ്വത്തിന് മുതൽക്കൂട്ടാക്കുകയാണ് ചെയ്യുന്നതെന്നും വിശദീകരിക്കുന്നു. ഇതിനിടെയാണ് തൂക്കി വിൽപ്പനയ്ക്ക് അപ്പുറമുള്ള പുരാവസ്തു മൂല്യം ചർച്ചയാകുന്നത്.

സംസ്ഥാന സർക്കാർ ക്ഷേത്ര വിരുദ്ധ നിലപാട് തിരുത്തണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു ആവശ്യപ്പെട്ടു. ക്ഷേത്രങ്ങളെ നശിപ്പിക്കാനാണ് ദേവസ്വം ബോർഡ് ശ്രമിക്കുന്നത്. ഭക്തജന സംഘടനകളുമായി ആലോചിക്കാതെ രാഷ്ട്രീയ നേതാക്കളുടെ താത്പര്യത്തിനനുസരിച്ച് ബോർഡ് തീരുമാനമെടുക്കുന്നത് ശരില്ല. ലോക്ക്ഡൗൺ മറയാക്കി ക്ഷേത്രങ്ങൾ കൊള്ളയടിക്കാനാണ് നീക്കം. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർത്തും. അദ്ദേഹം ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP