Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജാമ്യത്തെ എതിർക്കില്ലെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു.. മാദ്ധ്യമ പ്രവർത്തകർ കേട്ടത് ജാമ്യം നൽകിയെന്ന്; അമിതാവേശം വിനയായപ്പോൾ ദേശീയ മാദ്ധ്യമങ്ങളടക്കം സർവരും ഇളിഭ്യരായി; തമിഴ്‌നാട്ടിൽ ആഹ്ലാദ പ്രകടനം നിലവിളിയായി..

ജാമ്യത്തെ എതിർക്കില്ലെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു.. മാദ്ധ്യമ പ്രവർത്തകർ കേട്ടത് ജാമ്യം നൽകിയെന്ന്; അമിതാവേശം വിനയായപ്പോൾ ദേശീയ മാദ്ധ്യമങ്ങളടക്കം സർവരും ഇളിഭ്യരായി; തമിഴ്‌നാട്ടിൽ ആഹ്ലാദ പ്രകടനം നിലവിളിയായി..

ബാംഗ്ലൂർ: അനധികൃത സ്വത്ത് സമ്പാദന കേസിൽ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് ജാമ്യം ലഭിച്ചുവെന്ന വാർത്തയാണ് ആദ്യം പുറത്തുവന്നത്. പിന്നീടാണ് ജാമ്യം ലഭിച്ചില്ലെന്ന കാര്യം വ്യക്തമായത്. ഇത് വിധിയെ സംബന്ധിച്ച നാടകീയതകൾക്ക് ഇടയാക്കി. ജയ അനുകൂലികളുടെ ആഹ്ലാദ പ്രകടനങ്ങൾ നിമിഷ നേരം കൊണ്ട് കണ്ണീരായി മാറിയപ്പോൾ ചാനലുകൾ തങ്ങൾക്ക് പറ്റിയ അമളിയെക്കുറിച്ച് കുറച്ചുസമയം പറഞ്ഞ് പതിയെ തടിയെടുത്തു.

ഇന്ന് രാവിലെ മുതൽ തമിഴകത്തോടൊപ്പം ഇന്ത്യയിലെ മാദ്ധ്യമപ്രവർത്തകരെല്ലാം കാത്തിരിക്കുകയാണ് ജയലളിതയ്ക്ക് ജാമ്യം കിട്ടുമോ ഇല്ലയോ എന്നറിയാൻ. കോടതി തുടങ്ങിയ വേളയിൽ തന്നെ ജയലളിതയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജഠ് മലാനി ജയയുടെ ജാമ്യാപേക്ഷ പരിഗണക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജയലളിതയ്ക്ക് വേണ്ടി കീഴ്‌വഴക്കം മാറ്റാൻ പറ്റില്ലെന്ന് പറഞ്ഞു ജഡ്ജി കേസ് പരിഗണിക്കുന്നത് മാറ്റിവച്ചു. ഇതോടെ മാദ്ധ്യമങ്ങൾ കോടതിക്ക് വെളിയിൽ കാത്തിരുന്നു. ഒടുവിൽ കേസ് പരിഗണിക്കുന്ന ഘട്ടത്തിൽ തന്നെ ദേശീയ ചാനലുകൾ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തുവെന്ന് ഫ്‌ളാഷുകൾ പുറത്തുവിട്ടു. പിന്നീട് ഈ അവസ്ഥയ്ക്കും മാറ്റം വന്നു.

വിധിയെ കുറിച്ച് അറിയാൻ ആകാംക്ഷയോടെ കാത്തു നിന്ന മാദ്ധ്യമപ്രവർത്തകർക്ക് മുന്നിലേക്ക് ജയലളിതയ്ക്ക് ജാമ്യം നൽകുന്നതിനെ എതിർക്കില്ലെന്ന് പ്രോസക്യൂഷൻ വ്യക്തമാക്കി. ഇതോടെ ജയലളിതയ്ക്ക് ജാമ്യം കിട്ടുമെന്ന ധാരണയിൽ ആവേശം കൂടിയ ദേശീയ ചാനലുകൾ ജയയ്ക്ക് ജാമ്യം എന്ന് ബ്രേക്കിങ് ന്യൂസ് വിട്ടു. വിധി പുറപ്പെടുവിച്ചു എന്ന വിധത്തിലാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവന്നത്. ഇതോടെ പിന്തുടർന്ന് വാർത്ത നൽകിയ കേരളത്തിലെ മുഴുവൻ ചാനലുകൾക്കും തെറ്റുപറ്റി. ദേശീയ ചാനലുകളെ വിശ്വസിച്ച മറുനാടൻ മലയാളി ഡോട്ട് കോം അടക്കമുള്ള മറ്റ് പോർട്ടലുകൾക്കും അബദ്ധം പിണഞ്ഞു. പിന്നീടാണ് ജയയ്ക്ക് ജാമ്യമില്ലെന്ന് വിധി കോടതി പ്രസ്താവിക്കുന്നത്. പുറത്തുവന്ന വിധി കേട്ട് എല്ലാവരും അമ്പരന്നു. സുപ്രീംകോടതി വിധിയെ പരാമർശിച്ചുകൊണ്ട് ജയയ്ക്ക് ജാമ്യം നൽകാൻ കഴിയില്ലെന്ന് കർക്കശമായി തന്നെ കോടതി വ്യക്തമാക്കി.

കോടതിക്ക് പുറത്തുനിന്ന മാദ്ധ്യമപ്രവർത്തകർക്കും ജയയ്ക്ക് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു നേരത്തെ ഉണ്ടായിരുന്നു. മുതിർന്ന അഭിഭാഷകനായ രാംജഠ് മലാനിയാണ് ജയലളിതയ്ക്ക് വേണ്ടി ഹാജരാക്കുന്നത് എന്നതായിരുന്നു ഈ പ്രതീക്ഷയ്ക്ക് ആധാരവും. എന്തായാലും ജാമ്യം കിട്ടിയെന്ന വാർത്ത പരന്നതോടെ തമിഴ്‌നാട്ടിൽ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും അണ്ണാ ഡിഎംകെ പ്രവർത്തകർ ആഹ്ലാദം പങ്കുവച്ചു. ജയലളിതയുടെ ഉടമസ്ഥതയിലുള്ള ജയ ചാനൽ സത്യം വിജയിച്ചു എന്ന വിധത്തിലാണ് വാർത്ത നൽകിയത്. എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് വിധി മാറിയതോടെ ഒന്നുമറിയാതെ ആഹ്ലാദപ്രകടനം നടത്തിയ അണ്ണാ ഡിഎംകെ പ്രവർത്തകര് സ്തംബ്ദരായി. ഇതോടെ ആഹ്ലാദ പ്രകടനം ചുരുങ്ങിയ സമയം കൊണ്ട് നെഞ്ചത്തടിക്കും നിലവിളിക്കും വഴിമാറി.

കണ്ണീർ വാർത്തുകൊണ്ടുള്ള പ്രതിഷേധ പ്രകടനങ്ങളായിരുന്നു പിന്നീട് തമിഴ്‌നാട്ടിൽ നടന്നത്. അതേസമയം ജയലളിതയ്ക്ക് ജാമ്യം കിട്ടിയ വാർത്ത വിശ്വസിച്ചുകൊണ്ട് ഫേസ്‌ബുക്കിലൂടെ അഭിപ്രായപ്രകടനം നടത്തിയവരും പോസ്റ്റ് പിൻവലിച്ച് മറുപോസ്റ്റിട്ടു. കോടതി വാർത്ത റിപ്പോർട്ട് ചെയ്തതിലെ അമിതാവേശം മാദ്ധ്യമങ്ങൾക്ക് വിനയായെന്ന് സോഷ്യൽ മീഡിയയിലും ഇതോടെ വിമർശനം ഉയർന്നിട്ടുണ്ട്. എന്തായാലും മാദ്ധ്യമങ്ങൾ എല്ലാവരും ഒന്നടങ്കം ഇളിഭ്യരാകുന്ന കാഴ്‌ച്ചയാണ് ഇന്നുണ്ടായത്. കോടതി വിധിക്കെതിരെ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് എഐഎഡിഎംകെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP