Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മേസ്തിരിപ്പണിയുടെ ഇടവേളയിൽ അവർ ചോദിക്കുന്നു- ഞങ്ങൾ കൂലിപ്പണിക്കാരായതു കൊണ്ടാണോ മോളെ ഒഴിവാക്കിയത്? മെഡൽ കിട്ടില്ലെന്നുറപ്പില്ലാത്ത അനേകം പേരെ കുത്തി നിറച്ചിട്ടും എന്തുകൊണ്ട് സ്വാഭാവികമായി യോഗ്യത നേടിയ ചിത്ര മാത്രം ഒഴിവാക്കപ്പെട്ടു? കേരളത്തിന്റെ ഈ ചോദ്യത്തിന് അഞ്ജുവും ഉഷയും മറുപടി പറയുമോ?

മേസ്തിരിപ്പണിയുടെ ഇടവേളയിൽ അവർ ചോദിക്കുന്നു- ഞങ്ങൾ കൂലിപ്പണിക്കാരായതു കൊണ്ടാണോ മോളെ ഒഴിവാക്കിയത്? മെഡൽ കിട്ടില്ലെന്നുറപ്പില്ലാത്ത അനേകം പേരെ കുത്തി നിറച്ചിട്ടും എന്തുകൊണ്ട് സ്വാഭാവികമായി യോഗ്യത നേടിയ ചിത്ര മാത്രം ഒഴിവാക്കപ്പെട്ടു? കേരളത്തിന്റെ ഈ ചോദ്യത്തിന് അഞ്ജുവും ഉഷയും  മറുപടി പറയുമോ?

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: മെഡൽ പ്രതീക്ഷയുള്ളവർ മാത്രമാണ് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉണ്ടാവുകയുള്ളൂ. ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഏഷ്യൻ ജേത്രിയും മലയാളിയുമായ പി.യു. ചിത്രക്ക് ടീമിൽ ഇടമില്ല. ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയവർക്കെല്ലാം നേരിട്ട് ലോക ചാമ്പ്യൻഷിപ്പ് യോഗ്യത സ്വന്തമാണെന്നിരിക്കെയാണ് അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ 24 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോൾ സ്‌കൂൾ മീറ്റുകൽലൂടെ സ്വർണം വാരിക്കൂട്ടിയശേഷം ഇപ്പോൾ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഒന്നാമതെത്തിയ പാലക്കാട് മുണ്ടൂരിന്റെ സ്വന്തം പുത്രി പി.യു. ചിത്രയെ ഒഴിവാക്കിയത്. ഇത് വിവാദമായതോടെയാണ് മെഡൽ പ്രതീക്ഷയില്ലെന്ന വാദവുമായി ഫെഡറേഷൻ എത്തിയത്.

അതായത് എല്ലാ വർഷവും ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർക്കെല്ലാം മെഡൽ കിട്ടാറുണ്ടെന്ന് വേണം ഫെഡറേഷന്റെ വിശദീകരണത്തിൽ നിന്ന് മനസ്സിലാക്കാൻ. പക്ഷേ ചരിത്രം അതല്ല. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ അഞ്ജു ബോബി ജോർജ് മാത്രമേ ഇതുവരെ മെഡൽ നേടിയിട്ടുള്ളൂ. ബാക്കിയെല്ലാവരും മത്സര പരിചയത്തിനായി പോയവർ. എന്നിട്ടും ചിത്രയെ ഒഴിവാക്കി. സെലക്ഷൻ കമ്മറ്റിയിൽ പിടി ഉഷയും അഞ്ജുവും  സെലക്ഷൻ സമിതിയിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ചിത്രയെ ഒഴിവാക്കിയതിൽ ഇവരും മറുപടി പറയേണ്ടതുണ്ട്.

കേരളമാകെ പ്രതിഷേധം അലയടിക്കുകയാണ്. ഇതിനിടെ കാര്യങ്ങൾ തിരിക്ക് മാധ്യമ പ്രവർത്തകർ മുണ്ടൂരിലെ ചിത്രയുടെ വീട്ടിലുമെത്തി. ചിത്രയുടെ വീട്ടിലെത്തുമ്പോൾ അച്ഛനും അമ്മ വസന്തകുമാരിയും പണിക്കുപോയിരിക്കയായിരുന്നു. തലപ്പൊറ്റയിലെ ഒരു വീടിന്റെ കെട്ടുപണിയിലായിരുന്നു ഇരുവരും. അവിടേയും മാധ്യമങ്ങളെത്തി. അവർ അച്ഛനും അമ്മയോടും കാര്യങ്ങൾ തിരിക്ക്. അപ്പോൾ അവർ പങ്കുവച്ചത് വേദനയായിരുന്നു.

ഞങ്ങൾ പാവപ്പെട്ടവരാണ്. കൂലിപ്പണിക്കാരാണ്. അതുകൊണ്ടാവാം മോളെ തഴഞ്ഞത്. സങ്കടമുണ്ട്. പക്ഷേ ആരോടുപറയാൻ.... ചിത്രയുടെ അച്ഛൻ ഉണ്ണിക്കൃഷ്ണന്റെ കണ്ണുകൾ നിറഞ്ഞു. രാവിലെ മോൾ വിളിച്ചിരുന്നു. അവൾക്ക് സങ്കടമുണ്ട്. കരേയണ്ടന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. കഴിവില്ലാത്തതിനാലാണെങ്കിൽ അതുപറയാം. ഇന്ത്യയ്ക്ക് സ്വർണം വാങ്ങിക്കൊടുത്തതല്ലേ... അതെന്താ ഓർക്കാത്തത്... ഈ അച്ഛന്റെ ചോദ്യങ്ങൾക്ക് മറുപടിയില്ല. പണിക്കുപോയില്ലെങ്കിൽ വീട് പട്ടിണിയിലാകും. എല്ലാത്തരം കൂലിപ്പണിയും ചെയ്യും ഇവർ. രാവിലെ നാലുമണിക്ക് എണീറ്റ് മോൾക്ക് ഭക്ഷണമുണ്ടാക്കി ആറുമണിയാകുമ്പോഴേക്കും വിടണം. സ്‌കൂൾമൈതാനത്ത് ഓടാൻപോകുന്ന കുട്ടി അതുവഴി കോളേജിലുംപോയി വൈകീട്ടാണ് മടങ്ങിയെത്തുക. കഷ്ടപ്പെട്ട് വളർത്തിയതാ. അവൾ ലോകമീറ്റിൽ മെഡൽ നേടുമെന്ന് സ്വപ്നംകണ്ടതാണ് ഈ നാട്ടുകാർ. ആർക്കുവേണ്ടിയാ അവളെ ഒഴിവാക്കിയത്? ഉണ്ണിക്കൃഷ്ണൻ വിതുമ്പിക്കൊണ്ടാണ് ചോദിച്ചത്.

ചിത്രയെ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമാണ്. ഏഷ്യന്മീറ്റിൽ സ്വർണംനേടിയപ്പോൾ ആഹ്ളാദിച്ച മുണ്ടൂർഗ്രാമം ഇപ്പോൾ മ്ളാനമാണ്. ചിത്രയുടെ ഓരോനേട്ടത്തിലും കൈപിടിച്ച് ഈ നാടുണ്ടായിരുന്നു. ഇപ്പോൾ വേദനയിലും ഇവർ കൂടെയുണ്ട്. കായികാധ്യാപകൻ എൻ.എസ്. സിജിന്റെ നേതൃത്വത്തിൽ ഹൈക്കോടതിയിൽ കേസ് കൊടുത്തിട്ടുണ്ട്. എന്നാൽ ഈ കേസ് ജയിച്ചാലും മീറ്റിൽ പങ്കെടുക്കാനുള്ള സാധ്യത വിരളമാണ്. കാരണം ചാമ്പ്യൻഷിപ്പിൽ പേരു നൽകാനുള്ള അവസാന സമയം കഴിഞ്ഞു. ഇനി ലോക കായിക തർക്ക പരിഹാര കോടതി മാത്രമാണ് ചിത്രയ്ക്ക് മുന്നിലുള്ള സാധ്യത. വിചിത്ര ന്യായം പറഞ്ഞാണ് ചിത്രയെ ഒഴിവാക്കിയതെന്നാതാണ് വസ്തുത.

ഫെഡറേഷൻ കപ്പിൽ ഭുവനേശ്വറിൽ വനിതകളുടെ 1500 മീറ്ററിൽ പി.യു. ചിത്രയുടെ പ്രകടനം ഏവരെയും അത്ഭുതപ്പെടുത്തിയതാണ്. മത്സരത്തിന്റെ തുടക്കത്തിൽ പിന്നിലായിരുന്ന ചിത്ര ഒരുഘട്ടത്തിൽ അഞ്ചാം സ്ഥാനത്തേയ്ക്ക് വരെ പിന്തള്ളപ്പെട്ടിരുന്നു. എന്നാൽ മത്സരം അവസാന ലാപ്പിലേയ്ക്ക് കടന്നതോടെ തന്റെ കാലുകളിൽ ഒളിപ്പിച്ചുവച്ച കുതിരശക്തി പുറത്തെടുത്ത് കുതിച്ചു. ചൈനയുടെ ജെങ് മിൻ അടക്കം തന്നെക്കാൾ മുതിർന്ന ഏഷ്യൻ താരങ്ങളെ അട്ടിമറിച്ച് 1500 മീറ്ററിൽ സ്വർണം നേടിയ ചിത്രയുടെ പ്രകടനത്തെ അന്ന് എല്ലാവരും വാനോളം പുകഴ്‌ത്തുകയും ചെയ്തു. 4:17.92 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ചിത്ര ഏഷ്യൻ മീറ്റിൽ ഒന്നാമതെത്തിയത്. കരിയറിലെ ചിത്രയുടെ മികച്ച പ്രകടനമായിരുന്നു അത്. എന്നാൽ അതിനുശേഷം ഗുണ്ടൂരിൽ നടന്ന ദേശീയ സീനിയർ മീറ്റിൽ ചിത്രക്ക് രണ്ടാം സ്ഥാനമേ ലഭിച്ചുള്ളു. ഇതിന്റെ അടിസ്ഥാനത്തിൽ ചിത്ര മികച്ച ഫോമിലല്ലെന്ന് സെലക്ഷൻ കമ്മിറ്റി തീരുമാനമെടുക്കുകയായിരുന്നു.

ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ സ്വർണ്ണനേട്ടത്തോടെ ലോകചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ചിത്രക്ക് യോഗ്യതയും സ്വന്തമായി. എന്നാൽ സ്ഥിരത പുലർത്തുന്നില്ല എന്ന മുടന്തൻ ന്യായം പറഞ്ഞാണ് ചിത്രയെ ടീമിൽ നിന്ന് ഒഴിവാക്കിയത്. ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ചിത്രക്ക് അവസരം നൽകിയിരുന്നെങ്കിൽ വലിയൊരു മത്സര പരിചയമെങ്കിലും കിട്ടിയേനെ. അതും ഇല്ലാതാക്കിയിരിക്കുകയാണ് ടീം തെരഞ്ഞെടുപ്പിലൂടെ അത്ലറ്റിക്സ് ഫെഡറേഷൻ. ഒളിമ്പ്യന്മാരായ പി.ടി. ഉഷയും അഞ്ജു ബോബി ജോർജ്ജുമൊക്കെ രാജ്യത്തെ കായികരംഗത്തെ വളർത്താനുള്ള പദ്ധതിയുടെ മുകളിലിരിക്കുമ്പോഴാണ് ഇല്ലായ്മകളുടെയും പട്ടിണിയുടെയും നടുവിൽ നിന്ന് കഠിനാദ്ധ്വാനത്തിലൂടെ വളർന്ന് ട്രാക്കുകൾ കീഴടക്കി ആദ്യം സാഫ് ഗെയിംസിലും പിന്നീട് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും പൊന്നണിഞ്ഞ ചിത്രക്ക് ഈ അവഗണന നേരിടേണ്ടിവന്നത്.

ലോക റാങ്കിങ്ങിൽ ചിത്രയുടെ പ്രകടനം 200-ാമത് മാത്രമാണെന്നും പ്രകടനത്തിന് സ്ഥിരതയില്ലെന്നും മെഡൽ നേടാൻ സാധ്യതയില്ലെന്നുമാണ് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷനും സെലക്ടർമാരും വാദിക്കുന്നത്. എന്നാൽ 5000, 10000 മീറ്ററുകളിൽ ഓടുന്ന ജി. ലക്ഷ്മണോ? ലോക നിലവാരത്തിൽ ആദ്യ നൂറിൽപ്പോലും ലക്ഷ്മൺ ഉൾപ്പെടുന്നില്ല. അതുപോലെതന്നെയാണ് മറ്റു പലരുടെയും കാര്യം.

ചിത്രത്തിന് കടപ്പാട് മാതൃഭൂമി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP