Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

അറിയാതെയെങ്കിലും പ്രൊഫ. ടി ജെ ജോസഫിന്റെ ദുരവസ്ഥയ്ക്ക് കാരണക്കാരനായതിന് മാപ്പ്; സംഭവത്തെ ആദ്യം നിഷേധിക്കുകയും പിന്നെ ഒപ്പം നിൽക്കുയും ചെയ്ത പി ടി കുഞ്ഞുമുഹമ്മദ് പരസ്യമായി മാപ്പ് പറഞ്ഞത് 'അറ്റുപോയ ഓർമ്മകളുടെ' പ്രകാശന വേദിയിൽ; തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകത്തിലെ പേരില്ലാ വ്യക്തിക്ക് രചയിതാവിന്റെ പേരിട്ട മലയാളം അദ്ധ്യാപകൻ വേട്ടയാടപ്പെട്ടതിന്റെ ചുരുളഴിയുന്നത് ഇങ്ങനെ

അറിയാതെയെങ്കിലും പ്രൊഫ. ടി ജെ ജോസഫിന്റെ ദുരവസ്ഥയ്ക്ക് കാരണക്കാരനായതിന് മാപ്പ്; സംഭവത്തെ ആദ്യം നിഷേധിക്കുകയും പിന്നെ ഒപ്പം നിൽക്കുയും ചെയ്ത പി ടി കുഞ്ഞുമുഹമ്മദ് പരസ്യമായി മാപ്പ് പറഞ്ഞത് 'അറ്റുപോയ ഓർമ്മകളുടെ' പ്രകാശന വേദിയിൽ; തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകത്തിലെ പേരില്ലാ വ്യക്തിക്ക് രചയിതാവിന്റെ പേരിട്ട മലയാളം അദ്ധ്യാപകൻ വേട്ടയാടപ്പെട്ടതിന്റെ ചുരുളഴിയുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ചോദ്യ പേപ്പറിൽ പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിക്കുന്ന ചോദ്യം ഉൾപ്പെടുത്തി എന്നാരോപിച്ച് പ്രൊഫ. ടി.ജെ ജോസഫിന്റെ കൈപ്പത്തി ഒരു സംഘം എസ്.ഡി.പി.ഐ പ്രവർത്തകർ വെട്ടിമാറ്റിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് എഴുത്തുകാരൻ പി ടി കുഞ്ഞുമുഹമ്മദ്. പ്രൊഫ. ടി.ജെ ജോസഫിന്റെ അവസ്ഥയ്ക്ക് അറിയാതെയാണെങ്കിലും കാരണക്കാരനായതിനാണ് എഴുത്തുകാരൻ പി.ടി കുഞ്ഞുമുഹമ്മദ് പരസ്യമായി മാപ്പുപറഞ്ഞത്. ടി.ജെ ജോസഫിന്റെ ആത്മകഥയായ അറ്റുപോയ ഓർമകൾ തൃശ്ശൂരിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഗാനരചയിതാവ് റഫീക്ക് അഹമ്മദ്, പ്രൊഫ. ടി.ജെ ജോസഫ് എന്നിവർ പങ്കെടുത്തു.

2010 ജൂലൈ 4നാണ് മൂവാറ്റുപുഴ നിർമല കോളേജിനടുത്തുവച്ച് ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയത്. ന്യൂമാൻ കോളേജിലെ ബി.കോം രണ്ടാം സെമസ്റ്റർ മലയാളം ഇന്റേർണൽ പരീക്ഷയ്ക്കുള്ള ചോദ്യ പേപ്പറിൽ പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിക്കുന്ന ചോദ്യം ഉൾപ്പെടുത്തി എന്നാരോപിച്ച് ജോസഫിന്റെ കൈപ്പത്തി ഒരു സംഘംഎസ്.ഡി.പി.ഐ പ്രവർത്തകർ ചേർന്ന് വെട്ടിമാറ്റുകയായിരുന്നു.

മുഹമ്മദ് എന്ന വ്യക്തിയും ദൈവവും തമ്മിൽ നടത്തുന്ന സംഭാഷണ ശകലമായിരുന്നു ആ ചോദ്യം. അതിന് അടിസ്ഥാനമാക്കിയത് സിനിമ സംവിധായകനായ പി ടി കുഞ്ഞുമുഹമ്മദിന്റെ കഥയും. കേരള സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകത്തിൽ നിന്നാണ് ഈ ഭാഗം ജോസഫ് എടുക്കുന്നത്. കഥയിലെ പേരില്ലാ വ്യക്തി ദൈവത്തോട് ചോദിക്കുന്ന ചോദ്യങ്ങളായിരുന്നു അത്. ജോസഫാകട്ടെ പേരില്ലാ വ്യക്തിക്ക് പി ടി കുഞ്ഞുമുഹമ്മദിന്റെ പേരിൽ നിന്നുമുള്ള മുഹമ്മദിനെ എടുത്ത് പേരിട്ടു. ഇത് പ്രവാചക നിന്ദയായി ആരോപിക്കപ്പെട്ടു.വിവാദമായി. കേസായി. ജോസഫ് അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ ജീവിതം കീഴ്മേൽ മറിഞ്ഞു. ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കീഴിലുള്ള കോളെജ് ജോസഫിനെ സസ്പെൻഡ് ചെയ്തു. കഠിനമായ ജീവിതാനുഭവങ്ങളിലൂടെ അദ്ദേഹം കടന്നു പോയി. ഭാര്യ ആത്മഹത്യ ചെയ്തു. 2013-ൽ കോടതി അദ്ദേഹത്തെ വെറുതെവിട്ടു. പക്ഷേ, അപ്പോഴേക്കും ജീവിതവും കൈവിട്ട് പോയിരുന്നു. അദ്ദേഹത്തിന്റെ കൈവെട്ടിയ കേസിൽ 2015-ൽ 13 പേരെ കോടതി ശിക്ഷിക്കുകയും ചെയ്തു. വി എസ് അച്യുതാനന്ദൻ സർക്കാർ ഭരിക്കുമ്പോഴാണ് ചോദ്യ പേപ്പർ വിവാദവും കൈവെട്ടുമുണ്ടായത്.

അദ്ദേഹത്തിന്റെ കഷ്ടാനുഭവങ്ങളേയും അതിലേക്ക് നയിച്ച സംഭവങ്ങളേയും അദ്ദേഹം അത് നേരിട്ടതിനേയും കുറിച്ചുള്ള ജോസഫിന്റെ ആത്മകഥ അറ്റുപോകാത്ത ഓർമ്മകൾ എന്ന പുസ്തകം ഇപ്പോൾ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. പുസ്തകം എഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ചും മറ്റും അദ്ദേഹം പറഞ്ഞ് തുടങ്ങി. തനിക്ക് ജീവിതത്തിലുണ്ടായത് ഒരു അദ്ധ്യാപകനും വ്യക്തിക്കും ഉണ്ടാകാത്ത അനുഭവങ്ങളും പ്രതിസന്ധികളുമാണെന്ന് ജോസഫ് പറയുന്നു. അതുകൊണ്ടാണ് ഈ പുസ്തകം എഴുതിയത്. തന്റെ കഥ ഒരുവിധം എല്ലാവർക്കും അറിയാം. പത്രങ്ങളിലൊക്കെ സംഭവങ്ങളായി അത് വന്നു. പക്ഷേ, അത് തങ്ങൾ എങ്ങനെ അനുഭവിച്ചുവെന്നും അത് തരണം ചെയ്തുവെന്നും ആ സമയത്തെ മാനസികാവസ്ഥയുമൊന്നും വാർത്തകൾ വന്നില്ല അദ്ദേഹം പറയുന്നു.

സംഭവങ്ങൾ മാത്രമല്ലേ റിപ്പോർട്ട് ചെയ്യപ്പെടുകയുള്ളൂ അദ്ദേഹം ചോദിക്കുന്നു. അത് എങ്ങനെയാണ് താൻ അനുഭവിച്ചത്. അത് അഭിമുഖീകരിച്ചത്. തന്റെ മനസ്സ് എങ്ങനെയാണ് പ്രവർത്തിച്ചിരുന്നത് എന്നൊക്കെയാണ് അദ്ദേഹം പുസ്തകത്തിലൂടെ വ്യക്തമാക്കാൻ ശ്രമിക്കുന്നത്.അത് ആളുകളെ അറിയിക്കേണ്ടിയിരുന്നുവെന്ന് ജോസഫ് പറയുന്നു. മേലിൽ ഇങ്ങനെയാന്നും ആവർത്തിക്കാതിരിക്കാനും സംഭവിച്ചാൽ എങ്ങനെ തരണം ചെയ്യാനുള്ള ആത്മവീര്യം ഉണ്ടാകാനും പകച്ച് പോകാതിരിക്കാനുമൊക്കെയുള്ള സന്ദേശമുണ്ട് അതിൽ. അദ്ദേഹം വിശദീകരിച്ചു.

തന്റെ അനുഭവങ്ങൾ മാത്രമാണ് ഇതെന്ന് പറയാൻ പറ്റില്ല. കേരളത്തിന്റെ ചരിത്രത്തിന്റെ ഒരു ഭാഗം കൂടിയാണിത്. പ്രത്യേകിച്ച് സാംസ്‌കാരിക ചരിത്രത്തിന്റെ. അദ്ദേഹം കൂട്ടിച്ചേർത്തു.ഈ ചരിത്രം നമുക്ക് ഒരു അനുഭവമാണ്. ഒന്നാം ലോക മഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും ഉണ്ടായത് മൂന്നാം ലോക മഹായുദ്ധം ഉണ്ടാകാതിരിക്കുന്നതിനാണ്. എന്തുകൊണ്ട് പുസ്തകം എഴുതിയെന്ന് അദ്ദേഹം വിശദീകരിച്ചു.

പലരുടേയും ഉത്തരവാദിത്വമില്ലായ്മ കൊണ്ടും അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ വിവേകത്തോടെ കാര്യങ്ങൾ ചെയ്യാതിരുന്നതുകൊണ്ടും വന്നിട്ടുള്ള അനർത്ഥങ്ങൾ ധാരാളം ഇതിനകത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് ഉണ്ടായ വീഴ്ചകൾ വീണ്ടും ആവർത്തിക്കാതിരിക്കാനും ആളുകൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

കോളെജ് മാനേജ്മെന്റ്, പ്രിൻസിപ്പൽ, സഭ, പൊലീസ് ഉദ്യോഗസ്ഥർ, കളക്ടർ, മന്ത്രിമാർ അങ്ങനെ എല്ലാവർക്കും വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. അവർക്കെല്ലാം തെറ്റ് പറ്റിയിട്ടുണ്ട്. കാര്യങ്ങൾ വിവേചിച്ചറിയാതെ ആരെങ്കിലുമൊക്കെ പറയുന്നത് കേട്ടിട്ട് അവർ എടുത്ത് ചാടി.
പ്രത്യേക താൽപര്യങ്ങൾ മുൻ നിർത്തി പ്രവർത്തിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. അവരെ തിരുത്താനല്ല. അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഓരോരോ വിഷയങ്ങളിലും മനുഷ്യരെ അപകടപ്പെടുത്തുന്ന രീതിയിൽ ചെയ്യരുത്. അവർ വിവേകത്തോടെ പെരുമാറേണ്ട ആവശ്യമുണ്ട്. അതുകൊണ്ടാണ് ഈ പുസ്തകം എഴുതിയത്.

വിവാദ സമയത്ത് താൻ പറഞ്ഞത് കേൾക്കാൻ ആരും തയ്യാറായില്ലെന്ന് ജോസഫ് പറയുന്നു. പൊലീസ് ചോദ്യം ചെയ്ത സമയത്ത് എല്ലാം വിശദീകരിച്ചതാണ്. എന്നാൽ മാധ്യമങ്ങൾ ഒന്നും അത് പ്രസിദ്ധീകരിച്ചില്ല. പൊലീസ് എന്നെ അറസ്റ്റ് ചെയ്ത സമയത്ത് ഇടുക്കി എസ് പിയുടെ മുമ്പാകെ ഈ ചോദ്യപേപ്പറിന്റെ വാസ്തവം വിവരിച്ചതാണ്. അത് മനസ്സിലാക്കി തന്നെ വിടേണ്ടതാണ്. പക്ഷേ, അവർ അത് ചെയ്യാതെ സർക്കാർ പറഞ്ഞത് കേട്ടു. കേസിനാസ്പദമായ വകുപ്പുകൾ ചേർത്ത് കേസ് എടുക്കുകയായിരുന്നു.താൻ പറയുന്നതിനൊന്നും വിലയില്ലെന്നായി അദ്ദേഹം ഓർമ്മിച്ചു. ഒരു കൂട്ടം ആളുകൾ മുറവിളി കൂട്ടിയപ്പോൾ ആ ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്താൻ വേണ്ടി ഭരണപക്ഷത്ത് നിന്നുള്ള ഒരു നടപടിയായിരുന്നു അത്.

ജോസഫ് മാഷ് ഇടതുകൈ കൊണ്ട് എഴുതിത്ത്ത്ത്തീർത്ത അഞ്ഞൂറോളം പേജുള്ള ആത്മകഥ 'അറ്റുപോകത്ത ഓർമ്മകൾ' കേരളത്തിൽ ചൂടപ്പംപോലെയാണ് വിറ്റുപോകുന്നത്. ഡി സി ബുക്സിന്റെ മിക്ക ഷോറൂമിലും ഇപ്പോൾ പുസ്തകം കിട്ടാത്ത അവസ്ഥയാണ്. ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ശാരീരികമായ പീഡനത്തേക്കാൾ ഭീകരമായിരുന്നു, സഭയുടെ അപവാദം പ്രചരണവും ഒറ്റപ്പെടുത്തലുമെന്ന് ജോസഫ് മാഷ് എഴുതുന്നുണ്ട്. കോളജിൽനിന്ന് പിരിച്ചുവിട്ട കാലത്ത് കത്തോലിക്ക സഭയിലെ ഒരു പറ്റം വൈദികർ തനിക്കെതിരെ വ്യാപകമായ തോതിൽ വ്യാജ പ്രചരണങ്ങളും സ്വഭാവഹത്യയും നടത്തി. തനിക്ക് അനുകൂലമായി പത്രമാസികകളിൽ ലേഖനം എഴുതിയവരെ തിരഞ്ഞുപിടിച്ച് ആക്ഷേപിച്ചിരുന്നു.

സഭേതര പത്രമാസികകളിൽ തനിക്ക് അനുകൂലമായി എഴുതിയ ക്രിസ്തീയ നാമധാരികളെ കോതമംഗലം മെത്രാൻ മാർ ജോർജ് പുന്നക്കോട്ടിൽ നേരിട്ട് വിളിച്ച് ശാസിച്ചിരുന്നു. സ്വാതികനും വയോധികനുമായ ഫാ. എ. അടപ്പൂരിനെപോലും കത്തോലിക്ക വൈദികരും മെത്രാന്മാരുടെ ശിങ്കിടികളും തെറിവിളിയിൽ നിന്ന് ഒഴിവാക്കിയില്ലെന്ന് ടി.ജെ ജോസഫ് എഴുതുന്നു. താൻ ഭാര്യാമർദകനാണെന്നും, അമ്മയെ നോക്കാത്തവനാണെന്നുമൊക്കെ കന്യാസ്ത്രീകളും വൈദികരും വിശ്വാസികൾക്കിടയിൽ വ്യാപകമായ തോതിൽ അപവാദ പ്രചരണം നടത്തി. കത്തോലിക്ക സഭയുടെ സംഘടിത ശക്തി ഉപയോഗിച്ച് നിസ്സഹായനായ ഒരു മനുഷ്യനെ എങ്ങനെയെല്ലാം വേട്ടയാടാമെന്ന് വിവരിക്കുന്ന ഒരു ചരിത്ര പുസ്തകം കൂടിയാണ് ടി ജെ ജോസഫിന്റെ ആത്മകഥ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP