Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇടത് സർക്കാർ ഉദ്യോഗാർത്ഥികൾക്ക് നൽകിയത് ആറ് ഉറപ്പുകൾ; തുടർ നടപടി തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് വിധേയമായിട്ടെന്നും മിനിട്‌സിൽ; മന്ത്രിയുടെ വാക്കുകളിൽ വിശ്വാസമെന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്തവർ; യാചന മുതൽ നിരാഹാരം വരെ നീണ്ട ഒരുമാസത്തെ സമരത്തിന് വിരാമമായത് ഇങ്ങനെ

ഇടത് സർക്കാർ ഉദ്യോഗാർത്ഥികൾക്ക് നൽകിയത് ആറ് ഉറപ്പുകൾ; തുടർ നടപടി തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് വിധേയമായിട്ടെന്നും മിനിട്‌സിൽ;  മന്ത്രിയുടെ വാക്കുകളിൽ വിശ്വാസമെന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്തവർ;  യാചന മുതൽ നിരാഹാരം വരെ നീണ്ട ഒരുമാസത്തെ സമരത്തിന് വിരാമമായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്തിരുന്ന ഉദ്യോഗാർത്ഥികളുമായുള്ള ചർച്ചയിൽ ഇടത് സർക്കാർ നൽകിയത് ആറ് ഉറപ്പുകൾ. എൽ ജി എസിലെ പ്രതീക്ഷിത ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യും, സ്ഥാനക്കയറ്റം നൽകി പുതിയ ഒഴിവുകൾ പി എസ് സിയെ അറിയിക്കും, തടസമുള്ളവയിൽ താൽക്കാലിക സ്ഥാനക്കയറ്റം നൽകും, ഇത് പരിശോധിക്കാൻ ഉദ്യോഗസ്ഥ തല സമിതി ഉണ്ടാക്കും, സി പി ഒ ഒഴിവുകൾ റിപ്പോർട്ടു ചെയ്യുന്നതിലെ അപാകത മാറ്റും, നൈറ്റ് വാച്ച്മാൻ ഡ്യൂട്ടി എട്ടുമണിക്കൂറാക്കുന്നത് പരിഗണിക്കും എന്നിവയാണ് ഉറപ്പുകൾ.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് വിധേയമായിട്ടായിരിക്കും ഇവയുടെ തുടർ നടപടികൾ എന്നും ചർച്ചയുടെ മിനിട്ട്‌സിൽ പറയുന്നു.

ചർച്ച വിജയിച്ചതിനെ തുടർന്ന് എൽ ജി എസ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്ന സമരം അവസാനിപ്പിച്ചിരുന്നു. ഇന്ന് രാവിലെ മന്ത്രി എ കെ ബാലനുമായി നടത്തിയ ചർച്ചയിൽ അനുകൂല സമീപനമായിരുന്നു ഉണ്ടായിരുന്നത് എന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രതിനിധികൾ പറഞ്ഞത്.

മന്ത്രിയുടെ വാക്കുകൾ വിശ്വസിക്കുന്നതായും ഇവർ പറഞ്ഞു. സമരത്തിനു പിന്തുണ നൽകിയ രാഷ്ട്രീയ പാർട്ടികൾക്കും മാധ്യമങ്ങൾക്കും ഉദ്യോഗാർത്ഥികൾ നന്ദി അറിയിക്കുകയും ചെയ്തു. എന്നാൽ രേഖാമൂലം ഉറപ്പ് ലഭിക്കുംവരെ സമരം തുടരുമെന്ന് സി പി ഒ ഉദ്യോഗാർത്ഥികൾ പറഞ്ഞു.

ഇന്ന് രാവിലെ 11മണിക്കായിരുന്നു മന്ത്രി എ.കെ ബാലനും ഉദ്യോഗാർത്ഥികളും തമ്മിലുള്ള ചർച്ച നടന്നത്. എൽ.ജി.എസ് റാങ്ക്‌ഹോൾഡേഴ്‌സ് നടത്തുന്ന സമരം 34 ദിവസവും സി.പി.ഒ റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരം 21 ദിവസവും പിന്നിട്ടിരുന്നു.

സമരക്കാരോട് സർക്കാർ മുഖം തിരിക്കാതെ വന്നപ്പോൾ സമരം ശക്തമാവുകയായിരുന്നു. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുൾപ്പെട്ട ഉദ്യോഗാർഥികൾ ആരംഭിച്ച സമരം പിന്നീട് സിപിഒ റാങ്ക് ലിസ്റ്റിലുൾപ്പെട്ടവരും ഏറ്റെടുത്തു. പലവിധത്തിലുള്ള പ്രതിഷേധസമരങ്ങൾക്കാണ് പിന്നീട് സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തൽ വേദിയായത്.

 

ജോലി ആവശ്യപ്പെട്ട് ദേശീയ കായികതാരങ്ങളും രംഗത്തെത്തി. മുട്ടിലിഴഞ്ഞും യാചനാസമരം നടത്തിയും ശയനപ്രദക്ഷിണം നടത്തിയും സെക്രട്ടേറിയറ്റിന് മുന്നിൽ മീൻവിൽപന നടത്തിപ്പോലും സമരക്കാർ പ്രതിഷേധിച്ചു.

യൂത്ത് കോൺഗ്രസും യുവമോർച്ചയും കെ.എസ്.യുവും തുടങ്ങി നിരവധി സംഘടനകൾ സമരത്തിന് പിന്തുണയർപ്പിച്ച് സമരസ്ഥലത്തെത്തി. യൂത്ത് കോൺഗ്രസ് നേതാക്കളും യുവമോർച്ച പ്രതിനിധികളും നിരാഹാരമിരുന്നു.

രാഷ്ട്രീയത്തിന്റെ നിറമില്ലെന്ന് അവകാശപ്പെട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ 48 മണിക്കൂർ ഉപവാസ സമരം നടത്തി. ഒപ്പം ലീഗ് ഉൾപ്പെടെയുള്ള സംഘടനകൾ പിന്തുണയർപ്പിച്ച് സമരസ്ഥലത്തെത്തി. ഉദ്യോഗാർഥികളും സർക്കാരും തമ്മിലുള്ള ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കാനും ശ്രമങ്ങളും ഡിവൈഎഫ്ഐയുടെ ഭാഗത്ത് നിന്നുണ്ടായി.

ഒടുവിൽ ഉദ്യോഗസ്ഥതലത്തിൽ ചർച്ച നടന്നുവെങ്കിലും തീരുമാനമാവാതെ പിരിഞ്ഞു. സമരം കൂടുതൽ ശക്തിപ്പെടുന്ന പശ്ചാത്തലത്തിലാണ് സമരം ഒത്തുതീർപ്പാക്കാൻ ചർച്ച നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിയമമന്ത്രി എകെ ബാലനെ ചുമതലപ്പെടുത്തിയത്. ഇത് പ്രകാരമുള്ള ചർച്ചകളാണ് ഇന്ന് എൽജിഎസ് ഉദ്യോഗാർഥികളുമായും സിപിഒ ഉദ്യോഗാർഥികളുമായും നടന്നത്.

വിദ്യാർത്ഥികൾ കുറവായ സ്‌കൂളുകളിലെ 2011 മുതലുള്ള അദ്ധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് നോൺ അപ്രൂവ്ഡ് ടീച്ചേഴ്‌സ് യൂണിയൻ നടത്തുന്ന നിരാഹാര സമരം പെരുമാറ്റചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ അവസാനിപ്പിച്ചു.

തുടക്കം മുതൽ ഇന്ന് വരെ സമരത്തിന് പിന്തുണ നൽകിയ എല്ലാ രാഷ്ട്രീയ യുവജന സംഘടനകൾക്കും പ്രതിനിധികൾക്കും പൊതുജനങ്ങൾക്കും മാധ്യമപ്രവർത്തകർക്കും സാമൂഹ്യപ്രവർത്തകർക്കും നന്ദി പറഞ്ഞുകൊണ്ടാണ് ഉദ്യോഗാർഥികളുടെ പ്രതിനിധികൾ മാധ്യമങ്ങളോട് പ്രതികരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP