Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202003Thursday

എസ് എഫ് ഐ പ്രവർത്തകനെ പിടികൂടിയ കലിയിൽ പൊലീസ് ജീപ്പ് അടിച്ചു തകർക്കുന്നത് കുറ്റമല്ല! പി എസ് സി പരീക്ഷയിൽ 28 റാങ്ക് കിട്ടിയ പൊലീസ് കോൺസ്റ്റബിളാകാൻ കൊതിച്ച പാവത്തിനെ ജീപ്പു കേസിൽ വെറുതെ വിടാൻ പിണറായി; പൊതുമുതൽ നശീകരണത്തിലെ മുൻ വിധികൾ കാറ്റിൽ പറത്തി അട്ടിമറി നീക്കം; ഉദ്യോഗ തട്ടിപ്പ് പ്രതി നസീമിനോടുള്ള സർക്കാർ സ്‌നേഹം തുടരുമ്പോൾ

എസ് എഫ് ഐ പ്രവർത്തകനെ പിടികൂടിയ കലിയിൽ പൊലീസ് ജീപ്പ് അടിച്ചു തകർക്കുന്നത് കുറ്റമല്ല! പി എസ് സി പരീക്ഷയിൽ 28 റാങ്ക് കിട്ടിയ പൊലീസ് കോൺസ്റ്റബിളാകാൻ കൊതിച്ച പാവത്തിനെ ജീപ്പു കേസിൽ വെറുതെ വിടാൻ പിണറായി; പൊതുമുതൽ നശീകരണത്തിലെ മുൻ വിധികൾ കാറ്റിൽ പറത്തി അട്ടിമറി നീക്കം; ഉദ്യോഗ തട്ടിപ്പ് പ്രതി നസീമിനോടുള്ള സർക്കാർ സ്‌നേഹം തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എസ്.എഫ്.ഐ. പ്രവർത്തകനെ പിടികൂടിയതിന്റെ പേരിൽ പൊലീസ് ജീപ്പ് അടിച്ചു തകർത്ത എസ്.എഫ്.ഐ. പ്രവർത്തകനെതിരായ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ കോടതിയിൽ ഹർജി വിവാദത്തിലേക്ക്. നസീമിനെതിരായ പൊതുമുതൽ നശീകരണ കേസ് പിൻവലിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. കേസിൽ പരാതിക്കാർ ആരും ഇല്ലാത്ത സാഹചര്യം മനസ്സിലാക്കിയാണ് ഈ നീക്കം.

യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസ്, പി.എസ്.സി. ചോദ്യപ്പേപ്പർ ചോർന്ന കേസ് എന്നിവയിലടക്കം പ്രതിയാണ് നസീം. നസീമിന് ഇപ്പോഴും സർക്കാരിലും പൊലീസിലും സിപിഎമ്മിലും ഉള്ള സ്വാധീനത്തിന് തെളിവാണ് ഈ ഇടപെടൽ. രക്തസാക്ഷി മണ്ഡപത്തിന് സമീപം വച്ച് ട്രാഫിക് നിയമം ലംഘിച്ചതിനാണ് ആദ്യം എസ്.എഫ്.ഐ. പ്രവർത്തകനെ പിടികൂടിയത്. തിരുവനന്തപുരത്തെ സർക്കാർ അഭിഭാഷകയെ പാർട്ടി ഇടപെട്ട് മാറ്റിയിരുന്നു. അതിന് ശേഷമാണ് നിസാമിനെ രക്ഷിക്കാനുള്ള നീക്കം. നേരത്തെ യൂണിവേഴ്‌സിറ്റി കോളേജിലെ അദ്ധ്യാപികയെ അപാനിക്കാൻ ശ്രമിച്ച കേസിൽ ഡിവൈഎഫ്‌ഐ നേതാവ് എഎ റഹിമിനെതിരായ കേസും പിൻവലിക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. അതിന് അദ്ധ്യാപികയുടെ എതിർപ്പ് തടസ്സമായി.

ഇതിന് പിന്നാലെയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ പഴയ എസ് എഫ് ഐ നേതാവിനെ രക്ഷിക്കാനുള്ള ശ്രമം. നിയമസഭയിലെ അതിക്രമത്തിന്റെ പേരിൽ എംഎ‍ൽഎ.മാർക്കെതിരേയെടുത്ത കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചപ്പോൾ സർക്കാരിനെ നിശിതമായി വിമർശിച്ച കോടതി കേസ് പിൻവലിക്കാൻ അനുവദിക്കാതെ പ്രതികളോട് 35000 രൂപ വീതം കെട്ടിവയ്ക്കാൻ നിർദ്ദേശിച്ചു. പൊതുമുതൽ നശീകരണ കേസുകൾ സർക്കാരിനുതന്നെ എതിരായതിനാൽ അവ പിൻവലിക്കാൻ അനുവദിക്കരുതെന്ന് നിരവധി കോടതി ഉത്തരവുകളുണ്ട്.

കേസ് നടത്തിയ സർക്കാർ അഭിഭാഷകയുടെ വീഴ്ചയാണ് കേസ് പിൻവലിക്കാൻ കോടതി അനുവദിക്കാത്തതെന്ന പ്രതികളിൽ ഒരാളുടെ പരാതിയിൽ സർക്കാർ അഭിഭാഷകയെ മാറ്റി. പകരം പാർട്ടി ഉന്നത നേതാവിന്റെ മകനെ സർക്കാർ കേസ് നടത്താൻ ചുമതലപ്പെടുത്തി. തുടർന്ന് ഒരു വർഷം മാത്രം വിരമിക്കാൻ ബാക്കിയുള്ള സർക്കാർ അഭിഭാഷകയെ ആലപ്പുഴയിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു. എന്നാൽ, തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഇതുവരെ പുതിയ നിയമനം നടത്തിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് മുൻ എസ്.എഫ്.ഐ.ക്കാരനായ നസീം പൊലീസ് ജീപ്പ് അടിച്ചു തകർത്ത കേസ് കോടതിയുടെ പരിഗണനയിൽ വരുന്നത്. ഈ കേസിൽ കോടതി നിലപാട് നിർണ്ണായകമാകും.

പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടുമ്പോഴും തട്ടിപ്പ് കയ്യോടെ പിടികൂടിയ കേസിൽ പൊലീസ് ഒളിച്ചുകളി തുടരുകയാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ നേതാക്കൾ പ്രതികളായ തട്ടിപ്പിലാണ് അന്വേഷണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും കുറ്റപത്രം നൽകാതിരിക്കുന്നത്. ഇതോടെ പ്രതികളെല്ലാം ജാമ്യത്തിലിറങ്ങി നടക്കുകയാണ്. യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാർത്ഥി അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി എസ്എഫ്‌ഐ നേതാവ് ആർ. ശിവരഞ്ജിത്തിന് പൊലീസ് കോൺസ്റ്റബിൾ പട്ടികയിൽ ഒന്നാം റാങ്കായിരുന്നു. കേസിലെ രണ്ടാം പ്രതി എ.എൻ. നസീമിനു 28ാം റാങ്കും, എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗമായിരുന്ന പ്രണവിനു രണ്ടാം റാങ്കുമായിരുന്നു. കോപ്പിയടിയെന്ന് ആരോപണം ഉയർന്നപ്പോൾ മുഖ്യമന്ത്രി ആദ്യം നിഷേധിച്ചിരുന്നു. എന്നാൽ പിഎസ്‌സി വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ കോപ്പിയടിയാണെന്ന് തെളിഞ്ഞു.

മൂന്നു പേരും ഉന്നത റാങ്ക് നേടിയത് കോപ്പിയടിച്ചാണെന്ന് തെളിവ് സഹിതം ക്രൈംബ്രാഞ്ച് കണ്ടെത്തുകയും ചെയ്തു. സഹായിച്ചവരടക്കം ആറ് പേർ അറസ്റ്റിലായി. ശാസ്ത്രീയ തെളിവുകളടക്കം വീണ്ടെടുത്ത് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഡിസംബറിൽ പൂർത്തിയായി. പക്ഷേ 9 മാസങ്ങൾ കഴിഞ്ഞിട്ടും കുറ്റപത്രം നൽകാനുള്ള അന്തിമ അനുമതി ഉന്നതങ്ങളിൽ നിന്നെത്തിയിട്ടില്ല. ചില സൈബർ വിവരങ്ങൾ കൂടി കിട്ടാനുണ്ടെന്നാണു കുറ്റപത്രം വൈകുന്നതിന് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. കുറ്റപത്രം നൽകാത്തതിന്റെ ഏക ഗുണം പ്രതികൾക്ക് മാത്രമാണ്. ഇതിനിടെയാണ് മറ്റൊരു കേസിൽ നസീമിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP