Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഭിവന്ദ്യ റാങ്ക് ലിസ്റ്റ് നിര്യാതനായിരിക്കുന്നു; ദുഃഖിതരായി മൂവായിരത്തോളം ഗതികെട്ടവർ; സഞ്ചയനം-എൽഡിഎഫ് വരും എല്ലാം ശരിയാക്കും;സിവിൽ എക്‌സ്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിന്റെ ചരമക്കുറിപ്പ് പോസ്റ്റ് ചെയ്ത് പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ; ഒരു വർഷ കാലാവധിയുള്ള ലിസ്റ്റിൽ നിന്ന് നിയമനം നടന്നത് പത്ത് ശതമാനം മാത്രം; ഒരു പിഎസ് സി ലിസ്റ്റ് കൂടി കാലഹരണപ്പെടുമ്പോൾ നിയമന നിരാശയിൽ ഉദ്യോഗാർത്ഥികൾ

അഭിവന്ദ്യ റാങ്ക് ലിസ്റ്റ് നിര്യാതനായിരിക്കുന്നു; ദുഃഖിതരായി മൂവായിരത്തോളം ഗതികെട്ടവർ; സഞ്ചയനം-എൽഡിഎഫ് വരും എല്ലാം ശരിയാക്കും;സിവിൽ എക്‌സ്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിന്റെ ചരമക്കുറിപ്പ് പോസ്റ്റ് ചെയ്ത് പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ; ഒരു വർഷ കാലാവധിയുള്ള ലിസ്റ്റിൽ നിന്ന് നിയമനം നടന്നത് പത്ത് ശതമാനം മാത്രം; ഒരു പിഎസ് സി ലിസ്റ്റ് കൂടി കാലഹരണപ്പെടുമ്പോൾ നിയമന നിരാശയിൽ ഉദ്യോഗാർത്ഥികൾ

എം മനോജ് കുമാർ

തിരുവനന്തപുരം: കൊറോണ കാരണം രണ്ടു മാസം കൂടി നീട്ടിക്കിട്ടിയ സിവിൽ എക്‌സ്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റ് ഇന്നു കാലഹരണപ്പെടുമ്പോൾ നിരാശരായി ലിസ്റ്റിൽ ഉൾപ്പെട്ട മൂവായിരത്തിലധികം ഉദ്യോഗാർത്ഥികൾ. ഏപ്രിൽ എട്ടിന് കാലാവധി കഴിയുന്ന റാങ്ക് ലിസ്റ്റ് ആണ് കൊറോണ കാരണം രണ്ടു മാസം കൂടി നീട്ടി നൽകിയത്. എന്നിട്ടും ഉദ്യോഗാർത്ഥികൾക്ക് ഒരു ഗുണവും ലഭിച്ചില്ല. ഒരു വർഷ കാലാവധിയുള്ള ലിസ്റ്റിൽ നിന്നും പത്ത് ശതമാനം നിയമനങ്ങൾ മാത്രം നടന്നിരിക്കെ ഉദ്യോഗാർത്ഥികളെ നോക്കുകുത്തിയാക്കി ലിസ്റ്റിന്റെ കാലവധി കഴിയുകയുമാണ്.

വെറും ഒരു വർഷം മാത്രം കാലവധി വന്നതാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് വിനയായത്. മൂന്നു വർഷ കാലാവധിയാണ് ഇതിനു മുൻപ് വന്ന റാങ്ക് ലിസ്റ്റിനുണ്ടായിരുന്നത്. ഇത് മാറ്റിയാണ് ഒരു വർഷം മാത്രം കാലാവധി നൽകിയത്. ലിസ്റ്റിൽ നിന്ന് നടന്നതാകട്ടെ വെറും പത്ത് ശതമാനം മാത്രം നിയമനങ്ങളും. എക്‌സൈസ് വകുപ്പിൽ കേസ് കാരണം പ്രമോഷനുകൾ തത്ക്കാലം നടക്കുന്നില്ല. ഒട്ടനവധി ഒഴിവുകളും നിലനിൽക്കുന്നുണ്ട്. ജോലിഭാരമനുസരിച്ച് ഇപ്പോൾ എക്‌സൈസിന് അയ്യായിരത്തിലധികം ജിവനക്കാർ വേണം. നിലവിലുള്ളത് മൂവായിരത്തോളം പേർ മാത്രം. ഇത്രയും ഒഴിവുകൾ നിലനിൽക്കുമ്പോൾ തന്നെയാണ് എക്‌സൈസ് ഓഫീസർ റാങ്ക് ലിസ്റ്റ് കാലഹരണപ്പെടുന്നത്.

ലോക്ക് ഡൗൺ മൂലം പി.എസ്.സിയിൽ തന്നെ ജീവനക്കാർക്ക് എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. .ഒഴിവുകൾ യഥാവിധി റിപ്പോർട്ടും ചെയ്യപ്പെട്ടില്ല. ഇതു രണ്ടും ഉദ്യോഗാർത്ഥികൾക്ക് ഒരേസമയം തിരിച്ചടിയായി. നിലവിലെ ലിസ്റ്റിൽ ഉൾപ്പെട്ടവർ മിക്കവരും ഏജ് ഓവറാണ്. അതിനാൽ ലിസ്റ്റിൽ ഉള്ള പലർക്കും ഇനിയൊരു പിഎസ്‌സി പരീക്ഷ എഴുതാനുള്ള അവസരവും ലഭിക്കുന്നില്ല. വെറും നാമമാത്രമായ നിയമനങ്ങളാണ് ഈ ലിസ്റ്റിൽ നിന്നും വന്നത്. പുതിയ ലിസ്റ്റ് വരും വരെയെങ്കിലും കാലാവധി നീട്ടി നൽകണമെന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടെങ്കിലും ഇതും നടന്നിട്ടില്ല.

ലിസ്റ്റ് നീട്ടുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയെങ്കിലും ആ ഉറപ്പും പാഴാകുകയായിരുന്നു. വെറും സിവിൽ എക്‌സൈസ് ഓഫീസർ പോലുള്ള ഒരു റാങ്ക് ലിസ്റ്റിനു വെറും ഒരു വർഷം മാത്രം കാലാവധി നൽകുന്നതിലെ വൈരുധ്യം മുഴച്ച് നിൽക്കുമ്പോൾ തന്നെയാണ് ലിസ്റ്റിന്റെ കാലാവധി ഇന്നു തീരുന്നത്. ഒന്നേകാൽ കോടി രൂപയോളം ചെലവിട്ടാണ് ഈ പരീക്ഷ പിഎസ് സി നടത്തിയിരിക്കുന്നത്. നിയമനങ്ങളോ വനം വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ, ജയിൽ വകുപ്പിലെ അസിസ്റ്റന്റ് ജയിലർ റാങ്ക് ലിസ്റ്റുകൾക്ക് ഇപ്പോഴും മൂന്നു വർഷ കാലാവധിയുണ്ട്.

എക്‌സൈസ് റാങ്ക് ലിസ്റ്റ് ഇന്നു കാലാവധി അവസാനിക്കുമ്പോൾ ചരമ അറിയിപ്പാണ് ഉദ്യോഗാർത്ഥികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നമ്മുടെ അഭിവന്ദ്യ റാങ്ക് ലിസ്റ്റ് സിവിൽ എക്‌സൈസ് ഓഫീസർ നിലവിൽ ജനസംഖ്യാ ആനുപാതികമായി അയ്യായിരം ഉദ്യോഗസ്ഥരുടെ കുറവ് നേരിടുന്ന സാഹചര്യത്തിൽ സർക്കാരിന്റെ അനാസ്ഥ കാരണം ജൂൺ 19 നു നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു-എന്ന് ദുഃഖിതനായ മകൻ.

നിയമനം കിട്ടാത്ത പത്താം റാങ്ക്കാരൻ, റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മൂവായിരത്തോളം ഗതികെട്ട യുവാക്കൾ. മറ്റു ബന്ധുമിത്രാധികൾ. സഞ്ചയനം-എൽഡിഎഫ് വരും എല്ലാം ശരിയാക്കും. മരണവിവരം യഥാസമയം അറിയാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ വരുന്ന ഇലക്ഷന് അറിഞ്ഞോളും എന്നാണ് ചരമ അറിയിപ്പായി ഉദ്യോഗാർത്ഥികൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു വർഷ ലിസ്റ്റിൽ നിന്നും വെറും പത്ത് ശതമാനം മാത്രം നിയമങ്ങൾ എന്നതാണ് ഉദ്യോഗാർത്ഥികളെ ചൊടിപ്പിച്ചത്. അതുകൊണ്ട് തന്നെ ലിസ്റ്റിൽ ഉൾപ്പെട്ട മിക്കവർക്കും നിയമനവും ലഭിച്ചില്ല.

എക്സൈസ് വകുപ്പിലെ അപ്രഖ്യാപിത നിയമന നിരോധനം ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയായി. എക്സൈസ് വകുപ്പിലെ റാങ്ക് ലിസ്റ്റിലെ കാലാവധി തീരാനിരിക്കെ തന്നെ നിയമനത്തിനു സർക്കാർ തലത്തിൽ നടപടി വന്നിരുന്നില്ല. റാങ്ക് ലിസ്റ്റിൽ നിന്നും കാര്യമായ നിയമനങ്ങൾ നടന്നതുമില്ല. ലോക്ക് ഡൗൺ വന്നില്ലെങ്കിൽ കാലാവധി ഈ ഏപ്രിൽ ഏഴിന് അവസാനിക്കേണ്ടതായിരുന്നു. ലോക്ക് ഡൗൺ കാരണമാണ് ഇന്നുവരെ നീട്ടി നൽകിയത്. പക്ഷെ കനത്ത നിരാശയാണ് ഉദ്യോഗാർത്ഥികൾക്ക് വന്നത്.

2016-ൽ നോട്ടിഫിക്കേഷൻ വന്നതുമുതലുള്ള ഉദ്യോഗാർത്ഥികളുടെ കാത്തിരിപ്പാണ് ഇപ്പോൾ വൃഥാവിലാകുന്ന അവസ്ഥ വന്നിരിക്കുന്നത്. സിവിൽ എക്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത് 3500 ഓളം പേരാണ്. എന്നാൽ ഇതുവരെ നിയമനം നടന്നത് 300 ഓളം പേർക്കും. ജൂണിൽ ഈ ലിസ്റ്റിൽ നിന്ന് എത്രപേർക്ക് നിയമനം ലഭിക്കുമെന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുകയാണ്. ഒരു വർഷ കാലാവധിയുള്ള റാങ്ക് ലിസ്റ്റാണ് ഇത്. ഇത് ഏപ്രിൽ അവസാനിക്കേണ്ടതായിരുന്നു. പക്ഷെ ലോക്ക് ഡൗൺ കാരണം ജൂൺ വരെ നീട്ടിയിട്ടുണ്ട്. മുൻപ് മൂന്നു വർഷ കാലാവധിയാണ് റാങ്ക് ലിസ്റ്റിനുണ്ടായിരുന്നത്. പക്ഷെ ഈ റാങ്ക് ലിസ്റ്റിനു ഒരു വർഷമാണ് കാലാവധി വെച്ചത്. ഈ ലിസ്റ്റ് രണ്ടു വർഷമായി നീട്ടണമെന്ന് പിഎസ്‌സി തന്നെ സർക്കാരിനു ശുപാർശ നൽകിയെങ്കിലും ഇതുവരെ തീർപ്പും വന്നില്ല. ഇതാണ് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷകൾക്കും മങ്ങലേൽപ്പിച്ചത്.

എക്സൈസ് വകുപ്പിൽ ആൾ ക്ഷാമം രൂക്ഷമാണെങ്കിലും നിയമനത്തിനു സർക്കാർ തലത്തിൽ നടപടിയില്ല. സംസ്ഥാനത്ത് വ്യാജ വാറ്റും സ്പിരിറ്റ് കടത്തും മയക്കുമരുന്ന് കടത്തും വ്യാപകമാണ്. ആൾ ക്ഷാമം കാരണമുള്ള പ്രശ്നങ്ങൾ വകുപ്പ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടി വന്നിട്ടില്ല. ഓരോ ജില്ലയിലും കുറഞ്ഞത് 150 മുതൽ 200 പേരുടെ വരെ കുറവാണ് വകുപ്പ് നേരിടുന്നത്. എന്നിട്ടും നിയമനത്തിനു സർക്കാർ നടപടിയില്ല. നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്നും ഇതുവരെ 300 പേരെ മാത്രമേ എടുത്തിട്ടുള്ളൂ.

ഈ ലിസ്റ്റിൽ നിന്നും ഏറ്റവും കൂടുതൽ പേർക്കു നിയമന ശുപാർശ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. 55പേരെയാണ് ജില്ലയിൽ നിന്നും നിയമനം നൽകിയത്. ഏറ്റവും കുറവ് നിയമനം കാസർകോട്ടും. ഒൻപത് പേരെയാണ് ഇവിടെ നിയമനം നടത്തിയത്. ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ 20 പേർക്കു പോലും നിയമനം ലഭിച്ചിട്ടില്ല. ആൾക്ഷാമം എക്സൈസിൽ രൂക്ഷമായി തുടരവേ തന്നെയാണ് നിയമനകാര്യത്തിൽ സർക്കാർ പുലർത്തുന്ന ഈ അലംഭാവം ദൃശ്യമാകുന്നത്. പുതിയ തസ്തികയും നിയമനവും ഇല്ലാത്ത അവസ്ഥയിലാണ് എക്സൈസ് വകുപ്പിന്റെ മുന്നോട്ടുള്ള പോക്ക്. 2008നു ശേഷം വകുപ്പിലുള്ളവർക്ക് പ്രമോഷൻ തന്നെ ലഭിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഇതുമായി കണ്ണൂർ ജില്ലയിലേ സീനിയോറിറ്റി തർക്കവുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നതിനാലാണ് പ്രമോഷൻ നിലച്ചിരിക്കുന്നത്.

1968ലെ സ്റ്റാഫ് പാറ്റേണിലാണ് ഇപ്പോഴും എക്സൈസ് മുന്നോട്ടു പോകുന്നത്. സ്റ്റാഫ് പാറ്റെൺ പരിഷ്‌ക്കരിക്കണമെന്ന് വകുപ്പിൽ നിന്ന് നിരന്തരം ആവശ്യം ഉയർന്നെങ്കിലും ഇതിലും അവഗണന തന്നെയാണ് വന്നത്. സിവിൽ എക്സൈസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ നിന്ന് കൂടുതൽ ഉദ്യോഗാർഥികളെ നിയമിച്ച് പ്രതിസന്ധിക്കു പരിഹാരം കാണണമെന്ന ആവശ്യം വകുപ്പ് ഉയർത്തിയെങ്കിലും സർക്കാർ ചെവികൊണ്ടിട്ടില്ല. അബ്കാരി കേസുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവുണ്ടായിട്ടും ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ മാറ്റമുണ്ടായിട്ടില്ല. എന്നിട്ടും എണ്ണം കൂട്ടാനുള്ള ഒരു നടപടിയും വന്നിട്ടില്ല. ഋഷിരാജ് സിങ് എക്സൈസ് കമ്മിഷണർ ആയിരിക്കെ 800 സിവിൽ എക്സൈസ് ഓഫീസർമാരെ അടിയന്തിരമായി റിക്രൂട്ട് ചെയ്യണമെന്നു സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഈ കാര്യത്തിൽ തുടർനടപടികൾ വന്നില്ല.

അറുനൂറു സിവിൽ എക്സൈസ് ഓഫീസർമാരും 200 വനിതാ ഓഫീസർമാരെയും അടിയന്തിരമായി ആവശ്യമുണ്ടെന്നാണ് ഋഷിരാജ് സിങ് ആവശ്യപ്പെട്ടിരുന്നത്. ക്രൈം വിഭാഗം പ്രത്യേകമാക്കാനും സിങ് നിർദ്ദേശിച്ചിരുന്നു. സ്‌കൂൾ കോളേജുകളിൽ ബോധവത്ക്കരണം നടത്തണമെങ്കിൽ അതിനും ജീവനക്കാർ വേണം. 600 സിവിൽ എക്സൈസ് ഓഫീസർമാരും 200 വനിതാ ഓഫീസർമാരും വേണമെന്നാണ് സിങ് ആവശ്യപ്പെട്ടത്. ഈ കാര്യം ചൂണ്ടിക്കാട്ടി സർക്കാരിനു എഴുതുകയും ചെയ്തിരുന്നു.പക്ഷെ ഒരു നടപടിയും വന്നില്ല. ഇപ്പോൾ നിയമനത്തിനായുള്ള ഉദ്യോഗാർത്ഥികളുടെ കാത്തിരിപ്പും അവസാനിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP