Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുത്ത്‌കേസ് പ്രതികൾക്ക് വന്ന എസ്എംഎസ് എന്താണ് തെളിയിക്കുന്നത്? പിഎസ്‌സി പരീക്ഷ ഫുൾ പ്രൂഫല്ല എന്ന് തെളിഞ്ഞില്ലേ? ഇന്റഗ്രിറ്റിയുള്ള ഏജൻസിയുടെ അന്വേഷണം വരേണ്ടേ? സർക്കാരിനു തന്നെ വിശ്വാസമില്ലാത്ത കേരളാ പൊലീസ് തന്നെ പരീക്ഷാ ക്രമക്കേട് അന്വേഷിച്ചാൽ മതിയോ? പിഎസ്‌സി ചെയർമാന്റെ വാർത്താസമ്മേളനത്തെ ബഹളത്തിൽ മുക്കിയത് മറുനാടന്റെ ചോദ്യങ്ങൾ; സിബിഐ അന്വേഷണം തള്ളി കേരളാ പൊലീസ് അന്വേഷണത്തിൽ മാത്രം വിശ്വാസമർപ്പിച്ച് പിഎസ്‌സി ചെയർമാനും

കുത്ത്‌കേസ് പ്രതികൾക്ക് വന്ന എസ്എംഎസ് എന്താണ് തെളിയിക്കുന്നത്? പിഎസ്‌സി പരീക്ഷ ഫുൾ പ്രൂഫല്ല എന്ന് തെളിഞ്ഞില്ലേ?  ഇന്റഗ്രിറ്റിയുള്ള ഏജൻസിയുടെ അന്വേഷണം വരേണ്ടേ? സർക്കാരിനു തന്നെ വിശ്വാസമില്ലാത്ത കേരളാ പൊലീസ് തന്നെ പരീക്ഷാ ക്രമക്കേട് അന്വേഷിച്ചാൽ മതിയോ? പിഎസ്‌സി ചെയർമാന്റെ വാർത്താസമ്മേളനത്തെ ബഹളത്തിൽ മുക്കിയത് മറുനാടന്റെ ചോദ്യങ്ങൾ; സിബിഐ അന്വേഷണം തള്ളി കേരളാ പൊലീസ് അന്വേഷണത്തിൽ മാത്രം വിശ്വാസമർപ്പിച്ച് പിഎസ്‌സി ചെയർമാനും

സുവർണ.പി.എസ്.

 തിരുവനന്തപുരം: പതിറ്റാണ്ടുകളായി കേരളത്തിൽ നിലനിൽക്കുന്ന പിഎസ്‌സി എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്ന വിധം പിഎസ്‌സി കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടന്നെന്നു തുറന്നു സമ്മതിച്ചിട്ടും തൃപ്തികരമായ ഒരുത്തരവും പറയാൻ കഴിയാതെ പരുങ്ങി പിഎസ്‌സി ചെയർമാൻ എം കെ സക്കീർ. ഇന്നുച്ചയ്ക്ക് വിളിച്ചു ചേർത്ത മാധ്യമ സമ്മേളനത്തിൽ അമ്പേ പരാജയപ്പെടുന്ന പിഎസ്‌സി ചെയർമാനെയാണ് കണ്ടത്. എസ്എംഎസ് വഴി യൂണിവേഴ്‌സിറ്റി കോളേജ് കുത്തുകേസിലെ പ്രതികൾക്ക് ഉത്തരം ലഭിച്ചെന്നു തുറന്നു സമ്മതിച്ചാണ് പിഎസ്‌സി ചെയർമാൻ വാർത്താസമ്മേളനത്തിനു തുടക്കമിട്ടത്.

പിഎസ്‌സി പരീക്ഷയ്ക്ക് മൊബൈൽ അനുവദനീയമല്ല. എന്നിട്ടും ശിവരഞ്ജിത്തിന് 96 ഉം പ്രണവിന് 78 സന്ദേശങ്ങൾ മൊബൈൽ വഴി എത്തി. ഈ മൊബൈൽ എങ്ങിനെ പരീക്ഷാ സമയത്ത് ഇവരുടെ കൈവശം എത്തി എന്ന ചോദ്യത്തിനു ചെയർമാന് ഉത്തരമില്ലായിരുന്നു. എസ്എംഎസ് വഴി ശിവരഞ്ജിത്തിന് 96 ഉം പ്രണവിന് 78 സന്ദേശങ്ങൾ ഉത്തരമായി എത്തി എന്ന് പറഞ്ഞപ്പോൾ മറുനാടൻ ഉയർത്തിയ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഒരു മറുപടിയും ചെയർമാനിൽ നിന്നും വന്നില്ല. എസ്എംഎസ് എന്താണ് തെളിയിക്കുന്നത്. പിഎസ്‌സി പരീക്ഷ ഫുൾ പ്രൂഫല്ല എന്ന് തെളിഞ്ഞിരിക്കുന്നു. അപ്പോൾ പിഎസ്‌സി പരീക്ഷയ്ക്ക് ലൂപ്പ് ഹോൾസ് ഉണ്ട്. ഈ ലൂപ്പ് ഹോൾസ് അന്വേഷിക്കേണ്ടതല്ലേ. പിഎസ്‌സി പരീക്ഷയ്ക്ക് ഫുൾ പ്രൂഫില്ല എന്ന് റിപ്പോർട്ട് നൽകിയത് പിഎസ്‌സി വിജിലൻസ് വിങ്. അപ്പോൾ ഇന്റഗ്രിറ്റിയുള്ള ഏജൻസി പരീക്ഷാ ക്രമക്കേട് അന്വേഷിക്കേണ്ടതല്ലേ. കേരളാ സർക്കാരിനു തന്നെ വിശ്വാസമില്ലാത്ത കേരളാ പൊലീസ് അന്വേഷിച്ചാൽ മതിയോ?

കേരളത്തിനു പുറത്തു നിന്നുള്ള ഏജൻസി പരീക്ഷാ ക്രമക്കേട് അന്വേഷിക്കേണ്ടതല്ലേ? മറുനാടന്റെ ചോദ്യം പിഎസ്‌സി ചെയർമാന്റെ വാർത്താസമ്മേളനത്തിൽ വഴിത്തിരിവായി. പിഎസ്‌സി ക്രമക്കേട് പുറത്തു നിന്നുള്ള ഏജൻസി തന്നെ അന്വേഷിക്കേണ്ടതല്ലേ? എന്താണ് പിഎസ്‌സി പരീക്ഷയിൽ നടക്കുന്നത്? പിഎസ്‌സിയുടെ വിശ്വാസ്യത സംശയ നിഴലിലായിരിക്കുന്നു-തുടരെ തുടരെ ചോദ്യങ്ങളുമായി മാധ്യമ പ്രവർത്തകർ എഴുന്നേറ്റു. പിഎസ്‌സി പരീക്ഷയിൽ ഒരു ക്രമക്കേടും നടന്നിട്ടില്ലാ എന്ന് മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിച്ചതും മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടി. ഇന്റ്ഗ്രിറ്റിയുള്ള എജൻസി അന്വേഷിക്കേണ്ടേ എന്ന ചോദ്യത്തിൽ പിഎസ്‌സി ചെയർമാൻ നിലം പരിശാകുന്നതാണ് പിന്നീട് കണ്ടത്. മാധ്യമ പ്രവർത്തകർ ഒറ്റക്കെട്ടായി ഇന്റ്ഗ്രിറ്റിയുള്ള അന്വേഷണം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ക്രമക്കേട് ഇല്ലാ എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസ് ക്രമക്കേട് കണ്ടെത്തുമോ എന്നാണ് പിന്നീട് ഉയർന്ന ചോദ്യം. ഒന്നിനും കൃത്യമായ ഒരുത്തരം ചെയർമാൻ നൽകിയില്ല. പകരം പറഞ്ഞത് പ്രതികളുടെ സ്പോർട്സ് സർട്ടിഫിക്കറ്റ് പ്രശ്‌നം, സീൽ വ്യാജമായി കണ്ടെത്തിയ പ്രശ്‌നം എന്നിവ ഉയർത്തിക്കാട്ടിയായിരുന്നു.

പിഎസ്‌സി പരീക്ഷാ ക്രമക്കേടിന് സിബിഐ അന്വേഷണം എന്ന കാര്യം ചെയർമാന്റെ ഉത്തരത്തിൽ വന്നതേയില്ല. ആദ്യം വന്ന ആരോപണങ്ങൾക്ക് പിഎസ്‌സി കൃത്യമായി ഉത്തരം നൽകിയിരുന്നു. സ്പോർട്സ് സർട്ടിഫിക്കറ്റിൽ കൃത്രിമം നടന്നിട്ടില്ലാ എന്ന് അന്വേഷണത്തിൽ ബോധ്യമായതാണ്. മൂന്നു പേരും മൂന്നു സെന്ററിൽ ആണ് പരീക്ഷ എഴുതിയത് എന്നെല്ലാം പിഎസ്‌സി മറുപടി നൽകി എന്നൊക്കെയാണ് ചെയർമാൻ പറഞ്ഞത്. അന്ന് പിഎസ്‌സി നടത്തിയ അന്വേഷണത്തിൽ പിഎസ്‌സിയുടെ വിശ്വാസ്യത തകർന്നിട്ടില്ലാ എന്ന് അന്ന് തന്നെ പിഎസ്‌സി തെളിയിച്ചു. ഒട്ടും വിശ്വാസ്യതയില്ലാത്ത കേരളത്തിലെ പൊലീസ് അന്വേഷിച്ചാൽ പിഎസ്‌സി പരീക്ഷാ തട്ടിപ്പിന്റെ കാര്യങ്ങൾ വെളിയിൽ വരുമോ എന്ന ചോദ്യത്തിനു മറുപടിയിൽ എവിടെയും ഉത്തരങ്ങൾ വന്നില്ല. പകരം പിഎസ്‌സിയെയും പൊലീസിനെയും ന്യായീകരിച്ചാണ് ചെയർമാൻ സംസാരം തുടർന്നത്. ഇതോടെ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളും ഉയർന്നു പൊങ്ങി. വാർത്താസമ്മേളനം ബഹളത്തിൽ മുങ്ങി.

പിഎസ്‌സിയുടെ വിശ്വാസ്യത തകരുന്ന കാര്യത്തിൽ ചോദ്യങ്ങൾ വിട്ടുകളയാൻ മാധ്യമങ്ങളും തയ്യാറായില്ല. ചെയർമാൻ തുടരെ തുടരെ ചോദ്യങ്ങൾ മാധ്യമങ്ങൾക്ക് നേരെ ഉയർത്തിയപ്പോൾ മാധ്യമ പ്രവർത്തകരും ക്ഷുഭിതരായി. ചോദ്യങ്ങൾ ഞങ്ങൾ ചോദിക്കാം. ചെയർമാൻ മറുപടി പറയണം-മാധ്യമങ്ങൾ ആവശ്യപ്പെട്ടു. വർഷങ്ങളായി ഉറക്കം ഒഴിച്ച് പഠിക്കുന്ന ഉദ്യോഗാർത്ഥികളെയാണ് നിങ്ങൾ ചോദ്യം ചെയ്യുന്നത്-വാർത്താ സമ്മേളനത്തിൽ ഉയർന്നത് തുരുതുരെയുള്ള ചോദ്യങ്ങൾ ആയിരുന്നു. എല്ലാ ചോദ്യങ്ങൾക്കും ഉത്തരംമുട്ടിയാണ് ചെയർമാൻ ഇരുന്നത്. ആരോപണ-പ്രത്യാരോപണങ്ങൾക്കൊണ്ട് വാർത്താസമ്മേളനം അലങ്കോലമായി. പിഎസ്‌സിക്ക് വിശ്വാസ്യത ഉണ്ടെന്നു ഉറപ്പിക്കാനുള്ള നീക്കങ്ങൾ ഒന്നും ഫലം കണ്ടതുമില്ല. പിഎസ്‌സി ആവശ്യപ്പെടുന്നത് പൊലീസ് അന്വേഷണം മാത്രമാണ്. ഇതാണ് ചെയർമാൻ പറഞ്ഞുകൊണ്ടിരുന്നത്. പൊലീസിനും അപ്പുറത്തുള്ള ഒരു ഏജൻസി അന്വേഷിക്കുന്ന കാര്യം ചെയർമാന്റെ ഒരു പ്രതികരണത്തിലും വന്നതുമില്ല. ഒടുവിൽ പിഎസ്‌സി പരീക്ഷാ ക്രമക്കേടിനെക്കുറിച്ച് പൊലീസ് അന്വേഷിക്കട്ടെ എന്ന് മാത്രം പറഞ്ഞാണ് പിഎസ്‌സി ചെയർമാൻ വാർത്താസമ്മേളനം അവസാനിപ്പിച്ചത്. പിഎസ്‌സിയുടെ വിശ്വാസ്യതയെ സംശയനിഴലിലാക്കിയാണ് വാർത്താസമ്മേളനം അവസാനിപ്പിക്കുകയുംചെയ്തത്.

അതേസമയം പിഎസ്‌സി കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടന്നെന്നു വാർത്താസമ്മേളനത്തിൽ വിശദമാക്കുകയാണ് പിഎസ്‌സി ചെയർമാൻ എം കെ സക്കീർ ചെയ്തത്. പിഎസ്‌സി പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന ചെയർമാന്റെ കുറ്റസമ്മതം പിഎസ്‌സിയെ തന്നെ വെട്ടിലാക്കുകയാണ് ചെയ്തിരിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളേജിലെ കുത്ത് കേസിൽ പ്രതികളായ എസ്.എഫ്.ഐ നേതാക്കളായ മൂന്ന് പേരുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് ഇവർ പി.എസ്.സി പരീക്ഷയിൽ തട്ടിപ്പ് നടത്തിയെന്ന് ബോധ്യപ്പെട്ടതെന്ന് ചെയർമാൻ വ്യക്തമാക്കിയത്. കുത്തുകേസിലെ പ്രതികൾക്ക് പിഎസ്‌സി പരീക്ഷ തുടങ്ങിയതിന് ശേഷമാണ് ഉത്തരങ്ങൾ എസ്എംഎസായി എത്തിയത്. കോൺസ്റ്റബിൾ പരീക്ഷയ്ക്കിടെ പ്രതികളുടെ ഫോണിൽ രണ്ട് മണിക്ക് ശേഷം 3.15 വരെ സന്ദേശങ്ങളെത്തി. പല ഫോൺ നമ്പറുകളിൽ നിന്നായി ശിവരഞ്ജിത്തിന് 96 ഉം പ്രണവിന് 78 സന്ദേശങ്ങളുമാണ് ലഭിച്ചത്. ഇവ അയച്ച ഫോൺ നമ്പരുകൾ ശേഖരിച്ചിട്ടുണ്ടെന്ന് എം കെ സക്കീർ അറിയിച്ചു.

7907508587, 9809 269076 എന്നീ നമ്പറിൽ നിന്നും 7736493940 എന്ന ശിവരഞ്ജിത്തിന്റെ നമ്പരിലേക്ക് സന്ദേശങ്ങൾ വന്നു. 9809555095 എന്ന പ്രണവിന്റെ നമ്പറിലേക്ക് 79 07936722, 9809 269076, 8589964981 എന്നീ നമ്പറുകളിൽ എസ്എംഎസ് വന്നുവെന്ന് പിഎസ്‌സി ചെയർമാൻ പറഞ്ഞു. പൊലീസിന് നൽകാൻ പിഎസ്‌സി നൽകിയ റിപ്പോർട്ടിൽ നിന്നുള്ള ഭാഗങ്ങളാണ് ചെയർമാൻ ഉദ്ധരിച്ചത്. പരീക്ഷസമയത്ത് ഇവർ മൂന്ന് പേരും മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായാണ് സൂചന. പരീക്ഷയുടെ ഉത്തരങ്ങൾ ഇവർക്ക് എസ്എംഎസായി ലഭിച്ചെന്നാണ് നിഗമനം. കേരള പൊലീസിന്റെ സൈബർ വിഭാഗവുമായി സഹകരിച്ചാണ് പിഎസ്‌സി വിജിലൻസ് വിഭാഗം അന്വേഷണം നടത്തിയത്. മൊബൈൽ ഇവർ വരാന്തയിൽ വെച്ചോ അകത്തുവെച്ചോ എന്ന കാര്യം പിഎസ്‌സിക്ക് അറിയില്ല. പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ പ്രതികളുടെ മൊബൈൽ നമ്പരിലേക്ക് തുടരെത്തുടരെ സന്ദേശങ്ങൾ എത്തിയെന്ന് ബോധ്യപ്പെട്ടത്. തുടർന്ന് പി.എസ്.സിയുടെ ചട്ടമനുസരിച്ച് ഇവരെ പരീക്ഷയിൽ അയോഗ്യരാക്കാൻ തീരുമാനിച്ചു. കേസെടുത്ത് കൂടുതൽ അന്വേഷണം നടത്താൻ പൊലീസിനോട് ശുപാർശ ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ ക്രമക്കേട് നടന്നോ എന്നുള്ള കാര്യം പൊലീസ് കണ്ടെത്തേണ്ടതാണ്.

പി.എസ്.സി പരീക്ഷകളിൽ യാതൊരു വിധ ക്രമക്കേടുകളും അനുവദിക്കില്ല. ഇപ്പോൾ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തിയിട്ടുണ്ട്. ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണം അടക്കം അന്വേഷിക്കും. നേരത്തെയും ഫോൺ ഉപയോഗിച്ചുള്ള പരീക്ഷ എഴുതിയ സംഭവം പി.എസ്.സി കണ്ടെത്തുകയും ഈ ഉദ്യോഗാർത്ഥികളെ അയോഗ്യരാക്കുകയും ചെയ്തിട്ടുണ്ട്. കുറ്റക്കാർ ആരാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കും. 2018 ജൂൺ 22 ന് നടന്ന കോൺസ്റ്റബിൾ പരീക്ഷയുടെ റാങ്ക് പട്ടികയിലെ ആദ്യ നൂറ് റാങ്കുകാരുടെ മൊബൈൽ വിവരം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെ നിയമന ഉത്തരവ് അയക്കില്ലെന്നും പൊലീസ് കേസിന് ശുപാർശ ചെയ്‌തെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.

പിഎസ്‌സിയുടെ പരീക്ഷാ ക്രമക്കേട് സംബന്ധിച്ച് വിദഗ്ദ അന്വേഷണത്തിനു പിഎസ്‌സി ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസിന്റെ നടപടിക്രമങ്ങളാണ് ഈ കാര്യത്തിൽ പിന്തുടരുന്നത്. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണമാണ് പിഎസ്‌സി നടത്തിയിട്ടുള്ളത്. 2018 ജൂൺ 22 ന് നടന്ന കോൺസ്റ്റബിൾ പരീക്ഷയുടെ ക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാൻ പിഎസ്‌സി തീരുമാനിച്ചു. പല നമ്പറുകളിൽ നിന്നും പ്രതികൾക്ക് എസ്എംഎസുകൾ വന്നിട്ടുണ്ട്. പരീക്ഷ നടന്ന ഒന്നേകാൽ മണിക്കൂറിനുള്ളിലാണ് സന്ദേശങ്ങൾ വന്നത്. മൂന്ന് പേരുടെയും ഒപ്പം പരീക്ഷ എഴുതിയ 22 പേരോളം ഉദ്യോഗാർത്ഥികളുടെയും ഇൻവിജിലേറ്റർമാരുടെയും പരീക്ഷാ ഉദ്യോഗസ്ഥരുടെയും മൊഴി പി.എസ്.സി ആഭ്യന്തര വിജിലൻസ് വിഭാഗം രേഖപ്പെടുത്തിയിരുന്നു.

പരീക്ഷയിൽ ക്രമക്കേടുകൾ നടന്നില്ലെന്നാണ് ഇവർ മൊഴി നൽകിയത്. തുടർന്നാണ് പ്രതികളുടെ ഫോൺ രേഖകൾ പരിശോധിക്കാൻ പി.എസ്.സി തീരുമാനിച്ചത്. ഇത് പരിശോധിച്ചപ്പോഴാണ് പരീക്ഷ തുടങ്ങിയ ശേഷം പ്രതികളുടെ മൊബൈൽ നമ്പരിലേക്ക് തുടരെത്തുടരെ സന്ദേശങ്ങൾ എത്തിയെന്ന് ബോധ്യപ്പെട്ടത്. തുടർന്ന് പി.എസ്.സിയുടെ ചട്ടമനുസരിച്ച് ഇവരെ പരീക്ഷയിൽ അയോഗ്യരാക്കാൻ തീരുമാനിച്ചു.

കേസെടുത്ത് കൂടുതൽ അന്വേഷണം നടത്താൻ പൊലീസിനോട് ശുപാർശ ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതിയ 22 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അവർ ക്രമക്കേട് നടന്നിട്ടില്ലെന്നാണ് മൊഴി നൽകിയത്. പിഎസ്‌സി ചോദ്യപേപ്പർ ലീക്ക് ആയി എന്ന ആക്ഷേപം ഉയർന്നിട്ടില്ല. ഇൻവിജിലെറ്റർമാർ ക്രമക്കേട് കാട്ടി എന്നും ആരോപണം വന്നിട്ടില്ല-ചെയർമാൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP