Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

കെഎഎസിന് ചോദിച്ച 20 ചോദ്യങ്ങളും എൻലൈവൻ ഐഎഎസ് പരിശീലന കേന്ദ്രം പുറത്തിറക്കിയ ഹാൻഡ് ബുക്കിലുള്ളത്; ലംഘിക്കപ്പെട്ടത് ചോദ്യങ്ങൾക്ക് സ്വകാര്യ ഗൈഡുകളെയോ മറ്റ് ബുക്ക് ലെറ്റുകളെയോ ആശ്രയിക്കരുതെന്ന ചട്ടം; സെക്രട്ടറിയേറ്റ് ജീവനക്കാരുടെ കോച്ചിങ് സെന്റർ വിവാദത്തിന് പിന്നാലെ പി എസ് സിയെ വെട്ടിലാക്കാൻ 'കോപ്പിയടി' ഭൂതവും; പാവങ്ങൾ ഉത്തരം എഴുതാൻ വെള്ളം കുടിച്ചപ്പോൾ ദുർഗ്രഹമായ പരീക്ഷ നേട്ടമുണ്ടാക്കിയത് ആര്? വീണ്ടും പബ്ലിക് സർവ്വീസ് കമ്മീഷൻ സംശയ നിഴലിൽ

കെഎഎസിന് ചോദിച്ച 20 ചോദ്യങ്ങളും എൻലൈവൻ ഐഎഎസ് പരിശീലന കേന്ദ്രം പുറത്തിറക്കിയ ഹാൻഡ് ബുക്കിലുള്ളത്; ലംഘിക്കപ്പെട്ടത് ചോദ്യങ്ങൾക്ക് സ്വകാര്യ ഗൈഡുകളെയോ മറ്റ് ബുക്ക് ലെറ്റുകളെയോ ആശ്രയിക്കരുതെന്ന ചട്ടം; സെക്രട്ടറിയേറ്റ് ജീവനക്കാരുടെ കോച്ചിങ് സെന്റർ വിവാദത്തിന് പിന്നാലെ പി എസ് സിയെ വെട്ടിലാക്കാൻ 'കോപ്പിയടി' ഭൂതവും; പാവങ്ങൾ ഉത്തരം എഴുതാൻ വെള്ളം കുടിച്ചപ്പോൾ ദുർഗ്രഹമായ പരീക്ഷ നേട്ടമുണ്ടാക്കിയത് ആര്? വീണ്ടും പബ്ലിക് സർവ്വീസ് കമ്മീഷൻ സംശയ നിഴലിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎഎസ് പരീക്ഷ എന്ന ഇരുട്ടടിയിൽ നിന്നും മോചനം ലഭിക്കാതെ ഉദ്യോഗാർത്ഥികൾ. പിഎസ് സിയുടെ ചരിത്രത്തിലില്ലാത്ത രീതിയിൽ ദുർഗ്രഹമായ പരീക്ഷയാണ് കെഎഎസ് പരീക്ഷയിൽ നടന്നത്. ചോദ്യങ്ങൾ വായിച്ചു മനസിലാക്കാൻ തന്നെ ഉദ്യോഗാർത്ഥികൾ ബുദ്ധിമുട്ടി. ഉത്തരം എഴുതാൻ അതിലേറെ പാടും. ഉദ്യോഗാർത്ഥികൾ വലഞ്ഞു. സെക്രട്ടറിയേറ്റിലെ ജീവനക്കാർ നടത്തുന്ന കോച്ചിങ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ചില പരാതികൾ ഉയർന്നു. ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണവും നടന്നു. പിന്നാലെയാണ് മറ്റൊരു ആരോപണമെത്തുന്നത്.

കെ.എ.എസ് പ്രാഥമിക പരീക്ഷയിലും പി.എസ്.സിയുടെ 'കോപ്പിയടി' നടന്നുവെന്നാണ് ആരോപണം. ശനിയാഴ്ച നടന്ന രണ്ടാം പരീക്ഷയിൽ 20ഓളം ചോദ്യങ്ങൾ തിരുവനന്തപുരത്തെ സ്വകാര്യ ഐ.എ.എസ് അക്കാദമിയുടെ ഗൈഡിൽനിന്ന് അതേപടി കടമെടുത്തു. തിരുവനന്തപുരം വെള്ളയമ്പലം അലത്തറ നഗറിലെ എൻലൈവൻ ഐ.എ.എസ് പരിശീലന കേന്ദ്രം പുറത്തിറക്കിയ 'ഹാൻഡ് ബുക്ക് ഓൺ ഇക്കണോമിക്‌സ് ആൻഡ് കേരള ഹിസ്റ്ററി ഫോർ കെ.എ.എസ്' എന്ന ബുക്കാണ് ഉച്ചക്ക് ശേഷം നടന്ന രണ്ടാംപേപ്പറിലെ മിക്ക ചോദ്യങ്ങളും തയാറാക്കാൻ ചോദ്യകർത്താവ് അവലംബിച്ചത്. ഇതുസംബന്ധിച്ച് ഉദ്യോഗാർഥികൾ പി.എസ്.സി ചെയർമാനും വിജിലൻസിനും പരാതി നൽകും.ഇത് ഏറെ വിവാദമായിട്ടുണ്ട്. ചോദ്യങ്ങൾക്ക് സ്വകാര്യ ഗൈഡുകളെയോ മറ്റ് ബുക്ക് ലെറ്റുകളെയോ ആശ്രയിക്കരുതെന്നാണ് പി.എസ്.സി നിർദ്ദേശം. ഇതാണ് ലംഘിക്കപ്പെടുന്നത്.

കെ.എ.എസിനോട് അനുബന്ധിച്ച് സ്ഥാപനം പുറത്തിറക്കിയ മറ്റ് പുസ്തകങ്ങളും പരിശോധനയിലാണ്. നിതി ആയോഗ്, കിഫ്ബി, ജി.എസ്.ടി തുടങ്ങി സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും സർക്കാർ പദ്ധതികളെ സംബന്ധിച്ച് നൽകിയ ചോദ്യങ്ങളിൽ നല്ലൊരു പങ്കും ഈ പുസ്തകത്തിൽ നിന്നാണ്. ഗൈഡിലെ സാമ്പത്തിക പട്ടികകളും അതേപടി ചോദ്യമായി നൽകി. ഗൈഡ് വായിച്ചവർക്ക് മലയാള, -ഇംഗ്ലീഷ് ഭാഷയെക്കുറിച്ചും സാമാന്യ ബോധമുണ്ടെങ്കിൽ രണ്ടാം പേപ്പറിൽ 85ന് മുകളിൽ മാർക്ക് വാങ്ങാമെന്ന് ഉദ്യോഗാർഥികൾ പറയുന്നു. അതിനിടെ പി എസ് സി ചോദ്യ പേർപ്പർ തയ്യാറാക്കാൻ സഹായിക്കാറുണ്ടെന്ന് തുറന്ന് പറഞ്ഞ് റിട്ടയേർഡ് പ്രൊഫസർ വിജയൻ കുട്ടികളുമായി സംവദിക്കുന്ന വീഡിയോയും വൈറലാകുന്നു. ഇതും പി എസ് സിക്ക് തലവേദനാണ്.

2012ൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് സ്വകാര്യ ഗൈഡിലെ 42 ചോദ്യങ്ങൾ ആവർത്തിച്ചതിനെ തുടർന്ന് പരീക്ഷ റദ്ദാക്കി മറ്റൊന്ന് നടത്തുകയായിരുന്നു. 2019 ജനുവരിയിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ പരീക്ഷയിൽ 80 ശതമാനം ചോദ്യങ്ങളും സ്വകാര്യ സ്ഥാപനത്തിന്റെ റാങ്ക് ഫയലിൽ നിന്നെന്ന് ആരോപണമുയർന്നിരുന്നു. യൂനിവേഴ്സൽ പബ്ലിക്കേഷൻസ് ഇറക്കിയ ഗൈഡിൽ നിന്നുള്ള 80 മാർക്കിന്റെ ചോദ്യങ്ങളാണ് പകർത്തിയത്. 2018 ജനുവരി 27ന് പി.എസ്.സി നടത്തിയ ഹയർസെക്കൻഡറി ജൂനിയർ കണക്ക് അദ്ധ്യാപക പരീക്ഷയിലും 'ഗേറ്റ് പേപ്പേഴ്സ്' ഗൈഡിൽ നിന്ന് 15 ചോദ്യങ്ങളും പകർത്തിയതായി കണ്ടെത്തിയിരുന്നു. ഇത് കെ എ എസിലും തുടർന്നു.

കെഎഎസ് പരീക്ഷയ്ക്ക് മുൻ മാതൃകകൾ ഇല്ലാതിരുന്നപ്പോൾ സമാന മാതൃക സിവിൽ സർവീസ് അക്കാദമി തയ്യാറാക്കിയ ചോദ്യപേപ്പരുകൾക്ക് ലഭിച്ചു എന്ന ആരോപണവും കെഎഎസ് പരീക്ഷയ്ക്ക് ഒപ്പം ഉയരുന്നുണ്ട്. സിവിൽ സർവീസ് അക്കാദമി തയ്യാറാക്കിയ ചോദ്യപേപ്പറിൽ നിന്ന് ചോദ്യങ്ങൾ ഇല്ലായിരുന്നുവെങ്കിലും മാതൃക സംശയാസ്പദമാണെന്നാണ് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേക രീതിയിലുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉണ്ടായിരുന്നത്. പരീക്ഷിച്ചത് പുതുമാതൃകയും. പക്ഷെ ഈ മാതൃക സിവിൽ സർവീസ് അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് മനസിലാക്കാൻ കഴിഞ്ഞുവെന്നാണ് പുറമേയുള്ള ഉദ്യോഗാർത്ഥികളുടെ ആരോപണം. പക്ഷെ ഈ ആരോപണങ്ങൾ സിവിൽ സർവീസ് അക്കാദമിയുമായി ബന്ധപ്പെട്ടവർ നിഷേധിക്കുക തന്നെയാണ്. മാതൃക ആർക്കും അറിയില്ല. പിന്നെയെങ്ങിനെ സിവിൽ സർവീസ് അക്കാദമിക്ക് അത്തരം ഒരു മാതൃക സൃഷ്ടിക്കാൻ കഴിയും എന്നാണ് മറുനാടന് ലഭിച്ച മറുപടി. പക്ഷെ വൻ മുന്നൊരുക്കങ്ങളാണ് തങ്ങളുടെ വിദ്യാർത്ഥികൾക്ക് വേണ്ടി സിവിൽ സർവീസ് അക്കാദമി നടത്തിയത്. പരിചയ സമ്പന്നരായ അദ്ധ്യാപകരെ മുൻ നിർത്തി ചോദ്യപേപ്പറുകൾ തയ്യാറാക്കി വിദ്യാർത്ഥികളെക്കൊണ്ട് ഇവർ ഉത്തരങ്ങൾ എഴുതിച്ചു. പക്ഷെ സിവിൽ സർവീസ് അക്കാദമി വിദ്യാർത്ഥികൾക്കായി നടത്തിയ ചോദ്യപേപ്പറിൽ നിന്നും ചോദ്യങ്ങൾ വന്നതേയില്ല.

പിഎസ് സി ചോദ്യപേപ്പർ ചോർച്ച ഒഴിവാക്കാൻ പിഎസ് സി സ്വീകരിച്ച അതീവ ജാഗ്രതയാണ് കെഎഎസ് ഉദ്വേഗാർഥികൾക്ക് തിരിച്ചടിയായത്. ഐഐടി പ്രൊഫസർമാരാണ് ഇക്കുറി ചോദ്യങ്ങൾ തയ്യാറാക്കിയത് എന്ന വിവരമാണ് ലഭിച്ചത്. വിവിധ പ്രൊഫസർമാർ ചോദ്യങ്ങൾ തയ്യാറാക്കി. കമ്പ്യൂട്ടർ മിക്‌സിങ് ആണ് ഇത്തവണ നടത്തിയത്. ക്വസ്റ്റൻസ് കമ്പ്യൂട്ടർ സെലക്റ്റ് ചെയ്തു. ഏത് ചോദ്യമാണ് പരീക്ഷയ്ക്ക് വരുക എന്നതും പുറമേയുല്ലവർക്ക് അറിയാൻ കഴിഞ്ഞില്ല. പിഎസ് സിയുടെ കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ് ചോദ്യങ്ങളെക്കുറിച്ചൊക്കെ സാധാരണ ഗ്രാഹ്യമുണ്ടാകും. ഇത്തവണ അതിനുള്ള സാധ്യതയും ഒഴിവാക്കി. ഏതൊക്കെ ചോദ്യങ്ങൾ എന്നത്. ഇക്കുറി പരീക്ഷാ കൺട്രോളർ പോലും അറിഞ്ഞില്ല. പ്രിന്റ് ചെയ്ത ശേഷം നമ്പർ ഇല്ലാത്ത കവറിലാണ് ക്വസ്റ്റ്യൻ എത്തിയത്. പിഎസ്‌സിയിൽ എത്തിയത് തന്നെ പാക്ക് ചെയ്ത കവറുകളാണ് എത്തിയത്. അതുകൊണ്ട് തന്നെ പിഎസ് സിയിൽ ഉള്ളവർക്കും ചോദ്യങ്ങൾ അറിയാൻ കഴിഞ്ഞില്ല എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. ഇതോടെ വല്ലവിധേനയും പിഎസ് സിയിൽ നിന്ന് ചോദ്യപേപ്പർ ചോർച്ച തടയാനുള്ള വഴികളും അടഞ്ഞു. പാക്ക്ഡ് കവറിൽ വന്ന ചോദ്യങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചത്. ഇന്നു വൈകീട്ടോടെ കീ പബ്ലിഷ് ചെയ്‌തേക്കും എന്നാണ് അറിയാൻ കഴിയുന്നത്. കീ പബ്ലിഷ് ചെയ്യുന്നതോടെ ആർക്കൊക്കെ പരീക്ഷയിൽ കടന്നു കയറാൻ കഴിയും എന്നതിൽ ഏകദേശ ധാരണയാകും.

നല്ല രീതിയിൽ ജനറൽ നോളെജ് അറിയുന്ന ബിടെക്ക്, എംടെക്ക് വിദ്യാർത്ഥികൾക്ക് പരീക്ഷ എളുപ്പമാകും എന്നാണ് ചൂണ്ടിക്കാട്ടൽ വരുന്നത്. ജനറൽനോളെജ് അടിസ്ഥാനമുള്ള ബിടെക്ക്-എംടെക്ക് വിദ്യാർത്ഥികൾക്ക് പരീക്ഷ പാസാകാൻ കഴിഞ്ഞേക്കും. റിയാലിറ്റിയിൽ നിന്നും വളരെ ദൂരെയായിരുന്നു ചോദ്യപേപ്പർ. സിലബസുമായി പുലബന്ധമില്ലാത്ത ചോദ്യങ്ങളാണ് വന്നത്. ഇന്ത്യൻ ഹിസ്റ്ററി, കേരള ഹിസ്റ്ററി ഏരിയയിൽ നിന്ന് ചോദ്യങ്ങൾ വന്നില്ല. സ്വാതന്ത്ര്യസമരം ഇന്ത്യയുടെ ചരിത്രം എന്നിവയിൽ നിന്നും വളരെ കുറവ് ചോദ്യങ്ങളാണ് വന്നത്. ഭരിക്കുന്ന ആളുകളെ തിരഞ്ഞെടുക്കുന്ന പരീക്ഷയാണിത്.

അപ്പോൾ ചരിത്രം അറിയാത്ത ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയും ഒരുങ്ങി എന്നാണ് വിരൽ ചൂണ്ടൽ വരുന്നത്. രാവിലെ പരീക്ഷ എഴുതിയ കുട്ടികളിൽ വൺ തേഡ് കുട്ടികളും ഉച്ചയക്ക് പരീക്ഷയ്ക്ക് കയറിയതേയില്ല എന്നാണ് ഉദ്യോഗാർത്ഥികൾ തന്നെ പറയുന്നത്. അത്രയും കട്ടിയായ പരീക്ഷയാണ് കഴിഞ്ഞു പോയത്. സ്വകാര്യ കോച്ചിങ് സെന്ററുകൾ ഉദ്യോഗാർത്ഥികളിൽ നിന്നും വൻ ഫീസ് ഈടാക്കിയെങ്കിലും അവർക്കും ചോദ്യങ്ങളെക്കുറിച്ച് വേണ്ടത്ര പിടിപാടുണ്ടായില്ല. യൂത്ത് വെൽഫയർ ബോർഡ് ഉദ്യോഗാർത്ഥികൾക്കായി ക്ലാസ് എടുത്തിരുന്നു. പത്തിരുപത് അദ്ധ്യാപകർ കുട്ടികൾക്ക് വേണ്ടി ക്ലാസ് എടുത്തു. ഇത് യൂ ട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നു. അമ്പത് ശതമാനം പോലും ആർക്കും കവർ ചെയ്യാൻ കഴിഞ്ഞില്ല. ക്ലാസ് ഇംഗ്ലീഷിലുള്ള ചോദ്യങ്ങളാണ് വന്നത്. അതും പരീക്ഷാർഥികൾക്ക് തിരിച്ചടിയായി.

കേരള അഡ്‌മിനിസ്‌ട്രേറ്റിവ് സർവീസിന്റെ പ്രാഥമിക പരീക്ഷയാണ് കഴിഞ്ഞ ദിവസം നടന്നത്. ആയിരത്തി അഞ്ഞൂറ്റി മുപ്പത്തിയാറ് കേന്ദ്രങ്ങളിലായി നാല് ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. രാവിലെയും ഉച്ചക്കുമായി രണ്ട് പേപ്പറുകളിലാണ് പരീക്ഷ നടന്നത്. രണ്ടു പേപ്പറുകളിലായി രാവിലെയും ഉച്ചയ്ക്കുമായായിരുന്നു പരീക്ഷ. രാവിലത്തെത് ഒബ്ജക്ടീവ് രീതിയിലും ഉച്ചയ്ക്ക് വിവരണാത്മക രീതിയിലുമായിരുന്നു പരീക്ഷ നടന്നത് .പ്രാഥമിക പരീക്ഷയുടെ ഷോർട്ട് ലിസ്റ്റ് രണ്ടുമാസത്തിനുള്ളിൽ പുറത്തിറക്കുമെന്നാണ് പിഎസ് സി ചെയർമാൻ എം കെ സക്കീർ അറിയിച്ചത്. മെയിൻ പരീക്ഷ ഇതിലും കട്ടിയായിരിക്കും എന്നാണ് പിഎസ് സി ചെയർമാൻ നൽകുന്ന മുന്നറിയിപ്പ്. മെയിൻ പരീക്ഷയുടെ തീയതി അടക്കമുള്ള വിവരങ്ങൾ അധികം വൈകാതെ പിഎസ്‌സി പുറത്തുവിടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP