Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

ഹഥ്​രസ്​ പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പുറപ്പെട്ട പ്രിയങ്ക ​ഗാന്ധിയേയും രാഹുൽ ​ഗാന്ധിയേയും ജില്ലാ അതിർത്തിയിൽ തടഞ്ഞത് നിരോധനാജ്ഞ നിലനിൽക്കുന്നു എന്ന് ചൂണ്ടിക്കാട്ടി; നേതാക്കൾ കാൽനടയായി യാത്ര തുടരുന്നു; പ്രത്യേക അന്വേഷണ സംഘം പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുമെങ്കിലും മാധ്യമപ്രവർത്തകരെ അനുവദിക്കില്ലെന്ന് പൊലീസ്; രാജ്യമാകെ പ്രതിഷേധം ആളിക്കത്തുമ്പോഴും ഉരുക്കുമുഷ്ടി കൊണ്ട് നേരിടാനുറച്ച് യുപി സർക്കാർ

ഹഥ്​രസ്​ പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പുറപ്പെട്ട പ്രിയങ്ക ​ഗാന്ധിയേയും രാഹുൽ ​ഗാന്ധിയേയും ജില്ലാ അതിർത്തിയിൽ തടഞ്ഞത് നിരോധനാജ്ഞ നിലനിൽക്കുന്നു എന്ന് ചൂണ്ടിക്കാട്ടി; നേതാക്കൾ കാൽനടയായി യാത്ര തുടരുന്നു; പ്രത്യേക അന്വേഷണ സംഘം പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുമെങ്കിലും മാധ്യമപ്രവർത്തകരെ അനുവദിക്കില്ലെന്ന് പൊലീസ്; രാജ്യമാകെ പ്രതിഷേധം ആളിക്കത്തുമ്പോഴും ഉരുക്കുമുഷ്ടി കൊണ്ട് നേരിടാനുറച്ച് യുപി സർക്കാർ

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: ഉത്തർ പ്രദേശിലെ ഹഥ്​രസിൽ കൂട്ടബലാത്സംഗത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പ്രക്ഷോഭകാരികളെ നേരിടാൻ ഹഥ്​രസ്​ ജില്ല ഭരണകൂടം ജില്ലയിൽ നിരോധനാജ്ഞ ​പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പുറപ്പെട്ട കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് തടഞ്ഞു. യമുന എക്സ്‌പ്രസ് വേയിൽ ഡൽഹി-യുപി അതിർത്തിയിലാണ് പൊലീസ് ഇരുവരുടെയും വാഹനം തടഞ്ഞത്. വാഹനം തടഞ്ഞതിനത്തുടർന്ന് നേതാക്കൾ കാൽനടയായി ഹാഥ്‌രസിലേക്കു തിരിച്ചു. നിരവധി കോൺ​ഗ്രസ് പ്രവർത്തകരും ഇരുവരെയും അനു​ഗമിക്കുന്നുണ്ട്.

പ്രിയങ്കയും രാഹുലും എത്തുന്നതിനു മുമ്പുതന്നെ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നേതാക്കളുടെ യാത്ര പൊലീസ് തടഞ്ഞത്. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ തുടർന്ന്​ ജില്ല അതിർത്തികൾ അടച്ചു. അഞ്ചുപേരിൽ കൂടുതൽ കൂട്ടംചേരാൻ പാടില്ല. പെൺകുട്ടിയുടെ കുടുംബത്തെ പ്രിയങ്ക ഗാന്ധി സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും പൊലീസ്​ പറഞ്ഞു. കേസ്​ അന്വേഷിക്കുന്ന പ്രത്യേക സംഘം പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കും. മാധ്യമപ്രവർത്തകരെ അനുവദിക്കില്ലെന്നും പൊലീസ്​ പറഞ്ഞു.

ഹഥ്‌രസിന്റെ അതിർത്തികൾ അടച്ചിരിക്കുകയാണെന്ന് നേരത്തെ പൊലീസ് അറിയിച്ചിരുന്നു. ''സിആർപിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചു പേരിൽ കൂടുതൽ കൂട്ടം ചേരാൻ അനുവദിക്കില്ല. മാധ്യമങ്ങളെ ഉൾപ്പെടെ ആരെയും ഇവിടേക്കു കടത്തിവിടില്ല'' എസ്‌പി പറഞ്ഞു.

അന്വേഷണ സംഘം ബുധനാഴ്​ച പെൺകുട്ടിയു​ടെ വീട്​ സന്ദർശിക്കുകയും ബന്ധുക്കളെ കാണുകയും ചെയ്​തിരുന്നു. പെൺകുട്ടി ആക്രമണത്തിന്​ ഇരയായ സ്​ഥലവും പരിശോധിച്ചു. അ​ന്വേഷണസംഘം തുടർ അന്വേഷണത്തിനായി പ്രദേശത്ത്​ ക്യാമ്പ്​ ചെയ്യുമെന്നും എസ്​.പി വിക്രാന്ത്​ വിർ അറിയിച്ചു. അലിഗഡ്​ ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ റിപ്പോർട്ടിൽ പെൺകുട്ടിയുടെ ശരീരത്തിലെ മുറിവുകളെക്കുറിച്ച്​ സൂചിപ്പിച്ചിട്ടുണ്ടെന്നും കൂട്ടബലാത്സംഗം സ്​ഥിരീകരിച്ചിട്ടില്ലെന്നും എസ്​.പി ആവർത്തിച്ചു. ഫോറൻസിക്​ റിപ്പോർട്ട്​ വന്നാൽ മാത്രമേ കൂട്ടബലാത്സംഗം നടന്നി​ട്ടു​േണ്ടായെന്ന്​ സ്​ഥിരീകരിക്കാനാകൂ എന്നും എസ്​.പി കൂട്ടിച്ചേർത്തു.

ഈ മാസം 14ന് ആണ് നാല് പേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ആരോഗ്യനില മോശമായതോടെ പെൺകുട്ടിയെ വിദഗ്ധ ചികിത്സക്കായി ഡൽഹി എംയിസിലേക്ക് മാറ്റിയിരുന്നു. എയിംസിൽ വച്ചായിരുന്നു അന്ത്യം. അമ്മയ്ക്കൊപ്പം പുല്ല് വെട്ടാൻ പോയതിനിടെയാണ് പെൺകുട്ടിയെ നാല് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിന് ഇരയാക്കിയത്. പിന്നീട് ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റ നിലയിൽ ഗ്രാമത്തിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നു. കൈയും കാലും തളർന്ന അവസ്ഥയിലായിരുന്നു പെൺകുട്ടി. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ട് ദിവസം മുമ്പ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

യുവതിയുടെ മൃതദേഹം വീട്ടുകാരുടെ എതിർപ്പ് മറികടന്ന് പൊലീസ് സംസ്‌കരിക്കുകയായിരുന്നു. അന്വേഷണം അട്ടിമറിക്കാൻ തുടക്കം മുതലേ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് ഒരു നോക്ക് കാണണമെന്ന കുടംബാംഗങ്ങളുടെ അപേക്ഷ പോലും മുഖവിലയ്ക്ക് എടുക്കാതെയുള്ള നടപടി. ഇതോടെ രാജവ്യാപകമായി പ്രതിഷേധം ആളിക്കത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുപി സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങളാണ് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുയരുന്നത്. സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. യുപിക്ക് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മകളും സംഘടിപ്പിച്ചിരുന്നു.

പെൺകുട്ടി മരിച്ചതിന് പിന്നാലെ പ്രതിഷേധം സംഘടിപ്പിച്ചതിന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ വീട്ടുതടങ്കലിലാക്കിയതായി ആരോപണം ഉയരുകയാണ്. ഹഥ്റസിലെ ദളിത് പെൺകുട്ടിയുടെ രക്ഷിതാക്കൾക്കൊപ്പം ഡൽഹിയിൽനിന്ന് പെൺകുട്ടിയുടെ വീട്ടിലേക്ക് തിരിച്ച ചന്ദ്രശേഖർ ആസാദിനെ ഉത്തർ പ്രദേശ് പൊലീസ് ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. സഹാറൻപൂറിൽ വീട്ടുതടങ്കലിലാണ് ചന്ദ്രശേഖർ ആസാദുള്ളതെന്നാണ് എൻഡി ടിവി റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ വിമർശനവുമായി കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധിയും രംഗത്തെത്തി. യുവതി മരിച്ചതല്ലെന്നും ദയാശൂന്യരായ സർക്കാർ അവളെ കൊന്നതാണെന്നും സോണിയ ആരോപിച്ചു. 'ഹഥ്റസ് നിർഭയ' എന്നാണ് ഇരയെ സോണിയ ഗാന്ധി വിശേഷിപ്പിച്ചത്.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ പിതാവുമായി സംസാരിച്ചിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകിയെന്നാണ് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ഇതിന് പുറമെ പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ധനസഹായത്തിന് പുറമെ പെൺകുട്ടിയുടെ കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും സർക്കാർ പദ്ധതിയിലൂടെ വീടും കേസിൽ ഫാസ്റ്റ് ട്രാക്ക് കോടതി വിചാരണയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP