Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'വിദേശരാഷ്ട്രങ്ങളിലേക്ക് അങ്ങേക്ക് പറക്കാമെങ്കിൽ മുങ്ങിത്താഴുന്ന ഞങ്ങളുടെ ഈ ഗ്രാമങ്ങളിലേക്ക് ഒന്നുവന്നുകൂടേ? മുങ്ങില്ലെന്ന് അധികാരികൾ പറഞ്ഞ വീടുകളുടെ വാതിൽ പടിയിലും വെള്ളം കവിയുന്നു; കൊടുംപട്ടിണിയിലായ പലരും മരിച്ചുവീഴുന്നു..എന്നിട്ടും അങ്ങ് പിറന്നാൾ ആഘോഷത്തിന്റെ തിരക്കിൽ': രോഷത്തോടെ നർമദാ തീരനിവാസികൾ; 69 ാം പിറന്നാൾ ദിനത്തിൽ സർദാർ സരോവർ അണക്കെട്ടിൽ മോദി എത്തിയപ്പോൾ നീതി തേടി കുടിയൊഴിക്കപ്പെട്ട ആദിവാസിജനതയുടെ പ്രതിഷേധം

'വിദേശരാഷ്ട്രങ്ങളിലേക്ക് അങ്ങേക്ക് പറക്കാമെങ്കിൽ മുങ്ങിത്താഴുന്ന ഞങ്ങളുടെ ഈ ഗ്രാമങ്ങളിലേക്ക് ഒന്നുവന്നുകൂടേ? മുങ്ങില്ലെന്ന് അധികാരികൾ പറഞ്ഞ വീടുകളുടെ വാതിൽ പടിയിലും വെള്ളം കവിയുന്നു; കൊടുംപട്ടിണിയിലായ പലരും മരിച്ചുവീഴുന്നു..എന്നിട്ടും അങ്ങ് പിറന്നാൾ ആഘോഷത്തിന്റെ തിരക്കിൽ': രോഷത്തോടെ നർമദാ തീരനിവാസികൾ; 69 ാം പിറന്നാൾ ദിനത്തിൽ സർദാർ സരോവർ അണക്കെട്ടിൽ മോദി എത്തിയപ്പോൾ നീതി തേടി കുടിയൊഴിക്കപ്പെട്ട ആദിവാസിജനതയുടെ പ്രതിഷേധം

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദി 69 ാം പിറന്നാൾ ആഘോഷിക്കുമ്പോൾ നർമദ നദിയിലെ സർദാർ സരോവർ അണക്കെട്ട് തുളുമ്പുകയാണ്. കടുത്ത പ്രതിഷേധവും മുദ്രാവാക്യം വിളികളുമായി നർമദ ബചാവോ ആന്ദോളന്റെ റാലിയും കുടിയൊഴിക്കപ്പെട്ടവരുടെ ശബ്ദത്താൽ തുള്ളിത്തുളുമ്പുന്നു. ഒരുഭാഗത്ത് ഭരണകൂടത്തിന്റെ കാർക്കശ്യം. മറുഭാഗത്ത് കുടിയൊഴിക്കപ്പെട്ട ആദിവാസികളുടെ നിസ്സഹായത. മോദിക്കെതിരെ മുദ്രാവാക്യങ്ങൾ മുഴങ്ങിയതും മറ്റൊന്നും കൊണ്ടല്ല. ജീവിതം വഴിമുട്ടിയിരിക്കുന്നു.

ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിന്റെ സൈറ്റിൽ മോദി ആരതി അർപ്പിക്കാനെത്തിയപ്പോൾ, പ്രതിഷേധ ശബ്ദം ഉയർന്നത് മധ്യപ്രദേശിലെ ബർവാനിയിൽ. നേരത്തെ നിശ്ചയിച്ചതിനും വളരെ മുമ്പേ തന്നെ, ഡാം പരമാവധി സംഭരണ ശേഷിയിലെത്തിച്ചിരുന്നു ഗുജറാത്തിലെ വിജയ് രൂപാണി സർക്കാർ. ഇതോടെ മധ്യപ്രദേശിലെ 178 ഗ്രാമങ്ങൾ മുങ്ങിപ്പോയി. എത്രയോ ഗ്രാമവാസികളുടെ സ്വപ്‌നങ്ങളും ഇതിനൊപ്പം വെള്ളത്തിലായി. ഗുജറാത്തിലെ കേവദിയയിൽ പിറന്നാളിനോട് അനുബന്ധിച്ച് നമാമി നർമദ ഉത്സവത്തിൽ പങ്കെടുക്കാൻ മോദി രാവിലെ എത്തി. അതേസമയം തന്നെ, ബർവാനിയിൽ മേധാ പട്കറുടെ നേതൃത്വത്തിൽ നർമദ ബച്ചാവോ ആന്ദോളൻ പ്രവർത്തകർ മോദിക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി. വർഷങ്ങളായി നീതി തേടിയുള്ള പോരാട്ടത്തിന്റെ മറ്റൊരു അദ്ധ്യായം.

വീടുകൾ മുങ്ങാൻ തുടങ്ങിയതോടെ പല കുടുംബങ്ങളുടെയും താമസം ടിൻ ഷെഡ്ഡുകളിലായി. ചെറുതുരുത്തുകളിലാണ് അവശേഷിച്ചവരുടെ ജീവിതം. വിതച്ച പാടങ്ങളെല്ലാം വെള്ളത്തിനടിയിലായി. 30,000 ത്തോളം കുടുംബങ്ങളാണ് കുടിയൊഴിക്കപ്പെട്ട് ജീവിതമാർഗ്ഗമില്ലാതെ അലയുന്നതെന്നാണ് നർമദ ബചാവോ ആന്ദോളൻ പറയുന്നത്.

പ്രധാനമന്ത്രി കേൾക്കുമെങ്കിൽ പറയാനുള്ളത്

ദയവായി ഞങ്ങളുടെ ഗ്രാമങ്ങളിലേക്ക് ഒന്നുവരൂ. വിദേശരാഷ്ട്രങ്ങളിലേക്ക് ധാരാളം പറക്കാമെങ്കിൽ, എന്തുകൊണ്ട് മുങ്ങുന്ന ഞങ്ങളുടെ ഈ ഗ്രാമം സന്ദർശിച്ച് കൂടാ?, നിസർപൂരിലെ ഗംഗാഭായി പട്ടിദാർ ചോദിക്കുന്നു. അണക്കെട്ടിലെ വെള്ളം 138 അടി എത്തുമ്പോൾ മുങ്ങുന്ന വീടുകളുടെ കൂട്ടത്തിൽ ഗംഗാഭായിയുടേതും ഉൾപ്പെട്ടിരുന്നു. 136 അടിയായപ്പോൾ വെള്ളം വീട്ടുപടിക്കലെത്തി.

1200 ഓളം കുടുംബങ്ങൾക്ക് അപകടമില്ലെന്ന് പറഞ്ഞിരുന്നെങ്കിലും ഗ്രാമങ്ങൾ മുങ്ങുകയാണ്. വെള്ളം തെരുവുകളിൽ നിറഞ്ഞുകഴിഞ്ഞു. വാതിൽപടിക്കൽ എത്തിയിരിക്കുന്നു. എന്നിട്ടും അവർ പറയുന്നു..ഞങ്ങളുടെ വീടുകൾ മുങ്ങില്ലെന്ന്. ഞങ്ങൾ എങ്ങോട്ട് പോകും? എങ്ങനെ പോകും, പറക്കുമോ? ഗംഗാഭായി ചോദിക്കുന്നു.

മേഖല വിനോദസഞ്ചാര കേന്ദ്രമായി മാറ്റുമെന്ന മോദിയുടെ സമീപകാല ട്വീറ്റിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. 192 ഗ്രാമങ്ങൾ പട്ടിണിയിലാണ്. ആളുകൾ മുങ്ങുകയാണ്, മരിക്കുകയാണ്. ആർക്കെങ്കിലും, പുനരധിവാസ ആനുകൂല്യങ്ങൾ കിട്ടിയിട്ടില്ല. പിറന്നാളിന് മുമ്പ് അണക്കെട്ട് നിറയ്ക്കുന്നതിൽ മാത്രമാണ് പ്രധാനമന്ത്രിക്ക് താൽപര്യം, നിർസപൂരിലെ സുരേഷ് പട്ടിദാർ പറഞ്ഞു. നിങ്ങൾ ഞങ്ങളെ ബലമായി വീടുകളിൽ നിന്ന് പുറത്താക്കി. അവയിൽ വെള്ളം നിറച്ചു. ഇത്രയും മനുഷ്യരും മൃഗങ്ങളും ദുരിതം അനുഭവിക്കുമ്പോൾ പിറന്നാൾ ആഘോഷിക്കുന്നു, പിച്ചോഡി ഗ്രാമത്തിലെ ശ്യാം ഭായി കുറ്റപ്പെടുത്തി.

ദുരിതത്തോട് കണ്ണടച്ച് മോദിയും

ഇതാദ്യമായാണ് അണക്കെട്ടിലെ ജലനിരപ്പ് 138.68 മീറ്ററായി ഉയർത്തുന്നത്. ജലനിരപ്പ് ഉയർന്നതോടെ കൈവഴികളിൽ വെള്ളം പൊങ്ങി 178 ഗ്രാമങ്ങൾ ഭാഗികമായോ പൂർണമായോ മുങ്ങി. ഇതോടെ, അണക്കെട്ടിന്റെ സ്ലൂസ് ഗേറ്റുകൾ തുറക്കണമെന്നാണ് മേധാ പട്കറും അണക്കെട്ടിനായി കുടിയിറക്കപ്പെട്ടവരും ആവശ്യപ്പെടുന്നത്. കഴിഞ്ഞ മാസം നർമദ ബച്ചാവോ ആന്ദോളൻ പ്രവർത്തകർ വിഷയമുന്നയിച്ച് മരണം വരെ നിരാഹാരം തുടങ്ങിയിരുന്നു. പ്രധാന ആവശ്യങ്ങളായ ദുരിതാശ്വാസവും പുനരധിവാസവും പരിഗണിക്കാമെന്ന വാഗ്ദാനം മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ മുന്നോട്ട് വച്ചതോടെയാണ് ഈ മാസം രണ്ടിന് പ്രതിഷേധം അവസാനിപ്പിച്ചത്. ഗുജറാത്ത് സർക്കാരുമായി വിഷയം സംസാരിക്കാമെന്നും അണക്കെട്ടിന്റെ ഗേറ്റുകൾ തുറക്കുന്ന പ്രശ്‌നം പരിഹരിക്കാമെന്നും മധ്യപ്രദേശ് സർക്കാർ ഉറപ്പുനിൽകിയിരുന്നു. ബർവാനി, ധർ, അലിരാജ്പൂർ, ഖർഗോൺ ജില്ലകളിലെ 178 ഗ്രാമവാസികളുടെ പുനരധിവാസം പൂർണമാകാതെ സ്ലൂസ് ഗേറ്റുകൾ അടയ്ക്കരുതെന്നാണ് എൻബിഎയുടെ ആവശ്യം. മോദിയുടെ നർമദ സന്ദർശനത്തിനിടെ റാലി സംഘടിപ്പിച്ച് വിഷയം ദേശീയ ശ്രദ്ധയിലെത്തിക്കാനായിരുന്നു ശ്രമം.

ഒക്ടോബർ മധ്യത്തോടെ, അണക്കെട്ട് നിറയ്ക്കാനായിരുന്നു നർമദ നിയന്ത്രണ അഥോറിറ്റി ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ, പ്രധാനമന്ത്രി എത്തുന്തിന് മുന്നോടിയായി അണക്കെട്ട് പൂർണ സംഭരണശേഷിയിൽ എത്തിച്ചു. ഷെഡ്യൂളിൽ വന്ന ഈ മാറ്റം ദുരിതാശ്വാസ -പുനരധിവാസ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചുവെന്നാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ബാല ബച്ചൻ പറഞ്ഞു. അണക്കെട്ടിൽ വെള്ളം നിറയുമ്പോൾ ബാധിക്കുന്ന മധ്യപ്രദേശിലെ ജനങ്ങളുടെ ദുരിതം കൂടി മോദി കണക്കിലെടുക്കേണ്ടതായിരുന്നു. അടിയന്തര സഹായം അവർക്ക് എത്തിക്കേണ്ടതായിരുന്നു, ബാല ബച്ചൻ പറഞ്ഞു.

2017 ജൂൺ 17 നാണ് നർമദ അണക്കെട്ടിന്റെ ഫ്‌ളഡ് ഗേറ്റുകൾ അടച്ചത്. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പദ്ധതിക്ക് ശിലാസ്ഥാപനം നടത്തി 56 വർഷത്തിന് ശേഷം. 2017 ൽ അണക്കെട്ടിന്റെ ഉയരം കൂട്ടിയതിന് ശേഷം ജലനിരപ്പ് ഇതാദ്യമായാണ് ഏറ്റവും ഉയർന്ന 138.68 മീറ്ററായി ഉയർന്നത്.

മേധയെ മറികടന്നും അണക്കെട്ടിന്റെ ഉയരം കൂട്ടി

രണ്ടു വർഷംമുമ്പ് സംഭരണശേഷി ഉയർത്തിയതിൽ പിന്നെ ഇത്രയും വെള്ളമെത്തുന്നത് ആദ്യമാണ്. പ്രധാനമന്ത്രിയുടെ പിറന്നാളിന് നർമദ ആരതിയോടെ ആഘോഷിക്കാൻ മുഖ്യമന്ത്രി വിജയ് രൂപാണി ആഹ്വാനം ചെയ്തിരുന്നു. സംസ്ഥാനസർക്കാരിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി എത്തിയത്.

മേധാ പട്ക്കറുടെ നേതൃത്വത്തിൽ നർമദ ബച്ചാവോ ആന്ദോളൻ സംഭരണപ്രദേശത്ത് കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികൾക്കായി നടത്തിയ പ്രക്ഷോഭങ്ങളെ മറികടന്നാണ് ഗുജറാത്ത് സർക്കാർ 2017-ൽ അണക്കെട്ടിന്റെ ഉയരം 121.92 മീറ്ററിൽനിന്നും 138.68 മീറ്ററാക്കിയത്. അണക്കെട്ടിന്റെ ശേഷി പരീക്ഷിക്കാൻ മാത്രമാണ് ഈ വർഷം ഗുജറാത്ത് ഇത്രയും ജലം ശേഖരിക്കുന്നത്. ഇതിന്റെ ഫലമായി സംഭരണമേഖലയിൽവരുന്ന മധ്യപ്രദേശിലെ ഗ്രാമങ്ങൾ മുങ്ങി. ഇതിനെതിരെ മേധ നടത്തിയ ഒമ്പതുദിവസത്തെ നിരാഹാരസമരം സെപ്റ്റംബർ മൂന്നിന് മധ്യപ്രദേശ് സർക്കാരിന്റെ ഒത്തുതീർപ്പിനെത്തുടർന്നാണ് പിൻവലിച്ചത്.

സർദാർ സരോവർ അണക്കെട്ടിന് 30 ഷട്ടറുകൾ ഉണ്ടെങ്കിലും പത്തെണ്ണം മാത്രമാണ് തുറന്നിരുന്നത്. എന്നാൽ, മധ്യപ്രദേശിലെ രണ്ട് ഡാമുകളിലെ വെള്ളംകൂടി തുറന്നുവിട്ടതോടെ കഴിഞ്ഞദിവസം ഇവിടെ 23 ഷട്ടറുകൾ തുറന്നു. ഭറൂച്ചിൽ കടലിൽനിന്നുള്ള വേലിയേറ്റംമൂലം ഇപ്പോൾ കൂടുതൽ ജലം തുറന്നുവിടാനുമാവാത്ത സ്ഥിതിയാണ്. വഡോദര, നർമദ, ഭറൂച്ച് ജില്ലകളിൽ നർമദാ ഡാമിൽനിന്നുള്ള വെള്ളമെത്തുന്ന 175 ഗ്രാമങ്ങൾ ഭീഷണിയിലാണ്. നാലായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു.

അണക്കെട്ടിന്റെ ഉയരം വർധിപ്പിക്കാൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നരേന്ദ്ര മോദി നിരാഹാരം നടത്തിയിട്ടുണ്ട്. അദ്ദേഹം പ്രധാനമന്ത്രിയായപ്പോളാണ് നർമദ ഡാം അഥോറിറ്റി ഇതിന് അനുമതിനൽകിയത്. അതിനാൽ പരമാവധി സംഭരണശേഷി എത്തുന്നത് അഭിമാനപ്രശ്‌നമായാണ് സംസ്ഥാനസർക്കാർ കാണുന്നത്.

എന്താണ് നർമദാ ബച്ചോവോ ആന്ദോളൻ?

മുങ്ങുന്നത് മൂവായിരത്തിലേറെ ഗ്രാമങ്ങൾ, മാറ്റിപ്പാർപ്പിക്കേണ്ടി വരിക മൂന്നുലക്ഷം പേരെ, ഉപജീവനമാർഗ്ഗം ഇല്ലാതാവുത് പത്തുലക്ഷം പേർക്കും. ഒരു നാടിനെ ഒട്ടാകെ ഇല്ലാതാക്കി നർമദ നദിക്ക് കുറുകേ അണക്കെട്ടുകൾ നിർമ്മിക്കുമ്പോൾ നഷ്ടംവരുന്നത് ആദിവാസികൾക്കും തദ്ദേശീയരായ കർഷകർക്കുമായായിരുന്നു. സർക്കാറിന്റെ എല്ലാ വികസന വായ്ത്താരികൾക്കും എതിരെ മേധാ പട്കർ ഒറ്റക്ക് നടത്തിയ പോരാട്ടമാണ് ഇന്ന് ലോക പ്രശസ്തമായ നർമ്മദാ ബച്ചോവോ ആന്ദോളനായി പടർന്നു പന്തലിച്ചത്. 1989-ൽ മേധാപട്കറുടെ നേതൃത്വത്തിലാണ് ഈ പ്രസ്ഥാനം രൂപം കൊണ്ടത്. വൈകാതെ തന്നെ മനുഷ്യാവകാശ പ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ, ശാസ്ത്രജ്ഞർ, ബുദ്ധിജീവികൾ, സാമൂഹ്യപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ അണിചേർന്ന് സർക്കാറിനെ ഞെട്ടിപ്പിക്കുന്ന ബഹുജന പോരാട്ടമായി. അണക്കെട്ടിനെതിരായ സമരം നീണ്ട 30 വർഷം കഴിഞ്ഞിട്ടും അവർ തുടരുകയാണ്.

ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന നദിയിലെ ജലവിതരണ തർക്കം പരിഹരിക്കുന്നതിനു 1969 ഒക്ടോബർ 6-ന് നദീജല തർക്ക പരിഹാര സമിതി 1979ൽ സമർപ്പിച്ച റിപ്പോർട്ടാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം. സമിതിയുടെ നിർദ്ദേശാനുസരണം 30 വലിയ അണക്കെട്ടുകളും 135 ഇടത്തരം അണക്കെട്ടുകളും 3000 ചെറു അണക്കെട്ടുകളും നിർമ്മിക്കാൻ തീരുമാനിച്ചു. 1984-ൽ നിർമ്മാണം ആരംഭിച്ചു. ലക്ഷക്കണക്കിന് ജനങ്ങളുടെ കാർഷിക, കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് സർക്കാർ അവകാശപ്പെട്ടത്. സർക്കാരിന്റേത് അതിവാദങ്ങളാണെന്നും യഥാർഥത്തിൽ ഗുണഭോക്താക്കളെക്കാൾ ബാധിതരാണുണ്ടാവുകയെന്നും മേധപട്ക്കർ കണക്കുകൾ വെച്ച് ചൂണ്ടിക്കാണിച്ചു. മൂന്ന് ലക്ഷം പേരെ മാറ്റിപ്പാർപ്പിക്കേണ്ടിവരുമെന്നും, ഏഴുലക്ഷം പേരുടെ ഉപജീവനമാർഗ്ഗം ഇല്ലാതാവുമെന്നും വ്യക്തമാക്കപ്പെട്ടു. മധ്യപ്രദേശിലെ മഹേശ്വർ ഡാം 40000-ൽപ്പരം മനുഷ്യരുടെ ഉപജീവനം ഇല്ലാതാക്കുമെന്നും 61 ഗ്രാമങ്ങളെ ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടിയിട്ടും നടപടിയുണ്ടായില്ല.

1985-ൽ മേധാപട്കറും സംഘവും പദ്ധതി പ്രദേശം സന്ദർശിച്ചു. വലിയ വിഭാഗം ജനങ്ങൾ പദ്ധതിയുടെ ഇരകളാകുമെന്ന ആശങ്ക വ്യാപകമായി. പദ്ധതിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് സൂക്ഷ്മമായ പഠനം നടത്താതെയാണ് അണക്കെട്ട് നിർമ്മാണത്തിനൊരുങ്ങുന്നതെന്ന പരാതിയും വ്യാപകമായി. അടിസ്ഥാന പാരിസ്ഥിതിക നിബന്ധനകളുടെ ലംഘനം, സൂക്ഷ്മപഠനങ്ങളുടെയും ആസൂത്രണത്തിന്റെയും അഭാവം എന്നീകാരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പദ്ധതിനിർദ്ദേശം മരവിപ്പിച്ചു.പദ്ധതി പ്രദേശത്ത് നിന്ന് ജനങ്ങളെ ഇറക്കിവിടുന്നതിനെതിരായി 1993-ൽ മേധാപട്കർ നിരാഹാരസമരം പ്രഖ്യാപിച്ചതോടെയാണ് സമരം ആളിക്കത്തിയത്. 1994-ൽ സംഘടനയുടെ ഓഫീസ് ഒരുവിഭാഗം രാഷ്ട്രീയ പ്രവർത്തകർ ആക്രമിച്ചു. 20 ദിവസം നീണ്ട നിരാഹാരസമരത്തിനൊടുവിൽ മേധയെ പൊലീസ് അറസ്റ്റുചെയ്തു.പദ്ധതിപ്രവർത്തനം തടയണമെന്ന് ആവശ്യപ്പെട്ട് എൻ.ബി.എ. കോടതിയെ സമീപിച്ചു. അണക്കെട്ട് നിർമ്മാണം നിർത്തിവയ്ക്കാനും പുനരധിവാസപ്രവർത്തനങ്ങൾ പൂർത്തീകരിക്കാനും 1995-ൽ കോടതി സംസ്ഥാനസർക്കാരുകളോട് നിർദ്ദേശിച്ചു. നീണ്ട നിയമ നടപടികൾക്കുശേഷം 1999-ൽ നിർമ്മാണപ്രവർത്തനം തുടരാൻ കോടതി അനുവദിക്കുകയാണുണ്ടായത്.

ജലനിരപ്പ് 99 മീറ്ററിലേക്ക് ഉയർത്താൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് ആ വർഷം ഓഗസ്റ്റ് 11-ന് ജലസമാധി എന്ന പുതിയ സമരരീതി പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയരുമ്പോൾ മുങ്ങുന്ന പ്രദേശത്തു നിന്ന് പിന്മാറാൻ അവർ വിസമ്മതിച്ചു. പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി. പക്ഷേ ഇപ്പോഴും പ്രശ്നം പരിഹരിച്ചിട്ടില്ല. നീതിക്കായുള്ള കർഷരുടെ പോരാട്ടം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP