Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'രാജ്യത്തിന് വേണ്ടി നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കരുത്'; ഗുസ്തി താരങ്ങളെ അനുനയിപ്പിച്ച് കർഷക നേതാക്കൾ; മെഡലുകൾ തിരികെ വാങ്ങി; അഞ്ചു ദിവസത്തെ സാവകാശം തേടി; പൊട്ടിക്കരഞ്ഞ് സാക്ഷിമാലിക് ഉൾപ്പെടെ താരങ്ങൾ; ഗുസ്തി താരങ്ങൾക്ക് പിന്തുണയർപ്പിച്ച് വൻ ജനാവലി ഹരിദ്വാറിൽ

'രാജ്യത്തിന് വേണ്ടി നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കരുത്';  ഗുസ്തി താരങ്ങളെ അനുനയിപ്പിച്ച് കർഷക നേതാക്കൾ; മെഡലുകൾ തിരികെ വാങ്ങി; അഞ്ചു ദിവസത്തെ സാവകാശം തേടി; പൊട്ടിക്കരഞ്ഞ്  സാക്ഷിമാലിക് ഉൾപ്പെടെ താരങ്ങൾ; ഗുസ്തി താരങ്ങൾക്ക് പിന്തുണയർപ്പിച്ച് വൻ ജനാവലി ഹരിദ്വാറിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ചെയർമാൻ ബ്രിജ്ഭൂഷൺ സിങ്ങിന് എതിരായ ലൈംഗിക പീഡന പരാതിയിൽ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് മെഡലുകൾ ഗംഗയിലൊഴുക്കാൻ എത്തിയ ഗുസ്തി താരങ്ങളെ അനുനയിപ്പിച്ച് കർഷക നേതാക്കൾ. ഹരിദ്വാറിലെത്തിയ ബികെയു ദേശീയ അധ്യക്ഷൻ നരേഷ് ടിക്കായത്ത് ഉൾപ്പടെയുള്ള കർഷകനേതാക്കൾ താരങ്ങളിൽ നിന്ന് മെഡലുകൾ തിരികെ വാങ്ങി. രാജ്യത്തിന് വേണ്ടി നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കരുതെന്ന് താരങ്ങളോട് കർഷക നേതാക്കൾ ആവശ്യപ്പെട്ടു. ഏറെ നേരം കായികതാരങ്ങളുമായി ടിക്കായത്ത് സംസാരിച്ച ശേഷമാണ് മെഡലുകൾ തിരികെ വാങ്ങിയത്.

കർഷക നേതാക്കൾ സമാധാനിപ്പിക്കാൻ എത്തിയതോടെ സാക്ഷിമാലിക് ഉൾപ്പടെയുള്ള താരങ്ങൾ പൊട്ടിക്കരഞ്ഞു. തുടർന്ന് കർഷകനേതാക്കളും താരങ്ങളും ചേർന്ന് പ്രകടനമായി മടങ്ങി. ഗുസ്തി താരങ്ങൾക്ക് പിന്തുണയർപ്പിച്ച് വൻ ജനാവലിയാണ് ഹരിദ്വാറിൽ എത്തിയത്. 28ാം തീയതി പാർലമെന്റിന് മുന്നിലേക്ക് താരങ്ങൾ നടത്തിയ പ്രതിഷേധത്തിനെതിരെ പൊലീസിന്റെ ഭാഗുത്തുനിന്നുണ്ടായനടപടിയാണ് താരങ്ങളെ ഇത്തരത്തിലൊരു കടുത്തനീക്കത്തിലേക്ക് നയിച്ചത്.നരേന്ദ്ര മോദി സർക്കാരിന്റെ വാർഷികാഘോഷ ദിനത്തിലാണ് ഇത്തരമൊരു പ്രതിഷേധം നടത്താൻ താരങ്ങൾ തെരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്.

ഗുസ്തി താരങ്ങൾ കണ്ണീരണിഞ്ഞാണ് മെഡലുകൾ ഗംഗയിലൊഴുക്കാൻ എത്തിയത്. മെഡലുകൾ നെഞ്ചോട് ചേർത്ത് കരഞ്ഞാണ് ഗുസ്തി താരങ്ങൾ ഹരിദ്വാറിലെത്തിയത്. താരങ്ങൾ ഹരിദ്വാറിൽ പ്രവേശിക്കുന്നതോ ഗംഗയിൽ മെഡലുകൾ ഒഴുക്കുന്നതിനോ തടസ്സമുണ്ടാവില്ലെന്ന് ഹരിദ്വാർ പൊലീസ് അറിയിച്ചിരുന്നു. താരങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും തടയാനുള്ള നിർദ്ദേശം ലഭിച്ചിട്ടില്ലെന്നും സീനിയർ പൊലീസ് സൂപ്രണ്ട് അജയ് സിങ് അറിയിച്ചിരുന്നു. താരങ്ങൾക്ക് പിന്തുണയുമായി ഹരിദ്വാറിലേക്ക് നിരവധി പേരെത്തി.

അതിവൈകാരികമായ രംഗങ്ങൾക്കാണ് ഹരിദ്വാർ സാക്ഷിയായത്. തങ്ങൾ നേടിയ മെഡലുകൾ നെഞ്ചോട് ചേർത്ത് പൊട്ടിക്കരയുന്ന ഇന്ത്യയുടെ അഭിമാന താരങ്ങളുടെ ദൃശ്യങ്ങൾ വേദനാജനകമായി. ഗുസ്തി താരങ്ങളുടെ സമരവേദി ഡൽഹി പൊലീസ് പൂർണ്ണമായും പൊളിച്ചുമാറ്റിയതോടെയാണ് സമരം കൂടുതൽ ശക്തമായത്. ഇന്ന് വൈകിട്ടോടെ രാജ്യത്തിനായി നേടിയ മെഡലുകൾ ഒഴുക്കി സമരം ചെയ്യുമെന്ന പ്രഖ്യാപനമുണ്ടായിട്ടും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു രീതിയിലുമുള്ള അനുനയശ്രമവുമുണ്ടായില്ല.

മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന പ്രഖ്യാപനമുണ്ടായിട്ടും കായികതാരങ്ങളെ കാണാനോ അവരുമായി അനുനയ ചർച്ച നടത്താനോ കേന്ദ്ര സർക്കാർ ഇതുവരെയും തയ്യാറായില്ല. ഇന്ത്യയുടെ അഭിമാനമായ താരങ്ങൾ ഇത്തരത്തിൽ അവഗണിക്കപ്പെടുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കർഷക സംഘടനകളും പ്രതിപക്ഷ പാർട്ടികളും താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ലൈംഗിക പീഡന പരാതിയിൽ ബിജെപി എംപിക്കെതിരെ നടപടിയെടുക്കാൻ ഇനിയും ഏത് വാതിലുകൾക്ക് മുന്നിലാണ് ഞങ്ങൾ സമരമിരിക്കേണ്ടതെന്ന ചോദ്യമാണ് കേന്ദ്ര സർക്കാരിന് മുന്നിൽ കായികതാരങ്ങൾ ആവർത്തിച്ച് ചോദിക്കുന്നത്. മെഡലുകൾ ഗംഗയിൽ ഒഴുക്കിയ ശേഷം ഇന്ത്യാ ഗേറ്റിൽ സമരമിരിക്കുമെന്നാണ് കായികതാരങ്ങൾ അറിയിച്ചത്. എന്നാൽ പ്രതിഷേധത്തിനുള്ള ഇടമല്ല ഇന്ത്യ ഗേറ്റെന്നും പ്രതിഷേധം അനുവദിക്കില്ലെന്നുമുള്ള നിലപാടിലാണ് ഡൽഹി പൊലീസ്.

പ്രതിഷേധിക്കുന്ന താരങ്ങൾക്ക് പിന്തുണയുമായി മുൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെ രംഗത്തെത്തിയിരുന്നു. ഗുസ്തി താരങ്ങൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയുടെ വാർത്ത കേട്ടപ്പോൾ ഞെട്ടിപ്പോയിയെന്ന് കുംബ്ലെ പ്രതികരിച്ചു. ശരിയായ സംവാദങ്ങളിലൂടെ എന്തിനും പരിഹാരമുണ്ടാക്കാം. ഗുസ്തി താരങ്ങളുടെ ആവശ്യങ്ങളിൽ എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അനിൽ കുംബ്ലെ ട്വീറ്റ് ചെയ്തു.

എംപി. കൂടിയായ ബ്രിജ് ഭൂഷൺ സിങ്ങിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഏപ്രിൽ 21 മുതൽ ഗുസ്തി താരങ്ങൾ പ്രതിഷേധം നടത്തിവരികയാണ്. നിരവധി ദേശീയ ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണെതിരെ ലൈംഗികപിഡനപരാതി ഉന്നയിച്ചിട്ടുണ്ട്. ഇതിൽ പ്രായപൂർത്തിയാകാത്ത ഒരു താരവും ഉൾപ്പെടും. ഞായറാഴ്ച പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ പ്രതിഷേധമാർച്ച് നടത്തിയ ഗുസ്തി താരങ്ങളിൽ പലരേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താരങ്ങളുടെ സമരപ്പന്തലുകൾ പൊളിക്കുകയും പ്രതിഷേധസമരത്തിന്റെ സംഘാടകർക്കെതിരെ കലാപം, നിയമവിരുദ്ധമായ കൂടിച്ചേരലിനും കേസെടുക്കുകയും ചെയ്തു.

ആത്മാഭിമാനം പണയം വെച്ചു ജീവിക്കാനാവില്ല. ഈ മെഡലുകൾ തങ്ങളുടെ ജീവനും ആത്മാവുമാണ്. കഠിനാധ്വാനം ചെയ്തു നേടിയ മെഡലുകൾ ഗംഗയെപ്പോലെ പരിശുദ്ധമാണ്. എന്നാൽ ഇപ്പോൾ മെഡലുകൾക്ക് വിലയില്ലാതായിയെന്ന് താരങ്ങൾ പറഞ്ഞു. മെഡലുകൾ നഷ്ടമായാൽ പിന്നെ താരങ്ങൾക്ക് ആത്മാവില്ല. അതിന് ശേഷം രക്തസാക്ഷികളുടെ ഓർമ്മകളുറങ്ങുന്ന ഇന്ത്യാ ഗേറ്റിൽ നിരാഹാരസമരം നടത്തും. ഇന്നലെ നടന്ന സംഘർഷങ്ങൾക്ക് പിന്നാലെ ഗുസ്തി താരങ്ങളുടെ സമരവേദി ഡൽഹി പൊലീസ് പൂർണ്ണമായും പൊളിച്ചുമാറ്റിയിരുന്നു. എന്നാൽ ഇതുകൊണ്ടൊന്നും പിന്മാറില്ലെന്നും, സമരം ശക്തമാക്കുമെന്നുമാണ് താരങ്ങൾ അറിയിച്ചിരുന്നു

തങ്ങളെ പെൺമക്കൾ എന്നാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. എന്നാൽ ഒരിക്കൽ പോലും അദ്ദേഹം തങ്ങളോട് കരുതൽ കാണിച്ചില്ലെന്ന് താരങ്ങൾ ആരോപിച്ചു. സമാധാനപരമായി സമരം ചെയ്തിട്ടും കുറ്റവാളികളെന്ന പോലെയാണ് പൊലീസ് പെരുമാറിയത്. ലൈംഗിക ആരോപണ വിധേയനായ ബ്രിജ് ഭൂഷൺ സിങ്ങിനെ അറസ്റ്റ് ചെയ്യാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്നും താരങ്ങൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP