Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202115Friday

ദാരിദ്യരേഖക്ക് താഴെയുള്ള രോഗികളെ തരംതിരിച്ചത് രണ്ട് വിഭാഗമായി; സൗജന്യ ചികിത്സ ലഭിക്കുക സ്ഥിര വരുമാനം ഇല്ലാത്തവർക്കും സ്വന്തമായി വീടില്ലാത്തവർക്കും കുടുംബത്തിൽ മാറാരോഗികൾ ഉള്ളവർക്കും മാത്രം; ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ സൗജന്യ ചികിത്സാ നിയന്ത്രണത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ജീവനക്കാരും

ദാരിദ്യരേഖക്ക് താഴെയുള്ള രോഗികളെ തരംതിരിച്ചത് രണ്ട് വിഭാഗമായി; സൗജന്യ ചികിത്സ ലഭിക്കുക സ്ഥിര വരുമാനം ഇല്ലാത്തവർക്കും സ്വന്തമായി വീടില്ലാത്തവർക്കും കുടുംബത്തിൽ മാറാരോഗികൾ ഉള്ളവർക്കും മാത്രം; ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ സൗജന്യ ചികിത്സാ നിയന്ത്രണത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ജീവനക്കാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ സൗജന്യ ചികിത്സാ നിയന്ത്രണത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ജീവനക്കാരും. സൗജന്യ ചികിത്സയിൽ പഴയരീതി തുടരണമെന്നാവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. പുതിയ പരിഷ്‌കരണം അർഹരായ പാവപ്പെട്ട രോഗികൾക്ക് ചികിത്സ നിഷേധിക്കാൻ കാരണമാകും എന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് ജീവനക്കാരും പ്രതിഷേധവുമായി രംഗത്തെത്തിയത്. ചികിത്സാ ഇളവുകളിൽ പഴയ രീതി തുടരണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാർ പ്രതിഷേധിക്കുന്നത്.

ഹൃദ്രോഗ ചികിൽസ, ന്യൂറോ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയ്ക്ക് ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സക്ക് കേരളത്തിലെ ഏറ്റവും പ്രശസ്തമായ പേരാണ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടേത്. ശ്രീചിത്രയിൽ ദാരിദ്രരേഖക്ക് താഴെയുള്ളവർക്ക് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ചികിത്സ പൂർണ്ണമായും സൗജന്യമായിരുന്നു. എന്നാൽ പുതിയ ഉത്തരവ് പ്രകാരം ബിപിഎൽ വിഭാഗക്കാരെ എ,ബി എന്നീ രണ്ട് വിഭാഗങ്ങളായി തരംതിരിക്കുന്നു. സ്ഥിരം വരുമാനം ഇല്ലാത്തവർക്കും സ്വന്തമായി വീടില്ലാത്തവർക്കും, കുടുംബത്തിൽ മാറാരോഗികൾ ആരെങ്കിലും ഉണ്ടെങ്കിലും മാത്രമേ ഇനി സൗജന്യ ചികിത്സ കിട്ടൂ.

വിധവയാണെങ്കിൽ സാക്ഷ്യപത്രവും പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നതിന്റെ രേഖയും ഹാജരാക്കണം. ഇതൊക്കെ ഉറപ്പാക്കുന്ന സർട്ടിഫിക്കറ്റുകളും വേണം. ഇത്തരക്കാരെയാണ് എ വിഭാഗത്തിൽ പെടുത്തിയത്. ഈ മാനദണ്ഡങ്ങൾക്ക് പുറത്തുള്ളവരാണ് ബി വിഭാഗത്തിൽ. അവർക്കുള്ള ചികിത്സാ സൗജന്യം 30 ശതമാനം മാത്രമായിരിക്കും.

അതേസമയം, ഇൻസ്റ്റിറ്റ്യൂട്ടിലെ വരുമാനത്തിൽ നിന്നാണ് സൗജന്യ ചികിത്സ നൽകിയിരുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് ഇതിനായി സാമ്പത്തിക സഹായം കിട്ടുന്നില്ലെന്നും ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ബിപിഎല്ലിന്റെ പേരിൽ അനർഹക്ക് ആനുകൂല്യങ്ങൾ ഒഴിവാക്കാൻ കൂടിയാണ് പുതിയ മാനദണ്ഡങ്ങളെന്നും അധികൃതർ പറഞ്ഞു.

ബി.പി.എൽ കാർഡ് ഹാജരാക്കി അഭിമുഖങ്ങളിൽ പങ്കെടുത്ത് ഗവേണിങ്ങ് ബോഡി തീരുമാനിച്ചാലേ ഇളവു ലഭിക്കുന്ന കാറ്റഗറിയിൽപ്പെടൂ. റേഷൻ കാർഡ് ഹാജരാക്കാൻ കഴിയാതിരിക്കുന്നവർ എത്ര പാവപ്പെട്ടവരായാലും ചികിത്സാ ചെലവിൽ ഇളവുണ്ടാവില്ല. രജിസ്ട്രേഷൻ ഫീസും ചികിത്സാ ഫീസും നാളെ മുതൽ കുത്തനെ കൂട്ടിയിട്ടുണ്ട്. 250 രൂപയായിരുന്ന രജിസ്ട്രേഷൻ ഫീസ് നാളെ മുതൽ 750 രൂപയാക്കി. റിവ്യൂ ചാർജ് 150 രൂപയിൽ നിന്ന് 500 രൂപയാക്കി. മറ്റു ചികിത്സാ ഫീസും മെഡിക്കൽ പരിശോധനാ ഫീസും ഇരട്ടിയാക്കിയിട്ടുണ്ട്.

 കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കിയ ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാത്തതിനാൽ അതിന്റെ ആനുകൂല്യങ്ങളും രോഗികൾക്ക് നിഷേധിക്കപ്പെടുന്നതിന്റെ പിന്നാലെയാണ് ആശുപത്രിയുടെ പുതിയ പരിഷ്‌കാരം. ആയുഷ്മാൻ ഭാരത്- കാരുണ്യ പദ്ധതിയിൽ ഇൻഷുറസ് ആയി ലഭിക്കുന്ന തുക ശ്രീചിത്രയിലെ ചികിൽസാ നിരക്കിനേക്കാളും കുറവാണെന്നതാണ് ആശുപത്രി ഇതിന് നല്കുന്ന ന്യായീകരണം. സ്ഥാപനം പദ്ധതിയിൽ അംഗമായിരുന്നെങ്കിൽ അഞ്ചു ലക്ഷം രൂപവരെ രോഗികൾക്ക് സഹായം ലഭിക്കുമായിരുന്നു. ഇതിനു പുറമെയാണ് ചികിൽസാ ഇളവിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP