Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

ബിജെപി നടത്തുന്നത് ഗാന്ധിജിയുടെ ഇന്ത്യയെ കുഴിച്ചുമൂടി ഗോൾവാൾക്കറുടെ ഇന്ത്യയെ പുനസൃഷ്ടിക്കാനുള്ള നീക്കം; പൗരത്വ ബില്ലിനെതിരെ രാജ്യത്തെ ഏറ്റവുംവലിയ പ്രതിഷേധ മഹാറാലി മലപ്പുറത്ത്; മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ഈ മാസം 26ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ ശ്രമിക്കുന്നത് കേന്ദ്ര സർക്കാരിനെതിരായ പ്രതിരോധ വലയം തീർക്കാൻ

ബിജെപി നടത്തുന്നത് ഗാന്ധിജിയുടെ ഇന്ത്യയെ കുഴിച്ചുമൂടി ഗോൾവാൾക്കറുടെ ഇന്ത്യയെ പുനസൃഷ്ടിക്കാനുള്ള നീക്കം; പൗരത്വ ബില്ലിനെതിരെ രാജ്യത്തെ ഏറ്റവുംവലിയ പ്രതിഷേധ മഹാറാലി മലപ്പുറത്ത്; മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ഈ മാസം 26ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ ശ്രമിക്കുന്നത് കേന്ദ്ര സർക്കാരിനെതിരായ പ്രതിരോധ വലയം തീർക്കാൻ

ജംഷാദ് മലപ്പുറം

മലപ്പുറം: പൗരത്വ ബില്ലിനെതിരെ രാജ്യത്തെ ഏറ്റവുംവലിയ പ്രതിഷേധ മഹാറാലി മലപ്പുറത്ത് നടത്താൻ ആഹ്വാനംചെയ്ത് മുസ്ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി. ബിജെപി നടത്തുന്നത് ഗാന്ധിജിയുടെ ഇന്ത്യയെ കുഴിച്ചുമൂടി ഗോൾവാൾക്കറുടെ ഇന്ത്യയെ പുനസൃഷ്ടിക്കാനുള്ള നീക്കമാണെന്നും മുസ്ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ബിജെപി സർക്കാർ നടപ്പിലാക്കാൻ പോകുന്ന മതാടിസ്ഥാനത്തിലുള്ള പൗരത്വ രജിസ്റ്ററിനെതിരെ ജില്ലാ മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരാവകാശ സംരക്ഷണ മഹാറാലി സംഘടിപ്പിക്കുവാൻ ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. 26 വ്യാഴാഴ്ച മലപ്പുറത്താണ് ബഹുജന മഹാറാലി സംഘടിപ്പിക്കുന്നത്.

നിലവിലുള്ളപൗരത്വ നിയമത്തിൽ ഭേദഗതി വരുത്തി പാർലമെന്റ് പാസാക്കിയ പുതിയ നിയമത്തോട് വിയോജിപ്പ് രേഖപ്പെടുത്തുകയും ഇന്ത്യയുടെ സംസ്‌കാരവും പൈതൃകവും നിലനിർത്തണമെന്ന അഭിപ്രായവും ഉള്ള എല്ലാവരെയും റാലിയിൽ പങ്കെടുപ്പിക്കും. മുസ്ലിം ന്യൂനപക്ഷത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ചു നിർത്തി ഇന്ത്യയെ വീണ്ടും വിഭജിക്കുവാനും ഗാന്ധിജിയുടെ ഇന്ത്യയെ കുഴിച്ചുമൂടി ഗോൾവാൾക്കറുടെ ഇന്ത്യയെ പുനസൃഷ്ടികുവാനും നടത്തുന്ന ശ്രമങ്ങൾക്കെതിരെ മുഴുവൻ ജനങ്ങളെയും അണിനിരത്തുക എന്നതാണ് ഈ മഹാറാലി കൊണ്ട് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി ഉദ്ദേശിക്കുന്നത്.

ബിജെപി സർക്കാർ നടത്തിയ പുതിയ നിയമനിർമ്മാണം മൂലം ഭയചകിതരായി കഴിയുന്ന മുസ്ലിം ന്യൂനപക്ഷത്തിന് സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തുക, അവർക്കാവശ്യമായ പ്രതിരോധം സൃഷ്ടിക്കുവാൻ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി അവരോടൊപ്പമുണ്ട് എന്ന് പ്രഖ്യാപിക്കുക, ഏകസിവിൽ കോഡിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് എതിരെ ഒറ്റക്കെട്ടായ പ്രതിരോധ വലയം സൃഷ്ടിക്കുക തുടങ്ങിയവയാണ് മുസ്ലിം ലീഗ് ഈ മഹാറാലി റാലിയിലൂടെ ലക്ഷ്യമിടുന്നത്.

പുതിയ പൗരത്വ നിയമത്തോട് വിയോജിപ്പ് രേഖപ്പെടുത്തി ഇന്ത്യയിൽ നടക്കുന്ന പ്രതിഷേധ പാടികളിൽ ജില്ലാ തലത്തിൽ നടക്കുന്ന ഏറ്റവും വലിയ റാലി ആയി മലപ്പുറത്തെ മഹാറാലി മാറ്റണമെന്ന് ജില്ലാ മുസ്ലിംലീഗ് കമ്മിറ്റി എല്ലാവരോടും അഭ്യർത്ഥിച്ചു. പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. അഡ്വ. യു .എ. ലത്തീഫ്, അഷ്‌റഫ് കോക്കൂർ, എം.അബ്ദുള്ളകുട്ടി, ഉമ്മർ അറക്കൽ, ഇസ്മായേൽ മൂത്തേടം, പി.കെ .സി. അബ്ദുറഹ്മാൻ, കെ.എം.ഗഫൂർ എന്നിവർ പ്രസംഗിച്ചു.

അതേ സമയം പൗരത്വ ഭേദഗതി ബില്ലിലൂടെ മുസ്‌ലിംകളെ ഏകപക്ഷീയമായി മാറ്റി നിർത്തുക വഴി രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി നാളെ മലപ്പുറത്ത് സംഘടിപ്പിക്കുന്ന പൗരാവകാശ സമ്മേളനത്തിൽ ജില്ലക്കകത്ത് നിന്നും പുറത്ത് നിന്നുമായി പതിനായിരങ്ങളെത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. വൈകുന്നേരം 5 മണിക്ക് ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. മത-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.

ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി തീ തുപ്പുന്ന ബ്രിട്ടീഷുകാർക്കെതിരെ വിരിമാറ് കാട്ടി സ്വാതന്ത്ര്യ ഭാരതം പടുത്തുയർത്തുന്നതിൽ പങ്ക് വഹിച്ച മലപ്പുറത്ത് നടക്കുന്ന പൗരാവകാശ സമ്മേളനം രാജ്യത്തെ മതത്തിന്റെ പേരിൽ വിഭജിക്കുന്നവർക്ക് കനത്ത താക്കീതായി മാറും. ഈ രാജ്യത്ത് എല്ലാ മത വിഭാഗങ്ങൾക്കും ഒരുപോലെ ജീവിക്കാനും വായു ശ്വസിക്കാനും അവകാശമുണ്ട്. മതേതര ജനാധിപത്യ റിപ്പബ്ലിക്കെന്ന മഹത്തായ ആശയത്തെ അപ്രസക്തമാക്കിക്കൊണ്ടാണ് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ ബില്ല് പാസാക്കിയത്. മുസ്ലിം സമൂഹത്തെ ലക്ഷ്യം വെച്ചുള്ള ഇത്തരമൊരു ഭയാനകരമായ അവസ്ഥക്കെതിരെ പൗരാവകാശ സമ്മേളനത്തിൽ പ്രതിഷേധമുയരും.

പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു. മഗ്രിബ് നിസ്‌കാരത്തിനുള്ള സൗകര്യങ്ങൾ നഗരിയിൽ സജ്ജീകരിച്ചിട്ടുണ്ട്. അതിന് പുറമെ പരിസരത്തുള്ള നാല് പള്ളികളിലും സൗകര്യമുണ്ടാവും. വുളൂഅ് ചെയ്യാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പരിപാടി വീക്ഷിക്കുന്നതിനായി എൽ.ഇ.ഡി സൗകര്യങ്ങളുമുണ്ടാവും.

പ്രതിഷേധ സംഗമത്തിനായി കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്നവർ മച്ചിങ്ങൽ ബൈപ്പാസിൽ ആളെ ഇറക്കി റോഡിന്റെ ഇരുവശത്തും പരിസരത്തുള്ള ഗ്രൗണ്ടുകളിലും, പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് വരുന്നവർ കുന്നുമ്മൽ മൂന്നാം പടിയിൽ ആളെ ഇറക്കി മുണ്ടുപറമ്പ് ബൈപ്പാസിലും കോട്ടക്കൽ ഭാഗത്ത് നിന്ന വരുന്നവർ കോട്ടപ്പടി-തിരൂർ റോഡിൽ ആളെ ഇറക്കി ശുഹദാ ബൈപ്പാസ് റോഡിലും പരപ്പനങ്ങാടി ഭാഗത്ത് നിന്ന് വരുന്നവർ വലിയങ്ങാടിയിൽ ആളെ ഇറക്കി റോഡിന്റെ ഇരു സൈഡുകളിലും പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങളിലും പാർക്ക് ചെയ്യേണ്ടതാണ്. എല്ലാ സ്ഥലങ്ങളിലും വളണ്ടിയേഴ്‌സിനെ വിന്യസിക്കും. വൈകുന്നേരം 4 മുതൽ വലിയങ്ങാടി, മൂന്നാംപടി, എം.എസ്‌പി പരിസരം, മച്ചിങ്ങൽ എന്നിവിടങ്ങളിൽ നിന്ന് പ്രവർത്തകർ ചെറു പ്രകടനങ്ങളായിട്ടാണ് നഗരിയിലെത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP