Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മഹാരാഷ്ട്രയിൽ മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രാജ്യത്ത് വൻ പ്രതിഷേധം; ഇവരെ വേട്ടയാടുന്നത് സനാതൻ സൻസ്തയ്ക്കെതിരെയുള്ള അന്വേഷണത്തിൽ നിന്നും ശ്രദ്ധതിരിക്കാനെന്നും ആരോപണം; പൊലീസ് ചട്ടം ലംഘിച്ചുവെന്ന് മനുഷ്യാവകാശ കമ്മീഷൻ പറയുമ്പോൾ വാറണ്ട് ഇല്ലാതെയാണ് റെയ്ഡും അറസ്റ്റും നടന്നതെന്ന് വരവര റാവുവിന്റെ കുടുംബം; മീ ടു അർബൻ നക്സൽസ് ഹാഷ്ടാഗോടു കൂടി സമൂഹ മാധ്യമത്തിൽ പ്രതിഷേധം

മഹാരാഷ്ട്രയിൽ മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രാജ്യത്ത് വൻ പ്രതിഷേധം; ഇവരെ വേട്ടയാടുന്നത് സനാതൻ സൻസ്തയ്ക്കെതിരെയുള്ള അന്വേഷണത്തിൽ നിന്നും ശ്രദ്ധതിരിക്കാനെന്നും ആരോപണം; പൊലീസ് ചട്ടം ലംഘിച്ചുവെന്ന് മനുഷ്യാവകാശ കമ്മീഷൻ പറയുമ്പോൾ വാറണ്ട് ഇല്ലാതെയാണ് റെയ്ഡും അറസ്റ്റും നടന്നതെന്ന് വരവര റാവുവിന്റെ കുടുംബം; മീ ടു അർബൻ നക്സൽസ് ഹാഷ്ടാഗോടു കൂടി സമൂഹ മാധ്യമത്തിൽ പ്രതിഷേധം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രാജ്യത്ത് പ്രതിഷേധം ഇരമ്പുന്നു. ഇവരെ അകാരണമായാണ് അറസ്റ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി മീ ടു അർബൻ നക്സൽസ് എന്ന ഹാഷ്ടാഗോടു കൂടി ട്വിറ്റർ ഉൾപ്പടെയുള്ള സമൂഹ മാധ്യമത്തിൽ പ്രതിഷേധം ഇരമ്പുകയാണ്. ഇതിനിടയിൽ ഇവരെ അറസ്റ്റ് ചെയ്തത് ഹിന്ദു സംഘടനയായ സനാതൻ സൻസ്തയ്ക്കെതിരെയുള്ള അന്വേഷമം വഴിതിരിച്ച് വിടാനാണെന്നും ആരോപണം ഉയർന്നിരുന്നു. റിട്ട. ജസ്റ്റിസ് ബി.ജി. കൊൽസെ പാട്ടീൽ, ഡോ. ബി.ആർ. അംബേദ്കറുടെ പേരക്കുട്ടിയും ദലിത് നേതാവുമായ പ്രകാശ് അംബേദ്കർ തുടങ്ങിയവരാണ് സംഭവത്തിൽ ആരോപണം ഉന്നയിച്ചത്.

വിപ്ലവ കവിയായ വരവര റാവു, മാധ്യമ പ്രവർത്തകനും ആക്ടിവിസ്റ്റുമായ ഗൗതം നവ്ലഖ(ഹരിയാന), അഭിഭാഷകയും സാമൂഹ്യ പ്രവർത്തകയുമായ സുധ ഭരദ്വാജ്(ഹരിയാന), അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരുമായ വേനോൺ ഗൊൺസാലസ്(മുംബൈ), അരുൺ ഫെരേര എന്നിവരെയാണ് പല സംസ്ഥാനങ്ങളിൽ നിന്നായി അറസ്റ്റു ചെയ്തത്. സംഘപരിവാർ വിരുദ്ധ രാഷ്ട്രീയപക്ഷത്തു നിൽക്കുന്ന ഇവരുടെ അറസ്റ്റിനെത്തുടർന്ന് വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയർന്നുവരുന്നത്.

രാജ്യത്ത് നിലനിൽക്കുന്ന 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'ക്കെതിരെ വിമർശിക്കുന്നവർക്ക് ഹിന്ദുത്വവാദികൾ നൽകുന്ന മറുപടി അറസ്റ്റ് ചെയ്യപ്പെട്ടവർ അർബൻ നക്‌സലുകൾ ആണെന്നുള്ളതാണ്. ഇനിയും അറസ്റ്റ് ചെയ്യേണ്ടവരുടെ ലിസ്റ്റ് ആവശ്യപ്പെട്ടുള്ള ബോളിവുഡ് സംവിധായകനും സംഘപരിവാർ പ്രചാരകനുമായ വിവേക് അഗ്‌നിഹോത്രിയുടെ ട്വീറ്റിനെ തുടർന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നത്. അർബൻ നക്സൽസ് എന്ന ഹാഷ്ടാഗ് ഉപയോഗിച്ചായിരുന്നു വിവേക് അഗ്നിഹോത്രിയുടെ ട്വീറ്റ്. ഇതിനു മറുപടിയായാണ് മീ ടൂ അർബൻ നക്സൽസ് എന്ന ഹാഷ്ടാഗ് രൂപം കൊണ്ടത്. അറസ്റ്റ് ചെയ്യേണ്ടവരുടെ ലിസ്റ്റിൽ എന്നേയും ഉൾപ്പെടുത്തൂ എന്നും പ്രതിഷേധക്കാർ പറയുന്നു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെല്ലാവരും വലതുപക്ഷ സംഘപരിവാർ വിരുദ്ധരാണ്. വീടുകളിൽ റെയ്ഡ് നടത്തുകയും, വീട്ടുതടങ്കലിൽ വെയ്ക്കുകയും ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഇതിനെതിരെ റോമിലാ ഥാപ്പർ, പ്രഭാത് പട്‌നായിക്, സതീഷ് ദേശ്പാണ്ഡെ തുടങ്ങിയ അക്കാദമിക് വിദഗ്ദ്ധർ കോടതിയെ സമീപിച്ചിരുന്നു.


സനാതൻ സൻസ്തയിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് ആരോപണം

മഹാരാഷ്ട്രയിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടി ഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്തക്കെതിരെയുള്ള അന്വേഷണത്തിൽ നിന്ന് ജനശ്രദ്ധമാറ്റാനെന്ന് ആരോപണം. റിട്ട. ജസ്റ്റിസ് ബി.ജി. കൊൽസെ പാട്ടീൽ, ഡോ. ബി.ആർ. അംബേദ്കറുടെ പേരക്കുട്ടിയും ദലിത് നേതാവുമായ പ്രകാശ് അംബേദ്കർ തുടങ്ങിയവരാണ് പരസ്യമായി ആരോപണം ഉന്നയിച്ചത്. ഡോ. നരേന്ദ്ര ദാഭോൽക്കർ, ഗൗരി ലങ്കേഷ് കൊലപാതക കേസുകളിലും സ്ഫോടന ആസൂത്രണ കേസിലും സനാതൻ സൻസ്തയുമായി ബന്ധമുള്ളവരെയാണ് സിബിഐ, കർണാടക പൊലീസ്, മഹാരാഷ്ട്ര എ.ടി.എസ് എന്നീ ഏജൻസികൾ അറസ്റ്റുചെയ്തത്.

ഗൗരി ലങ്കേഷ് കേസിൽ കർണാടക പൊലീസ് നടത്തിയ അറസ്റ്റും കണ്ടെത്തിയ തെളിവുകളുമാണ് ദാഭോൽക്കർ കേസിലും സ്ഫോടന ആസൂത്രണ കേസിലും അറസ്റ്റുകൾക്ക് വഴിവെച്ചത്. സ്ഫോടന ആസൂത്രണ കേസിലെ അറസ്റ്റ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനിടെയാണ് പുണെയിൽ ദലിതരും സവർണരും ഏറ്റുമുട്ടിയ ഭീമ-കൊറേഗാവ് സംഘർഷ കേസിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി അഞ്ച് മനുഷ്യാവകാശ പ്രവർത്തകർ അറസ്റ്റിലാകുന്നത്. സ്ഫോടനക്കേസിൽ എ.ടി.എസ് അറസ്റ്റ് ചെയ്തവരിൽ അവിനാഷ് പവാർ, സുധാൻവ ഗോന്തലേക്കർ എന്നിവർ ഭിടെ ഗുരുജി എന്നറിയപ്പെടുന്ന തീവ്ര ഹിന്ദുത്വ നേതാവ് സമ്പാജി ഭിഡെയുടെ അനുയായികളാണ്.

ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരുന്നതിനിടെയാണ് രാജ്യത്തെ ഞെട്ടിച്ച് ചൊവ്വാഴ്ച മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റുചെയ്തതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ദലിത്, സവർണ സംഘർഷത്തിന് പ്രകോപിപ്പിച്ചതായി ആദ്യം ആരോപിക്കപ്പെട്ടത് സമ്പാജി ഭിഡെയും മറ്റൊരു ഹിന്ദുത്വ നേതാവ് മിലിന്ദ് എക്‌ബോട്ടെയുമാണെന്നാണ് നേരത്തേ ഐ.ജി നൻഗ്രെ പാട്ടീൽ സർക്കാറിന് നൽകിയ റിപ്പോർട്ടും മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ ആദ്യം നൽകിയ സത്യവാങ്മൂലവുമെന്ന് ജസ്റ്റിസ് കൊൽസെ പാട്ടീൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, പിന്നീട് പുണെ സംഘർഷത്തിനുപിന്നിൽ മാവോവാദി ബന്ധം ആരോപിച്ച് പൊലീസ് കേസ് അട്ടിമറിക്കുകയായിരുന്നു.

എൽഗാർ പരിഷത്തിൽ 300ഓളം ദലിത്, ഇടത്, മറാത്ത, മുസ്ലിം സംഘടനകളാണ് പങ്കെടുത്തത്. എൽഗാർ പരിഷത്തിലെ പ്രകോപനമാണ് സംഘർഷത്തിന് വഴിവെച്ചതെന്നാണ് പൊലീസ് കേസ്. ഇത് തീവ്രഹിന്ദുത്വ സംഘടനകൾക്ക് എതിരെയുള്ള അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണെന്നും ജസ്റ്റിസ് കൊൽസെ പാട്ടീൽ ആരോപിച്ചു.


അറസ്റ്റിലായ ആളുകൾ നേതാക്കളെ വധിക്കാനും പദ്ധതിയിട്ടെന്നും പൊലീസ്

ഭീമ-കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തെലുഗ് കവി വരവര റാവു, അഭിഭാഷകരും ആക്ടിവിസ്റ്റുകളുമായ വെർണൻ ഗോൺസാൽവസ്, അരുൺ ഫെരേര എന്നിവർ നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) അംഗങ്ങളാണെന്ന് കോടതിയിൽ പുണെ പൊലീസ്. മാവോവാദി ബന്ധം ആരോപിച്ച് അഞ്ചുപേരെയാണ് ചൊവ്വാഴ്ച പൊലീസ് ഹൈദരാബാദ്, ഡൽഹി, ഫരീദാബാദ്, മുംബൈ എന്നിവിടങ്ങളിൽനിന്നായി അറസ്റ്റ് ചെയ്തത്. ഡൽഹിയിൽ അറസ്റ്റിലായ പത്രപ്രവർത്തകൻ ഗൗതം നവ്ലഖ, ഫരീദാബാദിൽ അറസ്റ്റിലായ അഭിഭാഷക സുധ ഭരദ്വാജ് എന്നിവരുടെ ട്രാൻസിറ്റ് റിമാൻഡ് യഥാക്രമം ഡൽഹി ഹൈക്കോടതിയും പഞ്ചാബ്-ഹരിയാന കോടതിയും തടഞ്ഞതിനെ തുടർന്ന് പുണെക്ക് എത്തിക്കാൻ കഴിഞ്ഞില്ല.

വൻ സുരക്ഷയോടെയാണ് വരവര റാവു, ഗോൺസാൽവസ്, അരുൺ ഫെരേര എന്നിവരെ പുണെ സെഷൻസ് കോടതിയിൽ ഹാജരാക്കിയത്. ഇവരുടെ റിമാൻഡിനായി വാദം നടക്കുന്നതിനിടെയാണ് പുണെ പൊലീസ് അറസ്റ്റ് ചെയ്ത അഞ്ചുപേരെയും പൊലീസ്, ജുഡീഷ്യൽ കസ്റ്റഡിയിൽ വെക്കുന്നത് തടഞ്ഞ് സുപ്രീംകോടതി ഉത്തരവ് വന്നത്. അവരവരുടെ വീടുകളിൽ തടവിൽ പാർപ്പിക്കാനാണ് ഉത്തരവ്. ഇത് പുണെ പൊലീസിനും മഹാരാഷ്ട്ര സർക്കാറിനും കനത്ത തിരിച്ചടിയായി. മൂന്നുപേരും മാവോവാദികളാണെന്നും നിലവിലെ ഭരണകൂടത്തോട് അസഹിഷ്ണുത ഉള്ളവരാണെന്നും പ്രമുഖ നേതാക്കളെ വധിക്കാൻ പദ്ധതിയിട്ടെന്നുമാണ് പുണെ സെഷൻസ് ജഡ്ജി കെ.ഡി. വധാനെക്ക് മുന്നിൽ പ്രോസിക്യൂഷൻ അറിയിച്ചത്.

വരവര റാവുവും നേരത്തേ അറസ്റ്റിലായ ഇന്ത്യൻ അസോസിയേഷൻ ഓഫ് പീപ്പിൾസ് ലോയേഴ്സിന്റെ സുരേന്ദ്ര ഗാഡ്ലിങ്ങും തമ്മിൽ ഇത് ചർച്ച ചെയ്ത ഇ-മെയിൽ കണ്ടെത്തിയതായി പ്രോസിക്യൂഷൻ അവകാശപ്പെട്ടു. നേപ്പാളിൽനിന്നും കശ്മീരിൽനിന്നും ഇവർക്ക് സഹായം എത്തിയതായും പൊലീസ് ആരോപിച്ചു. പൊലീസ് നടപടിയെ മഹാരാഷ്ട്ര സർക്കാർ ന്യായീകരിച്ചു. തെളിവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റെന്നും ഭരണം പിടിച്ചെടുക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും ആഭ്യന്തര സഹമന്ത്രി ദീപക് കസാർകർ പറഞ്ഞു.

പൊലീസ് ചട്ടം ലംഘിച്ചുവെന്ന് മനുഷ്യാവകാശ കമ്മീഷൻ. വാറണ്ട് ഇല്ലാതെയാണ് അറസ്റ്റെന്ന് വരവര റാവുവിന്റെ കുടുംബം

മഹാരാഷ്ട്രയിൽ മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നടപടിക്രമം പാലിച്ചില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇത് സംബന്ധിച്ച് മഹാരാഷ്ട്ര സർക്കാരിനും സംസ്ഥാന പൊലീസിനും ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസയച്ചു. അടുത്ത നാല് ആഴ്‌ച്ചകള്ക്കം ചീഫ് സെക്രട്ടറിയും ഡിജിപിയും കമ്മീഷന് മുൻപാകെ വസ്തുതാ റിപ്പോർട്ട് സമർപ്പിക്കണം. മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. ഗൗതം നവ്ലഖയുടെ ട്രാൻസിറ്റ് റിമാൻഡ് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്ത വിവരവും കമ്മീഷൻ ചൂണ്ടിക്കാട്ടി. എന്നാൽ പ്രാദേശിക സാക്ഷി ഇല്ലാതയൊണ് നവ്ലഖയുടെ ട്രാൻസിറ്റ് റിമാൻഡ് പുണേ പൊലീസ് സമ്പാദിച്ചതെന്നും ആരോപണമുണ്ട്.

ഇതിനിടെയാണ് പൊലീസ് നടപടി നിയമവിരുദ്ധമാണെന്ന് അറിയിച്ച് കവി വരവരറാവുവിന്റെ കുടുംബം രംഗത്തെത്തിയത്. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതിന് പുറമേ മക്കളുടെ വീട്ടിൽ റെയ്ഡും നടന്നിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് വാറണ്ടോ പരിശോധനാ വാറണ്ടോ ഇല്ലാതെയാണ് എത്തിയതെന്നും കുടുംബാംഗങ്ങൾ പറയുന്നു. മാവോ ബന്ധം ആരോപിച്ച് ഹൈദരാബാദിൽ നിന്നും ചൊവ്വാഴ്‌ച്ചയാണ് വരവര റാവുവിനെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് മക്കളുടെ വീട്ടിൽ റെയ്ഡ് നടന്നത്. ഇക്കാര്യത്തിലും ഇവർ നിയപരമായല്ല നടപടി സ്വീകരിച്ചതെന്നും പരിശോധനയ്ക്ക് ശേഷം പൊലീസ് കാണിച്ച രേഖ മറാഠി ഭാഷയിലുള്ളതായിരുന്നുവെന്നും റാവുവിന്റെ ബന്ധുക്കൾ പറയുന്നു. യഥാർഥ കേസ് ഭീമ- കൊറേഗാവ് സംഘർഷമാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഗൂഢാലോചന നടന്ന കേസിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നതെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP