Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

'വിവാദ ചോദ്യപേപ്പറിലെ മുഹമ്മദ് എന്ന പേര് എടുത്തത് പി ടി കുഞ്ഞുമുഹമ്മദിൽ നിന്ന്; പി ടിയുടെ തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകത്തിലെ ഡയലോഗുകൾ എനിക്ക് പ്രിയപ്പെട്ടതായിരുന്നു; പേരില്ലാ വ്യക്തിക്ക് ഇത് എഴുതിയ പി ടി കുഞ്ഞുമുഹമ്മദിന്റെ പേരിൽ നിന്ന് മുഹമ്മദിനെ എടുത്ത് പേര് മാറ്റിയപ്പോൾ പ്രവാചകനിന്ദയാണെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല; ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് പി ടി കുഞ്ഞുമുഹമ്മദ് ഒപ്പം നിന്നു; പൊള്ളുന്ന അനുഭവങ്ങളിലൂടെ പ്രൊഫ. ടി ജെ ജോസഫിന്റെ ആത്മകഥ

'വിവാദ ചോദ്യപേപ്പറിലെ മുഹമ്മദ് എന്ന പേര് എടുത്തത് പി ടി കുഞ്ഞുമുഹമ്മദിൽ നിന്ന്; പി ടിയുടെ തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകത്തിലെ ഡയലോഗുകൾ എനിക്ക് പ്രിയപ്പെട്ടതായിരുന്നു; പേരില്ലാ വ്യക്തിക്ക് ഇത് എഴുതിയ പി ടി കുഞ്ഞുമുഹമ്മദിന്റെ പേരിൽ നിന്ന് മുഹമ്മദിനെ എടുത്ത് പേര് മാറ്റിയപ്പോൾ പ്രവാചകനിന്ദയാണെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല; ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് പി ടി കുഞ്ഞുമുഹമ്മദ് ഒപ്പം നിന്നു; പൊള്ളുന്ന അനുഭവങ്ങളിലൂടെ പ്രൊഫ. ടി ജെ ജോസഫിന്റെ ആത്മകഥ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യം വിവാദമാവുക. തുടർന്ന് അതിന്റെപേരിൽ എല്ലാവരും ഒറ്റപ്പെടുത്തുക. ഒടുവിൽ ചെയ്യാത്തകുറ്റത്തിന് അതിക്രൂരമായി ആക്രമിക്കപ്പെടുക. തൊടുപുഴ ന്യൂമാൻ കോളജ് മുൻ അദ്ധ്യാപകൻ പ്രൊഫസർ ടി ജെ ജോസഫിന്റെ ആത്മകഥ 'അറ്റുപോകാത്ത ഓർമ്മകളിൽ' നിറയുന്നത് ഭരണകൂടവും അധികൃതരും ചേർന്ന് നടത്തിയ വേട്ടയുടെ ഭീതിദമായ ഓർമ്മകൾ.ജോസഫ് മാസ്്റ്റർ ഇടതുകൈ കൊണ്ട് എഴുതിത്ത്ത്ത്ത്തീർത്ത അഞ്ചൂറോളം പേജുള്ള ആത്മകഥ 'അറ്റുപോകത്ത ഓർമ്മകൾ' കേരളത്തിൽ ചൂടപ്പംപോലെയാണ് വിറ്റുപോകുന്നത്. ഡി സി ബുക്‌സിന്റെ മിക്ക ഷോറൂമിലും ഇപ്പോൾ പുസ്തകം കിട്ടാത്ത അവസ്ഥയാണ്.

ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ശാരീരികമായ പീഡനത്തേക്കാൾ ഭീകരമായിരുന്നു, സഭയുടെ അപവാദം പ്രചരണവും ഒറ്റപ്പെടുത്തലുമെന്ന് ജോസഫ് മാഷ് എഴുതുന്നുണ്ട്. കോളജിൽനിന്ന് പിരിച്ചുവിട്ട കാലത്ത് കത്തോലിക്ക സഭയിലെ ഒരു പറ്റം വൈദികർ തനിക്കെതിരെ വ്യാപകമായ തോതിൽ വ്യാജ പ്രചരണങ്ങളും സ്വഭാവഹത്യയും നടത്തി. തനിക്ക് അനുകൂലമായി പത്രമാസികകളിൽ ലേഖനം എഴുതിയവരെ തിരഞ്ഞുപിടിച്ച് ആക്ഷേപിച്ചിരുന്നു. സഭേതര പത്രമാസികകളിൽ തനിക്ക് അനുകൂലമായി എഴുതിയ ക്രിസ്തീയ നാമധാരികളെ കോതമംഗലം മെത്രാൻ മാർ ജോർജ് പുന്നക്കോട്ടിൽ നേരിട്ട് വിളിച്ച് ശാസിച്ചിരുന്നു. സ്വാതികനും വയോധികനുമായ ഫാ. എ. അടപ്പൂരിനെപോലും കത്തോലിക്ക വൈദികരും മെത്രാന്മാരുടെ ശിങ്കിടികളും തെറിവിളിയിൽ നിന്ന് ഒഴിവാക്കിയില്ലെന്ന് ടി.ജെ ജോസഫ് എഴുതുന്നു. താൻ ഭാര്യാമർദകനാണെന്നും, അമ്മയെ നോക്കാത്തവനാണെന്നുമൊക്കെ കന്യാസ്ത്രീകളും വൈദികരും വിശ്വാസികൾക്കിടയിൽ വ്യാപകമായ തോതിൽ അപവാദ പ്രചരണം നടത്തി. കത്തോലിക്ക സഭയുടെ സംഘടിത ശക്തി ഉപയോഗിച്ച് നിസ്സഹായനായ ഒരു മനുഷ്യനെ എങ്ങനെയെല്ലാം വേട്ടയാടാമെന്ന് വിവരിക്കുന്ന ഒരു ചരിത്ര പുസ്തകം കൂടിയാണ് ടി ജെ ജോസഫിന്റെ ആത്മകഥ.

പരിക്കേറ്റ് ആശുപത്രിയിൽ കിടക്കുന്ന കാലത്ത് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തിരുന്നു. സർവ്വീസിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പിനെ കാണാനെത്തിയ അദ്ദേഹത്തിന്റെ ഭാര്യ സലോമിയെയും മകളെയും കോളജ് മാനേജർ അപമാനിക്കുകയും മര്യാദയില്ലാത്ത വിധം സംസാരിക്കുകയും ചെയ്തു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന്റെ അടുത്ത ദിവസങ്ങളിൽ തന്നെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടുവെന്ന ഉത്തരവും വന്നു.

ജോസഫിനെ അക്രമിച്ചതിൽ മുസ്ലിം സംഘടനകൾ പോലും അപലപിച്ചിട്ടും സഭാമേലധികാരികൾ തികഞ്ഞ മൗനത്തിലായിരുന്നു. പൂർവ്വ വിദ്യാർത്ഥി സംഘടന ഭാരവാഹികൾ അദ്ദേഹത്തെ അക്രമിച്ചതിനെതിരെ പ്രതിഷേധിക്കണമെന്നാവശ്യപ്പെട്ടപ്പോൾ കോളജ് മാനേജർ മോൺസിഞ്ഞോർ തോമസ് മലേക്കുടി 'മരിച്ചു പോയെങ്കിൽ കുഴപ്പമില്ലായിരുന്നു' എന്നാണ് പ്രതികരിച്ചത്. ഇങ്ങനെ എല്ലാതരത്തിലും ജോസഫിനെ അപമാനിക്കാനും അവഹേളിക്കാനുമാണ് സഭയും വൈദികരും ശ്രമിച്ചത്.- ഈ വിവരങ്ങളെല്ലാം അദ്ദേഹം വിശദമായി എഴുതുന്നുണ്ട്.

മുഹമ്മദ് എന്ന പേര് എടുത്ത് പി ടി കുഞ്ഞുമുഹമ്മദിൽ നിന്ന്

മുഹമ്മദ് എന്ന വ്യക്തിയും ദൈവവും തമ്മിൽ നടത്തുന്ന സംഭാഷണ ശകലമായിരുന്നു ആ ചോദ്യം. അതിന് അടിസ്ഥാനമാക്കിയത് സിനിമ സംവിധായകനായ പി ടി കുഞ്ഞുമുഹമ്മദിന്റെ കഥയും. കേരള സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകത്തിൽ നിന്നാണ് ഈ ഭാഗം ജോസഫ് എടുക്കുന്നത്. കഥയിലെ പേരില്ലാ വ്യക്തി ദൈവത്തോട് ചോദിക്കുന്ന ചോദ്യങ്ങളായിരുന്നു അത്. ജോസഫാകട്ടെ പേരില്ലാ വ്യക്തിക്ക് പി ടി കുഞ്ഞുമുഹമ്മദിന്റെ പേരിൽ നിന്നുമുള്ള മുഹമ്മദിനെ എടുത്ത് പേരിട്ടു. ഇത് പ്രവാചക നിന്ദയായി ആരോപിക്കപ്പെട്ടു.വിവാദമായി. കേസായി. ജോസഫ് അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ ജീവിതം കീഴ്‌മേൽ മറിഞ്ഞു. ക്രിസ്ത്യൻ മാനേജ്‌മെന്റിന്റെ കീഴിലുള്ള കോളെജ് ജോസഫിനെ സസ്‌പെൻഡ് ചെയ്തു. കഠിനമായ ജീവിതാനുഭവങ്ങളിലൂടെ അദ്ദേഹം കടന്നു പോയി. ഭാര്യ ആത്മഹത്യ ചെയ്തു. 2013-ൽ കോടതി അദ്ദേഹത്തെ വെറുതെവിട്ടു. പക്ഷേ, അപ്പോഴേക്കും ജീവിതവും കൈവിട്ട് പോയിരുന്നു. അദ്ദേഹത്തിന്റെ കൈവെട്ടിയ കേസിൽ 2015-ൽ 13 പേരെ കോടതി ശിക്ഷിക്കുകയും ചെയ്തു. വി എസ് അച്യുതാനന്ദൻ സർക്കാർ ഭരിക്കുമ്പോഴാണ് ചോദ്യ പേപ്പർ വിവാദവും കൈവെട്ടുമുണ്ടായത്.

അദ്ദേഹത്തിന്റെ കഷ്ടാനുഭവങ്ങളേയും അതിലേക്ക് നയിച്ച സംഭവങ്ങളേയും അദ്ദേഹം അത് നേരിട്ടതിനേയും കുറിച്ചുള്ള ജോസഫിന്റെ ആത്മകഥ അറ്റുപോകാത്ത ഓർമ്മകൾ എന്ന പുസ്തകം ഇപ്പോൾ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. പുസ്തകം എഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ചും മറ്റും അദ്ദേഹം പറഞ്ഞ് തുടങ്ങി.

തനിക്ക് ജീവിതത്തിലുണ്ടായത് ഒരു അദ്ധ്യാപകനും വ്യക്തിക്കും ഉണ്ടാകാത്ത അനുഭവങ്ങളും പ്രതിസന്ധികളുമാണെന്ന് ജോസഫ് പറയുന്നു. അതുകൊണ്ടാണ് ഈ പുസ്തകം എഴുതിയത്. തന്റെ കഥ ഒരുവിധം എല്ലാവർക്കും അറിയാം. പത്രങ്ങളിലൊക്കെ സംഭവങ്ങളായി അത് വന്നു. പക്ഷേ, അത് തങ്ങൾ എങ്ങനെ അനുഭവിച്ചുവെന്നും അത് തരണം ചെയ്തുവെന്നും ആ സമയത്തെ മാനസികാവസ്ഥയുമൊന്നും വാർത്തകൾ വന്നില്ല അദ്ദേഹം പറയുന്നു.

സംഭവങ്ങൾ മാത്രമല്ലേ റിപ്പോർട്ട് ചെയ്യപ്പെടുകയുള്ളൂ അദ്ദേഹം ചോദിക്കുന്നു. അത് എങ്ങനെയാണ് താൻ അനുഭവിച്ചത്. അത് അഭിമുഖീകരിച്ചത്. തന്റെ മനസ്സ് എങ്ങനെയാണ് പ്രവർത്തിച്ചിരുന്നത് എന്നൊക്കെയാണ് അദ്ദേഹം പുസ്തകത്തിലൂടെ വ്യക്തമാക്കാൻ ശ്രമിക്കുന്നത്.അത് ആളുകളെ അറിയിക്കേണ്ടിയിരുന്നുവെന്ന് ജോസഫ് പറയുന്നു. മേലിൽ ഇങ്ങനെയാന്നും ആവർത്തിക്കാതിരിക്കാനും സംഭവിച്ചാൽ എങ്ങനെ തരണം ചെയ്യാനുള്ള ആത്മവീര്യം ഉണ്ടാകാനും പകച്ച് പോകാതിരിക്കാനുമൊക്കെയുള്ള സന്ദേശമുണ്ട് അതിൽ. അദ്ദേഹം വിശദീകരിച്ചു.

തന്റെ അനുഭവങ്ങൾ മാത്രമാണ് ഇതെന്ന് പറയാൻ പറ്റില്ല. കേരളത്തിന്റെ ചരിത്രത്തിന്റെ ഒരു ഭാഗം കൂടിയാണിത്. പ്രത്യേകിച്ച് സാംസ്‌കാരിക ചരിത്രത്തിന്റെ. അദ്ദേഹം കൂട്ടിച്ചേർത്തു.ഈ ചരിത്രം നമുക്ക് ഒരു അനുഭവമാണ്. ഒന്നാം ലോക മഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും ഉണ്ടായത് മൂന്നാം ലോക മഹായുദ്ധം ഉണ്ടാകാതിരിക്കുന്നതിനാണ്. എന്തുകൊണ്ട് പുസ്തകം എഴുതിയെന്ന് അദ്ദേഹം വിശദീകരിച്ചു.
പലരുടേയും ഉത്തരവാദിത്വമില്ലായ്മ കൊണ്ടും അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ വിവേകത്തോടെ കാര്യങ്ങൾ ചെയ്യാതിരുന്നതുകൊണ്ടും വന്നിട്ടുള്ള അനർത്ഥങ്ങൾ ധാരാളം ഇതിനകത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് ഉണ്ടായ വീഴ്ചകൾ വീണ്ടും ആവർത്തിക്കാതിരിക്കാനും ആളുകൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

കോളെജ് മാനേജ്‌മെന്റ്, പ്രിൻസിപ്പൽ, സഭ, പൊലീസ് ഉദ്യോഗസ്ഥർ, കളക്ടർ, മന്ത്രിമാർ അങ്ങനെ എല്ലാവർക്കും വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. അവർക്കെല്ലാം തെറ്റ് പറ്റിയിട്ടുണ്ട്. കാര്യങ്ങൾ വിവേചിച്ചറിയാതെ ആരെങ്കിലുമൊക്കെ പറയുന്നത് കേട്ടിട്ട് അവർ എടുത്ത് ചാടി.
പ്രത്യേക താൽപര്യങ്ങൾ മുൻ നിർത്തി പ്രവർത്തിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. അവരെ തിരുത്താനല്ല. അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഓരോരോ വിഷയങ്ങളിലും മനുഷ്യരെ അപകടപ്പെടുത്തുന്ന രീതിയിൽ ചെയ്യരുത്. അവർ വിവേകത്തോടെ പെരുമാറേണ്ട ആവശ്യമുണ്ട്. അതുകൊണ്ടാണ് ഈ പുസ്തകം എഴുതിയത്.

വിവാദ സമയത്ത് താൻ പറഞ്ഞത് കേൾക്കാൻ ആരും തയ്യാറായില്ലെന്ന് ജോസഫ് പറയുന്നു. പൊലീസ് ചോദ്യം ചെയ്ത സമയത്ത് എല്ലാം വിശദീകരിച്ചതാണ്. എന്നാൽ മാധ്യമങ്ങൾ ഒന്നും അത് പ്രസിദ്ധീകരിച്ചില്ല. പൊലീസ് എന്നെ അറസ്റ്റ് ചെയ്ത സമയത്ത് ഇടുക്കി എസ് പിയുടെ മുമ്പാകെ ഈ ചോദ്യപേപ്പറിന്റെ വാസ്തവം വിവരിച്ചതാണ്. അത് മനസ്സിലാക്കി തന്നെ വിടേണ്ടതാണ്. പക്ഷേ, അവർ അത് ചെയ്യാതെ സർക്കാർ പറഞ്ഞത് കേട്ടു. കേസിനാസ്പദമായ വകുപ്പുകൾ ചേർത്ത് കേസ് എടുക്കുകയായിരുന്നു.താൻ പറയുന്നതിനൊന്നും വിലയില്ലെന്നായി അദ്ദേഹം ഓർമ്മിച്ചു. ഒരു കൂട്ടം ആളുകൾ മുറവിളി കൂട്ടിയപ്പോൾ ആ ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്താൻ വേണ്ടി ഭരണപക്ഷത്ത് നിന്നുള്ള ഒരു നടപടിയായിരുന്നു അത്. അതായത് ബൈബിളിലെ കയ്യഫാസിന്റെ നയമായിരുന്നു.

കുഞ്ഞിമുഹമ്മദ് അദ്ദേഹം ആദ്യം പകച്ചു പോയെന്ന് ജോസഫ് പറയുന്നു. അദ്ദേഹം ആ കഥ എഴുതിയിട്ടില്ലെന്ന് പറഞ്ഞു. ഒടുവിൽ 2015-ൽ കുഞ്ഞിമുഹമ്മദ് എനിക്ക് അനുകൂലമായി പറഞ്ഞു. ആ കഥയിലെ കഥാപാത്രത്തെ ഞാൻ കുഞ്ഞിമുഹമ്മദിന്റെ പേര് ചുരുക്കി പറയുകയായിരുന്നു ജോസഫ് ചോദ്യം എഴുതിയതിനെ ഓർത്തെടുത്തു.അത് ആർക്കും വിശ്വസിക്കാവുന്നതേയുള്ളൂവെന്ന് കുഞ്ഞിമുഹമ്മദ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഒരു കഥയെ അടിസ്ഥാനപ്പെടുത്തി ഇങ്ങനെയൊരു വിഷയം ഉണ്ടായതിൽ അദ്ദേഹത്തിന് ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആ ദുഃഖം കൊണ്ടാണ് എന്നെ വിളിക്കാതിരുന്നതെന്നും പറഞ്ഞിരുന്നു. ആദ്യ കാലത്തെ നിലപാടുകൾ എനിക്കറിയില്ല. ആദ്യ കാലത്ത് എല്ലാവരും വിരണ്ട് പോയിരുന്നു. ജോസഫ് പറഞ്ഞു.

ഈ പുസ്തകത്തിലെ ആദ്യ അധ്യായത്തിൽ എങ്ങനെയാണ് ഈ ചോദ്യം ഉണ്ടായത് എന്നതിനെ വിവരിക്കുന്നുണ്ട്. ചോദ്യം എന്താണെന്ന് മനസ്സിലാക്കാതെ വായനക്കാർ പോകാൻ പാടില്ലല്ലോ. അദ്ദേഹം പറയുന്നു.

അങ്ങനെ അവർഎന്റെ കൈവെട്ടിമാറ്റി

്പരശുരാമന്റെ മഴു എന്ന 25ാം അധ്യായത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്. പള്ളികഴിഞ്ഞ് വീട്ടിലേക്ക് കാറിൽ മടങ്ങുന്ന തന്നെയും കുടുംബത്തെും ഇസ്ലാമിക മതമൗലിക വാദികൾ ആക്രമിച്ചതിന്റെ വിവരങ്ങൾ ഈ അധ്യായത്തിലാണ് ജോസ്ഫ് മാസ്റ്ര് വിവരിക്കുന്നത്. ഇവരുടെ കാറിനെ കുറുകെ വട്ടം പടിച്ച ഒരു സംഘം പൊടുന്നനെ ആക്രമിക്കയായിരുന്നു. സ്വന്തം വീടിന് 50 മീറ്റർ അകലെ മാത്രം ഉള്ളിടത്ത് അമ്മയുടെയും ചേച്ചിയുടെയും മുന്നിലിട്ടാണ് ഇവർ കാടൻ നീതി നടപ്പാക്കിയത്. ടി ജെ ജോസഫ്് ഇങ്ങനെ എഴുതുന്നു.

'അടുത്ത നിമിഷം മഴുകൊണ്ടുള്ള വെട്ടേറ്റ് എന്റെ വലതുവശത്തുള്ള ഡോറിന്റെ ഗ്ലാസ് തകർന്നുവീണു. അക്ഷണത്തിൽതന്നെ വാക്കത്തികൊണ്ടുള്ള വെട്ടിൽ, ചേച്ചിയുടെ വശത്തെ ചില്ലും തകർന്നു. രണ്ടാം വാക്കത്തിക്കാരൻ കാറിന്റെ മുൻവശത്തെ ചില്ല് വെട്ടിപ്പൊളിച്ചെങ്കിലും അത് അടർന്നുവീണില്ല.

ചില്ലില്ലാത്ത ഡോറിലൂടെ മഴു അകത്തേക്കിട്ട് ഒന്നാമൻ എന്നെ തുരുതുരാ വെട്ടാൻ തുടങ്ങി. അതോടെ ചേച്ചിയും അമ്മയും ആവുന്നത്ര ശബ്ദത്തിൽ രക്ഷിക്കണേ, ഓടിവായോ, എന്ന് നിലവിളി തുടങ്ങി. ഞാനാകട്ടെ ശരീരം ആവുന്നത്ര, ഉള്ളിലേക്ക ഒതുക്കിക്കൊണ്ട്, മഴുവിന്റെ പിടിയിൽ കടന്നുപിടിക്കാനുള്ള ശ്രമം നടത്തി. ഒന്നു രണ്ടുതവണ എനിക്ക് പിടി കിട്ടിയെങ്കിലും എന്റെ കൈകൾ വിട്ടുപോയി. ഇരുകൈകളിലും വെട്ടേറ്റ് മാംസവും ഞരമ്പുകളും മുറിഞ്ഞു മറിഞ്ഞപ്പോൾ എന്റെ കൈകൾ പൊങ്ങാതായി. പിൻ സീറ്റിൽ ഇരുന്ന എന്റെ അമ്മ ഒരു മടക്കുകുട കൊണ്ട് എന്നെ വെട്ടുന്ന കൈയിൽ അടിച്ചുകൊണ്ട് അലറിക്കരഞ്ഞെങ്കിലും ഒരു ദീനശബ്ദമേ പറുത്തുവന്നുള്ളൂ.

എന്റെ കൈൾ പൊങ്ങാതായതോടെ, മഴു പിടിച്ചയാൾ കൈ ഉള്ളിലേക്കിട്ട് കാറിന്റെ ഡോർ തുറന്നു. അപ്പോഴേക്കും ചേച്ചിയുടെ വശത്തുനിന്ന വാക്കത്തിപിടിച്ച രണ്ടാളുകളും അങ്ങോട്ട് വന്നു. നാലുപേർ കൂടി എന്നെ വലിച്ചെടുത്ത് കാറിന്റെ പിന്നിലേക്ക് കൊണ്ടുപോയി. എന്റെ അടുത്തേക്ക് വരാനായി ഡോർ തുറന്ന് പുറത്തെത്തിയ ചേച്ചിയെ അവിടെ നിന്നിരുന്ന കഠാരക്കാരൻ ഇടം കൈയാൽ കഴുത്തിന് കുത്തിപ്പിടിച്ച് വലം കൈയിലെ കഠാര നീട്ടിപ്പിടിച്ച് റോഡിന്റെ ഇടതുവശത്തുള്ള കൈയാലയിലേക്ക് തള്ളി നിർത്തി.

കാറിന്റെ പിന്നിലേക്ക് എന്നെ അൽപ്പദൂരം വലിച്ചിഴച്ചിട്ട് ആ ഒരു വാക്കത്തിക്കാരൻ, എന്റെ ഇടതുകാലിന്റെ കുതികാൽ ഭാഗത്ത് ആഞ്ഞൊരു വെട്ട്. അതിനുശേഷം കാലിൽ പിടിച്ച് തിരിച്ചിട്ട് അതിനോട് ചേർന്ന് പാദത്തിന് മുകളിലായി ഒരു വെട്ടും തന്നു. തുടർന്ന് മഴു പിടിച്ച ആൾ എന്റെ ഇടതുചന്തിയോട് ചേർന്ന തുടഭാഗത്ത് മഴുകൊണ്ട് ആഞ്ഞുവെട്ടി. കൂടാതെ ഇടതുകാലിൽ തന്നെ കണ്ണയുടെ മുകൾഭാഗത്തും പാദത്തിലും ആഞ്ഞു വെട്ടി. മഴു പതിച്ച ഭാഗങ്ങൾ അസ്ഥി ഉൾപ്പടെ മുറിഞ്ഞു. മുറിവുകളിൽനിന്ന് ചീറ്റിയൊലിക്കുന്ന രക്തത്തോടൊപ്പം, ജീവനും വാർന്നുപോകുന്നതായി എനിക്കപ്പോൾ തോന്നി. എന്നിൽ പതിക്കാൻവേണ്ടി അയാളുടെ കൈയിലിരുന്ന് വെമ്പുന്ന മഴുവിൽ ദൃഷ്ടിയൂന്നി ജന്തുസഹമായ മരണഭയത്തോടെ, 'കൊല്ലല്ലോ, കൊല്ലല്ലേ' എന്ന് ഞാൻ വിലപിച്ചു.

പിന്നീട് അവർ എന്നെതൂക്കിയെടുത്ത് കുറച്ചുകൂടി പിന്നിലേക്ക് കൊണ്ടുപോയി. റോഡിന്റെ ഓരത്തായി വിലങ്ങനെ കിടത്തി. ഉടൽ ടാർറോഡിലും തല പുല്ലുള്ള ഭാഗത്തും വരത്തക്കനിലയിൽ അവർ എന്നെ മലർത്തിയിട്ടു. മഴുപിടിച്ച ആൾ, മുറിവേറ്റ് തളർന്ന എന്റെ ഇടതുകൈത്തണ്ട എടുത്തുപിടിച്ചിട്ട് വിറകുകീറുന്നുമാതിരി ആഞ്ഞൊരു വെട്ട്. കൈക്കുഴയോടെ ചേർന്ന് കൈപ്പത്തിയിൽ ചെരിഞ്ഞു പതിച്ച മഴു, ചെറുവിരൽ ഭാഗത്തെ മൂന്നുവരലുകൾ കടയറ്റു തുങ്ങത്തക്കവിധം കൈപ്പത്തിയുടെ മുക്കാൽ ഭാഗത്തോളം എത്തിനിന്നു. ഉദ്ദേശിച്ച കൈമാറിപ്പോയെന്ന് വാക്കത്തിക്കാരൻ സൂചന കൊടുത്തതിനാൽ, എന്റെ ഇടതുകൈ അയാൾ പൊടുന്നനെ താഴേക്കിട്ടു.

ആ സമയം വലുതായൊരു സ്‌ഫോടന ശബ്ദം എന്റെ കാതിൽ വന്നലച്ചു. പുകപടലങ്ങൾക്കിടയിൽ കൈയിൽ ഒരു വാക്കത്തിയുമായി മകൻ മിഥുൻ അവിടേക്ക് പാഞ്ഞടുക്കുന്നത് ഒരു മിന്നായംപോലെ എന്റെ ദൃഷ്ടിയിൽപ്പെട്ടു. അൽപ്പം സമയം കഴിഞ്ഞ് വാക്കത്തിക്കാരിലെ അപരൻ മുറിവുകളാൽ വിവൃതമായ എന്റെ വലതുകൈ മുട്ടുഭാഗത്ത് പിടിച്ച് ടാർ റോഡിൽ ചേർത്തുവെച്ചു. മഴു പിടിച്ചയാൾ കൈത്തണ്ടയുടെ മധ്യഭാഗത്ത് രണ്ടിഞ്ച് അകലത്തിൽ വിപരീത ദിശയിൽ ചെരിച്ച് രണ്ടു വെട്ടുവെട്ടി. രണ്ടിടത്തും അസ്ഥികൾ മുറിഞ്ഞ് കൈത്തണ്ട മുക്കാൽ ഭാഗം അറ്റു. പിന്നീട് കൈക്കുഴയാട് ചേർന്ന് പലതവണ വെട്ടി. അവർ എന്റെ വലതുകൈപ്പത്തി മുറുച്ചുമാറ്റി.'- ജോസഫ് മാസ്റ്റർ എഴുതുന്നു.

വെട്ടേറ്റ് അർധ അബോധവസ്ഥയിൽ ആശുപത്രിയിലേക്ക് പോകുമ്പോൾ തന്റെ കൈപ്പത്തി കൂടി എടുത്തോളാൻ താൻ പറഞ്ഞ കാര്യവും ജോസഫ് മാസ്റ്റർ എഴുതുന്നുണ്ട്. 'പക്ഷേ എവിടെ തിരഞ്ഞിട്ടും ആറ്റുപോയ കൈപ്പത്തി കണ്ടുകിട്ടിയില്ല. അയൽക്കാരൻ ജോസഫ് സാർ സംഭവം നടന്ന സ്ഥലത്തെ കുറ്റിച്ചെടികൾക്കിടയിൽ പരതുകയായിരുന്നു. അപ്പോഴാണ് സമീപത്തെ വീട്ടുമുറ്റത്ത് കൈപ്പത്തി വീണുകിടക്കുന്നുണ്ടെന്ന് ആരോ അറിയിച്ചത്.അദ്ദേഹം ചെന്നുനോക്കിയപ്പോൾ ശരിയാണ്. മുറ്റത്തുവിരിച്ച ചരലിൽ ഉണങ്ങി വീണ തേക്കിലപോലെ അതാ കിടക്കുന്നു! അദ്ദേഹം പെട്ടെന്ന് അതെടുത്ത് മണൽത്തരികൾ കുടഞ്ഞുകളഞ്ഞ്, ഒരു പ്ലാസ്റ്റിക്ക് കൂടിൽ ഐസ് കട്ടയും വെച്ച് പാക്ക് ചെയ്തതോടെ പൊലീസ് ജീപ്പെത്തി.'-ജോസഫ് മാസ്റ്റർ എഴുതുന്നു.

ഈ കൈപ്പത്തിയാണ് പിന്നീട് അദ്ദേഹത്തിന് തുന്നിപ്പിടിപ്പിച്ചത്. തുടർന്നണ്ടായ ദുരിത ജീവിതവും അദ്ദേഹം വിവരിക്കുന്നുണ്ട്.

മുസ്ലീമായ എൻഐഎ അന്വേഷണ ഉദ്യോഗസ്ഥൻ പെരുമാറിയത് പരുഷമായി

കേസ് നടക്കുന്നതിനിടയിലാണ് ജോസ്ഫ് മാഷെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടത്. സാമ്പത്തിക പരാധീനതകൾ മൂലം ഏറെ വലഞ്ഞുവെന്നും ജോസഫ് വിവരിക്കുന്നുണ്ട്. കേസന്വേഷിക്കാൻ വന്ന മുസ്ലീമായ എൻഐഎ അന്വേഷണ ഉദ്യോഗസ്ഥൻ തന്നോട് പരൂഷമായി പെരുമാറിയ കാര്യം അദ്ദേഹം പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവാചകനെ നിന്ദിച്ച താങ്കളുടെ പ്രവർത്തി ഒരു മുസ്ലിം എന്ന നിലയിൽ എനിക്ക് സഹിക്കാനാവില്ല, എന്നിരുന്നാലും അത് എന്റെ ഡ്യൂട്ടിയെ ബാധിക്കില്ല'. എന്നു പറഞ്ഞ ഉദ്യോഗസ്ഥൻ പ്രതികളെ രക്ഷിക്കാൻ വേണ്ടി സകല പഴുതുകളുമിട്ടാണ് കേസന്വേഷണം നടത്തിയതെന്ന് പിന്നീട് മേൽനോട്ടം വഹിക്കാനെത്തിയ എൻഐഎ സൂപ്രണ്ട് കണ്ടെത്തി. ഇതേതുടർന്ന് ഇയാളെ അന്വേഷണ സംഘത്തിൽ നിന്നും ഒഴിവാക്കി.

കോടതി കുറ്റ വിമുക്തനാക്കിയിട്ടും സഭാമേലധികാരികൾ ജോസഫിനെതിരെയുള്ള വേട്ടയാടൽ തുടർന്നു. യൂണിവേഴ്‌സിറ്റി ട്രിബ്യൂണലിലെ കേസിനെതിരെ ജോസഫിന്റെ സഹപ്രവർത്തകനും വൈദികനുമായ ഫാ. രാജു ജേക്കബ് (മാനുവൽ പിച്ചലക്കാട്ട്) താൻ മതനിന്ദ നടത്തിയ വ്യക്തിയാണെന്ന് ബോധിപ്പിച്ചിരുന്നു. ജോസഫിന്റെ ശിഷ്യൻ കൂടിയായിരുന്നു വൈദികനായ രാജു. അദ്ദേഹത്തിന് തന്റെ ഗുരുവും സഹപ്രവർത്തകനുമായ ജോസഫിനെതിരെ കള്ളസാക്ഷ്യം പറയുന്നതിൽ യാതൊരു മടിയും സങ്കോചവുമില്ലായിരുന്നുവെന്നാണ് പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സമാനമായ മൊഴികളാണ് കോളജ് പ്രിൻസിപ്പലായ ടിഎം ജോസഫും മാനേജർ ഫാ. തോമസ് മലേക്കുടിയും ആവർത്തിച്ചത്. സംഘടിതമായ രീതിയിൽ കത്തോലിക്ക സഭ നേതൃത്വവും വൈദികരും ചേർന്ന് നിസ്സഹായനായ ഒരു മനുഷ്യനെ വേട്ടയാടിയതിന്റെ നേർചിത്രമാണ് അറ്റുപോകാത്ത ഓർമ്മകളിൽ വിവരിക്കുന്നത്.

ജോസഫിനെ ജോലിയിൽ നിന്നു പിരിച്ചു വിട്ടതോടെ ഭാര്യ സലോമി മാനസിക രോഗിയായി മാറി. വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായതോടെ അവരുടെ സ്വഭാവത്തിലും മാറ്റങ്ങൾ കണ്ടു തുടങ്ങി. വേണ്ടാത്തതിനൊക്കെ വഴക്കുണ്ടാക്കാൻ തുടങ്ങി. മനോരോഗത്തിന് തുടക്കമാണെന്നും ഇത്തരം രോഗികൾ ആത്മഹത്യപ്രവണത പ്രകടിപ്പിക്കുമെന്ന് മുന്നറിയിപ്പ് തന്നതോടെ വീട്ടിലുണ്ടായിരുന്ന കീടനാശിനികൾ നശിപ്പിച്ചു കളയുകയും, മൂർച്ചയേറിയ കത്തികളും മറ്റും അവരിൽ നിന്ന് ഒളിപ്പിച്ചു വെക്കുകയും ചെയ്തു. എന്നിട്ടും ഒരു ദിവസം കുളിമുറിയിൽ കയറി തൂങ്ങിമരിച്ചു. അതും പുണ്യവാനായ സെന്റ് ജോസഫിന്റെ തിരുനാൾ ദിവസത്തിലാണ് അത് സംഭവിച്ചത്. വീണ്ടും ഒരിക്കൽ കൂടി താൻ തോൽപ്പിക്കപ്പെട്ടുവെന്നാണ് ഭാര്യയുടെ വിയോഗത്തെക്കുറിച്ച് ജോസഫ് എഴുതിയിരിക്കുന്നത്.

സലോമിയുടെ മരണം വാർത്താമാധ്യമങ്ങളും പൊതുസമൂഹവും ഏറ്റെടുത്തു. എന്നിട്ടും സഭയുടെ മനസ്സലിഞ്ഞില്ല. വീണ്ടും വീണ്ടും ജോസഫിനെയും കുടുംബത്തെയും വൈദികരും സഭാനേതൃത്വവും സംഘടിതമായി അപമാനിക്കുകയും അവഹേളിക്കുകയും ചെയ്തു. 2014 മാർച്ച് 31-ന് വിരമിക്കാനിരിക്കെ ഔദാര്യമെന്നോണം അദ്ദേഹത്തെ 28-ന് ജോയിന്റ് ചെയ്യാനായി നിയമന ഉത്തരവ് നൽകി. താൻ ജോയിന്റ് ചെയ്യാൻ ചെല്ലുമ്പോൾ തന്റെ കുട്ടികൾ അവിടെ ഉണ്ടാവാതിരിക്കാൻ കോളജിന് അന്ന് അവധി നൽകി. തന്നെ സ്വീകരിക്കുന്നതിൽ നിന്ന് അദ്ധ്യാപകരെയും പലവിധ ജോലികളിലേക്ക് നിയമിച്ച് ആനന്ദം കണ്ടെത്തി. അദ്ദേഹം ഓഫീസിൽ പ്രവേശിക്കുന്നതും ഹാജർ ബുക്കിൽ വീണ്ടും ഒപ്പു വെക്കുന്നതും മാധ്യമങ്ങൾ പകർത്താതിരിക്കാൻ കോളജിന്റെ പ്രധാന കവാടം അടച്ചിട്ടു. തനിക്ക് പെൻഷൻ പോലും കിട്ടാതിരിക്കാൻ സഭയും, വൈദികരും, മാനേജ്‌മെന്റും ചേർന്ന് എല്ലാ കള്ളകളികളും കളിച്ചു. എന്നിട്ടും സഭ വീണ്ടും ജോസഫിനെ വേട്ടയാടി. അദ്ദേഹത്തിനെതിരെ കോതമംഗലം രൂപതയുടെ കീഴിലുള്ള പള്ളികളിൽ ജോസഫിനെതിരായി ഇടയലേഖനം വായിച്ചു.

സഭയ്‌ക്കെതിരെ കേസുമായി പോകരുതെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേരിട്ട് അഭ്യർത്ഥിച്ചു. അതുകൊണ്ട് തന്നെ സഭയ്‌ക്കെതിരെ കേസിനുപോകാൻ ജോസഫ് ഒരുമ്പെട്ടില്ല. എന്നിട്ടും ശമ്പള കുടിശ്ശികയോ, പെൻഷനോ ലഭ്യമാക്കാതെ വീണ്ടും പീഡിപ്പിക്കാൻ സഭാ അധികാരികൾ ശ്രമിച്ചുകൊണ്ടേയിരുന്നുവെന്നും ആത്മകഥയിൽ വ്യക്തമാക്കുന്നു.

സഭയുടെ ക്രൂരത ഭാര്യയെ വിഷാദ രോഗിയാക്കിയപ്പോൾ

ഭാര്യ സലോമിയുടെ മരണം പറയുന്ന 34ാം അധ്യായവും ഏറെ ഹൃദയസ്പർക്കാണ്. അത് ഇങ്ങനെയാണ്. 'ജോലിയിൽ തിരിച്ചെടുക്കില്ലെന്ന് ഉറപ്പായതോടെ തകർന്നുവീണത് ഞാനും സലോമിയും രണ്ടുമൂന്നു മാസക്കാലമായി പടുത്തുയർത്തിയ മനക്കോട്ടകളാണ്.ജോലിയിൽ തിരികെ പ്രവേശിച്ചാൽ കിട്ടുമായിരുന്നത് മാസം തോറുമുള്ള ശമ്പളമായിരുന്നില്ല. മാനേജർ പറഞ്ഞിരുന്നതുപോലെ മാർച്ച് അവസാനം എന്നെ തിരിച്ചെടുത്താൽ ആ മാസംതന്നെ 31-ന് റിട്ടയർ ചെയ്യും. അപ്പോൾ ലഭ്യമാകുന്നത് പിരിച്ചുവിട്ടപ്പോൾ മുതലുള്ള ശമ്പള കുടിശ്ശികയും റിട്ടയർമെന്റ് ആനുകൂല്യങ്ങൾ അപ്പാടെയുമാണ്. എല്ലാംകൂടിയാകുമ്പോൾ നല്ലൊരു തുക വരും.

പണയപ്പെടുത്തിയ ആഭരണങ്ങൾ തിരിച്ചെടുക്കണം; മക്കൾ രണ്ടാളുടെയും വിദ്യാഭ്യാസ വായ്പ മുഴുവനായി അടച്ചുതീർക്കണം; കേടായിരുന്ന വാഷിങ് മെഷീൻ, ഫ്രിഡ്ജ് മുതലായവ മാറ്റി പുതിയതു വാങ്ങണം; വീട് പെയിന്റ് ചെയ്ത് വൃത്തിയാക്കുക മാത്രമല്ല, രണ്ടു കിടപ്പുമുറികൾ കൂടി ഉൾപ്പെടുത്തി മുകൾനില പണിയണം; ആമിയുടെ കല്യാണം നടത്തണം. ഇങ്ങനെയൊക്കെയാണ് കിട്ടാൻപോകുന്ന പണം വക കൊള്ളിച്ചിരുന്നത്.

നാലുവർഷക്കാലം വാടിനിന്നിട്ട് വീണ്ടും തളിരണിഞ്ഞ ആശാസങ്കല്പങ്ങളെ ഇടിത്തീ എന്നവണ്ണമാണ് കോളജ് മാനേജ്‌മെന്റിന്റെ വഞ്ചന കരിച്ചുകളഞ്ഞത്. ഇത്രയുംകാലം അചഞ്ചലയായി നിന്ന സലോമിക്ക് അതുകൂടി താങ്ങാൻ കെൽപുണ്ടായിരുന്നില്ല.

സലോമിയും അമ്മയും ഞാനും മാത്രമേ അക്കാലത്ത് വീട്ടിലുണ്ടായിരുന്നുള്ളൂ. എന്നെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് സലോമിയിൽ ആദ്യം ഉണ്ടാകുന്ന മാറ്റം. അത് നിസ്സാരകാര്യങ്ങൾക്കുമാണ്. പല്ലുതേക്കുമ്പോൾ ഓക്കാനിക്കുന്നതിന്; ഉറക്കെ തുമ്മുന്നതിന്; ഭക്ഷണം കഴിക്കുമ്പോൾ ശബ്ദമുണ്ടാക്കുന്നതിനൊക്കെ അവൾ എന്നെ ആക്ഷേപിച്ചുതുടങ്ങി. ഭക്ഷണം ആസ്വദിച്ചു കഴിക്കുമ്പോൾ അൽപം ശബ്ദം ഉണ്ടാകുമെന്നൊക്കെ ഞാൻ മറുപടി പറഞ്ഞെങ്കിലും അവളുടെ മനോവ്യാപാരങ്ങൾക്ക് അൽപം പന്തികേടുണ്ടെന്ന് എനിക്ക് തോന്നാതിരുന്നില്ല. ആമിയുടെ വിവാഹക്കാര്യത്തിലാണ് അവൾക്ക് ഏറെ ഉത്കണ്ഠ എന്നു മനസ്സിലാക്കിയ ഞാൻ പ്രോവിഡന്റ് ഫണ്ട് ക്ലോസ് ചെയ്യുമ്പോൾ കിട്ടുന്ന പണംകൊണ്ട് അതൊക്കെ നടക്കുമെന്നു പറഞ്ഞ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

പിരിച്ചുവിട്ടകാലത്തുതന്നെ പി.എഫ്. ക്ലോസ് ചെയ്യാമായിരുന്നതാണ്. എന്നാൽ അത് പിരിച്ചുവിടൽ നടപടിയെ ഞാൻ അംഗീകരിക്കുന്നതുപോലെയാവും എന്നൊരു അനാവശ്യചിന്തകൊണ്ടും ഒരു സമ്പാദ്യമായി കിടക്കട്ടെ എന്ന കരുതലുകൊണ്ടും വാങ്ങാതിരുന്നതാണ്. 2014 മാർച്ചിൽ റിട്ടയർ ചെയ്യുന്നവരോടൊപ്പം 2013 ഓഗസ്റ്റ് മാസത്തിൽ പി.എഫ്. ക്ലോസ് ചെയ്യാനുള്ള അപേക്ഷ ഞാനും കൊടുത്തിരുന്നതാണ്. മറ്റ് അദ്ധ്യാപകരുടെ പണമൊക്കെ പ്രിൻസിപ്പൽ വാങ്ങിക്കൊടുത്തെങ്കിലും എന്റെ കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ല. പണത്തിന് വളരെ ആവശ്യമുള്ളതുകൊണ്ട് എന്റെ പി.എഫ്. ക്ലോസ് ചെയ്ത് പണം ലഭിപ്പാനുള്ള സത്വരനടപടി സ്വീകരിക്കണമെന്ന് പ്രിൻസിപ്പലിനോട് വീണ്ടും ആവശ്യപ്പെടുകയും അക്കാര്യത്തിൽ പ്രിൻസിപ്പലിന് പ്രത്യേക നിർദ്ദേശം കൊടുക്കണമെന്ന് ഇതിനോടകം മാനേജരോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ സലോമിയുടെ കുറ്റപ്പെടുത്തൽ മനോഭാവം മാറി. പകരം കുറ്റബോധമായി. ഇത്രയും പീഡകളൊക്കെ അനുഭവിച്ച എന്നോട് വേണ്ടാത്തതിനൊക്കെ വഴക്കുണ്ടാക്കിയെന്നും പറഞ്ഞ് സങ്കടപ്പെടാൻ തുടങ്ങി.

കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിൽ ഞാൻ സലോമിയെ കൊണ്ടുപോയി. പണ്ട് മെലങ്കോളിയ (ങലഹമിരവീഹശമ) എന്ന് പറയപ്പെട്ടിരുന്നതും ഇക്കാലത്ത് 'ഡിപ്രഷൻ' എന്ന് അറിയപ്പെടുന്നതുമായ വിഷാദരോഗമാണ് അവൾക്കെന്ന് ഡോക്ടർ പറഞ്ഞു. ഇത്തരം രോഗികൾക്ക് ആത്മഹത്യാപ്രവണത ഉണ്ടാകുമെന്നും അതിനാൽ വേണ്ടത്ര ശ്രദ്ധയുണ്ടാകണമെന്നും ഡോക്ടക്ടർ നിർദ്ദേശിച്ചു. മുടങ്ങാതെ മരുന്നുകഴിക്കണമെന്നും മരുന്ന് മറ്റാരെങ്കിലും കൈവശം വെച്ച് വേണ്ടസമയത്തുകൊടുക്കണമെന്നും പ്രത്യേകമായി ഓർമ്മിപ്പിച്ചു.

വീട്ടിലുണ്ടായിരുന്ന ചില കീടനാശിനികളൊക്കെ തപ്പിയെടുത്ത് ഞാൻ നശിപ്പിച്ചുകളഞ്ഞു. വാട്ടാനുള്ള കപ്പ അരിയുന്ന ചില മൂർച്ചയുള്ള കത്തികൾ കൈ എത്താത്ത ഇടങ്ങളിൽ ഞാൻ ഒളിപ്പിച്ചുവെച്ചു. മരുന്ന് മറ്റൊരു മുറിയിലെ മേശവലിപ്പിൽ പൂട്ടിവെച്ച് ഞാൻതന്നെ കൃത്യസമയത്തുകൊടുത്തുകൊണ്ടുമിരുന്നു. കഴിക്കുന്ന മരുന്നിന്റെ ശക്തികൊണ്ടാവാം രാവിലെ എണീക്കാനോ പ്രഭാതഭക്ഷണം ഉണ്ടാക്കാനോ അവൾക്ക് വയ്യായിരുന്നു. രാവിലെ ഞാൻ മുറ്റമടിക്കുമ്പോൾ ഇടയ്ക്കിടെ വന്ന് എണീക്കാതെ കിടക്കുന്ന അവളെ ജനലിലൂടെ നോക്കും. ഭക്ഷണമുണ്ടാക്കുന്ന സമയത്ത് എണീപ്പിച്ച് എന്റെ അടുക്കൽ കൊണ്ടുവന്നിരുത്തും.

പറഞ്ഞറിയിക്കാനാവാത്ത അസ്വസ്ഥതകളാണ് ചിലപ്പോൾ ഉണ്ടാകുന്നതെന്നും അപ്പോൾ മരിക്കാനുള്ള കടുത്ത തോന്നൽ ഉണ്ടാകുമെന്നും ഒരിക്കൽ അവൾ എന്നോടു പറഞ്ഞു. ഭയപ്പാടോടെ അവളെ അണച്ചുപിടിച്ചിട്ട് അത്തരം സന്ദർഭങ്ങളിൽ വേദോപദേശക്ലാസ്സുകളിൽ പഠിച്ച സുകൃതജപങ്ങൾ ഉരുക്കഴിക്കാൻ ഞാൻ ഉപദേശിച്ചു. ചിലതൊക്കെ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

കൂടുതൽ കാര്യക്ഷമമായി അവളെ ശ്രദ്ധിക്കുന്നതിനും പരിചരിക്കുന്നതിനുമായി ഹൈറേഞ്ചിലുള്ള മേരിച്ചേച്ചിയെ ഞാൻ വിളിച്ചു. ചേച്ചി വന്ന് ഞങ്ങളോടൊപ്പം താമസിച്ചു. സിവിൽ സർവ്വീസ് എക്‌സാമിനേഷനുവേണ്ടിയുള്ള കോച്ചിങ്ങിനു പോയിരുന്ന മിഥുൻ രണ്ടാഴ്ച കൂടുമ്പോഴാണ് വീട്ടിൽ വന്നുകൊണ്ടിരുന്നത്. അമ്മയെ നന്നായി നോക്കി ക്കൊള്ളണമെന്ന് തിരിച്ചുപോകുമ്പോൾ അവൻ മേരിച്ചേച്ചിയെ ഓർമ്മിപ്പിച്ചിരുന്നു.

2014 മാർച്ച് 14-ന് എന്റെ പ്രോവിഡന്റ് ഫണ്ടിന്റെ കാര്യമന്വേഷിക്കാൻ ന്യൂമാൻ കോളജിൽ ഞാൻ വീണ്ടും ചെന്നു. എന്നാൽ അതിനുള്ള നടപടികളൊന്നും കോളജിൽനിന്ന് സ്വീകരിച്ചിരുന്നില്ല. അതിനുള്ള തടസ്സങ്ങളെന്താണെന്ന് സലോമി എന്നോടു ചോദിച്ചു. അവർ പറഞ്ഞ തടസ്സവാദങ്ങൾ എനിക്കു മനസ്സിലായിട്ടില്ലെന്ന് ഞാൻ മറുപടി പറഞ്ഞു. തുടർന്ന് പി.എഫ്. ക്ലോസ് ചെയ്തു തരാനുള്ള എന്റെ അപേക്ഷയിന്മേൽ ഒരു ഓർമ്മപ്പെടുത്തൽ കത്ത് (ൃലാശിറലൃ) രജിസ്റ്റേഡായി പ്രിൻസിപ്പലിന് അയയ്ക്കുകയും ചെയ്തു.

വേനൽക്കാലമായിരുന്നു അത്. മൂന്നുനാലു മാസമായി മഴപെയ്തിട്ടേയില്ല. വേനൽച്ചൂട് അതികഠിനമായി തുടർന്നു.

മാർച്ച് 19. സെന്റ് ജോസഫിന്റെ തിരുനാൾ ദിനമാണ്. എന്റെ പേരിനു കാരണമായ പുണ്യവാന്റെ തിരുനാളായതിനാൽ എന്റെ 'ഫീസ്റ്റ്' ആണ്. അയൽക്കാരനായ എം.സി. ജോസഫ് സാർ പള്ളിയിൽ നിന്നുകിട്ടിയ നേർച്ചപ്പായസം കൊണ്ടുവന്നുതന്നു.

സലോമിക്ക് ഡോക്ടറെ കാണേണ്ട ദിവസമായിരുന്നു അന്ന്. ഹോസ്പിറ്റലിലേക്ക് വിളിച്ച് പതിവായി കാണുന്ന ഡോക്ടർ ഉണ്ടോ എന്ന് അന്വേഷിച്ചു. ഉണ്ടെന്നു പറഞ്ഞതിനാൽ അപ്പോയിന്റ്‌മെന്റ് എടുത്തു.

സലോമി അന്ന് പതിവിലധികം ക്ഷീണിതയായിരുന്നു. പ്രഭാതഭക്ഷണത്തിനു ശേഷം അവളെയും കൂട്ടി ഞാനും മേരിച്ചേച്ചിയും ഹോസ്പിറ്റലിൽ പോയി.
സലോമിയോടൊപ്പം ഡോക്ടറെ കണ്ടത് മേരിച്ചേച്ചിയാണ്. ഞാനും എനിക്കു ഗാർഡായി വന്ന പൊലീസുകാരനും വെയിറ്റിങ് റൂമിലിരുന്നു. ഇടയ്ക്ക് ഞങ്ങൾ ഹോസ്പിറ്റൽ വളപ്പിലുള്ള റ്റീസ്റ്റാളിൽ ചായ കുടിക്കാൻ പോയി. അവിടെ വിൽപനയ്ക്കിട്ടിരുന്ന ഒരു ആരോഗ്യമാസികയും ഞാൻ വാങ്ങി. 'വിഷാദരോഗം സ്ത്രീകളിൽ' എന്ന വിഷയത്തെക്കുറിച്ചുള്ള സ്‌പെഷ്യൽ പതിപ്പായിരുന്നു അത്. വാങ്ങിയപ്പോൾ മുതൽ ആ മാസിക കൈവശം വെച്ച് വായിച്ചുകൊണ്ടിരുന്നത് എന്റെ പൊലീസുകാരനാണ്.

രണ്ടുമണിയോടെ വീട്ടിലെത്തിയ ഞങ്ങൾ ഊണിനിരുന്നു. പരിക്ഷീണയായി കാണപ്പെട്ട സലോമി ഞാൻ നിർബന്ധിച്ചതുകൊണ്ടാണ് അല്പം കഴിച്ചത്. ഭക്ഷണത്തിനുശേഷം അവൾ കിടന്നു. അവളുടെ ഹാൻഡ് ബാഗിലായിരുന്നു അന്ന് ഹോസ്പിറ്റലിൽ നിന്നുകിട്ടിയ ഗുളികകൾ. ബാഗിൽ സൂക്ഷിച്ചിരുന്ന വെള്ളക്കുപ്പിയുടെ അടപ്പുതുറന്ന് ഗുളികകൾ ഇട്ടിരുന്ന പേപ്പർ നനഞ്ഞിരുന്നു. ഞാൻ അതെല്ലാമെടുത്ത് മറ്റൊരു മുറിയിൽ കൊണ്ടുപോയി ഉണങ്ങാനായി നിരത്തിവെച്ചു.

പാത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കി വെച്ചിട്ടു വന്ന മേരിച്ചേച്ചി ഡോക്ടർ പറഞ്ഞ കാര്യം എന്നോടു പറഞ്ഞു. പെട്ടെന്നൊന്നും രോഗം മാറില്ല. കുറേക്കാലം മരുന്നു കഴിക്കേണ്ടിവരും. തനിക്കും ഒരു വീടുള്ളതിനാൽ അതുവരെ ഇവിടെ തങ്ങാനാവില്ലെന്ന് ചേച്ചി പറഞ്ഞു. പോകണമെന്നുള്ളപ്പോൾ ചേച്ചിക്ക് പോകാമെന്നും പകരം എന്തെങ്കിലും സംവിധാനം ഉണ്ടാക്കിക്കൊള്ളാമെന്നും ഞാൻ ചേച്ചിയോടു പറഞ്ഞു.

പിന്നീട് അല്പമൊന്നു കിടക്കാനായി ഞാനും സലോമി കിടക്കുന്ന മുറിയിലേക്ക് ചെന്നു. സലോമിയെ കട്ടിലിൽ കാണാനില്ല. ഞാൻ ബാത് റൂമിലേക്ക് നോക്കി. വാതിൽ കാൽഭാഗം തുറന്നു കിടക്കുകയാണ്. അതിനാൽ ബാത്‌റൂമിൽ പോയതല്ലെന്നു വിചാരിച്ച് മറ്റു മുറികളിൽ പോയി നോക്കി. എവിടെയും കാണാഞ്ഞ് പരിഭ്രാന്തിയോടെ ബാത്റൂമിന്റെ അടുത്ത് വീണ്ടും ചെന്നു. കതകു മുഴുവനും തുറന്നു നോക്കി.

ബാത്‌റൂമിന്റെ ഭിത്തിയിലുള്ള ടവ്വൽറാഡിൽ കുളിക്കാൻ ഉപയോഗിക്കുന്ന തോർത്തിന്റെ ഒരറ്റം കെട്ടിയിട്ട് മറ്റേയറ്റം കഴുത്തിലും ബന്ധിച്ച് ഭിത്തിയോടു ചാരി സലോമി നിൽക്കുകയാണ്. കാലിന്റെ മുട്ടുരണ്ടും മടങ്ങിപ്പോയതിനാൽ കഴുത്തിലെ കുരുക്ക് മുറുകിപ്പോയി. കണ്ടനിമിഷം ആർത്തനായി മേരിച്ചേച്ചിയെ വിളിക്കുകയും ഒപ്പം കക്ഷത്തിലൂടെ കൈകളിട്ട് സലോമിയെ ഞാൻ ഉയർത്തിപ്പിടിക്കുകയും ചെയ്തു. എന്റെ നിലവിളി കേട്ട് ഓടിയെത്തിയ മേരിച്ചേച്ചി ഒരു കത്തി എടുത്തുകൊണ്ടുവന്ന് തോർത്തുമുറിച്ചു. കഴുത്തിലെ കുരുക്കും അഴിച്ചെടുത്തു. സലോമിക്ക് അപ്പോൾ ബോധം ഉണ്ടായിരുന്നില്ല. തറയിൽ കിടത്തിയ അവളുടെ വായിലേക്ക് ഞാൻ ജീവവായു ഊതിക്കയറ്റി. ഇരുകൈകളും ചേർത്തുപിടിച്ച് നെഞ്ച് അമർത്തിക്കൊടുത്തു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ മേരിച്ചേച്ചി വിളിച്ചുകൊണ്ടുവന്നു. അവരും നെഞ്ചിലമർത്തി ശ്വാസഗതി നേരേയാക്കാൻ ശ്രമിച്ചു. ഇടയ്‌ക്കൊന്ന് ശ്വാസമെടുത്തപോലെ തോന്നി. ഉടൻതന്നെ അവർ സലോമിയെ എടുത്ത് പുറത്തേക്ക് കൊണ്ടുവന്നു. അവരിൽ ഒരാൾ എന്റെ കാർ സ്റ്റാർട്ടുചെയ്തു. മറ്റുരണ്ടുപേർ അവളെ വണ്ടിയിൽ കയറ്റി. കാർ മൂവാറ്റുപുഴ നിർമ്മല ഹോസ്പിറ്റലിലേക്ക് പാഞ്ഞു.

എന്റെ മടിയിൽ തല വെച്ചിരുന്ന അവളുടെ നെഞ്ചിൽ ഒരു കൈയാൽ ഞാൻ അമർത്തിക്കൊണ്ടിരുന്നു. അങ്ങനെതന്നെ ചെയ്തുകൊള്ളാനും ഇപ്പോൾ ശ്വാസമെടുക്കുന്നുണ്ടെന്നും മുൻസീറ്റിലിരുന്ന പൊലീസുകാരൻ തിരിഞ്ഞുനോക്കിക്കൊണ്ട് എന്നോട് പറഞ്ഞു.

കാറിൽനിന്ന് പുറത്തിറക്കി സ്‌ട്രെച്ചറിൽ കാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോകാൻ ആശുപത്രിജീവനക്കാരെ പൊലീസുകാരും സഹായിച്ചു.

സലോമിയെ പരിശോധിച്ച കാഷ്വാലിറ്റിയിലെ ഡോക്ടർ തിടുക്കത്തിലൊന്നും ചെയ്യുന്നതായി കാണാഞ്ഞ് ഞാൻ അലറിപ്പറഞ്ഞു: ''കൃത്രിമശ്വാസം കൊടുക്കാനുള്ള ഏർപ്പാട് വേഗത്തിൽ ചെയ്യ്...''

ഡോക്ടർ നിർവ്വികാരമായി പറഞ്ഞു.''മരിച്ച ആൾക്ക് അങ്ങനെ ശ്വാസം കൊടുത്തിട്ടു കാര്യമില്ല.''

എനിക്ക് ഭാരം ഇല്ലാതാകുന്നതുപോലെ തോന്നി. ആരോ പിടിച്ച് എന്നെ ഒരു കസേരയിൽ ഇരുത്തി.

അല്പം കഴിഞ്ഞ് മറ്റൊരു ഡോക്ടർ വന്ന് എന്റെ കരം ഗ്രഹിച്ചു. അദ്ദേഹം അവിടുത്തെ ഡോക്ടറാണെന്ന് എനിക്കപ്പോൾ മനസ്സിലായില്ല. എന്നെ അറിയുന്ന ആരോ ആണെന്നേ കരുതിയുള്ളൂ. അത്യധികമായ ദീനതയോടെ ഞാൻ പറഞ്ഞു:

''എന്റെ ഭാര്യ മരിച്ചുപോയി. ഇതേ... ഇപ്പോൾ.''

അതു പറയുമ്പോൾ എന്താണാവോ ഞാൻ പ്രതീക്ഷിച്ചത്? കാരുണ്യമോ സഹതാപമോ?

പിന്നീടാരും എന്റെ അടുത്തേക്കു വന്നില്ല. അപ്പാടെ തോൽപിക്കപ്പെട്ടവനായി ഞാൻ അവിടെയിരുന്നു.


പിന്നീടെപ്പോഴോ ഒരു നേഴ്‌സ് എന്റെയരികിൽ വന്ന് ഒരു കടലാസു പൊതി എന്നെ ഏല്പിച്ചു. സലോമിയുടെ ശരീരത്തിൽനിന്ന് ഊരിയെടുത്ത താലിമാല, കമ്മൽ, കല്യാണമോതിരം, മിഞ്ചി എന്നിവയായിരുന്നു അതിനുള്ളിൽ.

സന്ധ്യയോടെ സുഹൃത്തുക്കൾ എന്നെ വീട്ടിലേക്കു കൊണ്ടുവന്നു.

നാലുമാസത്തെ ഇടവേളയ്ക്ക്‌ശേഷം വാനമിരുണ്ട് മഴ പെയ്തു.

രാത്രിയോടെ തിരുവനന്തപുരത്തായിരുന്ന മിഥുൻ എത്തി. എനിക്ക് ചില വിമ്മിട്ടങ്ങൾ ഉണ്ടായതിനെത്തുടർന്ന് മിഥുൻ എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. സെഡേഷനിലൂടെ അവർ എന്നെ മയക്കിക്കിടത്തി. രാവിലെയാണ് വീട്ടിലേക്ക് പോന്നത്.

പോണ്ടിച്ചേരിയിൽനിന്ന് സിസ്റ്റർ മാരിസ്റ്റെല്ല രാവിലെതന്നെ എത്തി. പതിനൊന്നു മണിയോടെ ആമി ഡൽഹിയിൽനിന്ന് വിമാനമാർഗ്ഗം വന്നു. ബന്ധുക്കളും സുഹൃത്തുക്കളും എത്തി. എന്നാൽ ആരോരുമില്ലാത്തവനെപ്പോലെ ഒരു മുറിയിൽ ഞാൻ ശൂന്യനായി ഇരുന്നു.

ആലപ്പുഴ മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റ്‌മോർട്ടം. അവളുടെ കണ്ണുകൾ ദാനം ചെയ്യാനുള്ള സമ്മതപത്രത്തിൽ തലേന്നുതന്നെ ഞാൻ ഒപ്പിട്ടുകൊടുത്തിരുന്നു. അജ്ഞാതരായ രണ്ടുപേർക്ക് അവളുടെ കാഴ്ച പകുത്തു നല്കിയിട്ട് ഇരുപത്തിയെട്ടുകൊല്ലം മുമ്പ് ഞാൻ അണിയിച്ച മന്ത്രകോടി പുതച്ചുകൊണ്ട് ഏകദേശം അഞ്ചുമണിയോടെ അവൾ വീണ്ടും വീട്ടിലെത്തി.

വീടിനുള്ളിൽ ആളുകൾ തിങ്ങിനിറഞ്ഞിരുന്നതിനാൽ ഒരു ബാത്റൂമിൽ കൊണ്ടുപോയി എന്റെ കൗമാരകാല സുഹൃത്തായിരുന്ന പതിപ്പള്ളിൽ റ്റോമി, പള്ളിയിൽ പോകാനുള്ള വസ്ത്രം എന്നെ ധരിപ്പിച്ചു. പണ്ട് എന്റെ വിവാഹവസ്ത്രം വാളിപ്ലാക്കൽ റെജി എന്ന അയൽക്കാരൻ ഉടുപ്പിച്ചത് ഞാനപ്പോൾ ഓർത്തു.
ആകാശത്ത് കരിമേഘങ്ങൾ വന്ന് കിടുകിടുത്തെങ്കിലും മഴ പൊടിഞ്ഞില്ല.

അന്ത്യചുംബനം നൽകി ഞാനും മക്കളും അവളെ യാത്രയാക്കി. ആയിരക്കണക്കിനാളുകൾ അതിനു സാക്ഷികളായി.

പള്ളിയിൽ വെച്ച് കൈപിടിച്ച് കൂടെക്കൂട്ടിയ അവളെ പള്ളിസെമിത്തേരിയിലെ കല്ലറയിൽ അടക്കം ചെയ്തു മടങ്ങുമ്പോൾ എന്റെ മനസ്സെന്നപോലെ വാനവും ഘനപ്പെട്ടു നിന്നു. '- ജോസ്ഫ് മാസറ്റർ ഇങ്ങനെ എഴുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP