Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡിങ്കശാപം ഒഴിഞ്ഞു! ബാങ്കോക്കിൽ കുടുങ്ങിയ ദിലീപ് ചിത്രം പ്രൊഫ.ഡിങ്കന്റെ അണിയറ പ്രവർത്തകരെ നാട്ടിലെത്തിച്ചു; സംവിധായകനും ഛായാഗ്രാഹകനും അടക്കമുള്ളവർ ഹോട്ടൽ മുറിയിൽ തങ്ങേണ്ടി വന്നത് പണം കടം വാങ്ങിയവരുടെ കൈയിൽ പാസ്‌പോർട്ട് പെട്ടതോടെ; പ്രതിസന്ധി പരിഹരിച്ചുവെന്നും ചിത്രം വീണ്ടും ട്രാക്കിലേക്കെന്നും നിർമ്മാതാവ് സനൽ തോട്ടം മറുനാടൻ മലയാളിയോട്; അടുത്ത ഷെഡ്യൂൾ അടുത്തമാസമാദ്യമെന്നും സനൽ

ഡിങ്കശാപം ഒഴിഞ്ഞു! ബാങ്കോക്കിൽ കുടുങ്ങിയ ദിലീപ് ചിത്രം പ്രൊഫ.ഡിങ്കന്റെ അണിയറ പ്രവർത്തകരെ നാട്ടിലെത്തിച്ചു; സംവിധായകനും ഛായാഗ്രാഹകനും അടക്കമുള്ളവർ ഹോട്ടൽ മുറിയിൽ തങ്ങേണ്ടി വന്നത് പണം കടം വാങ്ങിയവരുടെ കൈയിൽ പാസ്‌പോർട്ട് പെട്ടതോടെ; പ്രതിസന്ധി പരിഹരിച്ചുവെന്നും ചിത്രം വീണ്ടും ട്രാക്കിലേക്കെന്നും നിർമ്മാതാവ് സനൽ തോട്ടം മറുനാടൻ മലയാളിയോട്; അടുത്ത ഷെഡ്യൂൾ അടുത്തമാസമാദ്യമെന്നും സനൽ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ദിലീപ് ചിത്രമായ പ്രൊഫ.ഡിങ്കൻ നേരിട്ട പ്രതിസന്ധി പരിഹരിച്ചു. ചിത്രം വീണ്ടും ട്രാക്കിലേക്കെത്തിയെന്ന് നിർമ്മാതാവ് അറിയിച്ചു. ചില പ്രശ്നങ്ങൾ മൂലം ഷൂട്ടിങ് തീർന്നിട്ടും ബാങ്കോക്കിലെ ഹോട്ടലിൽ തങ്ങേണ്ടിവന്ന ചിത്രത്തിന്റെ സംവിധായകനും ഛായാഗ്രാഹകനുമടക്കമുള്ള അണിയറ പ്രവർത്തകരെ താൻ നേരിട്ടെത്തി നാട്ടിലെത്തിച്ചെന്നും അടുത്തമാസം ആദ്യം അവസാന ഷെഡ്യൂൾ ആരംഭിക്കുമെന്നും നിർമ്മാതാവ് സനൽ തോട്ടം മറുനാടൻ മലയാളിയോട് പറഞ്ഞു.

'ഇനി ഷൂട്ടിംഗിനായി ഉപയോഗിച്ച കുറച്ച് സാധനങ്ങൾ മാത്രമേ നാട്ടിലെത്തിക്കാനുള്ളു. ഇത് കാർഗോ സർവ്വീസ് വഴി നാട്ടിലെത്തിക്കുന്നതിന് ഏർപ്പാട് ചെയ്തിട്ടാണ് ഞാൻ അവിടെ നിന്നും വിമാനം കയറിയത് ഇന്ന് ഉച്ചയ്ക്കാണ് നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ആരംഭിക്കുന്നതിനുള്ള കൂടിയാലോചനകളിലാണ്. അടുത്തമാസം ആദ്യം ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ' സനൽ പറഞ്ഞു.

അഞ്ച് ഷെഡ്യൂളിൽ ചിത്രം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ആദ്യ ഷെഡ്യൂൾ തിരുവനന്തപുരത്തും 2-3 ഷെഡ്യൂളുകൾ കൊച്ചിയിലുമായി പൂർത്തിയായിരുന്നു. നാലാമത്തെ ഷെഡ്യൂളാണ് ബാക്കോക്കിൽ പ്ലാൻ ചെയ്തിരുന്നത്. 20-22 ദിവസത്തെ ചിത്രീകരണമാണ് ഇവിടെ പ്ലാൻ ചെയ്തിരുന്നത്. ഇത് 40-ൽപ്പരം ദിവസം നീണ്ട് പ്പോയതുകൊണ്ടാണ് താൽകാലികമായിട്ടാണെങ്കിലും കുറച്ചുപേർക്ക് ബുദ്ധിമുട്ടുകൾ നേരിട്ടത്. ഇപ്പോൾ എല്ലാം പരിഹരിച്ചിട്ടുണ്ട്. ഇതോടെ ചിത്രത്തെക്കുറിച്ചുയർന്ന കിംവന്തികൾക്കും ഊഹാപോഹങ്ങൾക്കും അടിസ്ഥാനമില്ലാതായെന്നും സനൽ കൂട്ടിച്ചേർത്തു.

ബാങ്കോക്കിലെ ചിത്രീകരണത്തിനിടെയുണ്ടായ സാമ്പത്തിക ബാധ്യത തീർക്കാൻ വൈകുന്നതുമൂലം ചിത്രത്തിന്റെ പിന്നണി പ്രവർത്തകരുടെ മടങ്ങിവരവിന് തടസ്സം നേരിട്ട വിവരം കഴിഞ്ഞദിവസം മറുനാടൻ പുറത്തുവിട്ടിരുന്നു. ഹെലികോപ്റ്റർ പ്രയോജനപ്പെടുത്തി ഏതാനും രംഗങ്ങൾ കൂടി ചിത്രീകരിക്കാനുണ്ടെന്നും ബന്ധപ്പെട്ട അധികൃതരുടെ അനുമതി ലഭിക്കാത്തതിലാണ് ബാങ്കോക്കിൽ തങ്ങുന്നതെന്നുമായിരുന്ന ഈ ഘട്ടത്തിൽ ഹോട്ടലിൽ കഴിഞ്ഞിരുന്ന ഛായാഗ്രാഹകൻ കെ പി നമ്പ്യാതിരിയും സംവിധായകൻ രാമചന്ദ്രബാബുവും പ്രതികരിച്ചത്.

വിവരമറിഞ്ഞ് വാടാസാപ്പ് വഴി ബന്ധപ്പെട്ടപ്പോഴാണ് ഇവർ ഇത്തരത്തിൽ മറുനാടനോട് പ്രതികരിച്ചത്. തൊട്ടുപിന്നാലെ നിർമ്മാതാവ് സനൽതോട്ടവുമായി ഈ ലേഖകൻ ബന്ധപ്പെടുകയും ചില പ്രശ്നങ്ങൾ ഉണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തുകയുമായിരുന്നു.
ബാങ്കോക്കിന്റെ ആകാശദൃശ്യങ്ങൾ ചിത്രത്തിന് ആവശ്യമാണ്. ഇത് ചിത്രീകരിക്കാൻ ഹെലികോപ്റ്റർ ഉപയോഗിക്കണം ഇതിന് ഇവിടുത്ത ഏവിയേഷൻ ഡിപ്പാർമെന്റ് അനുമതി നൽകുന്ന മുറയ്ക്ക് അവിടെ എത്തി ഇത് ചിത്രീകരിക്കുന്നതാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും സനൽ അറിയിച്ചു.

കോടതിയിൽ നിന്ന് ജാമ്യ വ്യവസ്ഥയിൽ ഇളവ് വാങ്ങിയാണ് ദിലീപ് ബാങ്കോക്കിൽ പോയത്. ഷൂട്ടിങ് തുടങ്ങിയപ്പോൾ തന്നെ പ്രശ്നങ്ങൾ തുടങ്ങി. ദിലീപ് പലവിധത്തിൽ സഹായങ്ങൾ ചെയ്താണ് ഷൂട്ടിങ് മുമ്പോട്ട് കൊണ്ടു പോയത്. പ്രൊഫസർ ഡിങ്കൻ വൻ വിജയമാകുമെന്ന പ്രതീക്ഷയാണ് ഇതിന് കാരണം. ഷൂട്ടിങ് പൂർത്തിയായപ്പോഴാണ് ബാങ്കോക്കിൽ ഉണ്ടായ മറ്റ് കടങ്ങളെ കുറിച്ച് എല്ലാവരും അറിയുന്നത്. ഇതിനിടെ തന്റെ ജാമ്യ വ്യവസ്ഥയിലെ ഇളവുകൾ ചൂണ്ടിക്കാട്ടി ദിലീപ് കൊച്ചിയിലേക്ക് മടങ്ങി. കൂടുതൽ സമയം അവിടെ നിൽക്കാൻ ദിലീപിന് നിയമപരമായ പ്രശ്നങ്ങളുണ്ട്. ഇതോടെയാണ് സംവിധായകൻ രാമചന്ദ്രബാബുവും മറ്റും ബാങ്കോക്കിൽ ഒറ്റപ്പെട്ടത്. വിഷയത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇടപെടുകയും ചെയ്തു. ഇതോടെയാണ് സാമ്പത്തിക പ്രതിസന്ധിയുടെ യഥാർത്ഥ പ്രശ്നം തിരിച്ചറിഞ്ഞതും.

ഡിങ്കൻ തുടങ്ങിയത് മുതൽ പ്രശ്നമാണ്. ആദ്യ ഷെഡ്യൂളിന് പിന്നാലെയാണ് ദിലീപ് അറസ്റ്റിലാകുന്നത്. ഇതോടെ സിനിമ നടക്കുമോ എന്ന് പോലും സംശയമായി. രാമലീല വിജയിച്ചതോടെ വീണ്ടും പ്രതീക്ഷയായി. രാമചന്ദ്രബാബുവും ടീമും തിരക്കഥയിൽ മാറ്റങ്ങൾ വരുത്തി ഡിങ്കനുമായി മുന്നോട്ട് പോയി. കമാരസംഭവത്തിന് ശേഷം അഭിനയിക്കാൻ ദിലീപും തയ്യാറായി. വിദേശ ഷൂട്ടിംഗിന് കോടതിയുടെ സമ്മതം കിട്ടിയപ്പോൾ രാമചന്ദ്രബാബു പ്രതീക്ഷയിലായി. ബാങ്കോക്കിൽ സംഘട്ടനവും മറ്റും ഷൂട്ട് ചെയ്തു. ത്രിഡി സിനിമ വലിയ ഹിറ്റാകുമെന്ന പ്രതീക്ഷയും വന്നു. ഇതിനിടെയാണ് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാകുന്നത്.

ഈ സാഹചര്യത്തിലാണ് പ്രൊഡ്യൂസഴ്സ് അസോസിയേഷനും മറ്റും സജീവ ഇടപെടൽ നടത്തുന്നത്. ഫെഫ്കയും പ്രശ്നത്തിൽ ഇടപെട്ടു. ദിലീപിനെ നായകനാക്കി തുടങ്ങിയ പ്രൊഫ. ഡിങ്കൻ എന്ന സിനിമ അനൗൺസ് ചെയ്തതിന് ശേഷം ഡിങ്കവികാരം വ്രണപ്പെട്ടു എന്നു പറഞ്ഞ് പലരും തെരുവിൽ ഇറങ്ങിയിരുന്നു. എന്നാൽ, ഇതിന് പിന്നാലെ ദിലീപ് നടിയെ ആക്രമിച്ച കേസിൽ അകത്താകുകയും ചെയ്തു. ഇതോടെ അവതാളത്തിലായ സിനിമ ദിലീപ് ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഷൂട്ടിങ് തുടങ്ങിയിരുന്നു. ഇതിന് ശേഷം ആലപ്പുഴയിലെ ഷെഡ്യൂൾ പൂർത്തിയാക്കി വിദേശത്ത് അടക്കം ചിത്രീകരണം തുടങ്ങുകയായിരുന്നു. പ്രൊഫ. ഡിങ്കന്റെ സംവിധായകനും ഛായാഗ്രാഹകനുമടക്കം പത്തോളം സാങ്കേതിക പ്രവർത്തകരാണ് ഷൂട്ട് തീർന്നിട്ടും നാട്ടിലെത്താനാവാതെ ബാങ്കോക്കിൽ ഹോട്ടലിൽ കുടുങ്ങിയത്. ചിത്രീകരണത്തിനിടെ ഉണ്ടായ സാമ്പത്തിക ബാധ്യത തീർക്കാൻ വൈകുന്നതാണ് പ്രശ്നകാരണം.

20-24 ദിവസത്തെ ചിത്രീകരണം ലക്ഷ്യമിട്ടാണ് ഷൂട്ടിങ് സംഘം ബാങ്കോക്കിലേക്ക് തിരിച്ചതെന്നും 44 ദിവസത്തോളം ഷൂട്ടിങ് നീണ്ടുപോയതിനെ തുടർന്നുള്ള ചില പ്രശ്നങ്ങളാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളതെന്നാണ് അറിയുന്നത്. ഡിങ്കന്റെ അവസാന ഷെഡ്യൂളാണ് ബാങ്കോങ്കിൽ നടക്കുന്നത്. ഷൂട്ടിംഗിനാവശ്യമായ സാധനസാമഗ്രികൾ എത്തിക്കുന്നതിനുണ്ടായ കാലതാമസവും ചിത്രീകരണം നീളുന്നതിന് കാരണമായെന്നാണ് നിർമ്മാതാവ് പറയുന്നത്. അതിസാഹസിക മാജിക് രംഗങ്ങൾ അടക്കം പ്രൊഫ. ഡിങ്കന് വേണ്ടി ചിത്രീകരിക്കേണ്ടി വന്നിരുന്നു. ഇതിനായി ഹെലികോപ്ടർ അടക്കം ഉപയോഗിച്ചിരുന്നു. ഹെലികോപ്റ്റർ പ്രയോജനപ്പെടുത്തി ഏതാനും രംഗങ്ങൾകൂടി ചിത്രീകരിക്കാനുണ്ടെന്നും ബന്ധപ്പെട്ട അധികൃതരുടെ അനുമതി ലഭിക്കാത്തതിലാണ് ബാങ്കോക്കിൽ വൈകുന്നതെന്നുമായിരുന്നു ഹോട്ടലിൽ കഴിയുന്ന ഛായാഗ്രാഹകൻ കെ പി നമ്പ്യാതിരിയുടെയും സംവിധായകൻ രാമചന്ദ്രബാവിന്റെയും പ്രതികരണം. എന്നാൽ സാമ്പത്തികമാണ് വിഷയമെന്നാണ് മറുനാടന്റെ അന്വേഷണം വ്യക്തമാക്കിയത്.

ദിലീപ് മജീഷ്യന്റെ വേഷത്തിൽ എത്തുന്ന സിനിമ ത്രീഡി ചിത്രമായാണ് ഒരുക്കുന്നത്. കോടതിയിൽ നിന്ന് പ്രത്യേകാനുമതി നേടിയാണ് ഒന്നര മാസത്തിലേറേ നീളുന്ന ഷൂട്ടിംഗിനായി ദിലീപ് ബാങ്കോക്കിൽ എത്തിയത്. പ്രൊഫ. ഡിങ്കൻ സംവിധാനം ചെയ്യുന്നത് കെ രാമചന്ദ്രബാബുവാണ്. റാഫിയാണ് തിരക്കഥ നിർവഹിക്കുന്നത്. ബാങ്കോക്ക് ഷെഡ്യൂളിൽ കെച്ച കെംബഡിക്കെ ഒരുക്കുന്ന വൻ ആക്ഷൻ രംഗങ്ങളും ചിത്രീകരിച്ചു. ഇതിനെല്ലാം വേണ്ട സംവിധാനങ്ങൾ ഒരുക്കലാണ് ചിത്രീകരണം നീണ്ടുപോകാൻ ഇടയാക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. നമിതാ പ്രമോദാണ് നായിക. സുരാജ് വെഞ്ഞാറമ്മൂട്, അജു വർഗീസ്, ശ്രിന്ദ അർഹാൻ, റാഫി, കൊച്ചു പ്രേമൻ, കൈലാസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ശങ്കർ ചിത്രം 2.0 യ്ക്കു പിന്നിൽ പ്രവർത്തിച്ച സംഘമാണ് ഡിങ്കന്റെ ത്രീഡി ചുമതല ഏറ്റെടുക്കുന്നത്.

3ഡിയിൽ തന്നെ ഷൂട്ട് ചെയ്ത റിലീസ് ചെയ്ത് റിലീസ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ ചിത്രമാണ് നേരത്തേ ഷൂട്ടിങ് ആരംഭിച്ച ചിത്രം ദിലീപിന്റെ ജയിൽ വാസത്തെ തുടർന്ന് മുന്നോട്ടുപോകാനാകാതെ പ്രതിസന്ധിയിലാകുകയായിരുന്നു. എന്നാൽ ആദ്യം ചിത്രീകരിച്ച രംഗങ്ങൾ ഒഴിവാക്കി വീണ്ടും ചിത്രീകരണം നടത്തുകയാണ് പിന്നീട് ചെയ്തത്. വിചാരിച്ച പെർഫെക്ഷനിൽ ആ രംഗങ്ങൾ എത്താത്തതും തിരക്കഥയിലെ മാറ്റവുമെല്ലാം ഇതിന് കാരണമായി. ന്യൂ ടിവിയുടെ ബാനറിലാണ് സനൽ തോട്ടം സിനിമയുടെ നിർമ്മാണം നിർവഹിക്കുന്നത്. ഒരു മാജിക്കിലൂടെ ലോകത്തെ തന്നെ അമ്പരപ്പിക്കാൻ ശ്രമിക്കുന്ന ഒരു മജീഷ്യന്റെ ശ്രമം പരാജയപ്പെടുന്നതും അത് ജനങ്ങളെ ബാധിക്കുന്നതും അതിനെ മറികടക്കാൻ മജീഷ്യൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP