Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രിജ് ഭൂഷണിനെതിരായ ലൈംഗിക പീഡന പരാതി: അന്വേഷണം ജൂൺ 15നകം പൂർത്തിയാക്കുമെന്ന് കായിക മന്ത്രിയുടെ ഉറപ്പ്; ഗുസ്തി താരങ്ങളുടെ സമരം തത്ക്കാലത്തേക്ക് നിർത്തിവച്ചു; താരങ്ങൾക്കെതിരായ കേസുകൾ പിൻവലിക്കും; കേന്ദ്ര സർക്കാരിന്റെ ഉറപ്പ് കിട്ടിയെന്ന് താരങ്ങൾ

ബ്രിജ് ഭൂഷണിനെതിരായ ലൈംഗിക പീഡന പരാതി: അന്വേഷണം ജൂൺ 15നകം പൂർത്തിയാക്കുമെന്ന് കായിക മന്ത്രിയുടെ ഉറപ്പ്; ഗുസ്തി താരങ്ങളുടെ സമരം തത്ക്കാലത്തേക്ക് നിർത്തിവച്ചു; താരങ്ങൾക്കെതിരായ കേസുകൾ പിൻവലിക്കും; കേന്ദ്ര സർക്കാരിന്റെ ഉറപ്പ് കിട്ടിയെന്ന് താരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബ്രിജ് ഭൂഷണിനെതിരായ ലൈംഗിക പീഡന പരാതികളിൽ അന്വേഷണം പൂർത്തിയാക്കി ജൂൺ 15 നകം കുറ്റപത്രം സമർപ്പിക്കുമെന്ന് ഗുസ്തി താരങ്ങൾക്ക് ഉറപ്പ് നൽകി കേന്ദ്ര സർക്കാർ. കേന്ദ്ര കായിക മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഗുസ്തി താരങ്ങൾക്ക് ഉറപ്പ് ലഭിച്ചത്. ഈ സാഹചര്യത്തിൽ താരങ്ങൾ സമരം താൽകാലികമായി നിർത്തി. താരങ്ങൾക്കെതിരായ കേസുകളും പിൻവലിക്കും. കായിക മന്ത്രി അനുരാഗ് താക്കൂറും താരങ്ങളും തമ്മിലുള്ള ചർച്ചയിലാണ് തീരുമാനം. അതേസമയം, ബ്രിജ് ഭൂഷന്റെ അറസ്റ്റിനെ കുറിച്ച് മന്ത്രി മൗനം പാലിച്ചുവെന്നാണ് സൂചന.

മെയ് 28ന് പാർലമെന്റിന്റെ ഉദ്ഘാടന ചടങ്ങിനിടെ ഗുസ്തിതാരങ്ങൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ചർച്ചയിൽ പങ്കെടുത്ത താരങ്ങൾ അവകാശപ്പെട്ടു. ജൂൺ 30നകം ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് പൂർത്തിയാക്കുമെന്നും താരങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. കേന്ദ്രസർക്കാറിന്റെ നിർദേശങ്ങൾ സമരത്തിന് പിന്തുണ നൽകുന്ന സംഘടനകളുമായി ചർച്ച ചെയ്യുമെന്ന് ഗുസ്തി താരം ബജ്‌റംഗ് പൂനിയ പറഞ്ഞു. ഇതിന് ശേഷമാവും സമരത്തിന്റെ ഭാവി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ഗുസ്തി താരങ്ങൾ ചർച്ച നടത്തിയിരുന്നു.

ഗുസ്തി താരങ്ങളുടെ സമരത്തിൽ സജീവമായിരുന്ന സാക്ഷി മാലിക് കഴിഞ്ഞ ദിവസം തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നു. ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷായുമായുള്ള ചർച്ചക്ക് പിന്നാലെയായിരുന്നു തീരുമാനം. ഇതിന് പിന്നാലെ ഗുസ്തി താരങ്ങൾ സമരത്തിൽ നിന്നും പിന്മാറിയെന്ന രീതിയിൽ വാർത്ത പ്രചരിച്ചു. എന്നാൽ നോർത്തേൺ റെയിൽവേയിൽ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥയായ സാക്ഷി, സമരത്തിൽ നിന്നും പിന്മാറിയെന്ന വാർത്ത തെറ്റെന്ന് ട്വിറ്ററിലും കുറിച്ചു. ആവശ്യമെങ്കിൽ ജോലി രാജിവെക്കാനും മടിയില്ലെന്നായിരുന്നു സാക്ഷിയുടെ പ്രതികരണം. നീതിക്ക് വേണ്ടി പോരാട്ടം തുടരും. ജോലിക്കൊപ്പം പോരാട്ടം തുടരും. തെറ്റായ വാർത്ത പ്രചരിപ്പിക്കരുതെന്നും സാക്ഷി ആവശ്യപ്പെട്ടു.

ഈ വർഷം ജനുവരി 18നാണ് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങൾ രംഗത്തെത്തിയത്. ഫെഡറേഷൻ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങൾ ഉയർത്തിയത്. മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ താരങ്ങളുടെ പരാതി അന്വേഷിക്കാൻ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. മേരി കോം അധ്യക്ഷയായ ആറംഗ സമിതിയാണ് ഇവരുടെ പരാതികൾ അന്വേഷിക്കുന്നത്. വിഷയത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും തുടർ നടപടികൾ ഉണ്ടാവാതെ വന്നതോടെ താരങ്ങൾ വീണ്ടും പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. താരങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് കോടതി നിർദേശത്താലാണ് പരാതിയിന്മേൽ കേസ് എടുക്കാൻ ഡൽഹി പൊലീസ് തയ്യാറായത്.

വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പൂനിയ തുടങ്ങിയ മുൻനിര താരങ്ങൾ ഉൾപ്പടെയാണ് ബ്രിജ് ഭൂഷനെതിരെ പ്രതിഷേധവുമായി ജന്ദർ മന്ദിറിലിറങ്ങിയത്. മെയ് 28ന് ഡൽഹിയിലെ പുതിയ പാർലമെന്റ് മന്ദിരത്തിലേക്കുള്ള മാർച്ചിനിടെ ഇവരെ ഡൽഹി പൊലീസ് വലിച്ചിഴച്ച് സമരവേദി പൊളിച്ചു മാറ്റിയിരുന്നു. ഇതിന് ശേഷമാണ് മെഡലുകൾ ഗംഗയിലൊഴുക്കാൻ സാക്ഷി മാലിക് ഉൾപ്പടെയുള്ള ഗുസ്തി താരങ്ങൾ ഹരിദ്വാറിലേക്ക് നീങ്ങിയെങ്കിലും കർഷക സംഘടന നേതാക്കൾ ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP