Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പതിനഞ്ചു വർഷത്തോളം വെറ്ററിനറി നഴ്സായി പ്രവർത്തിച്ച അനുഭവ ജ്ഞാനം സഞ്ചരിക്കുന്ന മൃഗാശുപത്രിയായി; ഒരു കോടി മുടക്കി തയ്യറാക്കിയത് അത്യാധുനിക സംവിധാനങ്ങളുള്ള വാഹനം; നായകളുടെ വന്ധ്യംകരണത്തിന് അനുമതി അക്രഡിറ്റഡ് ഏജൻസിക്കുമാത്രമെന്ന കോടതി ഉത്തരവ് തിരിച്ചടിയായി; രാജ്യത്തെ മികച്ച വനിതാ സംരംഭകരിൽ ഒരാളായ പ്രിയ ഇന്ന് കടം വീട്ടാനുള്ള ഓട്ടത്തിൽ

പതിനഞ്ചു വർഷത്തോളം വെറ്ററിനറി നഴ്സായി പ്രവർത്തിച്ച അനുഭവ ജ്ഞാനം സഞ്ചരിക്കുന്ന മൃഗാശുപത്രിയായി; ഒരു കോടി മുടക്കി തയ്യറാക്കിയത് അത്യാധുനിക സംവിധാനങ്ങളുള്ള വാഹനം; നായകളുടെ വന്ധ്യംകരണത്തിന് അനുമതി അക്രഡിറ്റഡ് ഏജൻസിക്കുമാത്രമെന്ന കോടതി ഉത്തരവ് തിരിച്ചടിയായി; രാജ്യത്തെ മികച്ച വനിതാ സംരംഭകരിൽ ഒരാളായ പ്രിയ ഇന്ന് കടം വീട്ടാനുള്ള ഓട്ടത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: രാജ്യത്തെ ആദ്യത്തെ സഞ്ചരിക്കുന്ന മൃഗാശുപത്രി സജ്ജമാക്കിയ പ്രിയ ഇന്ന് പ്രതിസന്ധിയിലാണ്. രാജ്യത്തെ മികച്ച വനിതാസംരംഭകരിൽ ഒരാളായി ആദരിക്കപ്പെട്ട പ്രിയ ഇന്ന് കടം വീട്ടാനുള്ള ഓട്ടത്തിലാണ്. നായകളുടെ വന്ധ്യംകരണത്തിന് ആനിമൽ വെൽഫെയർ ബോർഡിന്റെ അക്രഡിറ്റഡ് ഏജൻസിക്കുമാത്രമാണ് അധികാരമെന്ന കോടതി ഉത്തരവാണ് പ്രിയയ്ക്ക് തിരിച്ചടിയായത്. തെരുവുനായ വന്ധ്യംകരണത്തിന് സഞ്ചരിക്കുന്ന മൃഗാശുപത്രി ലഭ്യമാക്കാമെന്ന ശുപാർശ പ്രിയ തൃശ്ശൂർ ജില്ലാപഞ്ചായത്തിനും കളക്ടർക്കും സമർപ്പിച്ചിട്ടുണ്ട്. ഇത് അംഗീകരിച്ചില്ലെങ്കിൽ വലിയ പ്രതിസന്ധിയിലേക്ക് പ്രിയ പോകും.

മൾട്ടി സ്പെഷ്യാലിറ്റി സൗകര്യങ്ങളോടെ രാജ്യത്തെ ആദ്യത്തെ സഞ്ചരിക്കുന്ന മൃഗാശുപത്രി സജ്ജമാക്കിയ സംരഭകയാണ് പ്രിയ. എല്ലാവരും കൈയടിച്ച പ്രിയയുടെ സംരംഭം 2021 ഓഗസ്റ്റ് 14-ന് നിലച്ചു. ഈ വണ്ടിയുടെ അവശേഷിക്കുന്ന 54 ലക്ഷത്തിന്റെ കടം ബാധ്യതയായി തുടരുന്നു. പ്രിയയുടെ സഞ്ചരിക്കുന്ന മൃഗാശുപത്രിയിൽ 3894 വന്ധ്യംകരണം നടത്തിയിരുന്നു. മൂന്ന് ഡോക്ടർമാരും മൂന്നു സഹായികളും മൂന്നു കെയർടേക്കർമാരും ഉൾപ്പെടെ പത്തുപേർക്ക് ജോലിയും നൽകി.

ഒരുകോടി രൂപ മുടക്കി തയ്യാറാക്കിയ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ വായ്പത്തിരിച്ചടവ് പോലും പ്രതിസന്ധിയിലാണ്. 45 ശതമാനം സബ്സിഡിയോടെ നബാർഡ് നൽകിയ 28 ലക്ഷത്തിന്റെ വായ്പയും തിരിച്ചടയ്ക്കാൻ കഴിയുന്നില്ല. പൂർണമായി അടച്ചുതീർത്താലേ സബ്സിഡി കിട്ടൂ. അല്ലാത്ത പക്ഷം മുഴുവൻ തുകയും അടയ്ക്കേണ്ടി വരും. ഇപ്പോൾ വീടുകൾ കയറിയിറങ്ങി മൃഗങ്ങളുടെ ചികിത്സാസംബന്ധിയായ സാംപിളുകളെടുത്ത് വെറ്ററിനറി സർവകലാശാലയിലെ ലാബിൽ പരിശോധിപ്പിച്ച് ഫലമെത്തിച്ചാണ് ഉപജീവനം. ഇതിന് 350 രൂപയാണ് ഈടാക്കുന്നത്. ഇതുവച്ച് കടം വീട്ടൽ അസാധ്യമാണ്.

വെറ്ററിനറി നഴ്സായി ജോലിചെയ്യവേയാണ് കേരള കാർഷിക സർവകലാശാലയുടെ അഗ്രി ബിസിനസ് ഇൻകുബേറ്റിലൂടെ രാജ്യത്തെ ആദ്യത്തെ സഞ്ചരിക്കുന്ന മൃഗാശുപത്രി 'ശ്രദ്ധ' പ്രിയ സജ്ജമാക്കിയത്. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ദിവസേന പത്ത് നായകളെവരെ വന്ധ്യംകരണം ചെയ്തിരുന്നു. വെറ്ററിനറി നഴ്സിങ്ങിനു പുറമേ ഊട്ടിയിലെ വേൾഡൈ്വഡ് വെറ്ററിനറി സെന്ററിൽനിന്ന് ആനിമൽ ബെർത്ത് കൺട്രോൾ മാനേജ്മെന്റ് കോഴ്സും പ്രിയ പഠിച്ചിരുന്നു.

പതിനഞ്ചു വർഷത്തോളം വെറ്ററിനറി നഴ്സായി പ്രവർത്തിച്ച അനുഭവ ജ്ഞാനമാണ് സഞ്ചരിക്കുന്ന മൃഗാശുപത്രി എന്ന ആശയത്തിലേയ്ക്ക് പ്രിയയെ എത്തിച്ചത്. പ്ലസ്ടു കഴിഞ്ഞപ്പോൾ വയനാട് അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ജോലിക്ക് ചേർന്നിരുന്നു. അന്നു കർഷകരുടെ സെൻസസ് എടുക്കുന്ന ജോലികളാണ് ചെയ്തിരുന്നത്. മൃഗസംരക്ഷണ മേഖലയിൽ ഗ്രാമീണർക്ക് മതിയായ ചികിത്സാ സൗകര്യമില്ലെന്നും ഓപ്പറേഷൻ ഉൾപ്പടെയുള്ള ചികിത്സയ്ക്ക് ജില്ലാ ആസ്ഥാനത്തേയ്ക്ക് ഗ്രാമീണ കർഷകർക്ക് പോകേണ്ടി വരുന്ന ദുരിതം മനസ്സിലാക്കിയിരുന്നു.

ഒരു വെറ്ററിനറി ഡോക്ടർക്ക് വീടുകളിൽ പോയി ചികിത്സിക്കാനാവുമെങ്കിലും വേണ്ടത്ര സംവിധാനങ്ങൾ ഇല്ലാതെ ചെയ്യുന്ന കാര്യങ്ങൾക്ക് പരിമിതിയുണ്ട്. ആശുപത്രിയിലേയ്ക്ക് കന്നുകാലികളേയും മറ്റും എത്തിക്കുക എന്നത് കർഷകർ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ്. ഇക്കാര്യങ്ങൾ അന്നുമുതലേ മനസ്സിലുണ്ടായിരുന്നു. അതുകൊണ്ടാണ് കർഷകരുടെ വീട്ടിലെത്തി സേവനം നൽകുന്ന ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി എന്ന ആശയം പ്രിയയുടെ മനസ്സിലുദിച്ചതും നടപ്പിലാക്കാനായി ശ്രമമാരംഭിച്ചതും.

മൃഗങ്ങൾക്കായി സഞ്ചരിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി എന്ന സ്റ്റാർട്ടപ്പ് സംരംഭത്തിലേയ്ക്ക് പ്രിയയെ കൊണ്ടുചെന്നെത്തിച്ചപ്പോൾ അതുവരെ അത്തരത്തിൽ മാതൃകകൾ ഒന്നുമുണ്ടായിരുന്നില്ല. എല്ലാം പുതുതായി തന്നെ ആരംഭിക്കണമായിരുന്നു. മുപ്പതു ലക്ഷത്തിന് ഒരു മിനി ബസ് വാങ്ങിയാണ് 'ശ്രദ്ധ' എന്ന പേരിൽ എയർകണ്ടീഷന്റ് ഓപ്പറേഷൻ തീയറ്റർ ഉൾപ്പെടെ സൗകര്യങ്ങളുള്ള മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഒരുക്കിയത്. സ്‌ക്കാനിങ്ങും എക്സ്റേയും ലാബ് സൗകര്യങ്ങളോടെയാണ് സഞ്ചരിക്കുന്ന മൃഗാശുപത്രി തയ്യാറാക്കിയത്.

ഒരു ഫോൺ വിളിയിൽ സേവനവുമായി വീടുകളിൽ എത്തുമായിരുന്നു. വാക്സിനേഷൻ, പശുക്കൾക്കും ആടുകൾക്കും കൃത്രിമ ബീജസങ്കലനം, വന്ധ്യംകരണ ശസ്ത്രക്രിയ, അത്യാഹിത ശസ്ത്രക്രിയ, രോഗ നിർണയ ലാബ് പരിശോധന, മൃഗങ്ങൾക്കുള്ള സൗന്ദര്യ വർധന ചികിത്സ എന്നിവയും 'ശ്രദ്ധ'യിൽ ലഭ്യമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP