Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ട് തവണ അമിത വേഗതയിൽ മറികടന്ന് പോയ ബസ് ഞങ്ങളുടെ ദേഹത്ത് തട്ടി; അപകടകരമായ മരണപ്പാച്ചിൽ നടത്തിയത് ചോദ്യം ചെയ്തതിനാണ് തങ്ങളെ ബസ് ജീവനക്കാർ മർദ്ദിച്ചത്;ബസിലെ കണ്ടക്ടറും ക്ലീനറുമാണ് ആദ്യം ഓടിയെത്തി മർദ്ദിച്ചത്; പിന്നാലെ ബസ് ഡ്രൈവറും കൂടെ ചേർന്നു; ഡ്രൈവറാണ് ഹെൽമെറ്റ് ഉപയോഗിച്ച് ക്രൂരമായി അടിച്ചത്; പതിനഞ്ചു മിനിട്ടോളം മർദ്ദിച്ചു; ആവേ മരിയ ബസ് ജീവനക്കാരുടെ മർദ്ദനത്തിനിരായ യുവാക്കൾ മറുനാടനോട്

ആർ പീയൂഷ്

കോട്ടയം: രണ്ട് തവണ ബസ് അമിത വേഗതയിൽ തങ്ങളെ മറികടന്ന് പോയപ്പോൾ ബൈക്കിലും ശരീരത്തിലും തട്ടിയതായി കുറുപ്പുംന്തറയിൽ ആവേ മരി ബസ് ജീവനക്കാരുടെ മർദ്ദനമേറ്റ യുവാക്കൾ മറുനാടനോട് പറഞ്ഞു. പുതുപ്പള്ളി സ്വദേശികളായ എബ്രഹാം ടീ പോളും സഹോദരൻ ബിബിൻ ഗീവർഗ്ഗീസ് മാത്യൂവുമാണ് ആവേ മരിയ ബസ് ജീവനക്കാരുടെ മർദ്ദനത്തിനിരായ യുവാക്കൾ.

മർദ്ദനമേറ്റ് അവശ നിലയാലായ യുവാക്കൾ ആശുപത്രി ചികിത്സ കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോൾ മറുനാടനോട് സംസാരിക്കുകയായിരുന്നു. മുട്ടിയറ ആശുപത്രിയുടെ തൊട്ടുമുൻപുവച്ച് ഒരു ബൈക്കിനെ ഓവർടേക്ക് ചെയ്ത ബസ് ബൈക്ക് ഓടിച്ചിരുന്ന എബ്രഹാം ടീ പോളിന്റെ തോളത്ത് തട്ടി. പിന്നീട് കുറുംപ്പുംന്തറക്ക് മുൻപള്ള വളവിൽ വച്ചും കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ ബസിന്റെ പിറക് വശം ഇവർ സഞ്ചരിച്ച ബൈക്കിന്റെ സൈഡ് മിററിൽ തട്ടി. ഇങ്ങനെ അപകടകരമായ മരണപ്പാച്ചിൽ നടത്തിയത് ചോദ്യം ചെയ്തതിനാണ് തങ്ങളെ ബസ് ജീവനക്കാർ മർദ്ദിച്ചതെന്ന് യുവാക്കൾ പറയുന്നു.

ബസിലെ കണ്ടക്ടറും ക്ലീനറുമാണ് ആദ്യം ഓടിയെത്തി മർദ്ദിച്ചത്. പിന്നാലെ ബസ് ഡ്രൈവറും കൂടെ ചേർന്നു. ഹെൽമെറ്റ് എടുത്ത് ബിബിന്റെ തലയിൽ ആഞ്ഞടിക്കുകയായിരുന്നു ബസ് ജീവനക്കാർ ചെയ്തത്. ബിബിനെ ഒരാൾ പുറകിൽ നിന്നും അനങ്ങാതിരിക്കാൻ പിടിച്ചു കൊടുത്തു. ഡ്രൈവറാണ് ഹെൽമെറ്റ് ഉപയോഗിച്ച് ക്രൂരമായി അടിച്ചത്. എബ്രഹാമിനും തലയ്ക്ക് അടി കിട്ടി. പതിനഞ്ചു മിനിട്ടോളം മർദ്ദനം നടത്തിയ ശേഷം നാട്ടുകാർ ഇടപെട്ടതോടെയാണ് ജീവനക്കാർ പിന്മാറിയതെന്ന് യുവാക്കൾ പറയുന്നു. ബസിലെ ഡ്രൈവർ ഗുണ്ടാ പശ്ചാത്തലമുള്ള ആളായതിനാലാണ് തങ്ങൾ ഇടപെടാതിരുന്നതെന്നാണ് നാട്ടുകാർ പറഞ്ഞത്. അവിടെ കൂടി നിന്ന ആരോ ഒരാൾ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ആവേ മരിയ ബസുകാരുടെ ഗുണ്ടായിസത്തിന്റെ ക്രൂരത പുറം ലോകം അറിഞ്ഞത്.


അമിത വേഗതയിൽ പാഞ്ഞപ്പോൾ തങ്ങളുടെ വണ്ടിയിലും ശരീരത്തിലും ബസ് തട്ടിയെന്നും വണ്ടിയുടെ അടിയിൽ പോകേണ്ടതാണെന്നും യുവാക്കൾ ഡ്രൈവറോട് പറയുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇത് ഇഷ്ടപ്പെടാതെ ഡ്രൈവർ ചാടിയിറങ്ങി നിന്റെ ഒന്നും ദേഹത്ത് വണ്ടി കേറിയില്ലല്ലോടാ.... എന്ന് പറഞ്ഞ് കേട്ടാൽ അറയ്ക്കുന്ന തെറിയോടെ ബൈക്ക് ചവിട്ടി താഴെയിട്ടു. അപ്പോഴേക്കും ക്ലീനറും കണ്ടക്ടറും എത്തി അനിയൻ ബിബിനെ വട്ടം പിടിക്കുകയും കണ്ടക്ടർ ഹെൽമെറ്റ് എടുത്ത് മർദ്ദിക്കുകയുമായിരുന്നു എന്ന് എബ്രഹാം പറയുന്നു. മർദ്ദനശേഷം ഡ്രൈവർ ബൈക്കിന്റെ ഹെഡ്ലൈറ്റ് ചവിട്ടി തകർക്കുകയും റോഡിൽ കിടന്ന ബൈക്കിന്റെ സൈഡ് മിററിന്റെ മുകളിൽ കൂടി ബസ് എടുത്തു കൊണ്ട് പോകുകയുമായിരുന്നു എന്നും എബ്രഹാം പറഞ്ഞു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കുറുപ്പുംന്തറ പൊലീസ് സ്ഥലത്തെത്തി. യുവാക്കളെ ഓട്ടോയിൽ ആശുപത്രിയിലേക്ക് പറഞ്ഞു വിടാനാണ് അദ്യം ശ്രമിച്ചത്. എന്നാൽ തീരെ അവശരായതിനാൽ യുവാക്കളുടെ നിർബന്ധപ്രകാരം പൊലീസ് ജീപ്പിൽ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ആശുപത്രിയിൽ നിന്നും പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വീട്ടിലേക്ക് പറഞ്ഞു അയച്ചെങ്കിലും അതിക്രൂരമായി മർദ്ദനമേറ്റ ബിബിൻ നിർത്താതെ ഛർദ്ദിച്ചു. ഇതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദമായ പരിശോദനയിൽ തലയ്ക്കുള്ളിൽ പൊട്ടലുണ്ട് എന്ന് കണ്ടെത്തി. വാരിയെല്ലിനും പരിക്കുപറ്റി. തുടർന്ന് അഞ്ച് ദിവസത്തേക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടി വന്നു. പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയപ്പോഴാണ് പൊലീസ് ബസ് ഉടമയുടെയും ജീവനക്കാരുടെയും ഒപ്പമാണ് എന്ന് ഇവർ മനസ്സിലാക്കിയത്.

കടുത്തുരുത്തി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ചുണ്ടക്ക കൊടുത്ത് വഴുതനങ്ങ വാങ്ങിയതല്ലേ എന്നാണ് ഇവരോട് ചോദിച്ചത്. ബസുകാരുടെ ഭാഗത്ത് തെറ്റൊന്നുമില്ല, ബൈക്ക് യാത്രക്കാരാണ് ബസിന് മാർഗ്ഗ തടസം സൃഷ്ടിച്ചതെന്നാണ് എസ്.എച്ച്.ഒയുടെ വാദം. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയതിലും പൊലീസ് വീഴ്ച വരുത്തിയിട്ടുണ്ട്. ഇവർ പറഞ്ഞ മൊഴിയല്ല രേഖപ്പെടുത്തിയിരിക്കുന്നത്. പറയാത്ത പലകാര്യങ്ങളും മൊഴിയിൽ എഴുതി ചേർത്തിട്ടുണ്ട്. ഇതോടെ നീതി ലഭിക്കില്ല എന്ന് ഉറപ്പായതോടെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കടുത്തുരുത്തി എസ്.എച്ച.ഒയ്ക്കെതിരെ പരാതി നൽകിയിരിക്കുകയാണ്.

അതേ സമയം ആവേ മരിയ ബസ് ജീവനക്കാർ പൊതു നിരത്തുകളിൽ ഗുണ്ടായിസമാണ് കാണിക്കുന്നത്. മത്സരയോട്ടവും മറ്റ് ബസുകളെ റോഡിൽ തടഞ്ഞിടുകയും പോർവിളിയും അസഭ്യം പറച്ചലുമൊക്കെയായി വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കയറി യാത്രക്കാരെ കയറ്റിയ സംഭവത്തിൽ ബസ് ഉദ്യോഗസ്ഥർ തടഞ്ഞിടുകയും പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. യൂണിവേഴ്സിറ്റ് കോളേജിന് സമീപം വച്ച് ഒരു സ്വകാര്യ ബസിനെ വട്ടം വച്ച് മാർഗ്ഗതടസമുണ്ടാക്കി കയ്യാങ്കളി നടത്തുകയും ചെയ്ത സംഭവവും വാർത്തയായിരുന്നു. ബസിലെ ഒട്ടുമിക്ക തൊഴിലാളികളും ഗുണ്ടാ പാശ്ചാത്തലമുള്ളവരാണ്.

നിർഭയ കേസിന് ശേഷം പൊതു ഗതാഗത സർവ്വീസുകളിലെ ജീവനക്കാർ ക്രിമിനൽ പാശ്ചാത്തലമില്ലാത്തവരായിരിക്കണം എന്ന് അതാത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഉറപ്പു വരുത്തണമെന്ന് കർശന നിർദ്ദേശമുള്ളതാണ്. എന്നാൽ ഇതൊന്നും ഇവിടെ ആരും ശ്രദ്ധിക്കാറു പോലുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP