Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്മഥറാസാ...എന്ന തമിഴ് ഗാനത്തിന്റെ അകമ്പടിയോടെ പ്രേത വേഷത്തിലെത്തിയ വിദ്യാർത്ഥിയുടെ കിടിലൻ നൃത്തച്ചുവട്; ഒപ്പം ചുവട് വച്ച് സഹനർത്തകരും; സ്റ്റേജിലേക്ക് പൊടുന്നനെ കടന്നുവന്ന് പാട്ടും ഡാൻസും നിർത്താൻ ആക്രോശിച്ച് സ്‌കൂൾ പ്രിൻസിപ്പൽ; സ്റ്റേജിൽ നിന്ന് പുറത്തേക്കിറങ്ങാൻ ശ്രമിച്ച ഗോസ്റ്റ് വേഷധാരിയായ വിദ്യാർത്ഥിയുടെ കരണത്തടിച്ച് പ്രിൻസിപ്പൽ; വീഡിയോ കണ്ട് പ്രിൻസിപ്പലിനെതിരെ രോഷം കൊണ്ട് സോഷ്യൽ മീഡിയയും

മന്മഥറാസാ...എന്ന തമിഴ് ഗാനത്തിന്റെ അകമ്പടിയോടെ പ്രേത വേഷത്തിലെത്തിയ വിദ്യാർത്ഥിയുടെ കിടിലൻ നൃത്തച്ചുവട്; ഒപ്പം ചുവട് വച്ച് സഹനർത്തകരും; സ്റ്റേജിലേക്ക് പൊടുന്നനെ കടന്നുവന്ന് പാട്ടും ഡാൻസും നിർത്താൻ ആക്രോശിച്ച് സ്‌കൂൾ പ്രിൻസിപ്പൽ; സ്റ്റേജിൽ നിന്ന് പുറത്തേക്കിറങ്ങാൻ ശ്രമിച്ച ഗോസ്റ്റ് വേഷധാരിയായ വിദ്യാർത്ഥിയുടെ കരണത്തടിച്ച് പ്രിൻസിപ്പൽ; വീഡിയോ കണ്ട് പ്രിൻസിപ്പലിനെതിരെ രോഷം കൊണ്ട് സോഷ്യൽ മീഡിയയും

ആർ പീയൂഷ്

കൊല്ലം: സ്‌കൂളിലെ വാർഷിക ആഘോഷങ്ങൾക്കിടയിൽ സ്റ്റേജിൽ ഡാൻസ് കളിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥിയെ സ്‌കൂൾ പ്രിൻസിപ്പൽ കരണത്തടിച്ചു. കൊല്ലം വടക്കേവിള ശ്രീനാരായണ പബ്ലിക് സ്‌ക്കൂളിലെ പ്രിൻസിപ്പൽ എൻ.ജി ബാബുവാണ് പ്ലസ്ടു ഒന്നാം വർഷ വിദ്യാർത്ഥിയുടെ കരണത്തടിച്ചത്. ഡാൻസ് സഭ്യത വിട്ട് അവതരിപ്പിച്ചു എന്ന് പറഞ്ഞായിരുന്നു വിദ്യാർത്ഥിയെ മർദ്ദിച്ചത്.

കഴിഞ്ഞ ദിവസം വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. സ്‌കൂൾ ഓഡിറ്റോറിയത്തിൽ വാർഷികാഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികൾ നടക്കുകയായിരുന്നു. മർദ്ദനമേറ്റ വിദ്യാർത്ഥിയും സംഘവും ഫ്യൂഷൻ ഡാൻസ് അവതരിപ്പിക്കുകയായിരുന്നു. പന്ത്രണ്ടോളം വിദ്യാർത്ഥികളായിരുന്നു ആ സമയം സ്റ്റേജിൽ ഉണ്ടായിരുന്നത്. ഡാൻസിനിടയിൽ മോഹൻലാലിന്റെ ഫ്ളക്സ് ഉയർത്തിക്കാട്ടി ജയ് വിളിച്ചു. തൊട്ടു പിന്നാലെ ദേശീയ പതാക ഉയർത്തി രാജ്യത്തിന് ആദരവും അർപ്പിച്ചു. ഇതിന് ശേഷമായിരുന്നു മർദ്ദനമേറ്റ വിദ്യാർത്ഥി പ്രേതത്തിന്റെ വേഷത്തിൽ വേദിയിലെത്തിയത്. ഇത് കണ്ട് വിദ്യാർത്ഥികൾ ഭയം അഭിനയിച്ച് നിലവിളിച്ചു. എന്നാൽ നിമിഷങ്ങൾക്കകം മന്മഥറാസാ...എന്ന തമിഴ് ഗാനം പ്ലേ ചെയ്യുകയും പ്രേത വേഷത്തിലെത്തിയ വിദ്യാർത്ഥി കിടിലൻ നൃത്തച്ചുവട് വയ്ക്കുകയും ചെയ്തു. ഇതോടെ സ്റ്റേജിലുണ്ടായിരുന്ന മറ്റു വിദ്യാർത്ഥികളും ചുവടു വയ്ക്കാൻ തുടങ്ങി. പെട്ടെന്നാണ് പ്രിൻസിപ്പാൾ സ്റ്റേജിലേക്ക് കടന്നു വരികയും പാട്ടും ഡാൻസും നിർത്താൻ ആവശ്യപ്പെടുകയും ചെയ്തത്.

ഇതോടെ വിദ്യാർത്ഥികൾ ഡാൻസ് നിർത്തി. സ്റ്റേജിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ ശ്രമിച്ച പ്രേത വേഷത്തിലെത്തിയ വിദ്യാർത്ഥിയെ പ്രിൻസിപ്പൽ കരണത്തടിക്കുകയായിരുന്നു. സഭ്യത വിട്ടാണ് ഡാൻസ് കളിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രിൻസിപ്പലിന്റെ മർദ്ദനം. സ്റ്റേജിൽ വച്ച് പരസ്യമായി വിദ്യാർത്ഥിയെ തല്ലിയത് കണ്ട കുട്ടികളും മാതാപിതാക്കളും അദ്ധ്യാപകരും ഒരു പോലെ ഞെട്ടി. സ്റ്റേജിന് പിന്നിലെത്തി മറ്റ് കുട്ടികളുടെ മാതാപിതാക്കൾ മർദ്ദനമേറ്റ വിദ്യാർത്ഥിയോട് വിവരങ്ങൾ ചോദിച്ചു. പിന്നീട് വിഷയം ഒത്തു തീർക്കുകയായിരുന്നു. എന്നാൽ പ്രിൻസിപ്പൽ തല്ലുന്ന വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ പ്രിൻസിപ്പലിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു.

യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രിൻസിപ്പാൾ തല്ലിയത് എന്ന് വിദ്യാർത്ഥികൾ മറുനാടൻ മലയാളിയോട് പറഞ്ഞു. വീട്ടിൽ നിന്നും കൊണ്ടുവന്ന പർദ്ദയാണ് വിദ്യാർത്ഥി കറുത്ത വേഷത്തിനായി ഉപയോഗിച്ചത്. മുഖം മൂടിയും ധരിച്ചിരുന്നു. ഇതിൽ സഭ്യത വിട്ടുള്ള ഒന്നുമില്ലായിരുന്നു എന്നും അവർ പറഞ്ഞു. വിദ്യാർത്ഥികൾ പറയുന്നത് ശരിയാണെന്ന് ദൃശ്യങ്ങൾ കാണുന്ന ആർക്കും മനസ്സിലാകും. 16 വയസുള്ള കുട്ടിയെയാണ് പ്രിൻസിപ്പാൾ ഒരു കാരണവുമില്ലാതെ അടിച്ചത്. അതേ സമയം പ്രിൻസിപ്പാൾ കുട്ടികളെ എല്ലാവരെയും കരണത്തടിക്കുന്നത് പതിവാണെന്ന് വിദ്യാർത്ഥികളും മാതാപിതാക്കളും പറയുന്നു. മുൻപും ഇത്തരത്തിൽ ഒരു വിദ്യാർത്ഥിയെ മർദ്ദിച്ചതിന് പ്രിൻസിപ്പാളിനെതിരെ പരാതി ഉയർന്നിരുന്നു. സംഭവത്തിൽ വിദ്യാർത്ഥികൾ പ്രതിഷേധം നടത്തുമെന്നറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP