Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യുദ്ധമിനി പ്ലാസ്റ്റിക് മാലിന്യം എന്ന മഹാവിപത്തിനെതിരെ; ദീപാവലിക്ക് മുമ്പ് പ്ലാസ്റ്റിക് മാലിന്യങ്ങൾ സംരക്ഷിക്കാൻ മാർഗങ്ങൾ കണ്ടെത്തണമെന്ന് പ്രധാനമന്ത്രി; ഒക്ടോബർ രണ്ടിന് ഇന്ത്യയെ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും നരേന്ദ്ര മോദിയുടെ ആഹ്വാനം; സെപ്റ്റംബർ 11ന് ആരംഭിക്കുന്ന ശുചിത്വ പ്രചാരണ പരിപാടിയിൽ പങ്കാളികളാകാനും നിർദ്ദേശിച്ചത് മൻ കി ബാത്തിലൂടെ

യുദ്ധമിനി പ്ലാസ്റ്റിക് മാലിന്യം എന്ന മഹാവിപത്തിനെതിരെ; ദീപാവലിക്ക് മുമ്പ് പ്ലാസ്റ്റിക് മാലിന്യങ്ങൾ സംരക്ഷിക്കാൻ മാർഗങ്ങൾ കണ്ടെത്തണമെന്ന് പ്രധാനമന്ത്രി; ഒക്ടോബർ രണ്ടിന് ഇന്ത്യയെ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും നരേന്ദ്ര മോദിയുടെ ആഹ്വാനം; സെപ്റ്റംബർ 11ന് ആരംഭിക്കുന്ന ശുചിത്വ പ്രചാരണ പരിപാടിയിൽ പങ്കാളികളാകാനും നിർദ്ദേശിച്ചത് മൻ കി ബാത്തിലൂടെ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: രാജ്യത്തെ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള ആഹ്വാനവുമായി പ്രധാനമന്ത്രി. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാർഷിക ദിനമായ ഒക്ടോബർ രണ്ടിന് ഇന്ത്യയെ പ്ലാസ്റ്റിക്ക് വിമുക്ത രാജ്യമാക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ മൻ കി ബാത്തിലൂടെ മോദി ആഹ്വാനം ചെയ്തു. നിലവിൽ അടിഞ്ഞുകൂടി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ദീപാവലിക്കുമുമ്പ് സുരക്ഷിതമായി സംസ്‌കരിക്കാനുള്ള ഉപായങ്ങൾ കണ്ടെത്താൻ അദ്ദേഹം തദ്ദേശ ഭരണ സ്ഥാപനങ്ങളോടും സർക്കാർ ഇതര സംഘടനകളോടും കോർപ്പറേറ്റ് സ്ഥാപനങ്ങളോടും അഭ്യർത്ഥിച്ചു.

സെപ്റ്റംബർ 11 ന് ആരംഭിക്കുന്ന ശുചിത്വ പ്രചാരണ പരിപാടിയിൽ പങ്കാളികളാകാൻ അദ്ദേഹം മൻ കി ബാത്തിൽ ആഹ്വാനം ചെയ്തു. കുന്നുകൂടി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ റീസൈക്കിൾ ചെയ്യാൻ വ്യവസായ ലോകത്തിന് കഴിയും. അത് ഇന്ധനമാക്കി ഉപയോഗിക്കാനും അവർക്ക് സാധിക്കും. ദീപാവലിക്ക് മുമ്പ് പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്‌കരിക്കുകയെന്ന ലക്ഷ്യം നേടാൻ അതിലൂടെ സാധിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവെ ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക്ക് ഉപേക്ഷിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

നിലവിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുമായി നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. എന്നാൽ ഇവയെ ഏകോപിപ്പിക്കുന്നതിനോ കൂടുതൽ പ്രചാരം നൽകുന്നതിനോ ഇതുവരെ സാധിച്ചിരുന്നില്ല. മാതൃകയാക്കാവുന്ന ചില പദ്ധതികൾ ഇന്ത്യയിൽ തന്നെ നടപ്പിലാക്കുന്നുണ്ട്.

പ്ലാസ്റ്റിക് ബാഗിന് പകരം മുള

അൻഡമാൻ ഐ എഫ് എസ് ഓഫീസർമാർ ചെടികൾ നടാനായി പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം മുളയുടെ പാത്രങ്ങളുപയോഗിച്ച് തുടങ്ങിയത് കുറച്ച് കാലം മുമ്പാണ്. വിപുൽ പാണ്ഡേ എന്ന ഉദ്യോഗസ്ഥനാണ് ഇതിന് തുടക്കം കുറിച്ചത്. ഓരോ നഴ്‌സറിയിലും ചെടികൾ നടുന്നതിനായി എത്രമാത്രം പ്ലാസ്റ്റിക് ബാഗുകളാണ് ഉപയോഗിക്കുന്നത്. മുള കൊണ്ടുള്ള പാത്രത്തിലായപ്പോഴേക്കും അത്രയും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറഞ്ഞു. പതിയെ പതിയെ ഇത് ഓരോ നഴ്‌സറികളിലേക്കായി വ്യാപിപ്പിക്കുകയായിരുന്നു. പ്ലാസ്റ്റിക്കിന് പകരം മറ്റുപലതും പരീക്ഷിച്ചുവെങ്കിലും അതിലൊന്നും ചെടികൾ വേണ്ടപോലെ വളർന്നില്ല. ഒടുവിലാണ് മുള എന്നതിലേക്ക് എത്തിപ്പെടുന്നത്.

പ്ലാസ്റ്റിക് മാലിന്യം നൽകിയാൽ പകരം ഊണ്

ഇന്ത്യയിലെ ആദ്യത്തെ 'ഗാർബേജ് കഫെ' ഛത്തീസ്‌ഗഢിലാണ് പ്രവർത്തനമാരംഭിച്ചത്. ഇവിടെ വീടില്ലാത്തവരോ, പാവപ്പെട്ടവരോ ആയ ജനങ്ങൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ നൽകിയാൽ അവർക്ക് ഭക്ഷണം ലഭിക്കും. പ്ലാസ്റ്റിക് നിർമ്മാർജ്ജനം എന്നതിലുപരി പാവപ്പെട്ട മനുഷ്യർക്ക് ഭക്ഷണത്തിനുള്ള വക എന്ന നിലയിൽ കൂടി ഇത് ശ്രദ്ധിക്കപ്പെട്ടു.

ഒരു കിലോ പ്ലാസ്റ്റിക്ക് കൊണ്ടുവരുന്നവർക്ക് സൗജന്യ ഭക്ഷണം നൽകും. ഇതിലൂടെ ലക്ഷ്യം വെക്കുന്നത് നഗരം വൃത്തിയായി സൂക്ഷിക്കുക എന്നതാണെന്ന് മേയർ അജയ് ടിർക്കി പറഞ്ഞിരുന്നു. ഓരോ കിലോ പ്ലാസ്റ്റിക്ക് മാലിന്യത്തിന് ഉച്ചഭക്ഷണം നൽകും. അരക്കിലോ മാലിന്യം നൽകിയാൽ വീടില്ലാത്തവർക്കും പാവപ്പെട്ടവർക്കും പ്രഭാതഭക്ഷണം നൽകും. 550,000 രൂപയാണ് ബജറ്റിൽ അധികൃതർ ഇതിനായി വകയിരുത്തിയിട്ടുള്ളത്.

ഫീസിന് പകരം പ്ലാസ്റ്റിക് മാലിന്യം

ഗുവാഹത്തിയിലെ ഒരു സ്‌കൂളിൽ ഫീസിന് പകരം പ്ലാസ്റ്റിക് മാലിന്യം നൽകിയാൽ മതി. കുട്ടികൾ ഒരു കവറിൽ പ്ലാസ്റ്റിക്കുമായി എത്തുകയും അത് സ്‌കൂളിലേക്ക് ഫീസായി നൽകാനും തുടങ്ങി. പാർമിത ശർമ്മ, മസീൻ മുക്താർ എന്നിവർ ചേർന്ന് 2016 -ൽ സ്ഥാപിച്ച സ്‌കൂളാണിത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ പഠിപ്പിക്കുക, അതുവഴി അവരെ ഒരു ജീവിതമാർഗം കണ്ടെത്തുന്നതിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സ്‌കൂൾ ഈ പ്ലാസ്റ്റിക് ഫീസ് കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്ലാസ്റ്റിക്കിൽ നിന്നും റോഡ്

ലഖ്‌നൗ ഡെവലെപ്‌മെന്റ് അഥോറിറ്റി പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് ഒരു റോഡ് തന്നെ നിർമ്മിച്ചു. ഗോമിത് നഗർ പൊലീസ് സ്റ്റേഷൻ മുതൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് വരെയാണ് റോഡ്.

പ്ലാസ്റ്റിക്കിൽ നിന്നും പെട്രോൾ

ഹൈദരാബാദിലുള്ള പ്രൊഫ. സതീഷ് കുമാർ എന്ന മെക്കാനിക്കൽ എഞ്ചിനീയർ ചെയ്തത് പ്ലാസ്റ്റിക് ഉപയോഗിച്ച് പെട്രോളുണ്ടാക്കലാണ്. അത് ലിറ്ററിന് 40 രൂപാ വിലയിൽ വിൽക്കുകയും ചെയ്യുന്നു. ഈ പ്രവർത്തനങ്ങൾക്കായി ഒരു സ്ഥാപനം തന്നെ അദ്ദേഹത്തിനുണ്ട്. സാമ്പത്തികനേട്ടം തന്റെ ലക്ഷ്യമല്ലെന്നും പരിസ്ഥിതിയെ ചൊല്ലിയാണ് താനിത് ചെയ്യുന്നത് എന്നുമാണ് സതീഷ് പറയുന്നത്.

അലങ്കാരവസ്തുക്കളായി മാറുന്ന പ്ലാസ്റ്റിക്

മംഗളൂരുവിൽ നിന്നുള്ള മേഖ എന്ന കലാകാരിയുടെ കരങ്ങളിലൂടെ കടന്നുപോകുമ്പോൾ പ്ലാസ്റ്റിക് അതിമനോഹരമായ അലങ്കാര വസ്തുക്കളായി മാറുകയാണ്. പ്ലാസ്റ്റിക് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവൽക്കരിക്കുക, പ്ലാസ്റ്റിക് മാലിന്യത്തെ മനോഹരമായി പുനരുപയോഗിക്കുക എന്നതാണ് മേഖ ചെയ്യുന്നത്. കേരളത്തിലടക്കം നിരവധി പേർ ഇന്ന് പ്ലാസ്റ്റിക് കുപ്പികൾ അലങ്കാര വസ്തുക്കളാക്കി മാറ്റുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP