Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭയമില്ലാതെ പ്രതിരോധ പ്രവർത്തനവുമായി സംസ്ഥാന ആരോഗ്യ വകുപ്പ്; മുന്നൊരുക്കങ്ങൾ വളരെ മുന്നേ തുടങ്ങിയതിനാൽ പ്രതിക്ഷിച്ച വില്ലൻ എത്തിയെന്നറിഞ്ഞപ്പോഴും ഭയക്കാതെ കേരളം; ഭയം വേണ്ടെന്ന് ആവർത്തിച്ച് പറഞ്ഞ് ആരോഗ്യമന്ത്രി; പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ മന്ത്രിമാരായ കെ കെ ശൈലജ ടീച്ചറും വി എസ് സുനിൽ കുമാറും തൃശ്ശൂർക്ക്; ചൈനയിൽ കുടുങ്ങിക്കിടക്കുന്നവരെ നാളെ നാട്ടിലെത്തിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാരും

ഭയമില്ലാതെ പ്രതിരോധ പ്രവർത്തനവുമായി സംസ്ഥാന ആരോഗ്യ വകുപ്പ്; മുന്നൊരുക്കങ്ങൾ വളരെ മുന്നേ തുടങ്ങിയതിനാൽ പ്രതിക്ഷിച്ച വില്ലൻ എത്തിയെന്നറിഞ്ഞപ്പോഴും ഭയക്കാതെ കേരളം; ഭയം വേണ്ടെന്ന് ആവർത്തിച്ച് പറഞ്ഞ് ആരോഗ്യമന്ത്രി; പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ മന്ത്രിമാരായ കെ കെ ശൈലജ ടീച്ചറും വി എസ് സുനിൽ കുമാറും തൃശ്ശൂർക്ക്; ചൈനയിൽ കുടുങ്ങിക്കിടക്കുന്നവരെ നാളെ നാട്ടിലെത്തിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കൊലയാളി വൈറസിനെ കീഴടക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. തൃശ്ശൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനിയെ ആവശ്യമെങ്കിൽ തൃശ്ശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനും ആരോഗ്യ വകുപ്പ് ആലോചിക്കുന്നുണ്ട്. ചൈനയിൽ കൊറോണ ബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ തന്നെ മുൻകരുതലുകൾ സ്വീകരിക്കാൻ സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന് കഴിഞ്ഞിരുന്നു. വൈറസ് ബാധ സംബന്ധിച്ച അവബോധം പൊതുജനങ്ങളിൽ സൃഷ്ടിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി. മാത്രമല്ല, ഓരോ ജില്ലകളിലും രണ്ട് ആശുപത്രികളിൽ വീതം ഐസോലേഷൻ വാർഡുകളും വളരെ മുന്നേ തന്നെ സജ്ജമാക്കിയിരുന്നു.

വാർത്താമാധ്യമങ്ങളിലൂടെ കേരളത്തിലാണ് ആദ്യ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് അറിഞ്ഞ ഉടൻ സംസ്ഥാന ആരോഗ്യവകുപ്പ് കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ടു. വിവരങ്ങൾ ശേഖരിച്ചു. തൊട്ടു പിന്നാലെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ തിരുവനന്തപുരത്ത് ഉന്നതതലയോഗം വിളിച്ചു. ആരോഗ്യവകുപ്പിലെ ഉന്നതരെല്ലാം പങ്കെടുത്ത യോഗത്തിന് ശേഷം മന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷം മന്ത്രി മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചു.

ചൈനയിൽനിന്ന് തിരിച്ചെത്തിയ മലയാളി വിദ്യാർത്ഥിനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ശൈലജ ടീച്ചർ അറിയിച്ചു. തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർത്ഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഐസൊലേഷൻ വാർഡിൽ ചികിത്സ തുടരുന്ന വിദ്യാർത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വാർത്താസമ്മേളനത്തിൽ ആരോഗ്യമന്ത്രി വ്യക്തമാക്കി. ചികിത്സയിലുള്ള വിദ്യാർത്ഥിനിയെ ആവശ്യമെങ്കിൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. തൃശൂരിലേക്കെത്തി സ്ഥിതിഗതികൾ വിലയിരുത്തി കൂടുതൽ സുരക്ഷാ മുന്നൊരുക്കങ്ങൾക്കായി വ്യാഴാഴ്ച തന്നെ അടിയന്തര യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവം അറിഞ്ഞതോടെ തൃശ്ശൂരിൽ നിന്നുള്ള മന്ത്രി വി എസ് സുനിൽ കുമാറും തലസ്ഥാനത്തെ പരിപാടികൾ എല്ലാം റദ്ദാക്കി തൃശ്ശൂരിലേക്ക് തിരിച്ചു.

ചൈനയിൽ സ്ഥിഗതികൾ വഷളാകുന്ന സാഹചര്യത്തിൽ തന്നെ കേരളത്തിലും വൈറസിനെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ മെഡിസിന് പഠിക്കാനായി തെരഞ്ഞെടുക്കുന്ന യൂണിവേഴ്‌സിറ്റികളിൽ ഒന്നായിരുന്നു വുഹാൻ. അതുകൊണ്ടു തന്നെ തിരിച്ചെത്തുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ പരിശോധിക്കാനും നിരീക്ഷിക്കാനംു സംസ്ഥാന ആരോഗ്യ വകുപ്പ് ജാഗ്രത കാട്ടി. വുഹാനിൽ നിന്നും മാത്രമല്ല, കൊറോണയുടെ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നെല്ലാം തിരിച്ചെത്തുന്നവർ നിരീക്ഷിക്കപ്പെട്ടു.

ആകെ 806 പേരാണ് കേരളത്തിൽ കൊറോണ രോഗലക്ഷണങ്ങളുമായി ചികിത്സയിൽ കഴിയുന്നത്. ഇതിൽ 20 പേർക്കാണ് പ്രകടമായി കൊറോണ ലക്ഷണങ്ങളുണ്ടായിരുന്നത്. ഇവരുടെയെല്ലാം രക്തസാമ്പിളുകൾ പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഇതിൽ പത്ത് പേരുടെ ഫലം നെഗറ്റീവായിരുന്നു. ഒമ്പത് പേരെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. രണ്ട് പേർക്ക് എച്ച്‌വൺ എൻവൺ ബാധയാണെന്ന് വ്യക്തമായിട്ടുണ്ട്. ആറ് പേരുടെ ഫലമാണ് വരാനുള്ളത്. ഇതിൽ ഒരാളുടെ ഫലമാണ് പോസിറ്റീവായിരിക്കുന്നത്.

വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വൈറസിനെ പ്രതിരോധിക്കാൻ ആവശ്യമായ പ്രതിരോധ നടപടികൾ ആരോഗ്യവകുപ്പ് സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. വൈറസ് ബാധ സംശയിച്ച് തൃശൂരിൽ ചികിത്സയിലുണ്ടായിരുന്ന നാല് പേരിൽ ഒരാൾക്കാണിപ്പോൾ വൈറസ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകൾക്കും സ്വകാര്യ ആശുപത്രികൾക്കും മുന്നൊരുക്കത്തിന് നിർദ്ദേശം നൽകിയതായും ആവശ്യമെങ്കിൽ എല്ലാ മെഡിക്കൽ കോളേജുകളിലും ഐസൊലേഷൻ വാർഡുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ചൈനയിൽ നിന്ന് തിരിച്ചെത്തിയവരും രോഗ ലക്ഷണമുള്ളവരും എത്രയും വേഗത്തിൽ ആശുപത്രിയിൽ ചികിത്സ തേടണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

ആകെ 1053 പേർ നിരീക്ഷണത്തിൽ

പുതുതായി 247 പേരുൾപ്പെടെ കേരളത്തിൽ ഇതുവരെ ആകെ 1053 പേർ നിരീക്ഷണത്തിലാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. അതിൽ 15 പേർ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. വ്യാഴാഴ്ച 7 പേർ അഡ്‌മിറ്റായി. 1038 പേർ വീട്ടിലെ നിരീക്ഷണത്തിലാണ്. 24 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതിൽ 15 പേർക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ബാക്കിയുള്ള ഫലം വരാനുണ്ട്. പൂണെ എൻ.ഐ.വിയിൽ പരിശോധനയ്ക്ക് അയച്ച സാമ്പിളിന്റെ പ്രാഥമിക ഫലത്തിലാണ് വിദ്യാർത്ഥിയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. രണ്ടാമത്തെ ഫലം കൂടി വരാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൊറോണ വൈറസ് രോഗബാധയ്ക്കെതിരെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നതിനാൽ ജനങ്ങൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടതാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുകയും കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകേണ്ടാതുമാണെന്ന് മന്ത്രി പറഞ്ഞു.

അടിയന്തര ആർ.ആർ.ടി. യോഗം ചേർന്നു

തൃശൂർ ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ ചികിത്സയിൽ കഴിയുന്ന ഒരു വിദ്യാർത്ഥിക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് അടിയന്തര റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി.) യോഗം ചേർന്നു. കൊറോണ വൈറസിനെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെ പറ്റിയാണ് യോഗം പ്രധാനമായും ചർച്ച ചെയ്തത്. കൊറോണ രോഗം ബാധിച്ച വിദ്യാർത്ഥിയുടെ അവസ്ഥ ഗുരുതരമല്ലെന്ന് യോഗം വിലയിരുത്തി. എങ്കിലും ആ വിദ്യാർത്ഥി യാത്രയിലും മറ്റും ബന്ധപ്പെട്ടിട്ടുള്ളവരുടെ കോണ്ടാക്ട് ലിസ്റ്റ് തയ്യാറാക്കേണ്ടതാണ്. അതിനാണ് ഈ ഘട്ടത്തിൽ പ്രാധാന്യം നൽകേണ്ടത്. കുട്ടിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് ഇപ്പോൾ രോഗ ലക്ഷണങ്ങളില്ലെങ്കിലും അവരെ കണ്ടെത്തി നിരീക്ഷണത്തിൽ വയ്ക്കാനും യോഗം തീരുമാനിച്ചു.

ജീവനക്കാർ കർശനമായും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. മരുന്നുകൾ, സുരക്ഷ ഉപകരണങ്ങൾ എന്നിവ മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി ലഭ്യമാക്കും. തൃശൂർ മെഡിക്കൽ കോളേജിൽ കൊറോണ സ്ഥിരീകരിച്ച രോഗിയെ ചികിത്സിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കാനും മന്ത്രി നിർദ്ദേശം നൽകി. മന്ത്രി കെ.കെ. ശൈലജ ടീച്ചറും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും രാത്രി 11 മണിയോടെ തൃശൂർ മെഡിക്കൽ കോളേജിലെത്തി ഉന്നതതല യോഗം കൂടും.

കൃഷി വകുപ്പ് മന്ത്രി വി എസ്. സുനിൽ കുമാർ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. രാജു, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷി, ആർദ്രം മിഷൻ സ്റ്റേറ്റ് കൺസൾട്ടന്റ് ഡോ. ജമീല, ആർദ്രം സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. സി.കെ. ജഗദീശൻ, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ്‌കുമാർ, സംസ്ഥാന സാംക്രമിക രോഗ പ്രതിരോധ സെൽ കോ-ഓർഡിനേറ്റർ ഡോ. പി.എസ്. ഇന്ദു, മെഡിക്കൽ സർവീസസ് കോർപറേഷൻ ജനറൽ മാനേജർ ഡോ. ദിലീപ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 കൊറോണ വൈറസ്

2019 ഡിസംബറിലാണ് ചൈനയിലെ വുഹാനിൽ പുതിയ കൊറോണ വൈറസ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. വുഹാനിലെ സമുദ്രോത്പന്ന മാർക്കറ്റാണ് രോഗത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് കരുതുന്നത്. പൊതുവേ കൊറോണ വൈറസുകൾ രോഗാണുവാഹകരായ ജന്തുക്കളിൽനിന്ന് മനുഷ്യരിലേക്കും സാധാരണ ജലദോഷപ്പനി പടരുന്നതുപോലെ രോഗിയുടെ ശ്വാസകോശസ്രവങ്ങളിലൂടെ മറ്റുള്ളവരിലേക്കും പകരുന്നുണ്ട്. പുതിയ കൊറോണ വൈറസും മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പടരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.

മനുഷ്യരിൽമാത്രമല്ല, കന്നുകാലികളിലും വളർത്തുമൃഗങ്ങളിലും വൈറസ് ബാധയുണ്ടാവും. സാധാരണ ജലദോഷപ്പനിമുതൽ മാരകമായ ന്യുമോണിയയ്ക്കുവരെ കാരണമാകാവുന്ന ആർ.എൻ.എ. വൈറസുകളാണ് കൊറോണ വൈറസുകൾ. ഇലക്ട്രോൺ മൈക്രോസ്‌കോപ്പിലൂടെ നോക്കുമ്പോൾ കിരീടാകൃതിയുള്ളതുകൊണ്ടാണ് ഇവയ്ക്ക് കിരീടം എന്നർഥംവരുന്ന ലാറ്റിൻ പദമായ കൊറോണ എന്ന പേരിട്ടത്. 1960-കളിൽ ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസുകൾ സാധാരണ ജലദോഷപ്പനിക്കുമാത്രമേ കാരണമാകൂവെന്നാണ് ആദ്യം കരുതിയിരുന്നത്. 2002-ൽ ചൈനയിലും തുടർന്ന് ഇരുപത്താറിലേറെ രാജ്യങ്ങളിലും പടർന്നുപിടിച്ച സാർസ് (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം), 2012-ൽ സൗദി അറേബ്യയിലും തുടർന്ന് യു.എ.ഇ., കൊറിയ തുടങ്ങിയ രാജ്യങ്ങളിലും പടർന്നുപിടിച്ച മെർസ് (മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം) തുടങ്ങിയ പകർച്ചവ്യാധികളുടെയും പിറകിൽ കൊറോണ വൈറസുകളാണെന്ന് കണ്ടെത്തുകയായിരുന്നു.

രോഗ ലക്ഷണങ്ങൾ തിരിച്ചറിയാനാവുമോ...?

കൊറോണ വൈറസ് പിടിപെട്ടാൽ രണ്ട് മുതൽ 14 ദിവസങ്ങൾക്കം ലക്ഷണങ്ങൾ പ്രകടമാകും. മൂക്കൊലിപ്പ്, ചുമ, തൊണ്ട വേദന, ഉയർന്ന ചൂടുള്ള പനി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ.

റിപ്പോർട്ട് ചെയ്യപ്പെട്ട 97 ശതമാനം പേരും യാതൊരു പ്രശ്നവുമില്ലാതെ അല്ലെങ്കിൽ വൈദ്യസഹായമില്ലാതെ രക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രായമായവർ, നേരത്തെ രോഗമുള്ളവർ തുടങ്ങി വളരെ ചെറിയ ന്യൂനപക്ഷത്തിന് കൊറോണ ബാധിച്ചാൽ അത് ന്യൂമോണിയയിലേക്ക് നയിക്കപ്പെടാനും അപകടം സംഭവിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ജീവൻ കാക്കാൻ എന്തൊക്കെ ചെയ്യണം..?

നിലവിൽ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന കൊറോണ വൈറസ് ബാധ ചികിത്സിച്ച് മാറ്റുന്നതിനോ പ്രതിരോധിക്കുന്നതിനോ ഫലപ്രദമായ മരുന്നുകളോ വാക്സിനുകളോ കണ്ടെത്തിയിട്ടില്ലെന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. ആന്റിബയോട്ടിക്സുകൾ ഇതിനെതിരായി പ്രവർത്തിക്കുന്നുമില്ല. അതിനാൽ നിലവിൽ കൊറോണ രോഗബാധ യുണ്ടെന്ന് സംശയിക്കുന്നവരിൽ നിന്നും രോഗം മറ്റുള്ളവരിലേക്ക്കൂടി പടർന്ന് പിടിക്കാതിരിക്കാൻ രോഗലക്ഷണങ്ങളുള്ളവരെ അധികൃതർ മാറ്റിപ്പാർപ്പിക്കുകയാണ് ചെയ്യുന്നത്. അതിനാൽ ലക്ഷണങ്ങളുണ്ടെന്ന് സംശയിക്കുന്നവർ ഇക്കാര്യം റിപ്പോർട്ട് ചെയ്യണമെന്നും വൈദ്യ സഹായം തേടണമെന്നും അധികൃതർ കടുത്ത മുന്നറിയിപ്പാണേകുന്നത്.

2003ൽ 8000 പേരെ ബാധിക്കുകയും 800 പേരുടെ ജീവൻ എടുക്കുകയും ചെയ്ത സാർസിന് സമാനമായാണ് കൊറോണയും പടരുന്നത്. ഇതിന് മുമ്പ് ഈ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ ആർക്കും ഈ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ശേഷിയില്ല. അതിനാൽ ഇതിന് മുമ്പുള്ള വൈറസ് ബാധകളേക്കാൾ ഇതിന് കൂടുതൽ നാശം വിതക്കാനാവുമെന്ന സാധ്യതയും ശക്തമാണ്.

മറ്റ് നിർദ്ദേശങ്ങൾ

വീട്ടിൽ മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പർക്കം കർശനമായി ഒഴിവാക്കുക. ബാത്ത് അറ്റാച്ച്ഡ് ആയതും വായു സഞ്ചാരമുള്ളതുമായ മുറിയിൽ തന്നെ കഴിയുക. പാത്രങ്ങൾ, കപ്പ്, ബെഡ് ഷീറ്റ് തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. തോർത്ത്, വസ്ത്രങ്ങൾ, കിടക്കവിരി മുതലായവ ബ്ളീച്ചിങ് ലായനി (1 ലിറ്റർ വെള്ളത്തിൽ 3 ടിസ്പൂൺ ബ്ളീച്ചിങ് പൗഡർ ) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കണം.

ചുമയ്ക്കാനോ തുമ്മാനോ തോന്നിയാൽ തൂവാല / തോർത്ത് / തുണി തുടങ്ങിയവ കൊണ്ട് വായും മൂക്കും മറയ്ക്കണം. ഇവ അണുവിമുക്തമാക്കേണ്ടതാണ്. പൊതുസ്ഥലത്ത് തുപ്പരുത്. സന്ദർശകരെ വീട്ടിൽ ഒരുകാരണവശാലും അനുവദിക്കാതിരിക്കുക.
വീട്ടിലെ മറ്റുകുടുംബാംഗങ്ങൾ വേറെ മുറികളിൽ മാത്രം താമസിക്കാൻ ശ്രദ്ധിക്കുക. നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര മുതലായ സാമഗ്രികളും ബാത്ത്റൂം, കക്കൂസ് തുടങ്ങിയവയും ബ്ളീച്ചിങ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക.

കുടുങ്ങിക്കിടക്കുന്നവരെ നാളെ എത്തിക്കും

കൊറോണ വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ വുഹാൻ നഗരത്തിൽ അവശേഷിക്കുന്ന ഇന്ത്യക്കാരെ വെള്ളിയാഴ്ച ഒഴിപ്പിക്കും. വെള്ളിയാഴ്ച വൈകീട്ടോടെ വിമാനമാർഗം ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നതെന്ന് ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസി വൃത്തങ്ങൾ വാർത്താ ഏജൻസിയോട് പറഞ്ഞു. വുഹാൻ നഗരത്തിലും സമീപ പ്രദേശത്തുമുള്ള ഇന്ത്യക്കാരെയാവും ആദ്യ വിമാനത്തിൽ ഒഴിപ്പിക്കുക. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയായെന്നാണ് സൂചന. ഹുബൈ പ്രവിശ്യയുടെ മറ്റുഭാഗങ്ങളിൽ ഉള്ളവരെയാവും രണ്ടാമത്തെ വിമാനത്തിൽ ഒഴിപ്പിക്കുക.

കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെയെണ്ണം 170 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ 38 ലേറെപ്പേർ മരിച്ചത് ഹുബൈ പ്രവിശ്യയിലാണ്. 1700ലേറെ പേർക്ക് പുതുതായി വൈറസ് ബാധിച്ചതായും ചൈനീസ് അധികൃതർ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. 7711 പേർക്കാണ് ചൈനയിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. വൈറസ് ബാധ 16 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമെ യു.കെ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളെല്ലാം സ്വന്തം പൗരന്മാരെ ചൈനയിൽനിന്ന് ഒഴിപ്പിക്കാനുള്ള പരിശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP