Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

കൊറോണ വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്നെത്തിയവർ നിർബന്ധമായും 28 ദിവസം വീടുകളിൽ തന്നെ കഴിയണം; പനി, ചുമ, ശ്വാസതടസം എന്നിവ അനുഭവപ്പെടുകയാണങ്കിൽ ആരോഗ്യ വകുപ്പിനെ അറിയിക്കുന്നതിനും പ്രത്യേക നമ്പരുകൾ; ഓരോ ജില്ലയിലും മെഡിക്കൽ കോളജ് ഉൾപ്പെടെ രണ്ട് ആശുപത്രികളിൽ ചികിത്സാ സംവിധാനം; നിപ്പയെ നിശ്ചയദാർഢ്യത്തോടെ നേരിട്ട കേരളം കൊറോണ വൈറസിനെ നേരിടാനും സജ്ജമാകുന്നത് ഇങ്ങനെ

കൊറോണ വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്നെത്തിയവർ നിർബന്ധമായും 28 ദിവസം വീടുകളിൽ തന്നെ കഴിയണം; പനി, ചുമ, ശ്വാസതടസം എന്നിവ അനുഭവപ്പെടുകയാണങ്കിൽ ആരോഗ്യ വകുപ്പിനെ അറിയിക്കുന്നതിനും പ്രത്യേക നമ്പരുകൾ; ഓരോ ജില്ലയിലും മെഡിക്കൽ കോളജ് ഉൾപ്പെടെ രണ്ട് ആശുപത്രികളിൽ ചികിത്സാ സംവിധാനം; നിപ്പയെ നിശ്ചയദാർഢ്യത്തോടെ നേരിട്ട കേരളം കൊറോണ വൈറസിനെ നേരിടാനും സജ്ജമാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ കേരളത്തിൽ സ്ഥിരീകരിച്ചതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും, വൈറസ് ബാധിതനായ വിദ്യാർത്ഥിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ടെന്നും സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. വിദ്യാർത്ഥിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും, കുട്ടിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും വാർത്താ ഏജൻസി വ്യക്തമാക്കുന്നു. എവിടെയാണ് വിദ്യാർത്ഥി ചികിത്സയിലുള്ളത് എന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ട ചൈനയിൽ നിന്നുൾപ്പെടെ കേരളത്തിൽ എത്തിയവർ 28 ദിവസം നിർബന്ധമായും വീടുകൾക്കുള്ളിൽ തന്നെ കഴിയേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പനി, ചുമ, ശ്വാസതടസം എന്നിവ അനുഭവപ്പെടുകയാണങ്കിൽ ഓരോ ജില്ലയിലും പ്രസിദ്ധീകരിച്ചിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ട ശേഷം ആശുപത്രികളിലേക്ക് പോകണം. ഓരോ ജില്ലയിലും മെഡിക്കൽ കോളേജ് ഉൾപ്പെടെ രണ്ട് ആശുപത്രികളിൽ പ്രത്യേകം ഐസോലേഷൻ ചികിത്സാ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്

.ഓരോ ആശുപത്രിയിലും നോഡൽ ഓഫീസറിന്റെയും സൂപ്രണ്ടിന്റെയും ഐസോലേഷൻ സംവിധാനത്തിന്റെയും ഫോൺ നമ്പർ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഫോണിൽ ബദ്ധപ്പെട്ടതിനുശേഷം ഐസോലേഷൻ ചികിത്സാ സംവിധാനം ഏർപ്പെടുത്തിയ മുറിയിലേക്ക് നേരിട്ട് പോകേണ്ടതാണ്. ഇതിനു വേണ്ടി ഇതര ഒ.പി, ക്യാഷ്വാലിറ്റി ഭാഗത്തേക്ക് പോകേണ്ടതില്ല. കൂടെ പോകുന്ന ആളും മാസ്‌ക് അല്ലങ്കിൽ തൂവാല കൊണ്ട് മുഖം മറയ്ക്കണം. പൊതു വാഹനങ്ങൾ യാത്രയ്ക്ക് ഒഴിവാക്കണം. ആശുപത്രി നമ്പർ കൂടാതെ ദിശ നമ്പറിൽ നിന്നും (0471 2552056) വേണ്ട മാർഗ നിർദ്ദേശങ്ങൾ ലഭിക്കുന്നതാണ്.

എന്താണ് വുഹാൻ കൊറോണ വൈറസ്...?

മനുഷ്യരിലും മൃഗങ്ങളിലും ജീവൻ കവരാൻ വരെ ശേഷിയുള്ള അപകടകാരിയായ വൈറസാണിത്.ഇതൊരു ആൻഎൻഎ അഥവാ റൈബോന്യൂക്ലിക് ആസിഡ് വൈറസാണ്. അതായത് ഈ വൈറസിന് തങ്ങൾ ചേക്കേറുന്ന മനുഷ്യന്റെയോ മൃഗങ്ങളുടെയോ കോശങ്ങളെ പിളർന്ന് അതിൽ പ്രത്യുൽപാദനം നടത്താനാവും. അതിനാൽ ആർഎൻഎ വൈറസുകൾ അതിവേഗമാണ് പടർന്ന് പിടിക്കുന്നത്. ഈ രോഗബാധ പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് ഒരിക്കലും വുഹാൻ കൊറോണ വൈറസിനെ തിരിച്ചറിഞ്ഞിരുന്നില്ല. 2019-എൻകോവ് എന്നാണിതിനെ വിളിക്കുന്നത്.

ഇതിനെ കുറിച്ച് കൂടുതൽ അറിയാത്തതിനാൽ വിശദമായി പേരില്ല. മനുഷ്യർ, കന്നുകാലികൾ, പന്നികൾ, കോഴികൾ, നായകൾ, പൂച്ചകൾ, കാട്ടുമൃഗങ്ങൾ എന്നിവയടങ്ങിയ വളരെ വൈവിധ്യമാർന്ന സ്പീഷീസുകളെ ബാധിക്കാൻ ഈ വൈറസിന് സാധിക്കുമെന്നാണ് പിർബ്രൈറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ഹെലെന മെയെർ പറയുന്നത്.പുതിയ കൊറോണ വൈറസിനെ തിരിച്ചറിയുന്നതിന് മുമ്പ് മനുഷ്യരെ ബാധിക്കുന്ന ആറ് വ്യത്യസ്ത തരത്തിലുള്ള കൊറോണ വൈറസുകളെ തിരിച്ചറിഞ്ഞിരുന്നുവെന്നും ഇവയിൽ നാലെണ്ണം സാധാരണ രീതിയിലുള്ള ജലദോഷം പോലുള്ള രോഗമുണ്ടാക്കുന്നവയാണെന്നും ഡോ. ഹെലെന പറയുന്നു.

എന്നാൽ 2002ൽ തിരിച്ചറിഞ്ഞ രണ്ട് കൊറോണ വൈറസുകൾ മനുഷ്യരെ കൂടുതൽ ഗുരുതമായി ബാധിക്കുന്നവയാണെന്ന് കണ്ടെത്തിയിരുന്നുവെന്നും ഹെലെന പറയുന്നു. സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം അഥവാ സാർസ്, മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോ അഥവാ മെർസ് എന്നിവയാണിവ. ഒരു സ്പീഷിസിൽ പെട്ട ജീവികളിൽ നിന്നും മറ്റൊരു സ്പീഷിസിൽ പെട്ട ജീവികളിലേക്ക് അതിവേഗത്തിൽ പടർന്ന് പിടിക്കാൻ ഇവയ്ക്ക് സാധിക്കമെന്നതാണ് ഇവ വിതക്കുന്ന അപകടമേറുന്നത്. 11 മില്യൺ പേർ വസിക്കുന്ന ചൈനീസ് നഗരമായ വുഹാനിൽ ആദ്യം കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത് മൂന്നാഴ്ച മുമ്പായിരുന്നു.

എങ്ങനെയാണ് മനുഷ്യരിൽ എത്തുന്നത്..?

കൊറോണ വൈറസുകൾ സാധാരണയായി മൃഗങ്ങളിൽ നിന്നാണ് മനുഷ്യരിലേക്കെത്തുന്നതെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. സാർസ്, മെർസ് എന്നീ വൈറസുകൾ യഥാക്രമം വെരുകുകൾ, ഒട്ടകങ്ങൾ എന്നിവയിൽ നിന്നാണ് മനുഷ്യരിലേക്കെത്തിയതെന്നാണ് കരുതുന്നത്. വുഹാനിലെ മൃഗവിപണിയിൽ ജോലി ചെയ്യുന്നവർ അല്ലെങ്കിൽ അവിടം സന്ദർശിച്ചവരിലാണ് വുഹാനിൽ ഇപ്പോൾ ആദ്യ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിനെ തുടർന്ന് ഈ മാർക്കറ്റ് അന്വേഷണത്തിനായി അടച്ചിട്ടിരിക്കുകയാണ്.

ഔദ്യോഗികമായി കടൽജീവികളെ വിൽക്കുന്ന മാർക്കറ്റാണിതെങ്കിലും ഇവിടെ മറ്റ് മൃഗങ്ങളെയും വിറ്റിരുന്നു.ഇപ്രാവശ്യത്തെ വൈറസ് ബാധ വവ്വാലുകളിൽ നിന്നായിരിക്കാമെന്നാണ് മുഖ്യ സംശയമെന്നാണ് ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഗവേഷകർ പറയുന്നത്. എന്നാൽ വവ്വാലുകളിൽ നിന്നും ഇവ മനുഷ്യരിലേക്ക് എത്തുന്നതിന് മധ്യവർത്തിയായി വർത്തിച്ച ജീവിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അവർ പറയുന്നു. ഈ വൈറസ് ആദ്യം പാമ്പുകളെയാണ് ബാധിക്കുന്നതെന്നും ഇവയിലൂടെ വുഹാൻ മാർക്കറ്റിൽ നിന്നും അത് മനുഷ്യരിലേക്കെത്തിയെന്നുമാണ് മറ്റൊരു സയന്റിഫിക്ക് ജേർണലിലെ ലേഖനം വെളിപ്പെടുത്തുന്നത്.

രോഗ ലക്ഷണങ്ങൾ തിരിച്ചറിയാനാവുമോ...?

കൊറോണ വൈറസ് പിടിപെട്ടാൽ രണ്ട് മുതൽ 14 ദിവസങ്ങൾക്കം ലക്ഷണങ്ങൾ പ്രകടമാകും. മൂക്കൊലിപ്പ്, ചുമ, തൊണ്ട വേദന, ഉയർന്ന ചൂടുള്ള പനി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ.

റിപ്പോർട്ട് ചെയ്യപ്പെട്ട 97 ശതമാനം പേരും യാതൊരു പ്രശ്‌നവുമില്ലാതെ അല്ലെങ്കിൽ വൈദ്യസഹായമില്ലാതെ രക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രായമായവർ, നേരത്തെ രോഗമുള്ളവർ തുടങ്ങി വളരെ ചെറിയ ന്യൂനപക്ഷത്തിന് കൊറോണ ബാധിച്ചാൽ അത് ന്യൂമോണിയയിലേക്ക് നയിക്കപ്പെടാനും അപകടം സംഭവിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ജീവൻ കാക്കാൻ എന്തൊക്കെ ചെയ്യണം..?

നിലവിൽ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന കൊറോണ വൈറസ് ബാധ ചികിത്സിച്ച് മാറ്റുന്നതിനോ പ്രതിരോധിക്കുന്നതിനോ ഫലപ്രദമായ മരുന്നുകളോ വാക്‌സിനുകളോ കണ്ടെത്തിയിട്ടില്ലെന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. ആന്റിബയോട്ടിക്‌സുകൾ ഇതിനെതിരായി പ്രവർത്തിക്കുന്നുമില്ല. അതിനാൽ നിലവിൽ കൊറോണ രോഗബാധ യുണ്ടെന്ന് സംശയിക്കുന്നവരിൽ നിന്നും രോഗം മറ്റുള്ളവരിലേക്ക്കൂടി പടർന്ന് പിടിക്കാതിരിക്കാൻ രോഗലക്ഷണങ്ങളുള്ളവരെ അധികൃതർ മാറ്റിപ്പാർപ്പിക്കുകയാണ് ചെയ്യുന്നത്. അതിനാൽ ലക്ഷണങ്ങളുണ്ടെന്ന് സംശയിക്കുന്നവർ ഇക്കാര്യം റിപ്പോർട്ട് ചെയ്യണമെന്നും വൈദ്യ സഹായം തേടണമെന്നും അധികൃതർ കടുത്ത മുന്നറിയിപ്പാണേകുന്നത്.

2003ൽ 8000 പേരെ ബാധിക്കുകയും 800 പേരുടെ ജീവൻ എടുക്കുകയും ചെയ്ത സാർസിന് സമാനമായാണ് കൊറോണയും പടരുന്നത്. ഇതിന് മുമ്പ് ഈ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ ആർക്കും ഈ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ശേഷിയില്ല. അതിനാൽ ഇതിന് മുമ്പുള്ള വൈറസ് ബാധകളേക്കാൾ ഇതിന് കൂടുതൽ നാശം വിതക്കാനാവുമെന്ന സാധ്യതയും ശക്തമാണ്.

മറ്റ് നിർദ്ദേശങ്ങൾ

വീട്ടിൽ മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പർക്കം കർശനമായി ഒഴിവാക്കുക. ബാത്ത് അറ്റാച്ച്ഡ് ആയതും വായു സഞ്ചാരമുള്ളതുമായ മുറിയിൽ തന്നെ കഴിയുക. പാത്രങ്ങൾ, കപ്പ്, ബെഡ് ഷീറ്റ് തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. തോർത്ത്, വസ്ത്രങ്ങൾ, കിടക്കവിരി മുതലായവ ബ്‌ളീച്ചിങ് ലായനി (1 ലിറ്റർ വെള്ളത്തിൽ 3 ടിസ്പൂൺ ബ്‌ളീച്ചിങ് പൗഡർ ) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കണം.

ചുമയ്ക്കാനോ തുമ്മാനോ തോന്നിയാൽ തൂവാല / തോർത്ത് / തുണി തുടങ്ങിയവ കൊണ്ട് വായും മൂക്കും മറയ്ക്കണം. ഇവ അണുവിമുക്തമാക്കേണ്ടതാണ്. പൊതുസ്ഥലത്ത് തുപ്പരുത്. സന്ദർശകരെ വീട്ടിൽ ഒരുകാരണവശാലും അനുവദിക്കാതിരിക്കുക.
വീട്ടിലെ മറ്റുകുടുംബാംഗങ്ങൾ വേറെ മുറികളിൽ മാത്രം താമസിക്കാൻ ശ്രദ്ധിക്കുക. നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര മുതലായ സാമഗ്രികളും ബാത്ത്‌റൂം, കക്കൂസ് തുടങ്ങിയവയും ബ്‌ളീച്ചിങ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക.

നിപ്പയെ പിടിച്ചു കെട്ടിയ നിശ്ചയദാർഢ്യം

2018 മെയ് മാസത്തിലാണ് നിപ്പ വൈറസ് ബാധ കേരളത്തിൽ സ്ഥിരീകരിച്ചത്. 18 പേരുടെ ജീവനെടുത്ത നിപ്പയെ കേരളം നിശ്ചയദാർഢ്യത്തോടെയാണ് നേരിട്ടതും വരുതിയിലാക്കിയതും. കോഴിക്കോട്ടുള്ള ചെങ്ങരോത്ത് എന്ന ഗ്രാമത്തിലായിരുന്നു ഈ പകർച്ചവ്യാധിയുടെ ഉറവിടം. 2018 മെയ്‌ 5 നു മരിച്ച സൂപ്പിക്കടയിൽ മൂസയുടെ മകൻ മുഹമ്മദ് സാബിത്ത് എന്നയാൾ ആണിതിന്റെ ആദ്യത്തെ ഇരയായി കണക്കാക്കിയത്. രണ്ട് ആഴ്ചക്ക് ശേഷം സാബിത്തിന്റെ മൂത്ത സഹോദരനായ സാലിയും പിതാവിന്റെ സഹോദരിയായ മറിയവും പിതാവായ മൂസയും ഇതേ ലക്ഷണങ്ങളോടെ മരണമടഞ്ഞു.

സാലിഹിനെ ബേബി മെമോറിയൽ ആശുപത്രിയിൽ മസ്തിഷ്‌കജ്വരമാണെന്ന ആശങ്കയിൽ അടിയന്തര ശുശ്രൂഷക്കായി പ്രവേശിച്ചപ്പോഴാണ് നിപ്പ വൈറസിനെക്കുറിച്ച് ആരോഗ്യപ്രവർത്തകർക്ക് സംശയം ഉണ്ടാവൻ ഇടയായത്. തുടർന്ന് പനിയുമായി വീട്ടിൽ കഴിഞ്ഞിരുന്ന മറിയത്തിന്റേയും മൂസയുടേയും രക്തസാമ്പിളുകൾ ശേഖരിച്ച് മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ടിക്ക് പരിശോധനക്ക് അയച്ചത് രോഗം സ്ഥിരീകരിക്കാൻ സഹായിച്ചു. മെയ്‌ 20 നാണു ഇവരിൽ നിന്നുള്ള സാമ്പിളുകൾ മണിപ്പാലിലെ വൈറസ് ഗവേഷണ കേന്ദ്രത്തിൽ നിന്ന് പരിശോധനക്കുശേഷം ലഭിച്ചത്.

മെയ്‌ 20 നു കോഴിക്കോട് മെഡിക്കൽ കോളെജിലെ നഴ്‌സിങ്ങ് സഹായി ആയിരുന്ന ലിനി പുതുശ്ശേരി വൈറസ് ബാധയെത്തുടർന്ന് മരണമടഞ്ഞു. രോഗം മൂലം മരണമടഞ്ഞ ആദ്യത്തെ രണ്ടു പേരെയും ചികിത്സിച്ച ആരോഗ്യപ്രവർത്തകരിൽ ലിനിയും അംഗമായിരുന്നു. ലിനി അവസാനമായി ഭർത്താവിനെഴുതിയ എഴുത്ത് സോഷ്യൽ മീഡിയകളിലൂടെ വൈറലായിരുന്നു. കേരളത്തിലെ വൈദ്യശാസ്ത്ര രംഗം ഇത്തരം ഒരു സംക്രമികരോഗത്തെ നേരിടാൻ തയ്യാറായിട്ടില്ല എന്ന ആക്ഷേപവും ഇതിനെത്തുടർന്ന് ഉയർന്നിരുന്നു. ജൂൺ 5 വരെയാണ് ആദ്യഘട്ടത്തിന്റെ ഇൻകുബേഷൻ അഥവാ പൊരുന്നൽ സമയമായി പറഞ്ഞിരുന്നത്.

അസുഖം മൂലം മരിച്ച കോഴിക്കോട്ട് ചെങ്ങരോത്ത് പഞ്ചായത്തിലെ മൂന്നു പേർ ഒരേ വീട്ടിലുള്ളവരായിരുന്നു. ഇതാണ് വൈറസ് ആകാം കാരണം എന്ന നിഗമനത്തിലെത്തിച്ചത്. പൂണെയിലേക്ക് അയച്ച രക്തസാമ്പിളുകൾ എല്ലാം വൈറസ് ബാധ ശരിവയ്ക്കുന്നവയായിരുന്നു. തുടർന്ന് വീടിനു ചുറ്റുമുള്ള സ്ഥലങ്ങൾ പരിശോധിക്കുകയും അടുത്തുള്ള കിണറ്റിൽ പ്രത്യേക ഇനത്തിലുള്ള വവ്വാലുകൾ കൂട്ടമായി വസിക്കുന്നതായി കണ്ടെത്തുകയും അതിൽ മൂന്നു വവ്വാലുകളെ പരിശോധനക്കായി അയക്കുകയും ചെയ്തു. കൂടതെ 5 കിലോമീറ്റർ പരിധിക്കുള്ളിൽ നിന്ന് പന്നികളുടേയും മറ്റും മൂത്രവും മറ്റും പരിശോധനക്കായി ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെകൂരിറ്റി ആനിമൽ ഡിസീസസിലേക്ക് അയക്കുകയുണ്ടായി.

എന്നാൽ ഇവയിൽ വൈറസ് ബാധ ഇല്ല എന്ന നിഗമനത്തിലാണ് അന്ന് എത്തിയത്. കൊൽക്കത്തയിലെ ഫോർട്ട് വില്ല്യം എന്ന സൈനിക കാമ്പിൽ ജോലി ചെയ്ത് വന്ന 28 കാരനായ മലയാളി സൈനികൻ മെയ്‌ 20 നു അസുഖമായി സൈനിക കമാൻഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും 25 നു സമാന ലക്ഷണത്തോടെ മരണത്തിനു കീഴടങ്ങുകയും ചെയ്യുകയുണ്ടായി.

196 രോഗികളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ 178 എണ്ണത്തിലും വൈറസ് ബാധയില്ല എന്നു സ്ഥിരീകരിക്കപ്പെട്ടു. നിപ്പ ബാധയുണ്ടെന്ന് കണ്ടെത്തിയ 18 പേരിൽ 16 പേരും മരണമടഞ്ഞു ഈ പതിനാറു പേരും ആദ്യം മരണമടഞ്ഞ സാബിത്തുമായി ബന്ധമുള്ളവരായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടായിരത്തോളം പേർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നതും അവരിൽ പെടാത്ത ബാലുശ്ശേരിയിൽ നിന്നുള്ള നിർമ്മാണത്തൊഴിലാളിയായ റെസിൻ എന്നൊരാൾ ഇതേ രോഗത്തെ തുടർന്ന് മെയ്‌ 31 നു മരണമടഞ്ഞതോടെ 2 പേരുടെ നില ആശങ്കയില്ലാതെ തുടർന്നതിനിടക്ക് സംസ്ഥാന ഭരണകൂടം നിപ്പാ വൈറസിന്റെ രണ്ടാമത്തെ ഘട്ട പകർച്ചയുണ്ടാകാമെന്ന് ജാഗ്രത നിർദ്ദേശം നൽകുകയുമുണ്ടായി.

മുൻപുണ്ടായ പനിയെത്തുടർന്ന് റെസിൻ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ സമയത്ത് നിപ്പ വൈറസ് ബാധിച്ച് മരിച്ച് കോട്ടൂർ സ്വദേശി ഇസ്മായിലും അതേ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടയിരുന്നു. ഇതാണ് രോഗം ആദ്യത്തെ ഘട്ടത്തിൽ നിന്ന് പുറത്തേക്ക് വ്യാപിച്ചിരിക്കാം എന്ന് ആരോഗ്യവകുപ്പ് സംശയിക്കാൻ കാരണമായത്.മലപ്പുറത്തു നിന്നും രേഖപ്പെടുത്തിയ രണ്ടു മരണങ്ങളും എൻ.ഐ.വി. മൂലമാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. കേരളത്തിലെ സർക്കാരിറ്റെ കീഴിലുള്ള ആരോഗ്യ വകുപ്പ് പ്രത്യേക സമിതി രൂപീകരിക്കുകയും രോഗത്തെക്കുറിച്ച് പൊതുജനങ്ങളുടെ അറിവിലേക്കായി ആൻഡ്രോയ്ഡ് ആപ്പ് വികസിപ്പിച്ചു.

ആസ്േ്രടലിയയിൽ  നിന്ന് റിബാവരിൻ എന്ന പേരിലുള്ള മോണോക്ലോണൽ ആന്റിബോഡി മരുന്നുകൾ ജൂൺ 2 നു കേരളത്തിൽ എത്തിക്കുകയുണ്ടായി എങ്കിലും മരുന്ന് എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ചുള്ള ധാരണക്കുറവുമൂലം ഡോക്റ്റർമാർക്കിടയിൽ ആശങ്കയുണ്ടാക്കി. പിന്നീടാണ് അതിൽ ധാരണയായത്. ഇതോടെ നിപ്പയെ കേരളത്തിന് പ്രതിരോധിക്കാനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP