Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എതിർപ്പുകൾ വകവെച്ചില്ല; കർഷക രോഷം ഇരമ്പവേ വിവാദ കാർഷിക ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം; മൂന്ന് ബില്ലുകളും നിയമം ആയതോടെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാകും; പുതിയ കാർഷിക നിയമങ്ങളെ മറികടക്കാൻ മണ്ഡി നിയമത്തിൽ പരിഷ്‌ക്കരണവുമായി രാജസ്ഥാൻ; പഞ്ചാബും ഹരിയാനയും നീങ്ങുന്നത് അതേവഴിയിൽ

എതിർപ്പുകൾ വകവെച്ചില്ല; കർഷക രോഷം ഇരമ്പവേ വിവാദ കാർഷിക ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം; മൂന്ന് ബില്ലുകളും നിയമം ആയതോടെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാകും; പുതിയ കാർഷിക നിയമങ്ങളെ മറികടക്കാൻ മണ്ഡി നിയമത്തിൽ പരിഷ്‌ക്കരണവുമായി രാജസ്ഥാൻ; പഞ്ചാബും ഹരിയാനയും നീങ്ങുന്നത് അതേവഴിയിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ കർഷകരോഷം ഇരമ്പവേ വിവാദമായ കാർഷിക ബില്ലുകളിൽ ഒപ്പുവെച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇതോടെ മൂന്നു ബില്ലുകളും നിയമമായി. ബില്ലിൽ ഒപ്പുവെക്കരുതെന്നും തിരിച്ച് അയക്കണമെന്ന പ്രതിപക്ഷ ആവശ്യവും രാഷ്ട്രപതി തള്ളിക്കളഞ്ഞു. കഴിഞ്ഞ ആഴ്ച പ്രതിപക്ഷ ബഹളങ്ങൾക്കിടെ രണ്ട് ബില്ലുകൾ രാജ്യസഭ പാസാക്കിയിരുന്നു. ബില്ലിൽ ഒപ്പുവയ്ക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷപാർട്ടികൾ ചേർന്ന് രാഷ്ട്രപതിയെ കണ്ട് കത്ത് നൽകിയിരുന്നു.

ബില്ല് രാജ്യസഭയിൽ പാസാക്കിയത് നിയമങ്ങൾ ലംഘിച്ചാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ജൂണിൽ പാസാക്കിയ ഓർഡിനൻസിനു പകരമായി പുതിയ നിയമം പ്രാബല്യത്തിൽ വരും. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കാർഷിക ബില്ലിനെതിരെ വൻ പ്രക്ഷോഭമാണ് നടക്കുന്നത്. പുതിയ കാർഷിക നിയമങ്ങളെ മറികടക്കാൻ മണ്ഡി നിയമത്തിൽ രാജസ്ഥാൻ പരിഷ്‌കാരം കൊണ്ടുവന്നു. ഇതുസംബന്ധിച്ചു കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കിയതിനു പിന്നാലെ രാജസ്ഥാൻ വരുത്തിയ പരിഷ്‌കാരം ഏറ്റെടുക്കുന്നതിനുള്ള നീക്കത്തിലാണു പഞ്ചാബ് അടക്കം പ്രതിപക്ഷം ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും.

അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റികൾ (എപിഎംസി) നിയന്ത്രിക്കുന്ന മൊത്തക്കച്ചവട ചന്തകൾക്കു (മണ്ഡി) പുറത്തു നടത്തുന്ന വ്യാപാരത്തെ മണ്ഡി നികുതികളും മറ്റു ഫീസുകളും നൽകുന്നതിൽനിന്ന് ഒഴിവാക്കിയതാണു കേന്ദ്ര നിയമത്തിലെ പ്രധാന മാറ്റങ്ങളിൽ ഒന്ന്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, യുപി തുടങ്ങി രാജ്യത്തെ പ്രധാന ധാന്യോൽപാദക സംസ്ഥാനങ്ങൾക്കു കനത്ത വരുമാന നഷ്ടത്തിനു കൂടി ഇടയാക്കുന്നതാണ് ഈ പരിഷ്‌കാരം.

ഇതു തടയുന്നതിനു ലക്ഷ്യമിട്ടു സംസ്ഥാന സർക്കാരിന്റെ സംഭരണശാലകൾ, എഫ്‌സിഐയുടേതടക്കമുള്ള ഗോഡൗണുകൾ എന്നിവയും രാജസ്ഥാൻ മണ്ഡികളായി പ്രഖ്യാപിച്ചു. ഇതോടെ ഇവിടങ്ങളിൽ നടക്കുന്ന കച്ചവടത്തിനും മണ്ഡി ഫീസ് ഈടാക്കാൻ സംസ്ഥാനത്തിനു സാധ്യമാകും. പ്രധാന ഗോതമ്പ് ഉൽപാദക സംസ്ഥാനങ്ങളിൽ ഒന്നായ രാജസ്ഥാൻ നിലവിൽ 3.6% മണ്ഡി ഫീസും മറ്റും ചാർജുകളുമാണ് ഈടാക്കുന്നത്.

അതിനിടെ തന്റെ പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാതിൽ കർഷകരെ പുകഴ്‌ത്തി കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്. കോവിഡ് കാലത്ത് അവർ വലിയ പ്രതിസന്ധികളെ നേരിട്ടിട്ടും പിന്മാറാൻ തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വയംപര്യാപ്ത ഭാരതം സൃഷ്ടിക്കുന്നതിൽ അവർ നിർണായക പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊറോണ പ്രതിസന്ധി കുടുംബ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. നിരവധി കുടുംബങ്ങൾ ഈ സമയത്ത് നിരവധി പ്രശ്‌നങ്ങളെ നേരിട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

ഇക്കാലത്ത് രാജ്യത്തെ കർഷകർ നിരവധി പ്രതിസന്ധികളാണ് നേരിട്ടത്. എന്നാൽ അവർ ഒരിക്കലും പിന്മാറാൻ തയ്യാറായില്ല. പ്രതിവർഷം 10 മുതൽ 12 ലക്ഷം വരെയാണ് അവർ പച്ചക്കറി കൃഷിചെയ്ത് സമ്പാദിച്ചിരുന്നത്. ആവശ്യമുള്ളവർക്ക് തങ്ങളുടെ വിളകൾ വിൽക്കാൻ ഇപ്പോഴവർക്ക് സാധിക്കും. മുമ്പ് അവയൊക്കെ മാർക്കറ്റ് കമ്മിറ്റികൾ വഴി മാത്രമേ വിൽക്കാൻ സാധിക്കുമായിരുന്നുള്ളു. കൃഷിയിൽ കൂടുതൽ ലാഭമുണ്ടാകണമെങ്കിൽ കൂടുതൽ സാങ്കേതിക വിദ്യകൾ ആവശ്യമാണ്. സാങ്കേതിക വിദ്യ എത്രത്തോളം മാറ്റം കൊണ്ടുവന്നുവെന്ന് കർഷകർ അയച്ച കത്തുകളിൽ നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും സാധാരാണക്കാരനായ ആളുകളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് സർക്കാരിന്റെ പ്രവർത്തനമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP