Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രസംഗിക്കാൻ ക്ഷണിക്കാൻ അരമിനിറ്റ് വൈകിയാൽ കോപിക്കുന്ന പിണറായിയുടെ മുൻപിൽ അവസാന പ്രസംഗകനായി രാഷ്ട്രപതി; ദേശീയ ഗാനത്തിന് മുമ്പ് ആളുകൾ പോവുന്നത് ഒഴിവാക്കാൻ കൃതജ്ഞതയും കഴിഞ്ഞ ശേഷം രാംനാഥ് കോവിന്ദിന്റെ പ്രസംഗം; രണ്ടു മാസം മുമ്പ് വെറുക്കപ്പെട്ടവനായിരുന്ന 'കോവിന്ദ്' ഇന്ന് മലയാളികളുടെ ഹീറോ

പ്രസംഗിക്കാൻ ക്ഷണിക്കാൻ അരമിനിറ്റ് വൈകിയാൽ കോപിക്കുന്ന പിണറായിയുടെ മുൻപിൽ അവസാന പ്രസംഗകനായി രാഷ്ട്രപതി; ദേശീയ ഗാനത്തിന് മുമ്പ് ആളുകൾ പോവുന്നത് ഒഴിവാക്കാൻ കൃതജ്ഞതയും കഴിഞ്ഞ ശേഷം രാംനാഥ് കോവിന്ദിന്റെ പ്രസംഗം; രണ്ടു മാസം മുമ്പ് വെറുക്കപ്പെട്ടവനായിരുന്ന 'കോവിന്ദ്' ഇന്ന് മലയാളികളുടെ ഹീറോ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാർ പരിപാടി ആയാലും സ്വകാര്യ പരിപാടി ആയാലും നടത്തിപ്പിൽ സമയം വൈകിയാലും സ്വാഗതപ്രസംഗം നീണ്ടുപോയാലും രോഷാകുലനാകുകയും ഇറങ്ങിപ്പോകുകയും ചെയ്യുന്ന പ്രകൃതക്കാരനാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. പല പരിപാടികൡും ഇത്തരത്തിൽ അദ്ദേഹം ഇറങ്ങിപ്പോകുകയും ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇങ്ങനെ ക്ഷിപ്ര കോപിയായ പിണറായി വിജയന്റെ മുന്നിൽ എല്ലാവരും പ്രസംഗിക്കുന്നത് കാത്തിരുന്നത് കൗതുമുള്ള കാഴ്‌ച്ചയായി.

രാഷ്ട്രപതി പങ്കെടുക്കുമ്പോഴുള്ള ചട്ടങ്ങളിൽ പൊളിച്ചെഴുത്തു തന്നെ നടത്തുകയായിരുന്നു രാംനാഥ് കോവിന്ദ്. രാഷ്ട്രപതി പ്രസംഗിക്കുന്നതിന് മുമ്പായിരുന്നു നന്ദി പ്രകടനം പോലും. ഇന്നലെ അദ്ദേഹം പങ്കെടുത്ത ടെക്‌നോസിറ്റിയിലും പൗരസ്വീകരണ ചടങ്ങിലും ഇത് തന്നെയായിരുന്നു സ്ഥിതി. എന്താണ് സംഭവിക്കുന്നതെന്ന് സദസ്സിനെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു ഇത്. പൗരസ്വീകരണചടങ്ങിൽ ആദരിക്കൽ പ്രസംഗങ്ങൾ അവസാനിച്ചശേഷം ചീഫ്‌സെക്രട്ടറിയുടെ നന്ദിപ്രകടനമായിരുന്നു.

ഇതോടെ ചടങ്ങ് അവസാനിക്കാൻ പോകുന്നെന്ന് സദസ്സ് കരുതിയിരിക്കവെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ പ്രസംഗിക്കാൻ ക്ഷണിച്ചത്. എല്ലാവരിലും ഇത് ആശയക്കുഴപ്പമുണ്ടാക്കിയെന്ന് മനസ്സിലായപ്പോൾ രാഷ്ട്രപതി തന്നെ ഇതിന് പിന്നിലെ രഹസ്യം പരസ്യമാക്കി. 'രാഷ്ട്രപതിയായശേഷം ഔദ്യോഗിക ചടങ്ങുകളുടെ നടത്തിപ്പ് സംബന്ധിച്ച് പലരിൽനിന്നും രാഷ്ട്രപതിഭവൻ അഭിപ്രായങ്ങൾ തേടിയിരുന്നു.

അതിൽ കിട്ടിയ ഒന്ന്, സാധാരണ വിശിഷ്ടാതിഥി പ്രസംഗിച്ചശേഷം നന്ദിപ്രകടനത്തിന് കാത്തുനിൽക്കാതെ ആളുകൾ ഇറങ്ങിപ്പോകുന്ന പതിവുണ്ട്, ഇത് സംഭവിക്കാതിരിക്കാൻ എന്തെങ്കിലും ചെയ്യണം എന്നായിരുന്നു. അങ്ങനെയുള്ള ആലോചനയിലാണ് രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങുകളിൽ വിശിഷ്ടാതിഥി സംസാരിക്കുന്നതിന് മുന്നേ നന്ദിപ്രകടനം ക്രമീകരിക്കാൻ തീരുമാനിച്ചത്. രാഷ്ട്രപതി പ്രസംഗം അവസാനിപ്പിച്ച് ഇരിപ്പിടത്തിൽ തിരിച്ചെത്തിയ ഉടനേ ദേശീയഗാനം പാടി ചടങ്ങ് അവസാനിപ്പിക്കുക എന്നരീതി അവലംബിക്കാൻ തീരുമാനിച്ചു' അതുവഴി ദേശീയഗാനത്തെയും കാണികൾ ബഹുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞും. അദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനത്തെ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് വരവേറ്റത്.

രണ്ടിടത്തും കേരളത്തെ പുകഴ്‌ത്തുന്ന പ്രസംഗങ്ങളായിരുന്നു രാംനാഥ് കോവിന്ദിന്റേത്. സ്വന്തം വീട്ടിലെത്തിയ അനുഭവമാണ് കേരളത്തിലെത്തിയപ്പോൾ തനിക്ക് തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയായശേഷം ജന്മനാടായ കാൺപുരിൽ ഒരുപ്രാവശ്യം മാത്രമാണ് പോയത്. എന്നാൽ, കേരളത്തിലെ രണ്ടാംസന്ദർശനമാണിത്. ആദ്യസന്ദർശനത്തിന് എത്തിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയൻ ടെക്‌നോസിറ്റി ഉദ്ഘാടനത്തിനും പൗരസ്വീകരണത്തിനും ക്ഷണിച്ചത്.

പൗരസ്വീകരണം ഒഴിവാക്കാമെന്ന് നിർദ്ദേശിച്ച തനിക്ക് അവസാനം മുഖ്യമന്ത്രിയുടെ സ്‌നേഹനിർബന്ധത്തിന് വഴങ്ങേണ്ടിവന്നു. കേരളം ഇന്ന് ഇന്ത്യക്കുമാത്രമല്ല, ലോകത്തിനുതന്നെ മാതൃകയാണ്. അണ്ടർ 17 ലോകകപ്പ് മികച്ച നിലയിൽ നടത്തിയ കേരളം ഇന്ത്യക്ക് അഭിമാനമായി. തന്റെ മുൻഗാമിയായ കെ ആർ നാരായണൻ കേരളത്തിന്റെ സംഭാവനയാണ്. കെ ആർ നാരായണന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് കേരളത്തിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.

മതസൗഹാർദം കേരളത്തിന്റെ പാരമ്പര്യമാണ്. നാരായണഗുരു, അയ്യൻകാളി തുടങ്ങിയ സാമൂഹ്യപരിഷ്‌കർത്താക്കളുടെ പ്രവർത്തനമാണ് കേരളത്തിന് വെളിച്ചമായത്. 2000 വർഷംമുമ്പേ കേരളത്തിന് റോമുമായും അറേബ്യയുമായും വ്യാപാരമുണ്ടായിരുന്നു എന്നും രാഷ്ട്രപതി പറഞ്ഞു. 'സഹോദരീ സഹോദരന്മാരേ; എല്ലാവർക്കും എന്റെ നമസ്‌കാരം' എന്നു പറഞ്ഞാണ് രാഷ്ട്രപതി പ്രസംഗം ആരംഭിച്ചത്.

അവതാരകയുടെ ഔചിത്യമില്ലാത്ത പെരുമാറ്റത്തിലും പ്രോട്ടോക്കോൾ ലംഘനത്തിൽ വന്ന വീഴ്ചയിലും ദേഷ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ നവംബറിൽ ഉദ്ഘാടന ചടങ്ങ് നിർവഹിക്കാതെ മടങ്ങിയത് ചർച്ചയായിരുന്നു. കൊച്ചി സിറ്റി പൊലീസ് സംഘടിപ്പിച്ച പിങ്ക് പെട്രോളിങ് ഫ്‌ളാഗ് ഓഫ് ചെയ്യാനും ഉദ്ഘാടനം നിർവഹിക്കാനുമെത്തിയ മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് നിർവഹിക്കാതെയാണ് വേദിയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

എഡിജിപി ബി സന്ധ്യയ്ക്കായിരുന്നു പിങ്ക് പൊലീസിനെ പരിചയപ്പെടുത്തുന്ന ചുമതല എന്നാൽ മുഖ്യമന്ത്രി വേദിയിലെത്തിയിട്ടും എഡിജിപി വന്നില്ല. മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞ ഉടനെയാണ് എഡിജിപി വേദിയിലെത്തിയത്. ചടങ്ങിനെത്തിയ എഡിജിപി ബി സന്ധ്യ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാതിരുന്നതും അദ്ദേഹത്തെ ചൊടിപ്പിച്ചു. തുടർന്ന് മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് നിർവഹിക്കേണ്ട ചടങ്ങിൽ പക്ഷേ അവതാരക ക്ഷണിച്ചത് എഡിജിപിയെ പ്രസംഗിക്കാനാണ്. ഇത് കേട്ട ഉടൻ തന്നെ നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി വേദിയിൽ നിന്നും എഴുന്നേൽക്കുകയും ഫ്‌ളാഗ് ഓഫ് നിർവഹിക്കാതെ ഇറങ്ങിപ്പോകുകയുമായിരുന്നു. ഇന്ത്യാ ടുഡെ കോൺക്‌ളേവ് ചടങ്ങിലും പിണറായി പിണങ്ങിയതും ചർച്ചയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP