Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരടിലെ എച്ച്2ഒ ഹോളിഫെയ്ത്തിലും ജെയിൻ കോറൽ കോവിലും സ്‌ഫോടക വസ്തുക്കൾ നിറയ്ക്കാനുള്ള ഒരുക്കങ്ങൾ തകൃതി; നിയന്ത്രിത സ്ഫോടനത്തിന് വിധേയമാക്കാൻ ദിവസങ്ങൾ മാത്രം ബാക്കി; സ്ഫോടക വസ്തുക്കൾ ചൊവ്വാഴ്ച അങ്കമാലിക്ക് അടുത്തുള്ള വെടിമരുന്ന് സംഭരണശാലയിലേക്ക് എത്തും; ഫ്ളാറ്റുകൾ തകർന്നു വീഴുമ്പോൾ തങ്ങളുടെ വീടുകൾക്ക് എന്ത് സംഭവിക്കുമെന്ന ആശങ്ക ഒഴിയാതെ സമീപവാസികൾ

മരടിലെ എച്ച്2ഒ ഹോളിഫെയ്ത്തിലും ജെയിൻ കോറൽ കോവിലും സ്‌ഫോടക വസ്തുക്കൾ നിറയ്ക്കാനുള്ള ഒരുക്കങ്ങൾ തകൃതി; നിയന്ത്രിത സ്ഫോടനത്തിന് വിധേയമാക്കാൻ ദിവസങ്ങൾ മാത്രം ബാക്കി; സ്ഫോടക വസ്തുക്കൾ ചൊവ്വാഴ്ച അങ്കമാലിക്ക് അടുത്തുള്ള വെടിമരുന്ന് സംഭരണശാലയിലേക്ക് എത്തും; ഫ്ളാറ്റുകൾ തകർന്നു വീഴുമ്പോൾ തങ്ങളുടെ വീടുകൾക്ക് എന്ത് സംഭവിക്കുമെന്ന ആശങ്ക ഒഴിയാതെ സമീപവാസികൾ

സുവർണ പിഎസ്

 കൊച്ചി : സുപ്രീം കോടതി വിധിയെ തുടർന്ന് മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ രണ്ട് ഫ്ളാറ്റുകളിൽ പൂർത്തിയായി. എച്ച്2ഒ ഹോളിഫെയ്ത്തും, ജെയിൻ കോറൽ കോവുമാണ് നിയന്ത്രിത സ്ഫോടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയായ ഫ്ളാറ്റുകൾ. ഇരു ഫ്ളാറ്റുകളിലും സ്ഫോടക വസ്തുക്കൾ നിറയ്ക്കാനുള്ള മുഴുവൻ ദ്വാരങ്ങളും പൂർത്തിയായിട്ടുണ്ട്. ഫ്ളാറ്റ് പൊളിക്കുന്നതിന് കരാറെടുത്ത കമ്പനി പ്രതിനിധികളാണ് ഇത് അറിയിച്ചത്. അതേസമയം കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കുന്ന ജോലി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.ഗോൾഡൻ കായലോരവും രണ്ട് ദിവസത്തിനുള്ളിൽ നിയന്ത്രിത സ്ഫോടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി സജ്ജമാകും. മാത്രമല്ല ഇവിടെ താഴത്തെ നിലകളിൽ ദ്വാരങ്ങളിടുന്ന ജോലി കൂടി പൂർത്തിയാകാനുണ്ട്.

ഗോൾഡൻ കായലോരത്തിന് പുറമേ നെട്ടൂർ ആൽഫ സെറീനിലെ ജോലികളും അവസാന ഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഈ ഫ്ളാറ്റുകളിൽ കൂടി മുന്നൊരുക്കങ്ങൾ പൂർത്തിയായാൽ സുപ്രീം കോടതി വിധി അനുസരിച്ചുള്ള ഫ്ളാറ്റ് പൊളിക്കൽ നടപടികൾ സിശ്ചിത സമയത്തിനുള്ളിൽ തന്നെ പൂർത്തിയാകും. അതേസമയം സ്ഫോടനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ എച്ച്2ഒ ഹോളിഫെയ്ത്ത് , ജെയിൻ കോറൽ കോവ് എന്നീ ഫ്ളറ്റുകളിലെ തൂണുകൾ കമ്പിവലയും ജിയോ ടെക്സ്റ്റൈലും ഉപയോഗിച്ച് പൊതിഞ്ഞിട്ടുണ്ട്. എന്നാൽ എച്ച്2ഒ ഹോളിഫെയ്ത്തിലെ രണ്ട് നിലകളിലെ തൂണുകൾ കൂടി പൊതിയാനുണ്ട്.

ഫ്ളാറ്റുകളിലെ പണികൾ പൂർത്തിയായി വരുന്നുണ്ടെങ്കിലും കലക്ടറുടെയും പെട്രോളിയം ആൻഡ് എക്സ്പ്ലോസിവ്സ് സേഫ്റ്റി ഓർഗനൈസേഷന്റെയും (പെസോ) അനുമദി ലഭിച്ചാൽ മാത്രമേ ഈ ഫ്ളാറ്റുകളിൽ സ്ഫോടക വസ്തുക്കൾ നിറയ്ക്കാൻ സാധിക്കുകയുള്ളൂ. എന്തായാലും അനുമതി ലഭിച്ചാൽ ഉടൻ തന്നെ ഫ്ളാറ്റുകളിലെ ദ്വാരങ്ങളിൽ സ്ഫോടക വസ്തുക്കൾ നിറച്ച് തുടങ്ങും. ഇതിനായുള്ള സ്ഫോടക വസ്തുക്കൾ ഇന്നോ നാളയോ അങ്കമാലിക്ക് അടുത്തുള്ള വെടിമരുന്ന് സംഭരണശാലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ ഫ്ളാറ്റുകളിലെ ദ്വാരങ്ങളിൽ നിറയ്ക്കുന്ന ദിവസം മാത്രമേ സ്ഫോടക വസ്തുക്കൾ മരടിലേക്ക് കൊണ്ടുവരികയുള്ളൂ.

ജനുവരി 11,12 തീയതികളിലായാണ് മരടിലെ ഫ്ളാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിന് വിധേയമാക്കുക. അതിനോട് അനുബന്ധിച്ച് ജനുവരി 3,4 തിയതികളിലായി ഫ്ളാറ്റുകളിൽ സ്ഫോടക വസ്തുക്കൾ നിറച്ച് തുടങ്ങും. അതേസമയം ഫ്ളാറ്റുകളിലെ ഒരുക്കങ്ങൾ വിലയിരുത്താനും സ്ഫോടന പദ്ധതിക്ക് അന്തിമ രൂപം നൽകാനുമായി സാങ്കേതിക വിദഗ്ദ സമിതി നാളെ യോഗം ചേർന്നേക്കും. യോഗത്തിൽ സ്ഫോടനത്തിന് മുന്നോടിയായുള്ള സുരക്ഷ ക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളും ചർച്ചചെയ്യും. കൂടാതെ പൊളിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്ന ഫ്ളാറ്റുകളിലും വിദഗ്ധ സംഘം സന്ദർശനം നടത്തും.

ഫ്ളാറ്റുകൾ ഇനി നിയന്ത്രിത സ്ഫോടനത്തിന് വിധേയമാകാൻ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇതിന് മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങൾക്ക് മുൻഗണന കൊടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് സ്ഫോടനത്തിന് വിധേയമാക്കുന്ന ഫ്ളാറ്റുകൾക്ക് സമീപം താമസിക്കുന്നവരോട് മാറി താമസിക്കാൻ ആവശ്യപ്പെട്ടതും. എന്നാൽ ഫ്ളാറ്റുകൾ തകർന്നു വീഴുമ്പോൾ തങ്ങളുടെ വീടുകൾക്ക് എന്ത് സംഭവിക്കുമെന്നുള്ള ആശങ്കയിലാണ് നാട്ടുകാർ. കാരണം ഇപ്പോൾ തന്നെ വീടുകളിൽ വീണിരിക്കുന്ന വിള്ളലുകളാണ് ഇവരുടെ ആശങ്ക വർധിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP