Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202002Friday

മാലാഖമാർ നടപ്പു സമരത്തിന് രംഗത്തിറങ്ങിയത് എല്ലാ വഴികളും അടഞ്ഞപ്പോൾ; 175 കിലോമീറ്റർ താണ്ടി തലസ്ഥാനത്ത് എത്താൻ എട്ട് ദിവസമെടുക്കും; ചുട്ടുപ്പൊള്ളുന്ന വെയിലിൽ ജീവിക്കാനുള്ള അവകാശത്തിനായി നടുറോഡിലൂടെ നടക്കാൻ പോകുന്നത് പതിനായിരത്തോളം യുവതികൾ; കുടിവെള്ളവും പ്രാഥമിക ആവശ്യങ്ങളും അന്തിയുറക്കവും മുട്ടിക്കാൻ സൂത്രപ്പണികളുമായി ആശുപത്രി മുതലാളിമാർ രംഗത്ത്: എല്ലാ തടസങ്ങളും നീങ്ങിയിട്ടും ഉത്തരവ് പുറപ്പെടുവിക്കാൻ മടിച്ചു സർക്കാർ

മാലാഖമാർ നടപ്പു സമരത്തിന് രംഗത്തിറങ്ങിയത് എല്ലാ വഴികളും അടഞ്ഞപ്പോൾ; 175 കിലോമീറ്റർ താണ്ടി തലസ്ഥാനത്ത് എത്താൻ എട്ട് ദിവസമെടുക്കും; ചുട്ടുപ്പൊള്ളുന്ന വെയിലിൽ ജീവിക്കാനുള്ള അവകാശത്തിനായി നടുറോഡിലൂടെ നടക്കാൻ പോകുന്നത് പതിനായിരത്തോളം യുവതികൾ; കുടിവെള്ളവും പ്രാഥമിക ആവശ്യങ്ങളും അന്തിയുറക്കവും മുട്ടിക്കാൻ സൂത്രപ്പണികളുമായി ആശുപത്രി മുതലാളിമാർ രംഗത്ത്: എല്ലാ തടസങ്ങളും നീങ്ങിയിട്ടും ഉത്തരവ് പുറപ്പെടുവിക്കാൻ മടിച്ചു സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ത്യയെ ഊട്ടുന്ന കർഷകർ അവകാശ പോരാട്ടത്തിനായി തെരുവിൽ ഇറങ്ങിയപ്പോൾ മഹാരാഷ്ട്ര സർക്കാർ ശരിക്കും നടുങ്ങിയ അവസ്ഥയാണ് ഉണ്ടായത്. അത്രയ്ക്ക് ഗംഭീരമായ ലോങ് മാർച്ചായിരുന്നു ഓൾ ഇന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ സിപിഎം സംഘടിപ്പിച്ചത്. ആ സമരത്തെ കുറിച്ച് ഊറ്റം കൊള്ളുന്ന സഖാക്കൾ തന്നെ കേരളത്തിൽ അത്തരമൊരു മാർച്ചിന് അവസരം ഒരുങ്ങുമ്പോൾ എതിർപ്പുമായി രംഗത്തെത്തുകയാണ്. പറഞ്ഞു വരുന്നത് ഒരു വർഷത്തിലേറെയായി സർക്കാറിന്റെ നിശ്ചയദാർഢ്യമുള്ള ഒരു ഉത്തരവ് പുറക്കാൻ വേണ്ടി കാത്തിരിക്കുന്ന നഴ്‌സുമാരാണ്.

ലോകത്തിന്റെ വിവിധ കോണുകളിൽ ജോലി ചെയ്ത് ലോകത്തിന് തന്നെ സാന്ത്വനമേകുന്ന മാലാഖമാർക്ക് ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദുരിതം മാത്രമാണ് ഫലം. ജീവിക്കാനുള്ള വേതനം ലഭിക്കാൻ വേണ്ടി സുപ്രീം കോടതിയുടെ ഉത്തരവുണ്ടായിട്ടും സർക്കാർ ആശുപത്രി മുതലാളിമാർക്ക് വേണ്ടി മുട്ടാപ്പോക്ക് ന്യായങ്ങൾ നിരത്തി മിനിമം വേതനം നിശ്ചയിച്ചുള്ള അന്തിമ ഉത്തരവ് നീട്ടിക്കൊണ്ടു പോകുകയാണ്. ഇതോടെ യുഎൻഎയുടെ നേതൃത്വത്തിൽ കേരളത്തിലെ നഴ്‌സുമാർ അന്തിമ പോരാട്ടത്തിന് തെരുവിൽ ഇറങ്ങുകയാണ്.

Stories you may Like

എല്ലാവരെയും പുച്ഛിച്ച് തൊഴിൽ നിയമങ്ങൾ കാറ്റിൽപ്പറത്തി ആശുപത്രി നടക്കുന്ന ചേർത്തലയിലെ കെവി എം ആശുപത്രിയിൽ നിന്നും തിരുവനന്തപുരം വരെ പതിനായിരത്തോളം നഴ്‌സുമാർ ലോങ്മാർച്ചുമായി രംഗത്തെത്തുമ്പോൾ കേരളം കണ്ട ഏറ്റവും വലിയ സമരമായി അത് മാറുമെന്നത് തീർച്ചയാണ്.

ലോങ്മാർച്ചിൽ നിന്നും യുഎൻഎയെ പിന്തിരിപ്പിക്കാൻ വേണ്ടി ഇന്നലെ ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതോടെ അത്യാഹിത വിഭാഗങ്ങളുൾപ്പെടെ സ്തംഭിപ്പിച്ചുകൊണ്ട് 24 മുതൽ സ്വകാര്യ ആശുപത്രി നഴ്‌സുമാർ പണിമുടക്കാൻ തീരുമാനിക്കുകയായിരുന്നു. തങ്ങളെ തുടർച്ചയായി സർക്കാർ വഞ്ചിക്കുന്നു എന്ന വികാരം മാലാഖമാർക്കിടയിൽ ശക്തമാണ്. അതുകൊണ്ട് തന്നെയാണ് ഇവർ ഇത്തവണ ഐതിഹാസികമായി സമരത്തിലേക്ക് കടക്കാൻ തീരുമാനിച്ചത്.

എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കി ഇനി വേതന വർദ്ധനവ് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയാൽ മതിയെന്ന അവസ്ഥയാണ് നിലവിലുള്ളത്. എന്നിട്ടും അതിന് കൂട്ടാക്കാതെ നടപടികൾ സ്വീകരിക്കാൻ 10 ദിവസം സാവകാശം നൽകണമെന്നാണ് ലേബർ കമ്മീഷണർ ആവശ്യപ്പെട്ടത്. എന്നാൽ, ഇനിയും വഞ്ചിക്കപ്പെടാൻ വയ്യെന്ന നിലപാടിൽ അസോസിയേഷൻ അതിന് വഴങ്ങാതിരിക്കുകയായിരുന്നു.

മിനിമം വേജസ് ഉപദേശകസമിതിയുടെ ശുപാർശയിലാണു സർക്കാർ തീരുമാനം വൈകുന്നതെന്നാണു സൂചന. ആശുപത്രി മുതലാളിമാർക്ക് സഹായകരമായ വിധത്തിൽ വളച്ചൊടിക്കാനാണ് ഉപദേശക സമിതി തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഉപദേശക സമിതിയെയും വിശ്വാസത്തിലെടുക്കേണ്ട കാര്യമില്ലെന്നാണ് നഴ്‌സുമാരുടെ തീരുമാനം.

മാലാഖമാരുടെ സംഘബലത്തിൽ പുത്തൻ അധ്യായം കുറിക്കാൻ ലോങ് മാർച്ച്

ആശുപത്രി മുതലാളിമാരുടെ അഹങ്കാരത്തിന്റെ പ്രതിരൂപമാണ് കെവി എം ആശുപത്രി മാനേജ്‌മെന്റ്. ഈ മാനേജ്‌മെന്റിന് മുന്നിൽ സർക്കാറും മന്ത്രിമാരും ഓച്ഛാനിച്ചു നിൽക്കുന്ന അവസ്ഥയാണുള്ളത്. അതുകൊണ്ട് തന്നെ കെവി എം ആശുപത്രി സ്ഥിതി ചെയ്യുന്ന ചേർത്തലയിൽ നിന്നാണ് നഴ്‌സുമാർ ലോങ് മാർച്ചിന് തുടക്കമിടുന്നത്. പതിനായിരം പേരുടെ പങ്കാളിത്തം ലോങ് മാർച്ചിൽ ഉണ്ടാകുമെന്നാണ് യുഎൻഎ അധ്യക്ഷൻ ജാസ്മിൻ ഷാ മറുനാടൻ മലയാളിയോട് വ്യക്തമാക്കിയത്.

175 കിലോമീറ്റർ ദൂരം പിന്നിട്ട് തലസ്ഥാനത്തെത്താൽ എട്ട്  ദിവസം എടുക്കും. സർക്കാർ മാനേജ്‌മെന്റുകൾക്കു മുന്നിൽ മുട്ടു മടക്കിയെന്നു നഴ്‌സുമാർ ആരോപിച്ചു. സമരത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു മാനേജ്‌മെന്റ് അസോസിയേഷൻ അറിയിച്ചു. 13നു കൊല്ലത്തു ചേർന്ന മിനിമം വേജസ് ഉപദേശകസമിതി യോഗത്തിൽ ശമ്പള പരിഷ്‌കരണത്തെക്കുറിച്ച് അന്തിമ തീരുമാനം എടുത്തില്ല. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കണമെന്നു കമ്മിറ്റി തീരുമാനിച്ചു. എന്നാൽ കിടക്കകളുടെ എണ്ണം അനുസരിച്ചു ശമ്പളം നിശ്ചയിക്കുന്നതിൽ ഏകാഭിപ്രായം ഉണ്ടായില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വാക്ക് ഫോർ ജസ്റ്റിസിൽ പങ്കെടുക്കുക പതിനായിരം പേർ, വിപുലമായ ഒരുക്കങ്ങളുമായി യുഎൻഎ

വാക്ക് ഫോർ ജസ്റ്റിസ് എന്നു പേരിട്ടിരിക്കുന്ന മാർച്ചിൽ പതിനായിരം നഴ്‌സുമാർ പങ്കെടുക്കുമെന്നാണ് നഴ്‌സുമാർ അറിയിച്ചിരിക്കുന്നത്. 1300 മെയിൽ നഴ്‌സുമാരും 9000 വനിതാ നഴ്‌സുമാരുമാണ് ലോങ് മാർച്ചിൽ പങ്കെടുക്കുക. ഇത്രയും അധികം പെൺകുട്ടികൾ പങ്കെടുക്കുന്ന ലോങ് മാർച്ച് ചരിത്രത്തിൽ തന്നെ ഇടംപിടിക്കുമെന്നാണ് കരുതുന്നത്. സമരത്തിനായി കൃത്യമായ മുന്നൊരുക്കങ്ങളും സംഘടന തുടങ്ങിക്കഴിഞ്ഞു. മാലാഖമാരുടെ സമരത്തിന് ആവശ്യമായ സാമ്പത്തിക സഹായം നൽകാൻ ലോകത്തെമ്പാടുമുള്ള നഴ്‌സുമാരും തയ്യാറാണ് എന്നറിയിച്ചിട്ടുണ്ട്.

23ാം തീയ്യതി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു പുറത്തിറങ്ങുന്ന നഴ്‌സുമാരാണ് സമരത്തിൽ തുടക്കത്തിൽ രംഗത്തുണ്ടാകുക. അന്നേദിവസം രാവിലെ മുതൽ സമരം ആരംഭിക്കും. വടക്കൻ ജില്ലകളിൽ ഉള്ള യുഎൻഎയിൽ അംഗങ്ങളായ നഴ്‌സുമാർ ചേർത്തയിലേക്ക് എത്തിച്ചേരും. തുടർന്ന് ചേർത്തലയിൽ നിന്നു യാത്ര ആരംഭിച്ച ശേഷം ഓരോ കേന്ദ്രങ്ങളിൽ നിന്നും യുഎൻഎ അംഗങ്ങൾ മാർച്ചിനൊപ്പം ചേരാനാണ് പദ്ദതി. ഇതിനിടെ തൃശ്ശൂർ ജില്ലയിൽ ആവശ്യമായ നഴ്‌സിങ് സൗകര്യം ഏർപ്പെടുത്താനും യുഎൻഎ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പ്രധാനകാരണം തൃശ്ശൂർ പൂരമാണ്. പൂരത്തിൽ എന്തെങ്കിലും അത്യാഹിതമുണ്ടായാൽ നഴ്‌സുമാരുടെ കുറവ് ആശുപത്രികളിൽ തടസമാകരുതെന്ന യുഎൻഎക്ക് നിർബന്ധമുള്ളതു കൊണ്ടാണ് അവിടത്തെ ആശുപത്രികളിൽ നഴ്‌സുമാരുടെ സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നാണ് ജാസ്മിൻ ഷാ മറുനാടനോട് വ്യക്തമാക്കിയത്.

വിപുലമായ ഒരുക്കങ്ങൾ സമരത്തിനായി നഴ്‌സുമാർ നടത്തുന്നുണ്ട്. പതിനായിരം പേരിൽ ഭൂരിപക്ഷവും സ്ത്രീകൾ ആണെന്നിരിക്കേ സമരം വിശ്രമിക്കാനും പ്രഥമിക ആവശ്യങ്ങൾ നിറവേറ്റാനും മറ്റുമായി ദേശീയ പാതയോരത്തെ ഓഡിറ്റോറിയങ്ങൾ വാടകക്കെടുക്കാനാണ് നഴ്‌സുമാരുടെ തീരുമാനം. യാത്രക്കൊപ്പം ഇ ടോയിലറ്റ് അടക്കമുള്ള സൗകര്യങ്ങൾ ഉപയോഗിക്കും. അഞ്ച് മൊബൈൽ ഇ ടോയിലറ്റ് സ്ഥാപിക്കാനാണ് തീരുമാനം. നഴ്‌സുമാരുടെ സമരത്തിന് സഹായ വാഗ്ദാനവുമായി ക്ലബ്ബുകളും മറ്റും രംഗത്തുണ്ട്.

സമരക്കാർക്ക് സൗകര്യം ഒരുക്കുന്നതിനായുള്ള കൂടുതൽ ചർച്ചകൾ യുഎൻഎ നേതാക്കളുടെ നേതൃത്വത്തിൽ നടത്തിവരികയാണ്. ജാഥയിൽ അടിന്തര സാഹചര്യങ്ങളെ നേരിടാനായി രണ്ട് ആംബുലൻസുകൾ ഏർപ്പെടുത്തും. ആറ് ടെപോ ട്രാവലറുകളും, സ്‌കൂൾ ബസുകളും സമരക്കാർക്ക് ഉപയോഗിക്കാനും നീക്കമുണ്ട്. സമരക്കാരുടെ വസ്ത്രങ്ങൾ അടക്കം സൂക്ഷിക്കാനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തു.

പാരവെച്ച് തോൽപ്പിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ആശുപത്രി മുതലാളിമാർ

അതേസമയം നഴ്‌സുമാരുടെ മാർച്ചിനായുള്ള ഒരുക്കങ്ങൾ ഗംഭീരമായി നടക്കുമ്പോൾ തന്ന ആശുപത്രി മുതലാളിമാർ പാരപണിയാൻ വേണ്ടി അരയും തലയും മുറുക്കി രംഗത്തുണ്ട്. ജാഥാംഗങ്ങൾക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനും വേണ്ടി ചില മാനേജ്‌മെന്റ് സ്‌കൂളുകളോട് യുഎൻഎ നേതാക്കൾ സംസാരിച്ചിരുന്നു. ആദ്യം സഹായിക്കാം എന്ന വാഗ്ദാനം നൽകിയവർ തന്നെ ഇപ്പോൾ തീരുമാനം മാറ്റിപ്പറയുന്ന അവസ്ഥയുണ്ടായി.

അതേസമയം ജാഥ കടന്നുപോകുന്ന ഓരോ കവലകളിലും തെരുവു നാടകങ്ങളും മറ്റും അവതരിപ്പിക്കാനും ആളുകളുണ്ടാകും. സ്‌കൂൾ ഓഫ് ഡ്രാമിയിലെ കലാകാരന്മാരുമായി സംഘടന സംസാരിച്ചു കൊഴിഞ്ഞു. യുഎൻഎയുടെതൊപ്പിയും പ്ലക്കാർഡുകളും ഏന്തിയും വാഹന പ്രചരണനവും ഒക്കെ ഇതിനൊപ്പം ഉണ്ടാകും.

കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത സ്ത്രീ മുന്നേറ്റത്തിന് അരങ്ങൊരുക്കുന്ന വിധത്തിലാകും യുഎൻഎയുടെ ജീവിത സമരം മുന്നേറുക. അതേസമയം ലോങ്മാർച്ചുമായി മുന്നോട്ടു പോകരുതെന്ന അഭ്യർത്ഥനയുമായി തൊഴിൽ മന്ത്രിയും രംഗത്തെത്തിയേക്കും. സമരം തുടങ്ങുന്നതിന് മുമ്പ് ഉത്തരവിറക്കാനുള്ള ശ്രമങ്ങളും സർക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

മിനിമം വേജ് ഉപേദശക സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടും സർക്കാർ അതിന്മേൽ അടയിരിക്കുന്നുവെന്നാണ് യുഎൻഎയുടെ ആരോപണം. തീരുമാനമെടുക്കാൻ 10 ദിവസം കൂടി വേണമെന്ന സർക്കാരിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും തീരുമാനമെടുക്കുന്നതിൽ സർക്കാരിന് മുമ്പാകെ തടസ്സങ്ങളില്ലെന്നും യുഎൻഎ പ്രസിഡന്റ് ജാസ്മിൻ ഷാ പറഞ്ഞു. സർക്കാർ ആദ്യം ഇറക്കിയ കരട് രേഖയും ശമ്പളപരിഷ്‌കരണത്തിൽ ഭേദഗതി വരുത്തി മിനിമം വേജ് ഉപദേശക സമിതി തയ്യാറാക്കിയ റിപ്പോർട്ടും സർക്കാരിന് മുമ്പാകെ സമർപ്പിച്ചിരുന്നു. രണ്ടും റിപ്പോർട്ടുകളിലെ ശുപാർശകളിൽ ഏത് വേണമെന്ന് അന്തിമ വിജ്ഞാപനമിറക്കാൻ സർക്കാരിന് മുമ്പാകെ തടസ്സങ്ങളില്ല. എന്നാൽ, അതിന് നടപടിയുണ്ടാകാത്തതാണ് നഴ്‌സുമാരെ ചൊടിപ്പിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP