Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എച്ച്ഡിഎഫ്‌സി ബാങ്കിനെതിരെ ചിതയൊരുക്കി സമരവുമായി വീണ്ടും പ്രീത ഷാജി; കുടിയൊഴിപ്പിക്കലിനെതിരെ മരണം വരെ സമരം തുടരാനും തീരുമാനം; പിന്തുണയുമായി നിരവധി നേതാക്കളും; കാലഘട്ടത്തിലെ ഏറ്റവും വലിയ മാനുഷിക പ്രശ്‌നമെന്നും നേതാക്കൾ

എച്ച്ഡിഎഫ്‌സി ബാങ്കിനെതിരെ ചിതയൊരുക്കി സമരവുമായി വീണ്ടും പ്രീത ഷാജി; കുടിയൊഴിപ്പിക്കലിനെതിരെ മരണം വരെ സമരം തുടരാനും തീരുമാനം; പിന്തുണയുമായി നിരവധി നേതാക്കളും; കാലഘട്ടത്തിലെ ഏറ്റവും വലിയ മാനുഷിക പ്രശ്‌നമെന്നും നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എച്ച് ഡിഎഫ്‌സി ബാങ്കിന്റെ ക്രൂര നടപടി അവസാനിപ്പിക്കണമെന്നും കുടിയൊഴിപ്പിക്കൽ നടപടി നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് പത്തടിപ്പാലം മാനാത്തുപാടം പ്രീതാ ഷാജി ചിതയൊരുക്കി നിരാഹാരം തുടങ്ങി. ഞായറാഴ്ച ഉച്ചയ്ക്ക് 12-ഓടെ വീടിന്റെ മുറ്റത്ത് ചിതയൊരുക്കി. ചിതയിലിരുന്നാണ് പ്രീത നിരാഹാര സമരം ചെയ്യുന്നത്.

'ജനാധിപത്യ കേരളം മാനാത്തുപാടത്തേക്ക്' എന്ന മുദ്രാവാക്യവുമായി പ്രീതാ ഷാജിയുടെ വീട്ടുമുറ്റത്ത് നടത്തിയ ഐക്യദാർഢ്യ സമ്മേളനത്തിനു ശേഷമായിരുന്നു സമരം. പി.ടി. തോമസ് എംഎ‍ൽഎ. സമരം ഉദ്ഘാടനം ചെയ്തു. പ്രീതാ ഷാജിയോട് കാണിക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ അർഹിക്കുന്ന സമരമാണ് പ്രീതയുടേതെന്നും പി.ടി. തോമസ് പറഞ്ഞു. സർഫാസി ആക്ട് പാർലമെന്റിൽ ചർച്ച ചെയ്യാതെ പാസാക്കിയതാണ്.

ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ മാനുഷിക പ്രശ്‌നങ്ങളിലൊന്നാണീ സമരം. പ്രീതാ ഷാജിയുടെ വീടും സ്ഥലവും ജപ്തി ചെയ്യുന്ന പ്രശ്നം രമ്യമായി പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർഫാസി ബാങ്ക് ജപ്തിവിരുദ്ധ സമരസമിതി ചെയർമാൻ സി.എസ്. മുരളി അധ്യക്ഷനായി. ഹൈബി ഈഡൻ എംഎ‍ൽഎ., സി.ആർ. നീലകണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ സംഘടനാ നേതാക്കൾ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.

സുഹൃത്തിന് മൂന്നു ലക്ഷം രൂപ ബാങ്ക് വായ്പ എടുക്കാൻ ജാമ്യം നിന്നതിനാണ് പ്രീതാ ഷാജിയുടെ കുടുംബം ജപ്തി ചെയ്യുന്നതിലേക്ക് കാര്യങ്ങളെത്തിയത്. കുടിശ്ശിക കൂടി ജപ്തി ഭീഷണി വന്നതോടെ കുടുംബം സമരത്തിലേക്കെത്തുകയായിരുന്നു. ഇതിനു മുൻപും 360 ദിവസത്തോളം ഇത്തരത്തിൽ മുറ്റത്ത് ചിതയൊരുക്കി സമരവും നിരാഹാര സമരവും നടത്തിയിരുന്നു. അടുത്തിടെ പ്രീതയുടെ വീടും സ്ഥലവും ജപ്തി ചെയ്യണമെന്ന കോടതി വിധിയും വന്നതോടെ പൊലീസും മറ്റ് അധികൃതരും നടപടികളിലേക്ക് എത്തിയിരുന്നു. അന്ന് ആത്മഹത്യ ഭീഷണിയടക്കമുള്ള പ്രതിഷേധം ഉയർത്തിയാണ് ഇവർ ചെറുത്തുനിന്നത്. സമരത്തിന് നേതൃത്വം നൽകിയവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രീതയുടെ ഭർത്താവ് ഷാജി ബന്ധുവായ മറ്റൊരാളെ സഹായിക്കാനായിട്ടാണ് തന്റെ സ്ഥലം ബാങ്കിന് പണയപ്പെടുത്തിയത്. 1994ലാണ് ഷാജി അകന്ന ബന്ധുവായ സാജന് വേണ്ടി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുകയായിരുന്ന ലോർഡ് കൃഷ്ണാ ബാങ്കിന്റെ ആലുവാ ശാഖയിൽ സ്വന്തം സ്ഥലം പണയം വയ്ക്കുന്നത്. രണ്ട് ലക്ഷം രൂപ വായ്പയ്ക്കാണ് ഷാജിയുടെ 22.5 സെന്റ് ഭൂമി ഈട് വയ്ക്കുന്നത്. 20.75 ശതമാനം പലിശയ്ക്കാണ് സാജൻ അന്ന് കടമെടുത്തത്. കടം തിരിച്ചടക്കാതെ വന്നതോടുകൂടി കടബാധ്യത ഷാജിയുടെ മേൽ ആകുകയായിരുന്നു.

കുടിശ്ശിക കൂടിയതോടെ ബാങ്കിന്റെ ഭീഷണിയെ തുടർന്ന് 1997ൽ ജാമ്യം വച്ചതിൽ നിന്നും നാല് സെന്റ് വിറ്റ് ഒരു ലക്ഷം രൂപ അടച്ചു. പണമിടപാടിലെ ക്രമക്കേടുകൾ കാരണം നഷ്ടത്തിലായ ലോർഡ് കൃഷ്ണാ ബാങ്ക് 2007ൽ സെഞ്ചൂറിയൻ ബാങ്കിൽ ലയിക്കുകയും പിന്നീട് എച്ച്ഡിഎഫ്സി ഏറ്റെടുക്കുകയും ചെയ്തതോടെ കടബാധ്യത എച്ച്ഡിഎഫ്സി ബാങ്കിനായി. എച്ച്.ഡി.എഫ്.സി ബാങ്ക് 2013ൽ പണയത്തിലുള്ള വീടും പുരയിടവും സർഫാസി (സെക്യൂരിറ്റൈസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസെറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് SARFAESI) നിയമപ്രകാരം വിൽക്കുകയും കടം തിരിച്ചു പിടിക്കുകയും ചെയ്യുക എന്ന തീരുമാനത്തിലേക്ക് എത്തി.

2013ലാണ് ലേലം തീരുമാനിച്ചത് എങ്കിലും അത് അറിയിച്ചുകൊണ്ടുള്ള വിവരംപോലും ഷാജിയോ കുടുംബമോ അറിഞ്ഞില്ല. 2014 ഫെബ്രുവരിയിൽ ഓൺലൈൻ ലേലം വഴിയാണ് എച്ച്.ഡി.എഫ.സി ബാങ്ക് സ്ഥലത്തിന്റെ ലേലം പൂർത്തിയാക്കുന്നത്. ലേലം നടന്ന് മാസങ്ങൾ പിന്നിട്ട ശേഷം മാത്രമാണ് ഷാജിയും കുടുംബവും തങ്ങളുടെ വീടും പുരയിടവും വിറ്റ് പോയതായി തന്നെ അറിയുന്നത്. സ്ഥലം ലേലത്തിന് എടുത്തറിയൽ എസ്റ്റേറ്റ് മാഫിയ കുടി യൊഴിപ്പിക്കാൻ എത്തിയതോടെയാണ് സമരം ആരംഭിക്കുന്നത്. സർഫാസി വിരുദ്ധ സംഘടനയുടെയും മാനത്തുപാടം പാർപ്പിട സംരക്ഷണ സമിതിയുടെയും നേതൃത്വത്തിലാണ് പ്രീത സമരം ആരംഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP