Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

പ്രവാസി ചിട്ടിക്ക് കിട്ടിയത് വെറും പത്തു കോടി; യൂറോപ്പ് മലയാളികളും കൈവിട്ടു; പിണറായിയുടെ ലണ്ടൻ യാത്രക്ക് കരുവാക്കിയതും പ്രവാസി ചിട്ടിയെ; യഥാർത്ഥ ഉദ്ദേശം മണിയടിക്കലും; പരസ്യത്തിനു കോടികൾ പൊട്ടിച്ചിട്ടും ജനം മുഖം തിരിച്ചു; സുരക്ഷയുടെ പേരിലും ലക്ഷങ്ങൾ ചെലവാക്കിയപ്പോൾ പാളുന്നത് കേരള വികസനത്തെ കുറിച്ചുള്ള 60,000 കോടിയുടെ തള്ളുകൾ

പ്രവാസി ചിട്ടിക്ക് കിട്ടിയത് വെറും പത്തു കോടി; യൂറോപ്പ് മലയാളികളും കൈവിട്ടു; പിണറായിയുടെ ലണ്ടൻ യാത്രക്ക് കരുവാക്കിയതും പ്രവാസി ചിട്ടിയെ; യഥാർത്ഥ ഉദ്ദേശം മണിയടിക്കലും; പരസ്യത്തിനു കോടികൾ പൊട്ടിച്ചിട്ടും ജനം മുഖം തിരിച്ചു; സുരക്ഷയുടെ പേരിലും ലക്ഷങ്ങൾ ചെലവാക്കിയപ്പോൾ പാളുന്നത് കേരള വികസനത്തെ കുറിച്ചുള്ള 60,000 കോടിയുടെ തള്ളുകൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: കേരളത്തിന്റെ വികസനം ഇനി പ്രവാസികളുടെ കയ്യിൽ. കിട്ടാവുന്നിടത്തു നിന്നെല്ലാം കടം വാങ്ങി മുടിഞ്ഞ കേരളത്തിന് മറ്റെവിടെ നിന്നും ഇനി പ്രതീക്ഷയില്ലെന്നു കണ്ടപ്പോൾ ധനമന്ത്രി തോമസ് ഐസക്കിന് വകുപ്പിൽ റിട്ടയർ ചെയ്യാനിരുന്ന ഒരു മഹാബുദ്ധിമാൻ ഓതിക്കൊടുത്ത മഹാമന്ത്രം. വിരമിച്ചാലും ലക്ഷങ്ങൾ കയ്യിൽ എത്തുന്ന ജോലികൾ കൂടെയുണ്ടാകണം എന്ന് ബുദ്ധിമാന്മാരായ സർക്കാർ ഉദ്യോഗസ്ഥർ വിചാരിക്കുന്നത് തെറ്റല്ല, എന്നാൽ അതിനു കുട പിടിക്കാൻ പ്രായോഗിക ബുദ്ധി നഷ്ടമാകുന്ന ഭരണാധികാരികൾ തയാറാകുമ്പോൾ കേരളത്തിന്റെ ഖജനാവ് ചോർത്തിയ വമ്പൻ പദ്ധതികളിൽ ഒന്നായി മാറാൻ പ്രവാസി ചിട്ടിയും തയ്യാറെടുക്കുന്നു എന്നതാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന കണക്കുകൾ തെളിയിക്കുന്നത്. രണ്ടു വർഷമായി പ്രവാസി ചിട്ടി അന്തരീക്ഷത്തിൽ ഉണ്ടെങ്കിലും ലക്ഷ്യത്തിന്റെ പരിസരത്തൊന്നും എത്തിക്കാൻ ഭരണ കാലാവധിയുടെ പാതി പിന്നിട്ട കേരള സർക്കാരിന് കഴിയാതെ പോകുകയാണ്.

ആദ്യ ഘട്ടത്തിൽ ഗൾഫ് മലയാളികളെ ഉന്നമിട്ട പ്രവാസി ചിട്ടിയോടു വെത്യസ്ത കാരണങ്ങളാൽ ആവശ്യത്തിന് ആളുകളെ കിട്ടാതെ വന്നപ്പോഴാണ് യൂറോപ്പ് എന്ന ലക്ഷ്യം കേരള സർക്കാർ മുന്നോട്ടു വയ്ക്കുന്നത്. എന്നാൽ അതാതു നാടുകളിലെ പൗരത്വം എടുത്തു കേരളത്തിലെ പൂർവ്വാർജ്ജിത സ്വത്തുക്കൾ പോലും വിറ്റു തീർത്തു പണം അതാതു രാജ്യങ്ങളിൽ എത്തിക്കുന്ന യൂറോപ്പ് മലയാളിയെ ആകർഷിക്കാൻ പ്രവാസി ചിട്ടിയൊന്നും പോരാതെ വരും എന്ന പ്രായോഗികത പറഞ്ഞു കൊടുക്കാൻ കേരള സർക്കാരിന് മുന്നിൽ ആരും എത്തിയില്ല എന്നതല്ല, മറിച്ചു വേറെ ചില കാര്യങ്ങൾ സാധിക്കാൻ യൂറോപ്പിലും പ്രവാസി ചിട്ടി അവതരിപ്പിക്കുക എന്നതായിരുന്നു വസ്തുത. ഇക്കാര്യം ലണ്ടനിൽ എത്തിയപ്പോൾ മുഖ്യമന്ത്രിയും ധനമന്ത്രിയും ആവർത്തിച്ചു വക്തമാക്കുകയും ചെയ്തിരുന്നു.

സമ്പാദ്യ ലക്ഷ്യം എന്നതിലുപരി നാടിന്റെ വികസനത്തിൽ പങ്കാളികൾ ആകാൻ വേണ്ടിയാണു യൂറോപ്പ് മലയാളികൾ പ്രവാസി ചിട്ടിയെ കാണേണ്ടതെന്നും പിണറായി വിജയനും തോമസ് ഐസക്കും പല വേദികളിലും ആവർത്തിച്ചിരുന്നു. എന്നാൽ രാഷ്ട്രീക്കാർക്കു ഇല്ലാത്ത നാടിനോടുള്ള സ്നേഹം പ്രവാസി കാട്ടേണ്ടതുണ്ടോ എന്ന ചോദ്യം തീർച്ചയായും വിദേശ മലയാളികളുടെ മനസ്സിൽ എത്തിയിരിക്കണം. ഇതുവരെ ലഭിച്ച പത്തു കോടിയെന്ന നാമമാത്ര തുക തെളിയിക്കുന്നതും ഇതുതന്നെ. എന്നാൽ തുക ഇക്കഴിഞ്ഞ മാർച്ച് വരെയുള്ള കണക്കാണെന്നും യൂറോപ്പ് മലയാളികളുടെ പണം ഇതിൽ കാര്യമായി ഇല്ലെന്നുമാണ് സർക്കാരിന്റെ വാദം. എന്നാൽ അടുത്ത കാലത്തുണ്ടായ കേരളത്തിലെ രാഷ്ട്രീയവും സാമൂഹികവുമായ വിവാദങ്ങളോട് ഏറ്റവും കൂടുതൽ വിമർശം ഉണ്ടായതു പ്രവാസി മലയാളികളിൽ നിന്നുമാണെന്ന യാഥാർഥ്യം മുന്നിൽ നിൽക്കെ കേരള സർക്കാരിന്റെ പദ്ധതിയോടു മുൻപിൻ നോക്കാതെ പ്രവാസികൾ പിന്തുണ നൽകുമെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും മോഹം കൂടിയാണ് പ്രവാസി ചിട്ടിയുടെ അതിദാരുണമായ അവസ്ഥ തെളിയിക്കുന്നത്.

പ്രളയ ശേഷം സ്വന്തം നാടിനോട് കൂറ് കാട്ടി കോടികൾ കേരളത്തിൽ ആശ്വാസമായി എത്തിച്ച പ്രവാസികൾ ഇപ്പോൾ ഫണ്ട് ധൂർത്തിന്റെ കഥകൾ കേട്ട് നിരാശരായിരിക്കുകയാണ്. ഇതിനൊപ്പം ശബരിമല വിഷയം സർക്കാർ കൈകാര്യം ചെയ്തതിൽ പ്രവാസികളിൽ നല്ല പങ്കും മുഖം തിരിച്ച സാഹചര്യത്തിൽ കൂടിയാണ് അവരുടെ പിന്തുണ തേടി കേരളം പ്രവാസി ചിട്ടിയെന്ന ആശയം അവതരിപ്പിക്കുന്നത്. ലോകകേരള സഭയെന്ന പേരിൽ മറ്റൊരു വെള്ളാനയെ കേരള സർക്കാർ സൃഷ്ടിച്ചെങ്കിലും ഇത്തരം പദ്ധതികളോട് പ്രവാസി സമൂഹത്തിന്റെ നിക്ഷേപ താൽപര്യം എന്തെന്ന് പ്രാഥമിക ചർച്ചകൾ പോലും അതിലെ അംഗങ്ങളെ എങ്കിലും ഉൾപ്പെടുത്തി നടത്തിയിട്ടില്ല എന്നതും ചിട്ടി പൊളിയുന്നു എന്ന വാർത്തകൾ എത്തുമ്പോൾ കൂട്ടിവായിക്കപ്പെടണം.

തുടക്കത്തിലേ പദ്ധതി ഇഴയുകയാണ് എന്ന് വ്യക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുബായ് യാത്രയിൽ പ്രവാസി ചിട്ടി കൂടി കൂട്ടിക്കെട്ടിയിരുന്നു . ആദ്യ സമയത്തു അഞ്ച് കോടി രൂപ പരസ്യത്തിനും മറ്റുമായി ചെലവാക്കിയപ്പോൾ ചിട്ടിക്കായി കിട്ടിയത് വെറും മൂന്നു കോടി മാത്രമായിരുന്നു. പ്രവാസി ചിട്ടി മറ്റൊരു വെള്ളാന ആയി മാറുന്നു എന്ന് ബോധ്യമായത് ആ ഘട്ടത്തിലാണ്. തുടർന്ന് ഗൾഫ് മലയാളികളിൽ ഇടതുപക്ഷ ആഭിമുഖ്യമുളവർ മിനക്കെട്ടു നടത്തിയ പ്രചാരണ ഭാഗമായാണ് ഇപ്പോൾ പത്തു കോടി രൂപ കെഎസ്എഫ്ഇയിൽ എത്തിയത്. എന്നാൽ പരസ്യവും കെഎസ്എഫ്ഇ നടത്തിപ്പുകാരുടെ വിദേശ യാത്രകളും പൊടിപൊടിച്ചപ്പോൾ ചിലവും കുത്തനെ ഉയർന്നു.

ഇതുവരെ ചിട്ടി പ്രചാരണത്തിന് ചെലവാക്കിയത് 10.34 കോടി രൂപയാണ്. അതായതു രണ്ടു വർഷം ആയിട്ടും ചെലവ് തന്നെയാണ് മുന്നിൽ എന്ന് വ്യക്തം. മുഖ്യമന്ത്രി നടത്തിയ യൂറോപ് യാത്രയിൽ ജമ്പോ ടീം കൂടെ ചേർന്നപ്പോൾ കെഎസ്എഫ്ഇയുടെ രണ്ടാം നിര ജീവനക്കാർ വരെ സംഘത്തിൽ ഉണ്ടായിരുന്നു എന്നതാണ് വസ്തുത. കെഎസ്എഫ്ഇ എംഡിയെ യൂറോപ്പിൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ പലപ്പോഴും ഫോൺ എടുത്തിരുന്നത് യാത്ര സംബന്ധിച്ച് ഉത്തരം നൽകാൻ യാതൊരു അനുവാദവും ഇല്ലാതിരുന്ന ഒരു കീഴുദ്യോഗസ്ഥൻ ആയിരുന്നു. ഇതൊക്കെ സർക്കാർ പണം ദൂർത്തടിക്കാൻ ഉള്ളതാണ് എന്ന സന്ദേശമാണ് തുടർച്ചയായി നൽകുന്നത്.

ഇതിനു പുറമെയാണ് കെഎസ്എഫ്ഇയെ ഉപയോഗിച്ച് മുഖ്യമന്ത്രി നടത്തിയ ലണ്ടൻ യാത്ര. യഥാർത്ഥത്തിൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ടിന്റെ മണിയടി ആയിരുന്നു ആ യാത്രയുടെ ഉദ്ദേശം. മാസങ്ങൾക്കു മുൻപ് വിറ്റുതീർന്ന മസാല ബോണ്ട് ഇത്തരത്തിൽ മണിയടിച്ചു ഉത്ഘാടനം ചെയ്യുന്നത് തന്നെ പൊള്ളത്തരമാണ്. വെറും അനാവശ്യമായ ഏർപ്പാട് എന്ന് വിമർശകർക്ക് പറയാമെങ്കിലും രാഷ്ട്രീയകർക്കു പൊതുവെ ഒഴിവാക്കാൻ കഴിയാത്ത തള്ളുകളുടെ ഗണത്തിൽ പെടുത്താവുന്നതാണ് ഈ മണിയടിയും.

എന്നാൽ രാഷ്ട്രീയ വിമർശം ഒഴിവാക്കുക എന്ന ലക്ഷ്യമിട്ടാണ് യാത്രയിൽ യൂറോപ്പ് പ്രവാസി ചിട്ടി എന്ന ആശയം കൂട്ടിച്ചേർത്തത്. ഇത്രയധികം പണം ചെലവിട്ടു ഒരു പരിപാടി സംഘടിപ്പിക്കുമ്പോൾ അതിനു ആവശ്യത്തിന് ഉപയോക്താക്കളെ കിട്ടുമോ എന്ന പ്രാഥമിക വിപണി പഠനം പോലും നടത്താതെയാണ് കെഎസ്എഫ്ഇയും കിഫബിയും ലണ്ടനിലേക്ക് ഇറങ്ങി തിരിച്ചത്. നിസാര നിക്ഷേപം നടത്തി പോലും ഒരു ഉൽപ്പനം വിപണിയിൽ എത്തിക്കുമ്പോൾ നിക്ഷേപകർ വിപണി പഠനം നടത്തിയിരിക്കും എന്ന പ്രാഥമിക തത്വമൊക്കെ കേരള സർക്കാരിന് മുന്നിൽ എത്തുമ്പോൾ പാഴ്‌വേലയായി മാറി എന്നതും പ്രവാസി ചിട്ടിയുടെ നിലവിലെ അവസ്ഥ വക്തമാകുന്നു.

അതിനിടെ, ഈ സർക്കാരിന്റെ കാലാവധി അവസാനിക്കും മുൻപ് പരമാവധി പദ്ധതികൾ കിഫബിയെ കൊണ്ട് ഏറ്റെടുപ്പിക്കാൻ നീക്കം നടത്തുന്ന സംസ്ഥാന സർക്കാരിന്റെ നീക്കങ്ങൾക്കു തിരിച്ചടിയാണ് പ്രവാസി ചിട്ടിയിലെ മനം മടുപ്പിക്കുന്ന ധനശോഷണം. ഇതിനകം 30000 കോടി രൂപയുടെ പദ്ധതികൾ അന്തിമ രൂപരേഖ ആയെന്നു ലണ്ടനിൽ പ്രസംഗിച്ച മുഖ്യമന്ത്രി അത് 40000 കോടിയിലേക്കു ഉടൻ എത്തുമെന്നും സൂചിപ്പിച്ചു. സർക്കാർ കാലാവധി അവസാനിപ്പിക്കും മുൻപ് 60000 കോടി രൂപയുടെ പദ്ധതികളാണ് ലക്ഷ്യമിടുന്നതെന്നും പറയാൻ അദ്ദേഹം മടിച്ചില്ല. എന്നാൽ ഇതിനൊക്കെ പണമെവിടെ എന്ന വിമർശകരുടെ ചോദ്യത്തിനുള്ള കേരള സർക്കാരിന്റെ ഉത്തരമാണ് കിഫബിയും പ്രവാസി ചിട്ടിയും.

മസാല ബോണ്ടും പ്രവാസി ചിട്ടിയും ഒക്കെ തിരിച്ചു നൽകേണ്ട പണം കൂടിയാകുമ്പോൾ വികസന പദ്ധതികൾ ഇഴയുന്ന നാട്ടിൽ ഇതൊക്കെ എങ്ങനെ സാധിച്ചെടുക്കും എന്ന ആശങ്ക കൂടിയാണ് പ്രവാസി ചിട്ടിയിലേക്കു ഫണ്ട് ഒഴുകാൻ തടസമായി നിൽക്കുന്നതെന്നു വ്യക്തം. മസാല ബോണ്ട് വഴി വെറും രണ്ടായിരം കോടിയാണ് പിരിഞ്ഞത് എന്നിരിക്കെ പ്രവാസി ചിട്ടിയിലെ നാമമാത്ര തുകയും അത് പിരിച്ചെടുക്കാൻ അതിനേക്കാൾ കൂടിയ തുകയും ചെലവിട്ട സർക്കാർ ഇത്ര വലിയ തുകയുടെ പദ്ധതികൾ അവതരിപ്പിക്കുമ്പോൾ അതെന്തു വികസന മാതൃക എന്ന ചോദ്യം കൂടി ഉയരുന്നുണ്ട്. തൽക്കാലം ചോദ്യങ്ങളോട് മുഖം തിരിക്കുകയാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP