Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

പണം വാങ്ങാൻ പലരും ഉപദേശിച്ചു; മുന്തിയ കാറിൽ വന്നിറങ്ങണം എന്നാണ് ചിലർ പറഞ്ഞത്; ഒരു വരുമാനവും ഇല്ലാത്ത നേതാക്കൾ ഇപ്പോൾ ആഡംബര പ്രിയരാകുന്നു; സുധാകരൻ വിലക്കിയപ്പോൾ തോമസ് ഐസക് നൽകിയ വേദിയിൽ എത്തി പ്രതിഭാ ഹരി നടത്തിയ പ്രസംഗവും വിവാദമാകുന്നു

പണം വാങ്ങാൻ പലരും ഉപദേശിച്ചു; മുന്തിയ കാറിൽ വന്നിറങ്ങണം എന്നാണ് ചിലർ പറഞ്ഞത്; ഒരു വരുമാനവും ഇല്ലാത്ത നേതാക്കൾ ഇപ്പോൾ ആഡംബര പ്രിയരാകുന്നു; സുധാകരൻ വിലക്കിയപ്പോൾ തോമസ് ഐസക് നൽകിയ വേദിയിൽ എത്തി പ്രതിഭാ ഹരി നടത്തിയ പ്രസംഗവും വിവാദമാകുന്നു

ആലപ്പുഴ : രാഷ്ട്രീയ എതിരാളികളെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ച് പ്രതിഭാ ഹരി എം എൽ എ. പൊതുവേദിയിൽ. തന്നെ കൈക്കൂലിക്കാരിയാക്കി മാറ്റാൻ ഒരു വിഭാഗം ശ്രമിച്ചതായി പ്രതിഭാ ഹരി വെളിപ്പെടുത്തി. വെളിപ്പെടുത്തൽ പ്രസംഗം നടത്തിയതാകട്ടെ ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ മണ്ഡലത്തിലും. മന്ത്രി ജി സുധാകരന്റെ മണ്ഡലമായ അമ്പലപ്പുഴയിൽ പ്രതിഭയ്ക്ക് പ്രത്യേക വിലക്കേർപ്പെടുത്തിയിട്ടുള്ളതിനാലാണ് ഐസക്കിന്റെ മണ്ഡലമായ ആലപ്പുഴയിലെത്തി വെടിപൊട്ടിച്ചത്. ഈ പ്രസംഗവും വിവാദമാക്കാൻ ഒരുങ്ങുകയാണ് ആലപ്പുഴയിലെ ഒരു വിഭാഗം സിപിഎമ്മുകാർ.

സുധാകരനുമായി തെറ്റിയതോടെ ആലപ്പുഴയിൽ പ്രതിഭാ ഹരിക്ക് അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ വേദികളിൽ പോലും പ്രോട്ടോകോൾ പാലിക്കാതെ അപമാനിക്കാൻ ശ്രമിച്ചു. ഇതോടെയാണ് പ്രതിഭാ ഹരിക്ക് പിന്തുണ നൽകാൻ തോമസ് ഐസക് തീരുമാനിച്ചതെന്നാണ് സൂചന. പണക്കൊതിയില്ലാത്ത തന്നെ പണം വാങ്ങണമെന്ന് ഉപേദേശിക്കാൻ പലരും ശ്രമിച്ചുവെന്നാണ് ഈ വേദിയിൽ പ്രതിഭ ആരോപിക്കുന്നത്. ഇതിനായി ആർക്കും പ്രശ്നമില്ലാത്ത ചിലതു കണ്ടില്ലെന്ന് നടിച്ചാൽ മതിയെന്നും ഉപദേശം ലഭിച്ചതായി പ്രതിഭാ ഹരി പറഞ്ഞു. ഇപ്പോഴത്തെ റൂട്ട് ഒന്നു മാറ്റി പിടിച്ചാൽ കാര്യങ്ങൾ എളുപ്പമാകുമെന്നും ഉപദേശം ലഭിച്ചു. ചിലർക്ക് മുന്തിയ കാറുകളോടാണ് പ്രിയം. യാതൊരു വരുമാനവും ഇല്ലാത്ത ഇവർക്കൊക്കെ ഇത്തരം കാറുകൾ വാങ്ങാൻ പണം ലഭിക്കുന്നതെങ്ങനെയെന്നും പ്രതിഭ ചോദിക്കുന്നു.

മുന്തിയ ഇനം കാറിൽ വന്നാൽ കൂടുതൽ പ്രവർത്തകർ കൂടുമെന്ന് തന്നോട് ജില്ലയിലെ ഒരു എം എൽ എ നേരത്തെ പറഞ്ഞിരുന്നതായി പ്രതിഭ വ്യക്തമാക്കി. അധികാരസ്ഥാനങ്ങൾ ലഭിച്ചാൽ അത് പണസമ്പാദനത്തിനായുള്ള മാർഗമായി ഉപയോഗിക്കുന്നവരുടെ എണ്ണം പെരുകുന്നതായി പ്രതിഭ പറഞ്ഞു. സിപിഎമ്മിന്റെ നേതൃത്വത്തിൽ പാതിരപ്പള്ളിയിൽ നടത്തിവരുന്ന പാലിയേറ്റീവ് സംഘടനയായ സ്നേഹജാലകത്തിന്റെ വാർഡുതല വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് പ്രതിഭ ഇക്കാര്യങ്ങൾ പരാമർശിച്ചത്. മുന്തിയ കാറുകളുടെ ജ്വരം അയൽജില്ലകളിലെ എം എൽ എമാർക്കും നേതാക്കൾക്കും പടർന്നു പിടിക്കുന്നതായും എം എൽ എ വ്യക്തമാക്കി. അതേസമയം പ്രസംഗം കേട്ടിരുന്ന പാർട്ടി പ്രവർത്തകർ എം എൽ എയുടെ വിശദീകരണം കേട്ട് അന്തംവിട്ടു. പ്രവർത്തകരുടെ ഭാവപ്പകർച്ച കണ്ട് പ്രതിഭ പതിവ് അടവു നയം പുറത്തെടുത്തു. താൻ ഇതൊക്കെ പറയുന്നത് സി പി എം നേതാക്കളെ ഉദ്ദേശിച്ചല്ലെന്നു പറഞ്ഞ് രംഗം മയപ്പെടുത്തി.

അതേസമയം പണ സമ്പാദനത്തിന്റെയും മുന്തിയ കാറുകളുടെയും ഉറവിടത്തെ കുറിച്ച് പരാമർശം നടത്തിയത് സിപിഐ(എം) നേതാക്കളെ ലക്ഷ്യമിട്ടാണെന്നാണ് സിപിഐ(എം) പറയുന്നത്. അതുകൊണ്ട് തന്നെ ഈ വിഷയവും വിവാദമാക്കാൻ ഒരുങ്ങുകയാണ് ഈ വിഭാഗം. എന്തു സംഭവിച്ചാലും പ്രതിഭയെ അവഗണിക്കാൻ തന്നെയാണ് സിപിഐ(എം) ജില്ലാ നേതൃത്വത്തിന് സുധാകരൻ നൽകിയ നിർദ്ദേശമെന്നാണ് സൂചന. മംഗളം പത്രത്തിൽ പേരു വയ്ക്കാതെ പ്രതിഭാ ഹരിക്കെതിരെ വാർത്ത വന്നിരുന്നു. വ്യക്തിഹത്യയുടെ പരിധിയിലേക്ക് കാര്യമെത്തിയപ്പോൾ പ്രതിഭാ ഹരി ഒരു പോസ്റ്റിട്ടു. സൂരി നമ്പൂതിരിയെന്ന കഥാപാത്രത്തെ കൂട്ടുപിടിച്ചായിരുന്നു വിശദീകരിച്ചത്. സൂരി നമ്പൂതിരി എന്നു വിശേഷിപ്പിക്കുന്നയാളെ കുറിച്ച് പ്രതിഭ നൽകുന്ന സൂചന ഇവയൊക്കെയാണ്. കാമകഴുതകൾ കരഞ്ഞു കൊണ്ടു ജീവിക്കും. ആ കരച്ചിലിനെ ചിലർ കവിതയെന്നും കരുതും. കാലക്രമത്തിൽ അവർക്കു നീളം കുറഞ്ഞെന്നു മാത്രമെന്നായിരുന്നു വിമർശനം. സൂരി നമ്പൂതിരിയായി പ്രതിഭ വരച്ചു കാട്ടിയത് സുധാകരനെയാണോ എന്ന സംശയവും ഉണ്ടായി. ഇതോടെ പ്രതിഭയോട് സുധാകരന് ദേഷ്യം ഇരട്ടിച്ചു. ഇത് കൂടുതൽ സമ്മർദ്ദത്തിലേക്ക് കാര്യങ്ങളെത്തിച്ചു.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റായ പ്രതിഭാ ഹരി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ായിരുന്നു. 2005ൽ തകഴി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ തുടങ്ങിയ തെരഞ്ഞെടുപ്പ് പോരാട്ടമാണ്. നിയമപഠനം കഴിഞ്ഞ് അമ്പലപ്പുഴ കോടതിയിൽ അഭിഭാഷകവൃത്തി തുടങ്ങിയ കാലം. രാഷ്ട്രീയത്തിൽ ഒരു പരിചയവുമില്ലാത്ത പ്രതിഭ സിപിഐ(എം) കാരനായ അച്ഛന്റെ നിർബന്ധത്തിൽ സ്ഥാനാർത്ഥിയാവുകയായിരുന്നെന്നു. 2005ൽ തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. 2010 ജില്ലാ പഞ്ചായത്തിലേക്കുള്ള കന്നി അങ്കം ജയിച്ചു. വനിതാ സംവരണമായപ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. കഴിഞ്ഞ അഞ്ച് വർഷം ജില്ലയിൽ നിറഞ്ഞു നിന്ന പ്രവർത്തനം. ഇത് തിരിച്ചറിഞ്ഞാണ് കായംകുളത്തേക്ക് പ്രതിഭയെ നിയോഗിക്കുന്നത്.

വി എസ് പക്ഷത്തെ സികെ സദാശിവനായിരുന്നു കായംകുളത്തെ സിറ്റിങ് എംഎൽഎ. സദാശിവനോട് താൽപ്പര്യമില്ലാത്ത സുധാകരനാണ് തന്ത്രപൂർവ്വം കായംകുളത്ത് പ്രതിഭാ ഹരിയെ സ്ഥാനാർത്ഥിയാക്കിയത്. കോൺഗ്രസ് നേതാവ് എം ലിജുവിനെ വാശിയേറിയ പോരാട്ടത്തിൽ പ്രതിഭാ ഹരി തോൽപ്പിച്ചു. ഇതോടെ പ്രതിഭ താരമായി. ഇത് സുധാകരന് പിടിച്ചില്ല. തുടർന്നുണ്ടായ വ്യക്തിപരമായ പ്രശ്നങ്ങളും സുധാകരനുമായി പ്രതിഭാ ഹരിയെ പൂർണ്ണമായും അകറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP