Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

2019ലെ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലെങ്കിൽ പ്രണബിനെ പ്രധാനമന്ത്രിയായി പരിഗണിക്കാമെന്ന് നിർദ്ദേശിച്ചത് ശിവസേന; നാഗ്പൂരിലെ ആസ്ഥാനം സന്ദർശിച്ചതോടെ അദ്ദേഹം ആർഎസ്എസിനും സ്വീകാര്യമായെന്ന് പാർട്ടി മുഖപത്രം സാമ്ന; ദേശീയമാധ്യമങ്ങളും വിഷയത്തിൽ ഉയർത്തിയത് ചൂടൻ ചർച്ച; രണ്ടുതവണ നഷ്ടമായ പ്രധാനമന്ത്രിപദത്തിലേക്ക് മൂന്നാമതും പ്രണബ് മുഖർജി പരിഗണിക്കപ്പെട്ടത് രാഷ്ട്രപതിയായിരിക്കേ; ഇന്ത്യൻ രാഷ്ട്രീയത്തിലെ അപൂർവത

2019ലെ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലെങ്കിൽ പ്രണബിനെ പ്രധാനമന്ത്രിയായി പരിഗണിക്കാമെന്ന് നിർദ്ദേശിച്ചത് ശിവസേന; നാഗ്പൂരിലെ ആസ്ഥാനം സന്ദർശിച്ചതോടെ അദ്ദേഹം ആർഎസ്എസിനും സ്വീകാര്യമായെന്ന് പാർട്ടി മുഖപത്രം സാമ്ന; ദേശീയമാധ്യമങ്ങളും വിഷയത്തിൽ ഉയർത്തിയത് ചൂടൻ ചർച്ച; രണ്ടുതവണ നഷ്ടമായ പ്രധാനമന്ത്രിപദത്തിലേക്ക് മൂന്നാമതും പ്രണബ് മുഖർജി പരിഗണിക്കപ്പെട്ടത് രാഷ്ട്രപതിയായിരിക്കേ; ഇന്ത്യൻ രാഷ്ട്രീയത്തിലെ അപൂർവത

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രണ്ടുതവണ കപ്പിനും ചുണ്ടിനും ഇടയിൽവെച്ച് പ്രധാനമന്ത്രിസ്ഥാനം നഷ്ടമായ വ്യക്തിയാണ് ഇന്ന് അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. എന്നാൽ രാഷ്ട്രപതി ആയിരിക്കേ തന്നെ അദ്ദേഹം മൂന്നാമതും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ചർച്ചചെയ്യപ്പെട്ടുവെന്നത്, ഇന്ത്യൻ രാഷ്ട്രീയത്തിലെ അപൂർവതാണ്. 2019 ജൂൺ 9ന് ശിവസേന മുഖപത്രമായ സാമ്നയിൽ വന്ന ലേഖനം വ്യക്തമാക്കിയിരുന്നത് ഇത്തരം ഒരു രാഷ്ട്രീയ നീക്കമായിരുന്നു. 2019ലെ പൊതു തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥ വരികയാണെങ്കിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രണബ് മുഖർജിയെ പരിഗണിക്കാമെന്നായിരുന്നു അവരുടെ അഭിപ്രായം.

പുൽവാമ ആക്രമണത്തിന് മുമ്പുള്ള സമയത്തെ രാഷ്ട്രീയ കാലാവസ്ഥ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടില്ല എന്നതായിരുന്നു. അങ്ങനെയാണെങ്കിൽ സർവ സമ്മതനായ പ്രധാനമന്ത്രി എന്ന അർഥത്തിലാണ് ശിവസേന പ്രണബിന്റെ പേര് നിർദ്ദേശിച്ചത്. പാർട്ടി മുഖപത്രമായ സാമ്‌നയിൽ എഴുതിയ മുഖപ്രസംഗത്തിലാണ് സേനയുടെ പരാമർശം. ഇതിന്റെ മുന്നോടിയായാണ് പ്രണബ് മുഖർജി ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ച്
പ്രസംഗം നടത്തിയതെന്നാണ് സാമ്‌ന പറഞ്ഞിരുന്നത്. നെഹ്‌റുവിയൻ ആശയത്തെ നെഞ്ചോട് ചേർത്തു പിടിച്ച പ്രണബ് മുഖർജിയെ സ്വന്തം ആസ്ഥാനം സന്ദർശിക്കാൻ എന്തിനാണ് ആർഎസ്എസ് ക്ഷണിച്ചതെന്ന് ചോദിക്കുകയാണ് സാമ്‌ന. എന്തായാലും 2019ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യൻ രാഷ്ട്രീയം വൻ രാഷ്ട്രീയ നീക്കങ്ങൾക്കായിരിക്കും സാക്ഷിയാവുക. എന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

ഇത് ദേശീയ മാധ്യമങ്ങളിലും വലിയ വാർത്തയായിരുന്നു. ആർഎസ്എസിന്റെ കയ്യൊപ്പോടെ പൊതുസമ്മത സ്ഥാനാർത്ഥിയാകാനുള്ള നീക്കം നടക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ പ്രണബ് മുഖർജിയുടെ മകൾ ഇക്കാര്യം തള്ളിക്കളഞ്ഞിരുന്നു. പക്ഷേ മുമ്പ് രണ്ടുതവണയെന്നപോലെ ഇത്തവണയും പ്രണബിന് പ്രധാനമന്ത്രിയോഗം ഉണ്ടായില്ല. പുൽവാമ ഭീകരാക്രമണത്തെ തുർന്ന് രാജ്യത്ത് മോദി തരംഗം ആഞ്ഞടിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പ്രണബ് സർവ സമ്മതനായ
രാഷ്ട്രീയക്കാരനാണ് എന്ന ബോധ്യം അരക്കിട്ട് ഉറപ്പിക്കുന്നതാതിരുന്നു ഈ വാർത്തകളും.

ഇന്ദിരാഗാന്ധിക്കുശേഷം രാജ്യത്തെ നയിക്കേണ്ടത് പ്രണബ് മുഖർജിയാണെന്ന് പൊതുവെ അഭിപ്രായം ഒരുകാലത്ത് ഉയർന്നു കേട്ടിരുന്നു. എന്നാൽ കുടുംബാധിപത്യത്തിൽ വിശ്വസിച്ചിരുന്ന കോൺഗ്രസ് ഭരണ പരിചയം ഇല്ലാത്ത രാജീവ്ഗാന്ധിയെ ആണ് പരിഗണിച്ചത്. പിന്നീട് ഒന്നാം യുപിഎ സർക്കാറിന്റെ കാലത്തും സ്വത്തം വ്യക്തിത്വം  പാരയായി. പ്രണബ്മുഖർജിക്ക് പകരം മന്മോഹൻസിങിനെ പ്രധനമന്ത്രിയാക്കിയതിന് പിന്നിൽ  ഗാന്ധി
കൂടുംബത്തോടുള്ള വിധേയത്വം മാത്രമായിരുന്നു. കോൺഗ്രസ് ചെയ്ത രാഷ്ട്രീയ ആത്മഹത്യയായിരുന്നു ഇതെന്നും, പ്രണബിനെപ്പോലുള്ള ഒരു ജനകീയ നേതാവ് പ്രധാനമന്ത്രിയായിരുന്നെങ്കിൽ മോദി തരംഗം ഉണ്ടാവുമായിരുന്നില്ല എന്നുപോലും പിൽക്കാലത്ത് വിലയിരുത്തലുകൾ ഉണ്ടായിരുന്നു.

2018 ജൂണിൽ നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചുകൊണ്ട് വലിയ വിവാദത്തിനാണ് പ്രപബ് തുടക്കമിട്ടത്. കോൺഗ്രസിലും ഇത് വൻ ഒച്ചപ്പാടുകൾ ഉണ്ടാക്കിയിരുന്നു. 'പ്രണബ് ദാ നിങ്ങളിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല.. 'സോണിയയുടെ മുൻ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേൽ ഇങ്ങനെയാണ് ട്വിറ്ററിൽ കുറിച്ചത്. പട്ടേലിന്റെ ട്വീറ്റിൽ നിന്ന് തന്നെ പാർട്ടിയുടെ പൊതുവികാരം പ്രകടമായിരുന്നു. ആർഎസ്എസ് സമ്മേളനത്തിൽ പെങ്കടുക്കുന്നതിനെ സഹപ്രവർത്തകരായിരുന്ന കോൺഗ്രസ് നേതാക്കളും ഇടതു നേതാക്കളും എതിർത്തിരുന്നു. പ്രണബ് മുഖർജിയുടെ മകളും കോൺഗ്രസ് നേതാവുമായ ശർമിഷ്ഠ മുഖർജിയും പിതാവിന്റെ സന്ദർശനത്തിലെ എതിർപ്പ് വ്യക്തമാക്കിയിരുന്നു. ബിജെപിക്കും സംഘ്പരിവാറിനും വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനാണ് സന്ദർശനം അവസരമൊരുക്കുക. അദ്ദേഹം അവിടെ പ്രസംഗിക്കുന്ന കാര്യങ്ങൾ എല്ലാവരും മറന്നുപോയേക്കാം. എന്നാൽ, ദൃശ്യങ്ങൾ എന്നും നിലനിൽക്കും. ഇത് ഉപയോഗിച്ച് ബിജെപി തെറ്റായ വാർത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുമെന്നും അവർ ട്വീറ്റ്‌ചെയ്തിരുന്നു.

എന്നാൽ പ്രണബ് എല്ലാവരുടെ വാക്കുകളും അവഗണിച്ചു. ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗെവാർ ഇന്ത്യയുടെ വീര പുത്രനാണെന്നാണ് ആർഎസ്എസ് ആസ്ഥാനത്ത് എത്തി പ്രണബ് വിശേഷിപ്പിച്ചത്.എന്നാൽ ആർഎസ്എസ് ആസ്ഥാനത്തു വന്നതു ദേശം, ദേശീയത, ദേശസ്‌നേഹം എന്നിവയെക്കുറിച്ചു പറയാനാണെന്നു പ്രണബ് മുഖർജി വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP