Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202120Tuesday

പത്താം തരം തോറ്റു; ഇംഗ്ലീഷ് എന്താണെന്ന് പോലുമറിയില്ല; പ്രൈവറ്റായി പഠിച്ച് എസ്എസ്എൽസിയും പിഡിസിയും പാസായി; ബിഎയ്ക്കും എംഎയ്ക്കും ഒന്നാം റാങ്ക്; സിവിൽ സർവീസിൽ മെയിൻ പരീക്ഷയിൽ വരെ എത്തി; ഇപ്പോൾ ഡോക്ടറേറ്റും: വെള്ളറടക്കാരനായ ചെങ്ങന്നൂർ ഡി വൈ എസ് പി ആർ ജോസിന്റേത് അത്ഭുത വിജയകഥ

പത്താം തരം തോറ്റു; ഇംഗ്ലീഷ് എന്താണെന്ന് പോലുമറിയില്ല; പ്രൈവറ്റായി പഠിച്ച് എസ്എസ്എൽസിയും പിഡിസിയും പാസായി; ബിഎയ്ക്കും എംഎയ്ക്കും ഒന്നാം റാങ്ക്; സിവിൽ സർവീസിൽ മെയിൻ പരീക്ഷയിൽ വരെ എത്തി; ഇപ്പോൾ ഡോക്ടറേറ്റും: വെള്ളറടക്കാരനായ ചെങ്ങന്നൂർ ഡി വൈ എസ് പി ആർ ജോസിന്റേത് അത്ഭുത വിജയകഥ

ശ്രീലാൽ വാസുദേവൻ

ചെങ്ങന്നൂർ: ഇംഗ്ലീഷ് തെല്ലുമറിയില്ല. പത്താം തരം ആദ്യ ശ്രമത്തിൽ തോറ്റു. അങ്ങനെ ഒരാൾ ഇപ്പോൾ കേരളാ പൊലീസിൽ ഡിവൈഎസ്‌പിയാണ്. സർവീസിലിരിക്കേ നടത്തിയ ഗവേഷണം അദ്ദേഹത്തെ ഡോക്ടറേറ്റിനും അർഹനാക്കി. ചെങ്ങന്നൂർ ഡിവൈഎസ്‌പി ആർ ജോസാണ് ഏതൊരാൾക്കും പ്രചോദനമാകുന്ന ജീവിതാനുഭവത്തിലൂടെ കടന്നു പോകുന്നത്. ജോസിന്റെ അത്ഭുത വിജയ കഥ പുറത്തു വിട്ടിരിക്കുന്നതാകട്ടെ കേരളാ പൊലീസിന്റെ മീഡിയ സെല്ലും. കേരളാ പൊലീസ് നടപ്പിലാക്കിയ ജനമൈത്രി പൊലീസ് പദ്ധതിയെ കുറിച്ചുള്ള പഠനത്തിനാണ് അദ്ദേഹത്തിന് കേരളാ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചത്.

വെള്ളറട സ്വദേശി രാജയ്യൻ-മേരി ദമ്പതികളുടെ നാലുമക്കളിൽ രണ്ടാമനാണ് ജോസ്. വെള്ളറട ഈശ്വരവിലാസം മെമോറിയൽ ഹൈസ്‌കൂളിലായിരുന്നു പഠനം. കഠിനമായി തോന്നിയ പാഠഭാഗങ്ങൾ വലച്ചപ്പോൾ ആദ്യം പത്താം ക്ലാസിൽ തോറ്റു. രണ്ടാമത് പ്രൈവറ്റായി പഠിച്ച് പരീക്ഷ എഴുതിയപ്പോൾ വിജയിച്ചെങ്കിലും തേർഡ് ക്ലാസ് ആണ് കിട്ടിയത്. മറ്റു കോളജുകളിലൊന്നും അഡ്‌മിഷൻ കിട്ടാൻ പ്രയാസമായതിനാൽ സമാന്തരമായി പ്രീഡിഗ്രിക്ക് പഠിച്ചു. സെക്കൻഡ് ക്ലാസോടെ പ്രീഡിഗ്രി പാസായി. ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജിൽ ബിഎ പൊളിറ്റിക്സിന് ചേർന്നു.

ഒന്നാം റാങ്കോട് കൂടി കേരളസർവകലാശാലയിൽ നിന്ന് ബിഎ പാസായപ്പോൾ ജോസിന്റെ വിദ്യാഭ്യാസ ജീവിതത്തിന് സമൂലം മാറ്റം വന്നു. കാര്യവട്ടം ക്യാമ്പസിൽ നിന്ന് ഒന്നാം റാങ്കോടെ തന്നെ ബിരുദാനന്തര ബിരുദം കൂടി നേടിയതോടെ പത്താം ക്ലാസ് തോറ്റുവെന്ന പേരുദോഷമുള്ള ആ യുവാവ് ചരിത്രം കുറിക്കുകയായിരുന്നു. അവിടെ തീർന്നില്ല പഠനത്തോടുള്ള അഭിനിവേശം. പത്തിൽ തന്നെ വലച്ച ഇംഗ്ലീഷൊക്കെ അനായാസം കൈകാര്യം ചെയ്യുന്ന നിലയിലേക്ക് ജോസ് ഉയർന്നു. കേരളാ സർവകലാശാലയിൽ നിന്ന് തന്നെ ലൈബ്രറി സയൻസിൽ നിന്ന് ബിരുദം നേടി. വീണ്ടും കാര്യവട്ടം ക്യാമ്പസിലേക്ക്.അവിടെ നിന്ന എം.ഫിൽ നേടി.

ഗ്രാമവികസന വകുപ്പിൽ ക്ലാർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടർന്ന് കേരളാ സർവകലാശാലയിൽ ലൈബ്രേറിയനായി കുറച്ചു കാലം സേവനം അനുഷ്ടിച്ചു. 2003 ൽ കേരളാ പൊലീസിൽ സബ് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ചു. ഇതിനിടെ സർക്കാർ കോളജിൽ ലക്ചററായി ജോലി ലഭിച്ചെങ്കിലും പൊലീസിൽ തുടരാൻ തീരുമാനിച്ചു. സമർഥനായ ഒരു കുറ്റാന്വേഷകനെ കേരളാ പൊലീസിന് ലഭിക്കുന്നതാണ് പിന്നീട് കണ്ടത്.

ചെങ്ങന്നൂർ വന്മഴി ക്ഷേത്രത്തിലെ താഴികക്കുടം മോഷണം, പത്തനംതിട്ടയിലെ ധനകാര്യ സ്ഥാപന ഉടമ വാസുക്കുട്ടിയുടെ കൊലപാതകം, ഇപ്പോൾ ജനശ്രദ്ധ നേടിയ മാന്നാറിലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടു പോകൽ, പത്തനംതിട്ടയിൽ പട്ടാപ്പകൽ നടന്ന ജൂവലറി കവർച്ചയിലെ പ്രതികളെ അരമണിക്കൂറിനുള്ളിൽ കണ്ടെത്തിയത്, പന്തളത്തെ നാടോടി ബാലന്റെ കൊലപാതകം, കോന്നിയിൽ ഭാര്യയെ ആസിഡ് കൊടുത്തുകൊലപ്പെടുത്തിയ ഭർത്താവിനെ മനഃശാസ്ത്രപരമായ സമീപനത്തിലൂടെ അറസ്റ്റ് ചെയ്തത് തുടങ്ങി പ്രമാദമായ പല കേസുകളും ജോസ് തെളിയിച്ചു. 150 ഗുഡ് സർവീസ് എൻട്രിയാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.

സംസ്ഥാന പൊലീസ് മേധാവിയുടെ കമൻഡേഷനും മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും കരസ്ഥമാക്കി. ഇന്ത്യയിലെ മികച്ച് അക്കാദമിക് ജേണലുകളിൽ ഉൾപ്പെടെ പതിനഞ്ചോളം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. കോന്നി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക എസ്ജി ഷൈനിയാണ് ഭാര്യ. മക്കൾ: അനഘ (എംബിബിഎസ് വിദ്യാർത്ഥി), മീനാക്ഷി(പത്താം ക്ലാസ് വിദ്യാർത്ഥി).

കേരളസർവകലാശാലാ രാഷ്ട്രമീ മാംസ വിഭാഗം അസോസിയേറ്റ് പ്രൊഫസർ സിഎ ജോസുകുട്ടിയുടെ മേൽനോട്ടത്തിലാണ് ഗവേഷണം നടത്തിയത്. 2008 മാർച്ചിൽ കേരളത്തിലെ തെരഞ്ഞെടുത്ത 20 പൊലീസ് സ്റ്റേഷനുകളിൽ പൈലറ്റ് പ്രൊജക്ട് ആയി ആരംഭിച്ച ജനമൈത്രി സുരക്ഷാ പദ്ധതി 2017 ഫെബ്രുവരി 22 ന് കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിച്ചു. കേരളത്തിലങ്ങോളമിങ്ങോളമുള്ള പൊലീസ് സ്റ്റേഷനുകൾ സന്ദർശിച്ച് ആറു വർഷം കൊണ്ടാണ് ജോസ് ഗവേഷണം പൂർത്തിയാക്കിയത്. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലായിരുന്നു ഇത് എന്നതാണ് പ്രത്യേകത.

ചുരുങ്ങിയ കാലം കൊണ്ട് ജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റിയ ജനമൈത്രി സുരക്ഷാ പദ്ധതി പൊലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തി ജനങ്ങൾക്ക് മികച്ച സേവനം നൽകുന്നതിന് ഏറ്റവും അനുയോജ്യമായ സംവിധാനമാണെന്ന് ജോസ് പറഞ്ഞു. പദ്ധതി ഫലപ്രദമായി നടപ്പാക്കിയിട്ടുള്ള പൊലീസ് സ്റ്റേഷനുകളിൽ പൊലീസും ജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു. പൊലീസിനെ ആക്രമിക്കുന്ന സംഭവങ്ങൾ ഗണ്യമായി കുറഞ്ഞു. ജനമൈത്രി സുരക്ഷാ പദ്ധതിയിൽ കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായില്ലെങ്കിലും ഗൗരവപരമായ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി.

ഉദാഹരണത്തിന് ഇന്ത്യയിൽ ശരാശരി 78 കൊലപാതക കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ കേരളത്തിൽ അത് ഒരു കേസിന് താഴെയാണ്. കേരളം കുറ്റകൃത്യങ്ങളിൽ മുന്നിലാണെന്ന് പറയുമ്പോഴും ഗൗരവകരമായ കുറ്റങ്ങൾ കുറഞ്ഞു വരുന്നു. മറ്റൊരു കണ്ടെത്തൽ കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിൽ വന്ന വൻവർധനയാണ്. പൊലീസും പൊതുജനങ്ങളും കൈകോർത്തതോടെ സുക്ഷ്മമായ പല വിവരങ്ങളും പൊലീസിന് ലഭിച്ചു തുടങ്ങിയെന്നും ജോസിന്റെ ഗവേഷണ റിപ്പോർട്ടിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP