Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിശേഷണങ്ങൾക്ക് അതീതനായ പ്രിയങ്കരനായ മുകുന്ദേട്ടനെ വേദിയിലേക്ക് ക്ഷണിച്ച് ടിജി മോഹൻദാസ്; കൈയടിച്ച് കുമ്മനം; സാക്ഷി മാഹാരാജും സുബ്രഹ്മണ്യം സ്വാമിയും സാക്ഷികൾ; ആവേശത്തോടെ ജയ് വിളിച്ച് അണികളും; പിപി മുകുന്ദന് ഒടുവിൽ ബിജെപി സ്വീകരണം ഒരുക്കിയത് ഇങ്ങനെ

വിശേഷണങ്ങൾക്ക് അതീതനായ പ്രിയങ്കരനായ മുകുന്ദേട്ടനെ വേദിയിലേക്ക് ക്ഷണിച്ച് ടിജി മോഹൻദാസ്; കൈയടിച്ച് കുമ്മനം; സാക്ഷി മാഹാരാജും സുബ്രഹ്മണ്യം സ്വാമിയും സാക്ഷികൾ; ആവേശത്തോടെ ജയ് വിളിച്ച് അണികളും; പിപി മുകുന്ദന് ഒടുവിൽ ബിജെപി സ്വീകരണം ഒരുക്കിയത് ഇങ്ങനെ

അർജുൻ സി വനജ്

കൊച്ചി: ബിജെപിയുടെ മുതിർന്ന നേതാക്കൾക്കൊപ്പം വേദി പങ്കിട്ട് മുൻ ഓർഗനൈസിങ് സെക്രട്ടറി പിപി മുകുന്ദൻ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക്. എറണാകുളത്ത് ബിജെപി ഇന്റലക്റ്റ്‌വൽ സെൽ നടത്തിയ സമ്മേളനത്തിലാണ് പിപി മുകുന്ദൻ ഏറെ വർഷങ്ങൾക്ക് ശേഷം ബിജെപി പരിപാടിയിൽ പങ്കെടുത്തത്. ആർ.എസ്.എസിന്റെ ആശിർവാദത്തോടെ നടന്ന പരിപാടി രാജ്യ സഭ അംഗം സുബ്രമണ്യസ്വാമി ഉദ്ഘാടനം ചെയ്തു. ഹിന്ദു സന്ന്യാസിയും ലോക്സഭ എംപിയുമായ സാക്ഷി മഹാരാജ് പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി. ബിജിപിയുടേയും ആർ.എസ്.എസിന്റേയും ഭാഗമായിരുന്ന പഴയ നിരവധി നേതാക്കൾ, മുതർന്ന സംഘ പ്രചാരകരും സമ്മേളനത്തിൽ പങ്കെടുത്തു.

വേദിയിലെത്തിയ സുബ്രമണ്യസ്വാമിക്കും സാക്ഷി മഹാരാജിനും ലഭിച്ച അതേ സ്വീകര്യത തന്നെയാണ് പിപി മുകുന്ദനും അണികളിൽ നിന്ന് ലഭിച്ചത്. ഉദ്ഘാടകന്റേയും മുഖ്യപ്രഭാഷകന്റേയും പ്രസംഗത്തിന് ശേഷം പിപി മുകുന്ദനും സംസാരിച്ചു. ഹിന്ദു ഏകീകരണം ഉണ്ടെങ്കിലെ കേരളത്തിൽ അടുത്ത തെരെഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയിക്കാനാകൂവെന്ന സുബ്രമണ്യസ്വാമിയുടെ വാക്കുകൾ അദ്ദേഹം ആവർത്തിച്ചു. കേരളത്തിന്റെ അധികാരം ആർ.എസ്.എസിന്റെ കൈകളിൽ എത്തുന്ന കാലം വിദൂരമല്ലെന്നും, സംഘ പ്രസ്ഥാനങ്ങൾക്ക് പണ്ട് കാലത്തെ അപേക്ഷിച്ച് വലിയ സ്വീകര്യത ഇപ്പോൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്ത് മിനുട്ടോളം സംസാരിച്ച അദ്ദേഹം പണ്ട് കാലത്തുണ്ടായ സംഘ പ്രവർത്തന അനുഭവങ്ങളും അണികളുമായി പങ്കുവെച്ചു. ബിജെപി കേരള ഘടകത്തിന് വേണ്ടി സുബ്രമണ്യ സ്വാമിയേയും സാക്ഷി മഹാരാജിനേയും ഷാൾ അണിയിച്ച് സ്വീകരിച്ചതും പിപി മുകുന്ദൻ ആയിരുന്നു.

ഇന്റലക്റ്റ്‌വൽ സെല്ലിന് വേണ്ടി സ്വാഗതം ആശംസിച്ച ടിജി മോഹൻദാസ് ഒറ്റവാക്കിലാണ് പിപി മുകുന്ദനെ വേദിയിലേക്ക് ക്ഷണിച്ചത്. മുകുന്ദേട്ടനെ ഞാൻ വിശേഷണങ്ങൾക്കൊണ്ട് മൂടാൻ ആഗ്രഹിക്കുന്നില്ല, അത് അധിക പ്രസംഗം ആകും എന്നതിനാൽ, വിശേഷണങ്ങൾക്ക് അതീതനായ, നമ്മുടെയെല്ലാം പ്രിയങ്കരനായ മുകുന്ദേട്ടനെ വേദിയിലേക്ക് ക്ഷണിക്കുന്നു എന്നായിരുന്നു ടിജിയുടെ വാക്കുകൾ. ഈ സമയം, പ്രവർത്തകർ ഭാരത് മാതാ കി വിളികളുമായി സമ്മേളന നഗരിയെ പ്രകംമ്പനം കൊള്ളിച്ചു. വെള്ള മുണ്ടും ആഷ് കളർ ഷർട്ടും നെറ്റിയിൽ ചോറ്റാനിക്കര അമ്മയുടെ കുങ്കുമവും കണ്ണാടിയും അണിഞ്ഞ് തനത് രീതിയിലാണ് മുകുന്ദൻ വേദിയിലെത്തിയത്.

ഇനിയും പാർട്ടിയുമായി സഹകരിപ്പിച്ചില്ലെങ്കിൽ, ബിജെപി വിമതനായി മത്സരിക്കുമെന്ന് കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ പ്രഖ്യാപിച്ച പിപി മുകുന്ദൻ വട്ടിയൂർക്കാവിലോ, നേമത്തോ മത്സരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ആർ.എസ്.എസ് വിഷയത്തിൽ ഇടപെട്ടത്. തുടർന്ന് പാർട്ടിയിലെ ഒരു സാധാരണ പ്രവർത്തകനായി മുകുന്ദൻ ഉടൻ തിരിച്ചുവരുമെന്നും, ഭാരവാഹിത്വം പിന്നീട് തീരുമാനിക്കുമെന്നും സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ വ്യക്തമാക്കി.

ഇത് തെരെഞ്ഞെടുപ്പ് കാലത്ത് ഏറെ ആവേശത്തോടെയാണ് അദ്ദേഹവുമായി ഇപ്പോഴും അടുപ്പം സൂക്ഷിക്കുന്നവർ കണ്ടത്. തെരെഞ്ഞെടുപ്പിന് തൊട്ട് മുമ്പ് 2016 ഏപ്രിൽ 18 ന് മുകുന്ദൻ ബിജെപി സംസ്ഥാ കാര്യലയമായ മാരാർജി ഭവനിൽ എത്തിയെങ്കിലും, 10 വർഷത്തിന് ശേഷം സംഘടനയിലേക്ക് തിരിച്ചെത്തിയ മുകുന്ദനെ സ്വീകരിക്കാൻ നേതാക്കൾ ആരും ഉണ്ടായിരുന്നില്ല. എന്നാൽ സ്വീകരിക്കാൻ ആരുമില്ലല്ലോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, സ്വന്തം വീട്ടിലേക്ക് എത്തുമ്പോൾ സ്വീകരിക്കാൻ ആളുകൾ വേണോയെന്ന് അദ്ദേഹം പറഞ്ഞു.

ആർ.എസ്.എസ് പ്രചാരകൻ എന്ന നിലയിലാണ് പിപി മുകുന്ദൻ ബിജെപിയുടെ ഓർഗനൈസിങ് സെക്രട്ടറി ചുമതലയിലേക്ക് എത്തുന്നത്. എന്നാൽ ബിജെപിയിൽ നിന്ന് തിരിച്ച് സംഘത്തിലേക്ക് എത്താൻ ദേശീയ നേതൃത്വം നിർദ്ദേശിച്ചെങ്കിലും പിപി മുകുന്ദൻ ഇത് അംഗീകരിച്ചില്ല. ഇതോടെയാണ് മുകുന്ദൻ ദേശീയ നേതൃത്ത്വത്തിന് അസംതൃപ്തനാകുന്നത്. ഇപ്പോഴത്തെ തിരിച്ചുവരവിന് പ്രാന്തീയ കാര്യകർത്താക്കൾ പിന്തുണ നൽകുന്നുണ്ടെങ്കിലും ചില ദേശീയ നേതാക്കൾക്ക് അസംതൃപ്തരാണെന്നാണ് സൂചന.

മുൻ സംസ്ഥാന അദ്ധ്യക്ഷൻ വി മുരളീധരനും അദ്ദേഹത്തിന്റെ പിന്തുണയ്ക്കുന്നവർക്കും പിപി മുകുന്ദന്റെ വരവിനോട് ഇപ്പോഴും പൂർണ്ണമായും യോജിക്കാൻ കഴിഞ്ഞിട്ടില്ല. മുതിർന്ന നേതാക്കൾക്കൊപ്പം എഎൻ രാധാകൃഷ്ണനും വേദിയിൽ എത്തേണ്ടിയിരുന്നുവെങ്കിലും കടുത്ത പനിയെ തുടർന്ന് അദ്ദേഹം സമ്മേളനത്തിൽ പങ്കെടുത്തില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP