Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏറ്റവും മികച്ച മാനവ വിഭവശേഷിയും മികച്ച ​ഗതാ​ഗത സംവിധാനങ്ങളും; ഭൂമിശാസ്ത്രപരമായ അനുകൂല ഘടകങ്ങൾക്കൊപ്പം ജനാധിപത്യ സമൂഹം എന്ന മെച്ചവും; കൊവിഡ് കാലത്തിന് ശേഷം ഇന്ത്യയിലേക്ക് ഉദ്പാദന കേന്ദ്രങ്ങൾ മാറ്റാൻ ലക്ഷ്യമിട്ട് ആ​ഗോള ഭീമന്മാർ; കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയാണെന്ന ആരോപണങ്ങളെ തുടർന്ന് സുരക്ഷിത കേന്ദ്രങ്ങൾ അന്വേഷിച്ച് കമ്പനികൾ; വ്യവസായ സൗഹൃദ അന്തരീക്ഷം ഉറപ്പുവരുത്തി ലോകത്തെ നമ്പർ വൺ രാജ്യമാക്കി ഇന്ത്യയെ മാറ്റാൻ മോദി സർക്കാരും

ഏറ്റവും മികച്ച മാനവ വിഭവശേഷിയും മികച്ച ​ഗതാ​ഗത സംവിധാനങ്ങളും; ഭൂമിശാസ്ത്രപരമായ അനുകൂല ഘടകങ്ങൾക്കൊപ്പം ജനാധിപത്യ സമൂഹം എന്ന മെച്ചവും; കൊവിഡ് കാലത്തിന് ശേഷം ഇന്ത്യയിലേക്ക് ഉദ്പാദന കേന്ദ്രങ്ങൾ മാറ്റാൻ ലക്ഷ്യമിട്ട് ആ​ഗോള ഭീമന്മാർ; കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയാണെന്ന ആരോപണങ്ങളെ തുടർന്ന് സുരക്ഷിത കേന്ദ്രങ്ങൾ അന്വേഷിച്ച് കമ്പനികൾ; വ്യവസായ സൗഹൃദ അന്തരീക്ഷം ഉറപ്പുവരുത്തി ലോകത്തെ നമ്പർ വൺ രാജ്യമാക്കി ഇന്ത്യയെ മാറ്റാൻ മോദി സർക്കാരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡിന് ശേഷമുള്ള കാലഘട്ടം ഇന്ത്യൻ വ്യവസായ രം​ഗത്ത് വൻ കുതിച്ചു ചാട്ടത്തിന് വഴിവെക്കുമെന്ന് റിപ്പോർട്ടുകൾ. കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയാണെന്ന കിംവദന്തികൾ നിലനിൽക്കെ ചൈനയിൽ നിന്നും തങ്ങളുടെ ഉദ്പാദന കേന്ദ്രങ്ങൾ ഇന്ത്യയിലേക്ക് മാറ്റുന്നത് സംബന്ധച്ച് അമേരിക്കൻ കമ്പനികൾ ഉൾ‌പ്പെടെയുള്ള ബഹുരാഷ്ട്ര കമ്പനികൾ ആലോചന തുടങ്ങിയിട്ടുണ്ട്. ചൈനയിലെ അതേ മാനവവിഭവശേഷി ഇന്ത്യയിൽ ലഭിക്കുമെന്നതും വ്യോമ-സമുദ്ര ​ഗതാ​ഗത സംവിധാനങ്ങളുടെ മെച്ചവും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഇന്ത്യക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു. വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഭരണകൂടത്തിന് കഴിഞ്ഞാൽ രാജ്യത്തേക്ക് ഒഴുകിയെത്തുക വൻ തൊഴിൽ സാധ്യതകളാണ്. രാജ്യത്ത് ഉൽ‌പാദന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനായി ആയിരത്തോളം കമ്പനികൾ കേന്ദ്ര സർക്കാരുമായി നിർദ്ദേശങ്ങൾ പങ്കുവെച്ചതായാണ് അറിയുന്നത്.

ലോത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ കൊറോണവൈറസിന് പിന്നിൽ ചൈനയാണെന്ന് മിക്ക രാജ്യങ്ങളും ആരോപിക്കുന്നുണ്ട്. ഇതോടെയാണ് ചൈനയിലെ പ്രവർത്തനം നിർത്താൻ മിക്ക കമ്പനികളും ആലോചിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം വിദേശ കമ്പനികൾ ഇന്ത്യയിലേക്ക് വന്നുതുടങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഈ സമയത്ത് രാജ്യത്തെ ഉൽ‌പാദന കേന്ദ്രങ്ങളിൽ കാര്യമായ വിദേശ നിക്ഷേപം നടത്തിയില്ല. ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽസ് എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ ശ്രമിക്കുന്നുണ്ട്. ഈ മേഖലകളിൽ പ്രാദേശിക, ആഗോള വിപണികളിൽ ഉൽപ്പാദിപ്പിക്കുന്നതിന് ചൈനയ്ക്ക് പകരമായി ഇന്ത്യയെ സ്ഥാപിക്കാൻ ശ്രമിക്കുകയാണ് ഇന്ത്യ.

ലോകമെമ്പാടുമുള്ള ബഹുരാഷ്ട്ര കമ്പനികൾ തങ്ങളുടെ ഉൽ‌പാദന കേന്ദ്രങ്ങൾ ചൈനയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുന്നതിനുള്ള സാധ്യതയെക്കുറിച്ച് വളരെക്കാലമായി ആലോചിക്കുന്നുണ്ട്. അമേരിക്കൻ കമ്പനികൾ തന്നെയാണ് ഇതിൽ മുന്നിലുള്ളത്. കൊറോണ വൈറസ് മഹാമാരി ഇപ്പോൾ ഈ നീക്കത്തിന്റെ വേഗം കൂട്ടിയിരിക്കുന്നു. അങ്ങനെയാണെങ്കിൽ, അടുത്ത ഉൽ‌പാദന ലക്ഷ്യസ്ഥാനമായി ഇന്ത്യ ഇതിൽ നിന്ന് നേട്ടമുണ്ടാക്കിയേക്കാം എന്നാണ് മിക്കവരുടെയും നിരീക്ഷണം. കഴിഞ്ഞ വർഷം ഏപ്രിലിൽ തന്നെ യുഎസ് ആസ്ഥാനമായുള്ള 300 ഓളം കമ്പനികൾ തങ്ങളുടെ ഉത്പാദന കേന്ദ്രം ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാൻ ശ്രമിച്ചിരുന്നു. ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള അതേ ശ്രമങ്ങൾ തുടരുമെന്ന് പ്രതീക്ഷിച്ച് യുഎസ് ആസ്ഥാനമായുള്ള ഒരു അഭിഭാഷക സംഘമാണ് താൽപര്യം എടുത്തുകാട്ടിയത്.

കൊറോണയ്ക്ക് ശേഷം ഇന്ത്യ സമ്പത്മേഖലയിൽ ലോകത്ത് ഒന്നാം സ്ഥാനത്തെത്തും എന്നാണ് പ്രധാനമന്ത്രി മോദി പറഞ്ഞത്. ഇതിനായി സജീവ ശ്രമങ്ങൾ നടത്തുന്നുണ്ട്. രാജ്യത്ത് മൊബൈൽ ഫോൺ നിർമ്മാണം വർധിപ്പിക്കുന്നതിനായി മൊത്തം 48,000 കോടി രൂപയുടെ ആനുകൂല്യങ്ങൾക്കായി മൂന്ന് പദ്ധതികളാണ് കേന്ദ്ര സർക്കാർ മാർച്ചിൽ കൊണ്ടുവന്നത്. ആപ്പിൾ, സാംസങ്, ഓപ്പോ, വിവോ എന്നിവയുൾപ്പെടെയുള്ള മികച്ച സ്മാർട് ഫോൺ കമ്പനികളെ അവരുടെ മുഴുവൻ ശൃംഖലയും ഇന്ത്യയിൽ സ്ഥാപിക്കുന്നതിനാണ് ഈ ആനുകൂല്യങ്ങൾ നൽകിയത്. ഇന്ത്യയെ അവരുടെ കയറ്റുമതി കേന്ദ്രമാക്കി മാറ്റുക എന്നതായിരുന്നു ആശയം.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കോർപ്പറേറ്റ് നികുതി 25.17 ശതമാനമായി കുറച്ചിരുന്നു. പുതിയ നിർമ്മാതാക്കൾക്ക് ബാധകമായ നികുതി സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ഏറ്റവും താഴ്ന്ന നിരക്കായ 17 ശതമാനമായി കുറച്ചു. വിവിധ മേഖലകളിലെ ഉൽപാദനച്ചെലവ് കുറയ്ക്കുന്നതിലാണ് കേന്ദ്രം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യ അവസരത്തിനൊരുങ്ങുമ്പോൾ തന്നെ കമ്പനികളും പരിവർത്തനത്തിനായി ശ്രമിക്കുന്നുണ്ട്. നിക്ഷേപ പ്രമോഷൻ സെൽ, കേന്ദ്ര സർക്കാർ വകുപ്പുകൾ, സംസ്ഥാന സർക്കാരുകൾ തുടങ്ങിവരോട് വിവിധ തലങ്ങളിലുള്ള ആയിരത്തോളം കമ്പനികൾ നിലവിൽ ചർച്ചയിൽ ഏർപ്പെട്ടിട്ടുണ്ട്. ഈ കമ്പനികളിൽ നിന്ന് 300 ഓളം കമ്പനികളെയാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്ന് സർക്കാർ വക്താവ് പറഞ്ഞു.

കമ്മ്യൂണിസ്റ്റ് ഭീമന്റെ മടയിൽ നിന്ന് തങ്ങളുടെ തലയെടുത്തു മാറ്റാനുള്ള സുവർണ്ണാവസരമായാണ് കമ്പനികൾ ഇതിനെ കാണുന്നതത്രെ. പദ്ധതി നടപ്പിലായാൽ ഇന്ത്യയിൽ ലക്ഷങ്ങളുടെ തൊഴിൽ അവസരങ്ങളാണ് വരാൻ പോകുന്നത്. എന്നാൽ, ഇന്ത്യയിൽ നിലവിലുള്ള സാഹചര്യം കമ്പനികൾക്ക് അത്രമേൽ ആകർഷകമല്ലെന്നും അതുകൊണ്ട് യുഎസ്‌ഐഎസ്‌പിഎഫിന്റെ അഭിപ്രായത്തിൽ സർക്കാർ പരിഷ്‌കരണം ത്വരിതപ്പെടുത്തണമെന്നാണ്. കൂടാതെ തീരുമാനങ്ങളെടുക്കുന്ന കാര്യത്തിൽ സുതാര്യത വേണമെന്നും അവർ പറഞ്ഞു. സുതാര്യതയാണ് സുപ്രധാനം. തീരുമാനങ്ങൾ ഏകപക്ഷീയമായി എടുക്കാതെ പരസ്പരം കൂടിയാലോചിച്ച് എടുക്കുമെന്ന നയം കൊണ്ടുവരുന്നത് അമേരിക്കൻ ബിസിനസ് ഭീമന്മാരെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ വളരെ ഉപകാരപ്പെടുമെന്ന് യുഎസ്‌ഐഎസ്‌പിഎഫ് പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ എടുത്ത പല തീരുമാനങ്ങളും പ്രാദേശിക താത്പര്യങ്ങൾക്ക് ഊന്നൽ നൽകുന്നവയാണ്. ഡേറ്റാ ലോക്കലൈസേഷന്റെയും ഇകൊമേഴ്‌സിന്റെയും കാര്യത്തിൽ ഇതു കാണാമെന്നും അവർ പറഞ്ഞു.

ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കാതിരിക്കുക, ഇവിടെ പണമിറക്കുന്ന കമ്പനികളെ വിശ്വാസത്തിലെടുത്ത ശേഷം മാത്രം നിയമങ്ങൾ കൊണ്ടുവരിക തുടങ്ങിയവയ്ക്കു പ്രാധാന്യം നൽകണമെന്ന് യുഎസ്‌ഐഎസ്‌പിഎഫ് പറയുന്നു. ഈ കമ്പനികളെ എങ്ങനെ ആകർഷിക്കാമെന്ന കാര്യം നമ്മൾ അറിഞ്ഞിരിക്കണം. സ്ഥലമെടുത്തു നൽകുന്നതു മുതൽ കസ്റ്റംസ് നിയന്ത്രണങ്ങൾ വരെയുള്ള നിരവധി കാര്യങ്ങളിൽ മാറ്റം വരണം. ആഗോളതലത്തിൽ സാധനങ്ങൾ നിർമ്മിച്ച് എത്തിച്ചു കൊടുക്കുന്ന ചങ്ങലയുടെ കണ്ണിയാകുകയാണ് എന്ന ബോധത്തോടെ വേണം കാര്യങ്ങൾ നീക്കാൻ. ഇവ വളരെ പ്രാധാന്യമർഹിക്കുന്നു. നിരവധി നിയമങ്ങൾ പരിഷ്‌കരിച്ചാൽ മാത്രമെ ഇതു സാധ്യമാകൂ. അങ്ങനെ ചെയ്താൽ ഇന്ത്യയിൽ പുതിയതായി എന്തുമാത്രം തൊഴിലവസരങ്ങളാണ് ഉണ്ടാകുക എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അമേരിക്കയുടെ മുൻ അസിസ്റ്റന്റ് വ്യാപാര പ്രതിനിധി മാർക്ക് ലിൻസ്‌കൊട്ടും യുഎസ്‌ഐഎസ്‌പിഎഫും കമ്പനികളുമായി ഇതേപ്പറ്റി ചർച്ചകൾ നടക്കുകയാണ്. ഇന്ത്യ എന്തു ചെയ്യണമെന്ന കാര്യത്തിൽ കമ്പനികൾക്കു പറയാനുള്ളത് കേൾക്കുകായണിപ്പോൾ. കയറ്റുമതി വർധിപ്പിക്കുക എന്നതിന് ഊന്നൻ നൽകിയായിരിക്കും അവരുടെ നിലപാടുകൾ. അമേരിക്കയും ഇന്ത്യയും തമ്മിൽ ഒരു ഫ്രീ ട്രെയ്ഡ് കരാറിൽ (എഫ്ടിഎ) ഒപ്പുവയ്ക്കുക എന്നതായിരിക്കും പ്രാഥമിക നടപടികളിലൊന്ന് എന്നാണ് അഗി വിശ്വസിക്കുന്നത്.

ചൈനിയിൽ നിന്ന് വിലകുറഞ്ഞ വസ്തുക്കൾ വരുന്നുവെന്ന പരാതി ഇന്ത്യയ്ക്കുണ്ടെങ്കിൽ എഫ്ടിഎ ഒപ്പു വയ്ക്കുകയാണ് വേണ്ടതെന്നും നേരത്തെ തന്നെ അദ്ദേഹം പറഞ്ഞിരുന്നു. ചൈനീസ് ഉൽപന്നങ്ങളുടെ വരവു നിയന്ത്രിക്കുകയും അമേരിക്കയ്ക്ക് ഇന്ത്യയിൽ സ്വാഗതം നൽകുകയും ചെയ്യാം. പകരം ഇന്ത്യൻ കമ്പനികൾക്ക് അമേരിക്കൻ വിപണി തുറന്നു കിട്ടുകയും ചെയ്യും. ജിഎസ്‌പി (Generalized System of Preferences (GSP) പോലെയുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കുകയും ചെയ്യാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP