Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാതടപ്പിക്കുന്ന വലിയ ശബ്ദത്തോടെയുള്ള മിന്നൽ വേഗത; റോഡരികിൽ നിന്നവരൊക്കെ പേടിച്ചു ഓടിമാറിയത് എന്ത് സംഭവിക്കുന്നു എന്നറിയാതെ; വേഗതയുടെ ശക്തിയിൽ റോഡരികിൽ വച്ചിരുന്ന ചെറിയ ബോർഡ് നിരങ്ങിമാറി; ലംബോർഗിനിയും പോർഷെയും നിരത്ത് വിറപ്പിച്ചു പാഞ്ഞപ്പോൾ ഞെട്ടിവിറച്ച് നാട്ടുകാർ; എറണാകുളം - കോട്ടയം റൂട്ടിൽ മാത്രമല്ല ഏറ്റുമാനൂർ - പാലാ റൂട്ടിലും താരങ്ങൾ മത്സരയോട്ടം നടത്തിയതായി നാട്ടുകാരുടെ വെളിപ്പെടുത്തൽ; സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ എൻഫോഴ്സ്മെന്റ് സംഘം നടപടി തുടങ്ങി

കാതടപ്പിക്കുന്ന വലിയ ശബ്ദത്തോടെയുള്ള മിന്നൽ വേഗത; റോഡരികിൽ നിന്നവരൊക്കെ പേടിച്ചു ഓടിമാറിയത് എന്ത് സംഭവിക്കുന്നു എന്നറിയാതെ; വേഗതയുടെ ശക്തിയിൽ റോഡരികിൽ വച്ചിരുന്ന ചെറിയ ബോർഡ് നിരങ്ങിമാറി; ലംബോർഗിനിയും പോർഷെയും നിരത്ത് വിറപ്പിച്ചു പാഞ്ഞപ്പോൾ ഞെട്ടിവിറച്ച് നാട്ടുകാർ; എറണാകുളം - കോട്ടയം റൂട്ടിൽ മാത്രമല്ല ഏറ്റുമാനൂർ - പാലാ റൂട്ടിലും താരങ്ങൾ മത്സരയോട്ടം നടത്തിയതായി നാട്ടുകാരുടെ വെളിപ്പെടുത്തൽ; സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ എൻഫോഴ്സ്മെന്റ് സംഘം നടപടി തുടങ്ങി

ആർ പീയൂഷ്

കോട്ടയം: ആഡംബരക്കാറിൽ താരങ്ങൾ കോട്ടയം - എറണാകുളം റോഡിൽ മത്സരയോട്ടം നടത്തി എന്ന വാർത്ത വന്നതിന് പിന്നാലെ ഏറ്റുമാനൂർ - പാലാ റോഡിലും മത്സരയോട്ടം നടത്തിയതായി നാട്ടുകാർ. ഏറ്റുമാനൂർ - പാലാ റോഡിലെ പുന്നത്തുറ കവലയിൽ വച്ച് കാറുകൾ കണ്ടെന്നും അമിത വേഗതയും ശബ്ദവും കേട്ട് പേടിച്ച് ഓടി മാറിയെന്നുമാണ് നാട്ടുകാർ മറുനാടൻ മലയാളിയോട് പറഞ്ഞത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 6 മണിയോടെയാണ് കാറുകൾ അമിത വേഗതയിൽ ഇതുവഴി ചീറിപ്പാഞ്ഞത്. ആരുടെ കാറാണ് എന്ന് ആർക്കും മനസ്സിലായിരുന്നില്ല. മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് താരങ്ങളുടെ കാറുകളായിരുന്നു എന്ന് മനസ്സിലായത് എന്ന് നാട്ടുകാരിലൊരാൾ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇതോടെ താരങ്ങൾ മത്സരയോട്ടം നടത്തിയതാണ് എന്ന് ഉറപ്പായി.

'കാതടപ്പിക്കുന്ന വലിയ ശബ്ദത്തോടെ മിന്നൽ വേഗതയിലാണ് കാറുകൾ പാഞ്ഞത്. പള്ളിയിൽ പോയി തിരികെ പോകുന്നതിനിടയിലാണ് കാറുകൾ കണ്ടത്. വേഗതയും ശബ്ദവും കേട്ട് റോഡിൽ നിന്നും ഓടിമാറുകയായിരുന്നു. ശക്തമായ കാറ്റടിച്ച് റോഡു സൈഡിൽ വച്ചിരുന്ന ഒരു ചെറിയ ബോർഡ് നിരങ്ങിമാറുകയും ചെയ്തു.' സംഭവത്തിന് ദൃക്സാക്ഷിയായ നാട്ടുകാരിലൊരാൾ മറുനാടനോട് പറഞ്ഞത് ഇങ്ങനെയാണ്.

പാലാ റോഡിൽ ലോക്ക് ഡൗൺ സമയത്ത് കാറുകൾ മത്സരയോട്ടം നടത്തിയതായി മോട്ടോർ വാഹന വകുപ്പിന് വിവരം ലഭിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ ഇവിടെ പാഞ്ഞെത്തിയെങ്കിലും വാഹനങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. ഈ റോഡിൽ സ്ഥിരമായി മത്സരയോട്ടം നടത്താറുള്ളതായി നാട്ടുകാർ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാൽ മോട്ടോർ വാഹന വകുപ്പിന് യാതൊരു തെളിവുകളും ഇവിടെ നിന്നും ലഭിക്കാറില്ല. പാലാ റോഡിൽ കിടങ്ങൂരിൽ സ്പീഡ് റഡാർ ക്യാമറയുണ്ടെങ്കിലും കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ പ്രവർത്തന രഹിതമായതാണ്. കെൽട്രോണിന് മോട്ടോർ വാഹനവകുപ്പ് അറ്റകുറ്റപ്പണി നടത്താൻ നിർദ്ദേശം നൽകിയെങ്കിലും ഇതുവരെയും നന്നാക്കിയിട്ടില്ല. കുടിശ്ശിക തുക നിലനിൽക്കുന്നതിനാലാണ് അറ്റകുറ്റപ്പണി നടത്താത്തതെന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ തന്നെ താരങ്ങൾ നടത്തിയ മത്സരയോട്ടത്തിന് തെളിവുകൾ ഇല്ല.

അതേ സമയം റോഡിന് ഇരുവശവുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ തെളിവുകൾ ലഭിക്കും. പുന്നത്തുറ കവലയിലെ റീച്ച് എക്സ്പ്രസ് സൂപ്പർമാർക്കറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമായ തെളിവ് ലഭിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. കൂടാതെ വെട്ടിമുകൾ സെന്റ്മേരീസ് പള്ളിയുടെ മുന്നിൽ അടുത്തിടെയുണ്ടായ സംഘർഷത്തെതുടർന്ന് ആറോളം പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ടായിരുന്നു. അവരുടെ മുന്നിൽ കൂടിയാണ് കാറുകൾ പറപറന്നത്. പൊലീസ് ഉദ്യോഗസ്ഥരോട് വിവരങ്ങൾ ചോദിച്ചാൽ കൃത്യമായ വിവരം ലഭിക്കുമെന്നും നാട്ടുകാർ പറയുന്നു.

അതേ സമയം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സംഭവത്തിൽ അന്വേഷണം നടത്തുകയാണ്. സ്പീഡ് റഡാർ ക്യാമറകളുടെ അഭാവമാണ് ഇത്തരത്തിലുള്ളവർ രക്ഷപെടാൻ കാരണമെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം പറയുന്നു. കിടങ്ങൂരിലെയും വടയാറിലെയും ക്യാമറകൾ പ്രവർത്തനം നിലച്ചിട്ട് ഇതുവരെയും നന്നാക്കിയിട്ടില്ല. കൂടാതെ കോട്ടയം ജില്ലയിൽ പുതുതായി ക്യാമറകൾ സ്ഥാപിക്കാൻ പ്രൊപ്പോസൽ നൽകിയിട്ട് യാതൊരു നടപടികളും ഉണ്ടായിട്ടില്ല. അതിനാലാണ് ഈ റോഡുകൾ മത്സരയോട്ടങ്ങൾക്ക് തിരഞ്ഞെടുക്കുന്നത്. മറുനാടൻ മലയാളിക്ക് ലഭിച്ച വിവരങ്ങൾ എൻഫോഴ്മെന്റ് ആർ.ടി.ഒ ടോജോ എം തോമസിനും വെഹിക്കിൾ ഇൻസ്പെക്ടർ മഹേഷിനും കൈമാറിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷം അമിത വേഗതയാണെങ്കിൽ നടപടി എടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് സംഘം പരിശോധന തുടങ്ങിയിരിക്കുകയാണ്.

രണ്ട് ദിവസം മുൻപാണ് കോട്ടയം-ഏറ്റുമാനൂർ-കൊച്ചി റൂട്ടിൽ ത്രസിപ്പിക്കുന്ന കാറോട്ടവുമായി താരങ്ങൾ നിരത്തിലിറങ്ങിയത്. കറുത്തനിറത്തിൽ മുന്നിൽ ഓടുന്ന കാർ പൃഥ്വിരാജ് ഓടിക്കുന്ന ലംബോർഗിനിയാണ്. തൊട്ടുപിന്നിൽ തന്നെ ദുൽഖർ സൽമാൻ തന്റെ പ്രിയപ്പെട്ട പോർഷെയുമായി ഉണ്ട്. ഇരുവരുടെയും മുഖങ്ങൾ വീഡിയോയിൽ കാണുന്നില്ലെങ്കിലും കാറുകൾ കാണാം. ലംബോർഗിനി സ്വന്തമാക്കിയ ആസിഫ് അലിയുടെ സുഹൃത്തുകൂടിയായ അജു മുഹമ്മദ് ലംബോർഗിനിയുമായി ഇക്കൂട്ടത്തിലുണ്ട്. നടനും ഡി.ജെ.യുമായ ശേഖറാണ് ചുവന്ന നിറമുള്ള ദുൽഖറിന്റെ തന്നെ സൂപ്പർ കാർ ഓടിക്കുന്നതായി വീഡിയോയിൽ കാണാം.

നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ. ഏറ്റവും വിലപിടിപ്പുള്ള കാറായ ലംബോർഗിനിയുടെ പേരിൽ ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങിയ താരം കൂടിയാണ് പൃഥ്വിരാജ്. താരങ്ങൾ കാറുമായി പുറത്തിറങ്ങിയാൽ അത് ക്യാമറയിൽ പകർത്താനുള്ള തിടുക്കമാണ് ആരാധകർക്ക്. ബൈക്കിൽ സ്പീഡിൽ പോയ യുവാക്കളാണ് വീഡിയോ പകർത്തിയിരിക്കുന്നത്. താരങ്ങളുടെ മുഖം വ്യക്തമായില്ലെങ്കിലും അത് പൃഥ്വിയും ദുൽഖറും ആണെന്നാണ് വീഡിയോ പകർത്തിയ യുവാക്കൾ പറയുന്നത്.

മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ അമിത വേഗതയിലല്ല കാറുകൾ റോഡിയൂടെ പോയത് എന്നാണ് കണ്ടെത്തൽ. കാറുകൾ സഞ്ചരിച്ച എറണാകുളം- ഏറ്റുമാനൂർ പാതയിൽ ഒരിടത്തും സ്പീഡ് ക്യാമറകൾ ഇല്ല. കോട്ടയം ജില്ലയിൽ കോടിമാതാ, ചങ്ങനാശ്ശേരി, പാലാ റൂട്ടിൽ കിടങ്ങൂർ, വൈക്കത്തിന് പോകുന്ന വഴി വടയാർ എന്നിവിടങ്ങളിലാണ് നിലവിൽ സ്പീഡ് റഡാർ ക്യാമറകൾ ഉള്ളത്. ജില്ലയിൽ ആകെ ഒരു ഇന്റർസെപ്റ്റർ വാഹനം മാത്രമേ ഉള്ളൂ. ഈ വാഹനങ്ങൾ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ ഇവയിലൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല എന്നാണ് വാഹനങ്ങൾ സഞ്ചരിച്ചത് എന്ന് വ്യക്തവുമല്ല. അതിനാൽ ഈ വാഹനങ്ങൾ സ്പീഡ് ലിമിറ്റ് ലംഘിച്ചിട്ടുണ്ടോ എന്ന് അറിയാൻ കഴിയില്ല. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന ദൃക്സാക്ഷികളുടെ വെളിപ്പെടുത്തലിൽ വാഹനങ്ങൾ അമിത വേഗതയിലായിരുന്നു എന്ന് തന്നെ മനസ്സിലാക്കാൻ കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP