Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുതിയ സന്നദ്ധ-മനുഷ്യാവകാശ സംഘടന രൂപീകരിക്കാൻ പോപ്പുലർ ഫ്രണ്ട് നീക്കം; മനുഷ്യാവകാശ പ്രവർത്തകരെ മുന്നിൽ നിർത്തി ജനസ്വാധീനം ഉറപ്പിക്കാനും ശ്രമിക്കും; വിദ്യാർത്ഥി-യുവജന സംഘടനകളും രൂപീകരിക്കും; പേരുമാറ്റി നിരോധനം മറികടക്കാനുള്ള ആലോചനയിൽ പോപ്പുലർ ഫ്രണ്ട്

പുതിയ സന്നദ്ധ-മനുഷ്യാവകാശ സംഘടന രൂപീകരിക്കാൻ പോപ്പുലർ ഫ്രണ്ട് നീക്കം; മനുഷ്യാവകാശ പ്രവർത്തകരെ മുന്നിൽ നിർത്തി ജനസ്വാധീനം ഉറപ്പിക്കാനും ശ്രമിക്കും; വിദ്യാർത്ഥി-യുവജന സംഘടനകളും രൂപീകരിക്കും; പേരുമാറ്റി നിരോധനം മറികടക്കാനുള്ള ആലോചനയിൽ പോപ്പുലർ ഫ്രണ്ട്

സായ് കിരൺ

കൊച്ചി: പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും സർജിക്കൽ സ്‌ട്രൈക്കിലൂടെ കേന്ദ്രസർക്കാർ നിരോധിച്ചെങ്കിലും, നാലു ലക്ഷത്തോളം അണികളെ യോജിപ്പിച്ച് നിർത്തി പുതിയ സംഘടന രൂപീകരിക്കാൻ അണിയറയിൽ നീക്കങ്ങൾ അവസാന ഘട്ടത്തിൽ. കോഴിക്കോട് കേന്ദ്രമാക്കി പുതിയ സന്നദ്ധ, മനുഷ്യാവകാശ സംഘടന രൂപീകരിക്കാനാണ് നീക്കം.

വിദ്യാർത്ഥി, യുവജന സംഘടനകളും ഇതിന്റെ ഭാഗമായി രൂപമെടുക്കും. മനുഷ്യാവകാശ പ്രവർത്തകരെ മുന്നിൽ നിർത്തായാവും പുതിയ സംഘടന പ്രവർത്തിക്കുകയെന്നാണ് വിവരം. എൻ.ഐ.എ അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാക്കൾ ജയിൽ മോചിതരായ ശേഷമേ ഇതെല്ലാം സാദ്ധ്യമാവൂ. വെൽഫെയർ പാർട്ടി തുടങ്ങിയ സംഘടനകളെ കൂട്ടുപിടിച്ച് ഒപ്പം നിർത്താനും ശ്രമമുണ്ട്. നിരോധനം കൊണ്ടുമാത്രം തീവ്രസ്വഭാവമുള്ള ഒരു സംഘടനയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ തടയനാവുമോ എന്ന ചോദ്യം വ്യാപകമായി ഉയരുന്നുണ്ട്.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രം നിരോധിച്ച സിമിയുടെ പുതിയ അവതാരമായിരുന്നു. നിരോധനത്തെ അതിജീവിക്കാൻ പേര് മാറ്റി പുതിയ സംഘടനകളുണ്ടാക്കുന്നത് ഇവരുടെ രീതിയാണ്. 1977 ഏപ്രിൽ 25-ന് അലിഗഢ് മുസ്ലിം സർവകലാശാലയിലെ വിദ്യാർത്ഥികൾ രൂപം നൽകിയ സിമിയാണ് (സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റ്) പി.എഫ്.ഐയുടെ ആദ്യകാല രൂപം. ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുക എന്നതും ജിഹാദിലൂടെ ഇന്ത്യയിലെ അമുസ്ലിങ്ങളെ പരിവർത്തനം ചെയ്യുക എന്നതുമായിരുന്നു സിമിയുടെ ലക്ഷ്യം. സിമിയുടെ ഭീകരബന്ധം കണ്ടെത്തി 2001ലാണ് നിരോധിച്ചത്.

2008 ജൂലായ് 25-ന് നടന്ന ബെംഗളൂരു സ്‌ഫോടന പരമ്പരയും 2008 ജൂലൈ 26-ലെ അഹമ്മദാബാദ് സ്ഫോടന പരമ്പരയും ആസൂത്രണം ചെയ്തത് 'സിമി'യുടെ പുതിയ രൂപമായ ഇന്ത്യൻ മുജാഹിദീൻ എന്ന സംഘടനയാണെന്ന് ഗുജറാത്ത് പൊലീസ് കണ്ടെത്തിയിരുന്നു. സിമിയുടെ നിരോധനത്തിന് ശേഷം പിന്നീട് ഉയർന്നുവന്ന സംഘടനയാണ് എൻഡിഎഫ് അഥവാ നാഷണൽ ഡമോക്രാറ്റിക് ഫ്രണ്ട്. 1987ൽ കേരളത്തിലെ നാദാപുരം കലാപവുമായി ബന്ധപ്പെട്ടാണ് എൻ.ഡി.എഫിന്റെ ആദ്യ കാല കൂട്ടായ്മ രൂപപ്പെടുന്നത്. നാദാപുരം ഡിഫൻസ് ഫോഴ്‌സ് എന്നായിരുന്നു ആദ്യകാല പേര്.

പിന്നീട് ഈ കൂട്ടായ്മ മദനിയുടെ നിരോധിക്കപ്പെട്ട സംഘടനായ ഐ.എസ്.എസ് പ്രവർത്തകരെ കൂടെ കൂടെക്കൂട്ടി 1993 കോഴിക്കോടുവെച്ച് എൻ.ഡി.എഫിന് എന്ന ഔദ്യോഗിക സംഘടനയായി. തീവ്ര വർഗ്ഗീയ പ്രവർത്തനങ്ങൾ എൻ.ഡി.എഫ് തുടർന്നതോടെ സമൂഹത്തിൽ നിന്ന് എതിർപ്പ് ശക്തമായതോടെ എൻ.ഡി.എഫ് പേര് മാറ്റി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയായി മാറിയത്. കേരളത്തിലെ എൻ.ഡി.എഫ്, കർണാടകയിലെ കർണാടക ഫോറം ഫോർ ഡിഗ്‌നിറ്റി, തമിഴ്‌നാട്ടിലെ മനിത നീതി പാസറെ എന്നീ സംഘടനകളെ കൂടെക്കൂട്ടി പി.എഫ്.ഐ ദേശീയ സംഘടനയായി.

ആന്ധ്രാപ്രദേശിലെ അസോസിയേഷൻ ഫോർ സോഷ്യൽ ജസ്റ്റിസ്, ഗോവയിലെ സിറ്റിസൺസ് ഫോറം, രാജസ്ഥാനിലെ കമ്യൂണിറ്റി സോഷ്യൽ ആൻഡ് എഡ്യുക്കേഷണൽ സൊസൈറ്റി, പശ്ചിമ ബംഗാളിലെ നാഗരിക് അധികാർ സുരക്ഷാ സമിതി, മണിപ്പൂരിലെ ലൈലോങ് സോഷ്യൽ ഫോറം എന്നിവയെല്ലാം പോപ്പുലർ ഫ്രണ്ടിന്റെ ഭാഗമാണ്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്രസർക്കാർ അതിവേഗ നടപടികളുമായി മുന്നോട്ടുപോയപ്പോഴെല്ലാം സംസ്ഥാനം എതിർക്കുകയായിരുന്നു.

നിരോധനത്തോട് സംസ്ഥാന സർക്കാരും സിപിഎമ്മും യോജിക്കുന്നില്ല. മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവുമായ അഭിമന്യൂ കൊല്ലപ്പെട്ടതിനെത്തുടർന്ന് നിരോധനം സജീവ ചർച്ചയായപ്പോഴും സർക്കാരും പാർട്ടിയും അനുകൂലിച്ചിരുന്നില്ല.കേന്ദ്രസർക്കാർ അഭിമന്യൂ കൊലപാതകത്തിന്റെ വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇന്റലിജൻസ് മേധാവിയെ വിളിച്ചുവരുത്തി ഗവർണർ വിവരങ്ങൾ ശേഖരിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് 31 പേരെയാണ് എൻഡിഎഫ്, പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്ക്.

2001ൽ സിമിയെ (സ്?റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്മെന്റ്) നിരോധിച്ചപ്പോൾ എൻ.ഡി.എഫും പിന്നീട് പോപ്പുലർ ഫ്രണ്ടുമുണ്ടായെന്നും സിമിയിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും ഇപ്പോൾ പോപ്പുലർ ഫ്രണ്ടിലുണ്ടെന്നും സർക്കാർ വിലയിരുത്തുന്നു. അതിനാൽ അവരെ സാമൂഹ്യമായി ഒറ്റപ്പെടുത്തുകയും കുറ്റകൃത്യങ്ങൾക്കെതിരേ അതിശക്തമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുകയെന്നതാണ് സർക്കാർ നിലപാട്.

ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) അടക്കം വിവിധ ഭീകര സംഘടനകളുമായി പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടെന്നും പോപ്പുലർ ഫ്രണ്ട് ബന്ധമുള്ള ചിലയാളുകൾ ഭീകരസംഘടനയായ ഐസിസിൽ ചേർന്നിട്ടുണ്ടെന്നും എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കളെ കൊലപ്പെടുത്താൻ കേരളത്തിലാണ് പരിശീലനം നൽകുന്നത്. കർണാടകത്തിലെ മുൻ കോൺഗ്രസ് മന്ത്രിയും എംഎ‍ൽഎയുമായ തൻവീർ സെയ്റ്റിനെതിരായ ആക്രമണത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്നും പ്രതിയായ ഫർഹാൻ പാഷക്ക് പരിശീലനം നൽകിയത് കേരളത്തിൽ വച്ചായിരുന്നുവെന്നും കർണാടക പൊലീസ് കണ്ടെത്തിയിരുന്നു.

തെരുവ് നായകളുടെ കഴുത്തിന് വെട്ടിയാണ് പരീശിലനം നടത്തിയതെന്നാണ് കണ്ടെത്തൽ. പോപ്പുലർ ഫ്രണ്ടിനെയും കർണാടക ഫോറം ഫോർ ഡിഗ്നിറ്റിയെയും (കെ.എഫ്.ഡി) നിരോധിക്കാൻ അന്ന് കർണാടക സർക്കാർ ശുപാർശ ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP