Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പോപ്പുലർ ഫ്രണ്ടിന് വൻതോതിൽ പണം എത്തിയത് ഹവാല ഇടപാടുകളിലൂടെ; ഗൾഫ് നാടുകളിൽ നിന്നും പണം സമാഹരിച്ചത് അബുദാബിയിലെ റെസ്റ്റോറന്റ് കേന്ദ്രീകരിച്ച്; വ്യാജ സംഭാവന രസീതുകളുണ്ടാക്കി കബളിപ്പിച്ചുവെന്നും ഇ.ഡി.; അറസ്റ്റിലായവർ ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്ന് എൻഐഎ; കണ്ണൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ ഇന്നും റെയ്ഡ്

പോപ്പുലർ ഫ്രണ്ടിന് വൻതോതിൽ പണം എത്തിയത് ഹവാല ഇടപാടുകളിലൂടെ;  ഗൾഫ് നാടുകളിൽ നിന്നും പണം സമാഹരിച്ചത് അബുദാബിയിലെ റെസ്റ്റോറന്റ് കേന്ദ്രീകരിച്ച്;  വ്യാജ സംഭാവന രസീതുകളുണ്ടാക്കി കബളിപ്പിച്ചുവെന്നും ഇ.ഡി.; അറസ്റ്റിലായവർ ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്ന് എൻഐഎ; കണ്ണൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ ഇന്നും റെയ്ഡ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഭീകര പ്രവർത്തനത്തിനുള്ള സാമ്പത്തിക ബന്ധങ്ങളുടെ പേരിൽ കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറസ്റ്റിലായതിന് പിന്നാലെ സംഘടനയ്ക്ക് വൻതോതിൽ പണം വന്നത് ഹവാല ഇടപാടുകളിലൂടെയാണെന്ന് വ്യക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). സംഘടനയുടെ ആയിരക്കണക്കിന് പ്രവർത്തകർ ഗൾഫ് രാജ്യങ്ങളിലുണ്ടെന്നും ഇവർ വഴിയാണ് ഇന്ത്യയിലേക്ക് ഹവാല ഇടപാടുകളിലൂടെ പണം അയച്ചതെന്നുമാണ് ഇ.ഡി. വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്.

120 കോടി രൂപയിൽ ഭൂരിഭാഗവും ഇന്ത്യയിൽനിന്ന് ലഭിച്ച സംഭാവനകളാണെന്നായിരുന്നു നേരത്തെ പോപ്പുലർ ഫ്രണ്ടിന്റെ വാദം. എന്നാൽ ഈ അവകാശവാദങ്ങളെ തള്ളിയാണ് ഹവാല ഇടപാടുകൾ അടക്കമുള്ള വിവരങ്ങൾ ഇ.ഡി.യുടെ അന്വേഷണത്തിൽ കണ്ടെത്തിയത്.

അബുദാബിയിലെ ഒരു റെസ്റ്റോറന്റ് കേന്ദ്രീകരിച്ചാണ് പോപ്പുലർ ഫ്രണ്ടിന്റെ ഭാരവാഹികൾ ഹവാല ഇടപാടുകൾ നടത്തിയിരുന്നത്. നേരത്തെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബി.പി. അബ്ദുൾ റസാഖായിരുന്നു അബുദാബിയിലെ റെസ്റ്റോറന്റ് വഴിയുള്ള കള്ളപ്പണ ഇടപാടുകളിൽ പങ്കുവഹിച്ചിരുന്നത്.

ഇയാളുടെ സഹോദരനായിരുന്നു റെസ്റ്റോറന്റ് നോക്കിനടത്തിയിരുന്നത്. ഇയാൾ വഴിയാണ് അബ്ദുൾ റസാഖിന് പണം ലഭിച്ചിരുന്നതെന്നും അബ്ദുൾ റസാഖിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനി വഴിയും കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ഇ.ഡി. കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

പോപ്പുലർ ഫ്രണ്ട് ഗൾഫ് നാടുകളിൽനിന്ന് പണം സമാഹരിച്ചശേഷം വ്യാജ സംഭാവന രസീതുകളുണ്ടാക്കി ഇന്ത്യയിലെ അധികൃതരെ കബളിപ്പിച്ചെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. അബുദാബിയിലെ റെസ്റ്റോറന്റിന്റെ ഉടമയും പോപ്പുലർ ഫ്രണ്ടിന്റെ എറണാകുളം ജില്ലാ പ്രസിഡന്റുമായിരുന്ന എം.കെ. അഷ്റഫാണ് ഗൾഫിൽനിന്നുള്ള ഹവാല ഇടപാടുകളുടെ മുഖ്യസൂത്രധാരനെന്നാണ് ഇ.ഡി. അന്വേഷണസംഘം പറയുന്നത്. പ്രൊഫ. ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതി കൂടിയാണ് ഇയാൾ.

കഴിഞ്ഞദിവസത്തെ റെയ്ഡിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ടിന്റെ സ്ഥാപക അംഗമായ ഷഫീക്ക് പയ്യേത്തിനെതിരേയും ഇ.ഡി.യ്ക്ക് തെളിവുകൾ ലഭിച്ചതായാണ് റിപ്പോർട്ട്. പോപ്പുലർ ഫ്രണ്ടിന്റെ മുഖപത്രത്തിന്റെ ഭാഗമായി ഇയാൾ ഗൾഫിൽ പ്രവർത്തിച്ചിരുന്നു. പത്രത്തിന്റെ ബിസിനസ് ഡെവലപ്മെന്റ് മാനേജരായി രണ്ടുവർഷത്തോളമാണ് ഗൾഫിൽ ജോലിചെയ്തിരുന്നത്. ഖത്തറിൽനിന്ന് വൻതോതിൽ പണം സമാഹരിക്കേണ്ട ചുമതല നൽകിയിരുന്നത് ഇയാൾക്കായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

അതേ സമയം അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കൾ അടക്കമുള്ള പ്രതികൾ ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്ന് എൻഐഎ കോടതിയിൽ അറിയിച്ചു. ചോദ്യം ചെയ്യൽ മൂന്നാം ദിവസത്തിലേക്കു കടക്കുമ്പോൾ സാമ്പത്തിക സഹായങ്ങൾ ലഭിച്ചതിലും ഭീകരവാദവുമായി ബന്ധപ്പെട്ട റിക്രൂട്ട്‌മെന്റ് സംബന്ധിച്ചുമാണ് ചോദ്യങ്ങൾ. ഇവരിൽ നിന്നു പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ എൻഐഎ തിരുവനന്തപുരം സിഡാക്കിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

നേതാക്കളുടെ ലാപ്‌ടോപ്പുകളും ഫോണുകളുമാണ് പരിശോധനയ്ക്കു വിധേയമാക്കുന്നത്. ഫോൺ, വാട്‌സാപ് കോളുകൾ വീണ്ടെടുക്കുന്നതിനുമാണ് ശ്രമം. പ്രതികളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉൾപ്പടെ വിവിധ ഏജൻസികൾ ചോദ്യം ചെയ്യുന്നുണ്ട്. അതേ സമയം നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും നടത്തിയ റെയ്ഡിനും അറസ്റ്റിനുമെതിരെ പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണു വിവരം.

കസ്റ്റഡിയിലായവരിൽ നിന്നു ലഭിച്ച വിവരങ്ങളുടെയും സിസിടിവി ദൃശ്യങ്ങളുടെയും തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ അറസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ 281 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

അതേ സമയം കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ബന്ധമുള്ള സ്ഥാപനങ്ങളിലെ പൊലീസ് റെയ്ഡ് ഇന്നും തുടരുകയാണ്. കഴിഞ്ഞ ദിവസം തുറക്കാതിരുന്ന സ്ഥാപനങ്ങളിലാണ് ഇന്ന് പരിശോധന നടത്തുന്നത്. മട്ടന്നൂർ, പാലോട്ടുപള്ളി, ചാവശ്ശേരി ഭാഗങ്ങളിലെ സ്ഥാപനങ്ങളിലാണ് പരിശോധന. വെള്ളിയാഴ്‌ച്ചത്തെ ഹർത്താലിൽ അക്രമം ആസുത്രണം ചെയ്തവരെ കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം.

ജില്ലയിലെ പത്തിടങ്ങളിൽ ഇന്നലെ നടത്തിയ റെയ്ഡിൽ കംപ്യൂട്ടറുകളും ബാങ്ക് രേഖകളും പിടിച്ചെടുത്തിരുന്നു. ഇവ കൂടുതൽ പരിശോധനകൾക്കു വിധേയമാക്കുന്നതോടെ ആക്രമണ സംഭവങ്ങളുടെ ഗൂഢാലോചന തെളിയിക്കാമെന്നാണ് പൊലീസ് കരുതുന്നത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു വ്യാപാര സ്ഥാപനങ്ങളിൽ പൊലീസിന്റെ മിന്നൽ പരിശോധന നടന്നത്.

ടൗൺ എ സി പി രത്‌നകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മട്ടന്നൂർ , ചക്കരക്കല്ല് , ഇരിട്ടി , ഉളിയിൽ എന്നിവിടങ്ങളിലെ പത്ത് കടകളിൽ ഒരേ സമയമാണ് റെയ്ഡ് നടത്തിയത്. പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസ്സുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും പൊലീസ് അന്വേഷിച്ചതെന്നാണ് സൂചന.

പരിശോധന നടത്തിയ താണയിലെ ബി മാർട്ട് ഹൈപ്പർ മാർക്കറ്റിലെ ലാപ്‌ടോപ്പ് , സി പി യു , മൊബൈൽ ഫോൺ , ഫയൽ എന്നിവ പിടിച്ചെടുത്തിരുന്നു. നഗരത്തിലെ സെയിൻ ബസാർ എന്ന ഹൈപ്പർ മാർക്കറ്റിലും , സ്‌പൈസ് മെൻ എന്നീ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ ബാങ്ക് ഇടപാടുകളുടെ രേഖകൾ ടാബ്, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP